സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

മുഹമ്മദ് അജ്മല്‍. സി

2017 നവംബര്‍ 04 1439 സഫര്‍ 15

അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥം. 

ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ അറബി ഭാഷയിലാണ് ക്വുര്‍ആന്‍ അവതരിച്ചത്. എന്നാല്‍ ക്വുര്‍ആനിക സന്ദേശങ്ങള്‍ സാര്‍വകാലികവും മനുഷ്യസമൂഹത്തെ മുഴുവന്‍ ഉന്നം വെച്ചുള്ളതുമാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ക്വുര്‍ആനാണ്. ഏറ്റവും കൂടുതല്‍ തെറ്റുധരിപ്പിക്കപ്പെട്ട ഗ്രന്ഥവും ക്വുര്‍ആന്‍ തന്നെ! 

'എല്ലാ മതങ്ങളുടെ അനുയായികളും ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്നില്ലേ, മുമ്പെങ്ങോ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവ ദൈവത്തില്‍ നിന്നാണ് എന്ന് അവകാശപ്പെട്ട് അന്ധമായ വിശ്വാസം പ്രചരിപ്പിക്കാനല്ലേ മതവിശ്വാസികള്‍ ശ്രമിക്കുന്നത്' എന്ന് ചോദിക്കുന്നവരുണ്ട്.

ക്വുര്‍ആന്‍ ദൈവികമാണ് എന്ന് സ്വയം അവകാശപ്പെടുന്നതിനൊടൊപ്പം അതിന് ഉപയുക്തമായ തെളിവുകളും നല്‍കുന്നു എന്നതാണ് വസ്തുത. കേവല അവകാശവാദങ്ങള്‍ക്കപ്പുറം ശക്തമായ തെളിവുകളാണ് ക്വുര്‍ആനിനെ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

ക്വുര്‍ആനിന്റെ സന്ദേശം

ഞാന്‍ എന്തിനാണിവിടെ വന്നത്? എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം? ഓരോ വ്യക്തിയും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സ്വയം ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളാണിവ.

നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?' (76:1).

അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്. 

ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു:

 ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല'' (52:35,36). 

ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ  കാണാം.

മനുഷ്യരായ നമുക്ക് മാത്രമല്ല, മഹാ പ്രപഞ്ചത്തിനും ഒരു തുടക്കമില്ലേ? അത്യത്ഭുതകരമായ ഈ മഹാ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെ എന്നതിനെ സംബന്ധിച്ച് കാലങ്ങളായി മനുഷ്യന്‍ ചിന്തിക്കുന്നു! ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച് പ്രധാനമായും രണ്ടു വാദങ്ങളാണ് മുന്നോട്ടു വെച്ചത്.

'പ്രപഞ്ചം അന്നും ഇന്നും എന്നും ഒരു പോലെ നിലനില്‍കുന്നു' എന്നതാണ് അതിലൊന്ന്. ഇതിനെ അവര്‍ സ്റ്റഡി സ്‌റ്റേറ്റ് തിയറി എന്ന് വിളിച്ചു. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ ജീവവായുവായിരുന്നു സ്റ്റഡി സ്‌റ്റേറ്റ് തിയറി. തുടക്കമില്ലാത്ത പ്രപഞ്ചത്തിന് എന്തിനാണ് ഒരു സ്രഷ്ടാവ്!

'ഭൗതികമായ എന്തിനും ഒരു തുടക്കമുള്ളത് പോലെ ഈ പ്രപഞ്ചത്തിനും ഒരു തുടക്കമുണ്ട്' എന്നതാണ് രണ്ടാമത്തേത്.

സ്റ്റഡി സ്‌റ്റേറ്റ് തിയറിയുടെ തലക്കടിച്ച ഹബിള്‍!

1930കളില്‍ എഡ്വിന്‍ പി ഹബിള്‍ ആണ് പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത്. ഡോപ്ലര്‍ പ്രഭാവം ഉപയോഗിച്ചാണ് ഹബിള്‍ ഇത് കണ്ടെത്തിയത്. അതായത്, ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ പുള്ളികള്‍ പരസ്പരം അകന്നു പോകുന്നത് പോലെ ഈ പ്രപഞ്ചത്തിലെ ഗ്യാലക്‌സികള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുന്നു!

അതായത് സമയം കടന്നു പോകുന്തോറും പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുന്നു. യുഗാന്തരങ്ങള്‍ക്കപ്പുറം ഗ്യാലക്‌സികളെല്ലാം അടുത്തായിരുന്നു എന്നര്‍ഥം. അതായത് വളരെ പിന്നിലേക്ക് ചിന്തിച്ചാല്‍ ഗ്യാലക്‌സികള്‍ എല്ലാം ഒരൊറ്റ വസ്തുവായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു! അനന്തമായ സാന്ദ്രതയുള്ള ഒരു സമയം! എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും അവിടെ തകരുന്നു. ആ അവസ്ഥയെ ശാസ്ത്രം 'സിംഗുലാരിറ്റി' എന്ന് വിളിച്ചു. അതില്‍ നടന്ന ഒരു മഹാ വിസ്‌ഫോടന(ബിഗ് ബാംഗ്)ത്തിലൂടെയാണ് പ്രപഞ്ചം രൂപം കൊണ്ടത് എന്ന് ഇന്ന് ശാസ്ത്രം പറയുന്നു. സമയവും സ്ഥലവും രൂപം കൊണ്ടത് ഈ മഹാ വിസ്‌ഫോടനത്തിന് ശേഷമാണ്! തിയറികള്‍ മാറി മറിഞ്ഞെക്കാം. എന്നാല്‍ ഒരു കാര്യം ഇന്ന് ഉറപ്പാണ്പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്!

ആ തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്.  

1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി.

2. സ്വയം സൃഷ്ടിച്ചു.

3. മറ്റാരോ സൃഷ്ടിച്ചു.

ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്.   

''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?'' എന്ന ചോദ്യം ശ്രദ്ധിക്കുക.

ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചത്തില്‍ ഒന്നുമുണ്ടായിട്ടില്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. താങ്കള്‍ വായിക്കുന്ന ഈ പുസ്തകം തനിയെ ഉണ്ടായതാണ് എന്ന് താങ്കള്‍ വിശ്വസിക്കുമോ? ഇതാണ് ക്വുര്‍ആന്‍ ഉന്നയിക്കുന്ന  ഒരു ചോദ്യം! ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന് വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ആധുനിക കാലത്തെ നിരീശ്വരവാദികളില്‍ പ്രമുഖനായ ലോറന്‍സ് ക്രോസ് 'എ യുനിവേഴ്‌സ് ഫ്രം നതിംഗ്' (ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു പ്രപഞ്ചം) എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. 

'ഒന്നുമില്ലായ്മ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വസ്തുവുമില്ലാത്ത അവസ്ഥ എന്നാണല്ലോ! നമ്മുടെ അന്തരീക്ഷം കാഴ്ചയില്‍ ഒന്നുമില്ലാത്തതായി നമുക്ക് തോന്നുന്നു.  എന്നാല്‍ അവിടെ വായുവുണ്ട്. വിവിധ വാതക പദാര്‍ഥങ്ങള്‍ ഉണ്ട്. ഇനി അന്തരീക്ഷത്തിനു പുറത്ത് ശൂന്യാകാശത്ത് ചെന്നാലോ? അവിടെയും യഥാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയില്ല. അവിടെ 'ശൂന്യത' ഉണ്ട്. 'സ്ഥലം' ഉണ്ട്. അതിനാലാണ് ബഹിരാകാശ പേടകങ്ങള്‍ക്ക് അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നത്! ഈ ശൂന്യത പോലുമില്ലാത്ത അവസ്ഥയെ നമുക്ക് 'ഒന്നുമില്ലായ്മ' എന്ന് വിളിക്കാം! എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പദാര്‍ഥവും ഊര്‍ജവും ജീവനും ഉണ്ടാകുന്നത്? അത് തീര്‍ത്തും അസംഭവ്യം തന്നെ! 

ലോറന്‍സ ക്രോസ് പറയുന്നത് 'ക്വാണ്ടം വാക്വം' എന്ന അവസ്ഥയില്‍ ഊര്‍ജത്തിന്റെ പ്രവര്‍ത്തനം മൂലമാണ് ബിഗ്ബാംഗ് ഉണ്ടായത് എന്നാണ്. എന്നാല്‍ ഈ 'ക്വാണ്ടം വാക്വം' ഒന്നുമില്ലായ്മ അല്ലേ? അവയില്‍ പ്രവര്‍ത്തിച്ച ഊര്‍ജം എങ്ങനെ നിലവില്‍ വന്നു? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ക്രോസിന് ഉത്തരമില്ല! ഈ പ്രപഞ്ചത്തിലുള്ള ഏതൊരു വസ്തുവുമാകട്ടെ, ഒന്നും തനിയെ ഉണ്ടാകുന്നില്ല എന്നത് തീര്‍ത്തും യുക്തിപരമായ ഒരു വസ്തുതയാണ്.

'അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?' ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തിലെ അടുത്ത ചോദ്യം ഇതാണ്. നമ്മളല്ല നമ്മെ സൃഷ്ടിച്ചത്. മനുഷ്യന്‍ സ്വയം രൂപപ്പെട്ടവനാണ് എന്ന വാദം തീര്‍ത്തും അബദ്ധ ജടിലവും വൈരുധ്യാത്മകവുമാണ്. പ്രവിശാലമായ പ്രപഞ്ചത്തിനും ഇത് ബാധകം തന്നെ! പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് അത് സ്വയംഭൂവാണെന്ന് ഒട്ടനവധി നിരീശ്വരവാദികള്‍ വാദിക്കുന്ന ഇക്കാലത്ത് അല്ലാഹുവിന്റെ ക്വുര്‍ആനിലൂടെയുള്ള ഈ ചോദ്യം ഏറെ പ്രസക്തവും ചിന്തനീയവുമാണ്. 

പിന്നെ ഏക സാധ്യത എന്താണ്? അത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതാണ്! ഇക്കാര്യം വളരെ മനോഹരമായി, ചിന്തയെ തട്ടിയുണര്‍ത്തുന്ന രൂപത്തിലാണ് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. 

ഈ പ്രപഞ്ചം ചലിക്കുന്നത് കൃത്യമായ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അധീനമായാണ്. ഒരു മൊട്ടുസൂചിപോലും തനിയെ ഉണ്ടാകില്ല  എങ്കില്‍ മഹത്തായ പ്രപഞ്ചം യാദൃച്ഛികതയുടെ ഉത്പന്നമാണ് എന്ന വാദമാണോ  അതോ ഈ വ്യവസ്ഥിതിക്ക് പിന്നില്‍ മഹാനായ ഒരു സംവിധായകന്റെ സര്‍ഗവൈഭവമുണ്ടെന്ന വസ്തുതയാണോ, ഏതാണ് യുക്തിസഹചമായത്? മനുഷ്യ മനസ്സുകളെ ദൈവാസ്തിത്വത്തെ സംബന്ധിച്ച സകല സംശയങ്ങളില്‍ നിന്നും മോചിപ്പിച്ച്, നാസ്തികതയുടെ അടിത്തറ ഇളക്കുന്നതാണ് ഈ രണ്ടു ചെറിയ വചനങ്ങള്‍! ഇങ്ങനെ ലളിതവും യുക്തിപരവുമായി മനുഷ്യ മനസ്സിനോട് സംവദിക്കുന്നു എന്നത് തന്നെയാണ് ക്വുര്‍ആന്‍ വചനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതങ്ങളില്‍ ഒന്ന്.

0
0
0
s2sdefault