സ്വർണത്തരിപോൽ പഞ്ചസാര

ഇബ്‌നു അലി എടത്തനാട്ടുകര

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

സ്വർണത്തരികൾ ഒരു പാത്രത്തിലേക്ക്‌ പകരുന്നത്‌ പോലെ, അത്രമേൽ സൂക്ഷിച്ചാണ്‌ ആ പഞ്ചസാരത്തരികൾ ഒരു ഡപ്പിയിലേക്ക്‌ ചൊരിഞ്ഞത്‌. തൊട്ടടുത്ത കടയിൽ നിന്ന്‌ മകൻ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്നതായിരുന്നു ആ പഞ്ചസാര, അവരുടെ അതിഥിക്ക്‌ കട്ടൻ ചായ നല്കി സല്ക്കരിക്കാൻ.

ആ വിശേഷ അതിഥി എന്റെ സുഹൃത്തായ സാമൂഹ്യപ്രവർത്തകനായിരുന്നു.

താൻ നേതൃത്വം നല്കുന്ന സംഘടന നൂറുകണക്കിന്‌ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ വഹിക്കുന്നുണ്ട്‌. അതിൽ ഒരു കുട്ടിയുടെ കുടുംബ വിവരം തിരക്കാനെത്തിയതായിരുന്നു സുഹൃത്ത്‌. വന്നപ്പോൾ കണ്ട കാഴ്‌ച അദ്ദേഹത്തെ ദേഷ്യമ്പിടിപ്പിച്ചു. ക്ളാസ്സ​‍ിൽ പോകാതെ ആ കുട്ടി ഒരു ഒറ്റത്തോർത്തുടുത്ത്‌ കുടിലിനരികിൽ നില്ക്കുന്നു. ക്ളാസ്സ​‍ിൽ പോകാത്തതിന്‌ സുഹൃത്ത്‌ കുട്ടിയെ ശാസിച്ച​‍ു.

ശബ്‌ദം കേട്ടുവന്ന അമ്മയാണ്‌ ഫീസ്‌ കൊടുക്കാനില്ലാത്തതിനാൽ ക്ളാസ്സ​‍ിൽ നിന്ന്‌ പുറത്താക്കിയതിനാലാണ്‌ പോകാത്തതെന്ന വിവരം സങ്കടത്തോടെ അറിയിച്ചത്‌. തൊട്ടടുത്ത മുതലാളിയുടെ വീട്ടിൽ അടക്കപൊളിച്ച്‌ കാശുണ്ടാക്കി ഫീസ്‌ കൊടുക്കാമെന്നും മകൻ അടക്ക പൊളിക്കാൻ അടുത്ത വീട്ടിൽ പോയിരുന്നതായും ആ അമ്മ കണ്ണിരൊല​‍ിപ്പിച്ച്‌ പറഞ്ഞു. സർക്കാർ സ്‌കൂളിൽ ഫീസ്‌ വളരെ ചുരുങ്ങിയ തുകയാണ്‌ നല്കേണ്ടിയിരുന്നത്‌.

കുട്ടിയെ ശാസിച്ച സുഹൃത്തിന്‌ സങ്കടമായി. അതിഥിക്ക്‌ ഒരു ഗ്ളാസ്‌ ചായ കൊടുക്കാൻ പോലും ഗതിയില്ലായിരുന്നു ആ വീട്ടിൽ അന്നേരം. സുഹൃത്ത്‌ നല്കിയ നോട്ടുകളിൽ നിന്ന്‌ ഒരെണ്ണവുമായി കുട്ടി ഓടി; അടുത്ത കടയിൽ നിന്ന്‌ പഞ്ചസാര വാങ്ങിക്കാൻ. ആ പഞ്ചസാര തരികളാണ്‌ സ്വർണത്തരികളെക്കാൾ സൂക്ഷിച്ച്‌ ഭരണിയിലാക്കാനൊരുങ്ങുന്നത്‌. ഒരു തരി പഞ്ചസാരപോലും നഷ്‌ടപ്പെടരുത്‌, പാഴാക്കരുത്‌ എന്ന അതിസൂക്ഷ്‌മത!

നമ്മിൽ പലരുടെയും വീടുകളിൽ പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്‌തുക്കൾ എത്ര! പാകം ചെയ്യപ്പെടാതെ നശിപ്പിക്കപ്പെടുന്നവയും! ഓരോ ദിവസവും എത്രയെത്ര വിഭവങ്ങളാണ്‌ അനാവശ്യമായി നശിപ്പിക്കപ്പെടുന്നത്‌. ഒരു കല്യാണമോ സല്ക്കാരമോ ആണെങ്കിൽ പറയാനുമില്ല.

ജീവിതയാത്രയിൽ ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി കഷ്‌ടപ്പെടുന്നവർ നമുക്ക്‌ ചുറ്റിലുമുണ്ട്‌. കാണണമെങ്കിൽ അകക്കണ്ണ്‌ തുറന്ന്‌ നോക്കണമെന്ന്‌ മാത്രം.

ഭക്ഷണം പാഴാക്കുമ്പോൾ, ആവശ്യത്തിലധികം വാങ്ങുമ്പോൾ, കഴിച്ചുതീരാത്തതും ഉപയോഗിച്ച്‌ ബാക്കിയാക്കിയതും വേസ്റ്റിലേക്ക്‌ തട്ടുമ്പോൾ ഓർക്കുക, അതിന്റെ ചെറിയൊരു പങ്ക്‌ പറ്റാൻ കാത്തിരിക്കുന്ന അനേകര​‍ുണ്ട്‌ നമുക്ക്‌ ചുറ്റും.

ദുർവ്യയം ചെയ്യുന്നവർ വിശുദ്ധ ക്വുരാനിലെ ഈ വചനങ്ങൾ ശ്രദ്ധിക്കുക:

“...നീ (ധനം) ദുർവ്യയം ചെയ്‌ത്‌ കളയരുത്‌. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു“ (അലിസ്‌റാ​‍്‌: 26,27).

”നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്‌. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയേയില്ല“ (അൽ ആ​‍്‌റാഫ്‌: 31).

0
0
0
s2sdefault