സ്വകാര്യത മൗലികാവകാശമാവുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ കഴുത്തറുത്തുകൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതോടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ മാനം കൈവന്നിരിക്കുകയാണ്. സ്വകാര്യത ഭരണഘടനാനുസൃതമല്ലെന്ന സുപ്രീംകോടതിയുടെ മുമ്പത്തെ വിധികളെ മുഴുവന്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനവിധി വന്നിരിക്കുന്നത്. ഈ വിധിയിലൂടെ ഭരണകൂടത്തിന്റെ ആവശ്യങ്ങളെക്കാള്‍ പൗരന്റെ മൗലികാവകാശങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഒരിക്കല്‍ കൂടി സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. 

ഭരണഘടനയില്‍ സ്വകാര്യതയെ സംബന്ധിച്ച് പ്രത്യേകിച്ച് പരാമര്‍ശങ്ങളില്ലെന്ന കാരണത്താലായിരുന്നു 1954ലെ എം. പി. ശര്‍മ കേസിലും 1962 ലെ ഖരക് സിംഗ് കേസിലും സ്വകാര്യതയെ മൗലികാവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നത്. ഈ രണ്ടു കേസുകളുടെയും വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ അവ നേര്‍ക്കുനേരെ പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതായിരുന്നില്ല എന്ന് കാണാം. ശര്‍മ കേസ് ഡാല്‍മിയ ഗ്രൂപ്പിന്റെ അഴിമതിയുമായി ബന്ധപ്പെട്ടതായിരുന്നെങ്കില്‍ ഖരക് സിംഗ് കേസ് അയാളുടെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് കൊണ്ടുവന്ന കവര്‍ച്ച കേസുമായി ബന്ധപ്പെട്ടതായിരുന്നു. കമ്പനിയുടെ രേഖകള്‍ സ്വകാര്യമാണെന്നും അത് വിട്ടുകൊടുക്കുന്നത് ഭരണഘടനയുടെ 19ള അനുഛേദത്തിനു വിരുദ്ധമാണെന്നുമുള്ള വാദമായിരുന്നു അവര്‍ ഉന്നയിച്ചത്. ഖരക് സിംഗ് ആവട്ടെ പോലീസ് അയാളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനെതിരെ ഒരാളുടെ ചലനസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 19റ അനുഛേദത്തിനെതിരാണെന്ന വാദമാണ് ഉന്നയിച്ചിരുന്നത്. ഈ കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു ഭരണകൂടത്തിന്റെ ഇടപെടലുകള്‍ അനിവാര്യമാവുന്ന മേഖലയില്‍ പൗരന്റെ സ്വകാര്യത മൗലികാവകാശമാവുകയില്ലെന്ന വിധിപ്രസ്താവ്യം ഉണ്ടായത്. 

ഇപ്പോഴുണ്ടായ വിധിയുടെ പശ്ചാത്തലം വേറെയാണ്. പൗരന്മാരുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രൂപപ്പെടുത്തിയ ആധാറിന് വേണ്ടി അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2012 ല്‍ റിട്ട. ജഡ്ജി കെ.എസ്. പുട്ടസ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംഘം പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചു. 2015 ആഗസ്റ്റ് 11നാണു കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഈ വര്‍ഷം ജൂലായ് 18നു ഹരജികള്‍ പരിഗണനക്കെടുത്തു. എന്നാല്‍ അഞ്ചംഗ ബെഞ്ചില്‍ നിന്നും വിശാല ബെഞ്ചിലേക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. അങ്ങനെ കേസ് ഒമ്പതംഗ ബെഞ്ചിന്റെ മുന്നിലെത്തി. ആഗസ്റ്റ് 2 വരെ കോടതി വാദം കേട്ടു. 24 നു വിധി പ്രസ്താവിച്ചു. ശര്‍മ, ഖരക്‌സിംഗ് വിഷയത്തില്‍ ഉന്നയിക്കപ്പെട്ട 'ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം' എന്ന അനുഛേദം 19 അല്ല, മറിച്ച് അനുച്ഛേദം 21 ന്റെ പരിധിയിലാണ് പൗരന്റെ സ്വകാര്യത കടന്നു വരുന്നതെന്നാണ് വിധിയില്‍ ചൂണ്ടിക്കാട്ടിയത്. 

പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ച് വിശദമാക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ അനുഛേദം 21 പൗരന്റെ ജീവിതാവകാശത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. 'നിയമം സ്ഥാപിച്ചിട്ടുള്ള നടപടിക്രമത്തിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവിതവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെടാന്‍ പാടുള്ളതല്ല' എന്നാണ് 21-ാം അനുഛേദം പറയുന്നത്. സ്വകാര്യതയെ കുറിച്ച് നേരിട്ട് പറയുന്നില്ലെങ്കിലും അവയെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് കോടതി വ്യാഖ്യാനിച്ചിരിക്കുന്നത്. 

ആധാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ എങ്ങനെയാണ് പൗരന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നതെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും വ്യക്തികളുടെ അടിസ്ഥാനവിവരങ്ങള്‍ രേഖപ്പെടുത്തുകയും ആ രേഖ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തികള്‍ക്ക് അവരുടേതായ പല ആവശ്യങ്ങളും നേടുന്നതിനായി ഈ രേഖയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യാറുമുണ്ട്. ഇന്ത്യയിലും തുടക്കത്തില്‍ ആധാര്‍ പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാറിന്റെ പേരില്‍ പൗരനില്‍ നിന്നും നിര്‍ബന്ധപൂര്‍വം ചോദിച്ചുവാങ്ങുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ ദുരുപയോഗം ചെയ്യുമെന്ന ആശങ്കകള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങളില്‍ വളര്‍ന്നുവന്നിട്ടുണ്ട്. മാത്രമല്ല ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍, സേവന ദാതാക്കള്‍ എന്നിവരുടെ പക്കല്‍ നിന്ന് മൂന്നാം കക്ഷികള്‍ക്ക് ചോരില്ലെന്നു സര്‍ക്കാരിന് ഉറപ്പു നല്‍കാന്‍ കഴിയുമോ, വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഏതെങ്കിലും സംവിധാനം ക്രമീകരിച്ചിട്ടുണ്ടോ തുടങ്ങിയ കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. ഇവിടെയാണ് ദുരൂഹത നിലനില്‍ക്കുന്നത്. 

പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിക്കാമെന്നല്ലാതെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് സാധിക്കുകയില്ല. ബയോമെട്രിക് ഡാറ്റകള്‍ അത്യധികം സംവേദനക്ഷമതയുള്ള രേഖകളാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവ ജീവന്‍ പോലെ സൂക്ഷിക്കാനും സ്വകാര്യമായി വെക്കാനുമുള്ള അവകാശമുണ്ടെന്നാണ് വിധി വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളും രാജ്യത്തെ മറ്റു സാങ്കേതിക കമ്പനികളുമെല്ലാം വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലുള്ള ഒരു നിയന്ത്രണവും പാടില്ലെന്നുവരുമ്പോള്‍ ബീഫ്, മദ്യ നിരോധനങ്ങള്‍ വീണ്ടും ചോദ്യചിഹ്നമാവുകയാണ്. ബീഫ് നിരോധനം പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വരുമ്പോള്‍ നിരോധനം ഫലത്തില്‍ ഇല്ലാതാവുകയും സര്‍ക്കാരിന്റെ നേരിട്ടുള്ള ബീഫ് റെയ്ഡുകള്‍ക്ക് അറുതിയാവുകയും ചെയ്യുമെന്ന വാദഗതി ശക്തമാവുകയാണ്. 

സ്വകാര്യതയെ മനുഷ്യന്റെ ജന്മാവകാശമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അപരന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ ഒരാള്‍ക്കും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. കേവലം മനുഷ്യന്റെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സ്വകാര്യതയുമായി ബന്ധപ്പെട്ടു കടന്നുവരേണ്ടത്. പൗരന്റെ അടിസ്ഥാന വിവരങ്ങളുപയോഗിച്ച് പൗരന് തന്നെ അത്യാപത്തുകള്‍ വരുത്തുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ സ്വകാര്യതാ വിവാദങ്ങളുടെ മര്‍മമെങ്കില്‍ ഇസ്‌ലാം പൂര്‍ണമായ അര്‍ഥത്തില്‍ തന്നെ മനുഷ്യന് സ്വകാര്യത അനുവദിക്കുന്നുണ്ട്. അയാളുടെ സ്വകാര്യതയെ സ്വാംശീകരിക്കാനോ അതില്‍ ഇടപെടാനോ മറ്റുള്ളവരെ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്‌ലാം അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് ഒരു വ്യക്തിയെ സ്വയം വിധേയനായിത്തീരാനും അതുവഴി സ്വകാര്യതയിലും ദൈവികനിയമങ്ങള്‍ക്ക് വിധേയനായിത്തീരാനും നിര്‍ബന്ധിക്കുന്നുണ്ട്. ഈ നിര്‍ബന്ധം ഒരിക്കലും മനുഷ്യന്‍ മനുഷ്യനുമേല്‍ അടിച്ചേല്‍പിക്കുന്നതല്ല. മനുഷ്യന്റെ സ്രഷ്ടാവിന്റെ അലംഘനീയമായ നിയമമാണത്. 1948ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ നടന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട 'റൈറ്റ് റ്റു െ്രെപവസി ആര്‍ട്ടിക്കിള്‍' വരുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വിശുദ്ധ ക്വുര്‍ആന്‍ സ്വകാര്യതയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ മാനവസമൂഹത്തിനു കൈമാറിയിട്ടുണ്ട്. 

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്നതിനു മുമ്പ് അയാളുടെ അനുമതി വാങ്ങുക നിര്‍ബന്ധമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

''ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ ഇതു പറയുന്നത്. ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 24:27,28). 

തിന്മ പിറക്കാനുള്ള സാഹചര്യങ്ങളെ തടയുന്നതോടൊപ്പം മറ്റൊരാളുടെ സ്വകാര്യതക്കുള്ള സംരക്ഷണം കൂടിയാണ് ഈ വചനം. അജ്ഞാനകാലഘട്ടത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ വീടുകളുടെ ഉള്ളറകളിലും കിടപ്പറകളിലും അടുക്കളകളിലും മനുഷ്യര്‍ യഥേഷ്ടം വിഹരിച്ചിരുന്നു. അത്തരം വിഹാരങ്ങള്‍ വരുത്തിവെക്കുന്ന കുഴപ്പങ്ങളും അസ്വാതന്ത്ര്യങ്ങളും വലുതായിരുന്നു. ഇസ്‌ലാം അവതരിപ്പിക്കപ്പെട്ടതോടെ മനുഷ്യന്റെ സ്വകാര്യത ആദരിക്കപ്പെടേണ്ടതാണെന്ന ഉത്കൃഷ്ടമായ കാഴ്ചപ്പാട് രൂപം കൊണ്ടു. 

പ്രവാചകന്റെ സന്തത സഹചാരികളായ അനുചരന്മാര്‍ പലപ്പോഴും പ്രവാചകന്റെ വീട്ടില്‍ വരികയും സംസാരത്തിലും ഭക്ഷണത്തിലുമെല്ലാം പങ്കുചേരുകയും ചെയ്യുന്നത് സാധാരണമായിരുന്നു. പ്രവാചകനും അവരും തമ്മിലുള്ള ഊഷ്മളമായ ബന്ധം അങ്ങനെയായിരുന്നു. പക്ഷേ, അവിടെയും പ്രവാചകനും വീട്ടുകാര്‍ക്കും അവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നുണ്ടെന്ന് വന്നപ്പോള്‍ അല്ലാഹു വിശ്വാസികളോട് പറഞ്ഞു: 

''സത്യവിശ്വാസികളേ, ഭക്ഷണത്തിന് നിങ്ങളെ ക്ഷണിക്കുകയും നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് അത് പറയാന്‍ അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല'' (ക്വുര്‍ആന്‍ 33:53).

ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍, അതെത്ര പരിചയമുള്ളവരുടെയും ബന്ധുക്കളുടെതുമാണെങ്കില്‍ പോലും സലാം പറയുകയും അനുമതി ചോദിക്കുകയും ചെയ്തുകൊണ്ടേ അവിടേക്ക് പ്രവേശിക്കാവൂ എന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. ഒരു തവണ അനുമതി ചോദിച്ചിട്ട് മറുപടി ലഭിച്ചില്ലെങ്കില്‍ മൂന്ന് തവണ ചോദിക്കാവുന്നതാണ്. എന്നിട്ടും മറുപടി ലഭിച്ചില്ലെങ്കില്‍ മടങ്ങിപ്പോവുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

''ഒരിക്കല്‍ ഒരാള്‍ പ്രവാചകനെ കാണാന്‍ വന്നു. 'ഞാനങ്ങോട്ട് കടക്കട്ടെ?' എന്ന് അദ്ദേഹം ചോദിച്ചു. പ്രവാചകന്‍ അദ്ദേഹത്തിന്റെ ഭൃത്യനോട് പറഞ്ഞു: 'നീ അയാള്‍ക്ക് അനുമതി ചോദിക്കേണ്ട രൂപം പറഞ്ഞുകൊടുക്കുക6 'അസ്സലാമു അലൈകും' എന്ന് പറഞ്ഞ ശേഷം ഞാന്‍ അങ്ങോട്ട് പ്രവേശിക്കട്ടെയോ എന്നാണയാള്‍ ചോദിക്കേണ്ടത്. ഇത് കേട്ട അയാള്‍ അപ്രകാരം നബിയോട് അനുമതി ചോദിച്ചു'' (അബൂദാവൂദ്). 

സഅദ് ഇബ്‌നു ഉബാദ(റ) പറയുന്നു: ''ഒരിക്കല്‍ ഒരാള്‍ നബിയെ കാണാന്‍ വന്നുകൊണ്ട് അദ്ദേഹത്തിന്റെ വാതിലിനു നേരെ നിന്നു. ഇതുകണ്ട നബി അയാളോട് പറഞ്ഞു: 'ഇങ്ങനെയാണോ നില്‍ക്കേണ്ടത്? അനുമതി ചോദിക്കുന്നത് തന്നെ കണ്ണുകള്‍ കാരണമാണ്'' (അബൂദാവൂദ്).

ഒരാള്‍ ഒരു വീടിന്റെ മുമ്പിലെത്തിയാല്‍ എപ്രകാരമാണ് നില്‍ക്കേണ്ടതെന്നു പോലും അദ്ദേഹം പഠിപ്പിച്ചു. വാതില്‍ തുറക്കുന്നതോടെ അകത്തെ ദൃശ്യങ്ങള്‍ കാണാവുന്ന വിധത്തില്‍ അഭിമുഖമായി നില്‍ക്കാതെ ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. വ്യക്തികളുടെ കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നത് പോലും ഇസ്‌ലാം വിലക്കി. ഒരാള്‍ മറ്റൊരാളില്‍ കാണുന്ന ദോഷങ്ങളും തിന്മകളും പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പഠിപ്പിച്ചു. ദമ്പതികള്‍ അവര്‍ക്കിടയിലെ രഹസ്യങ്ങള്‍ സ്വകാര്യമാക്കണമെന്നു പ്രത്യേകം ഉപദേശിച്ചു. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് എത്രമാത്രം പ്രാധാന്യമാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളതെന്നു ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം.

0
0
0
s2sdefault