സ്വഭാവ വളര്‍ച്ച കുട്ടികളില്‍ 

അശ്‌റഫ് എകരൂല്‍

2017 ജൂലായ് 22 1438 ശവ്വാല്‍ 28

(ഇസ്‌ലാമിക് പാരന്റിംഗ്: 26)

ആധുനിക തലമുറയെ കുറിച്ചുള്ള ആധികളില്‍ അധികവും അവരുടെ സ്വഭാവ വൈകല്യങ്ങളെപ്പറ്റിയാണെന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ച ചുറ്റുപാടിലും സ്വഭാവ വളര്‍ച്ചയുടെ തോത് താഴോട്ട് സഞ്ചരിക്കുന്നുവന്നത് എല്ലാ മുതിര്‍ന്നവരെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വഭാവ വളര്‍ച്ചയില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ അടുത്തറിയുകയും അവ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ശീലിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള അവലംബനീയ മാര്‍ഗം.

വിവേകവും ബുദ്ധിയും തിരിച്ചറിവും ഉണ്ടാകുന്നതിനനുസരിച്ച് ഒരു കുഞ്ഞ് സ്വീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട മര്യാദകളും ശ്രേഷ്ഠ ഗുണങ്ങളുമാണ് സ്വഭാവ വളര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ പല രക്ഷിതാക്കളും അധ്യാപകരും അറിയാതെ പോകുന്ന പ്രധാനമായ ഒരു ഭാഗമുണ്ട് ഇവിടെ. സല്‍സ്വഭാവവും ശ്രേഷ്ഠഗുണങ്ങളും അടിയുറച്ച ദൈവ വിശ്വാസത്തിന്റെ (ഈമാനിന്റെ)യും ശരിയായ മതബോധത്തിന്റെയും ഉല്‍പന്നമായി ഉണ്ടാകേണ്ടതാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അല്ലാഹുവിനെ അറിഞ്ഞും അവന്റെ നിരീക്ഷണത്തെക്കുറിച്ച ബോധ്യത്തിലും അവനെ അവലംബിച്ചും കൊണ്ടാണ് വളര്‍ന്നതെങ്കില്‍, അല്ലെങ്കില്‍ അവനെ വളര്‍ത്തിയതെങ്കില്‍, നല്ല സ്വഭാവ ഗുണങ്ങളോടും നിര്‍ദേശങ്ങളോടും ക്രിയാത്മകവും അനുകൂലവുമായ സ്വീകാര്യത ആ കുഞ്ഞില്‍ കാണാന്‍ കഴിയും; അല്ലാത്തവരില്‍ തിരിച്ചും. അല്ലാഹുവിനെ കുറിച്ചുള്ള അടിയുറച്ച അറിവും വിശാസവും തീര്‍ച്ചയായും അവന്റെ മനസ്സിന്റെയും  മോശമായതും മ്ലേച്ഛമായതുമായ കാര്യങ്ങളുടെയും ഇടയില്‍ ഒരു തടസ്സ മതില്‍ സൃഷ്ടിക്കാതിരിക്കില്ല. ഈ തലം അവഗണിച്ചുകൊണ്ട് നമുക്ക് സ്വഭാവ വളര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കഴിയില്ല. മതമാണ് സ്വാഭാവത്തിന്റെ സ്വീകാര്യതയും തിരസ്‌കാരവും തീരുമാനിക്കേണ്ട മര്‍മ ബിന്ദുവെന്നര്‍ഥം.

മതത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും പരലോകത്തെ വിജയം മുന്നില്‍ കണ്ടും ഓരോ സമയങ്ങളിലും നല്ല സ്വഭാവ ഗുണങ്ങളെ കുട്ടികളില്‍ നട്ടുവളര്‍ത്തുകയും ദുഃസ്വഭാവങ്ങളുടെ കളകളെ തത്സമയങ്ങളില്‍ നുള്ളിക്കളയുകയും ചെയ്യേണ്ട ബാധ്യത വീഴ്ച വരുത്താതെയും അവഗണിക്കാതെയും നിര്‍വഹിക്കുകയെന്നതാണ് ഇസ്‌ലാമിക പാരന്റിംഗിലെ പ്രധാനമായ ഒരു ഭാഗം. അതിന് ഏറ്റവും ഉത്തമ മായത് കുട്ടിക്കാലമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണ്. ഒരു മനുഷ്യന്റെ പ്രകടമായ വ്യക്തിത്വം അവന്‍/അവള്‍ തന്റെ ചുറ്റുപാടിനോട് പ്രകടിപ്പിക്കുന്ന സ്വഭാവമാണ്. നല്ലവനെന്നും ചീത്തയെന്നും വിലയിരുത്താന്‍ മനുഷ്യനവലംബവും സ്വഭാവ പ്രകടനങ്ങള്‍ തന്നെ. അതിനാല്‍ ഇസ്‌ലാം വളരെയേറെ പഠിപ്പിച്ച ജീവിത ഭാഗമാണ് സ്വഭാവ തലം. ജീവിക്കുന്ന സമൂഹത്തില്‍, ദൗത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചവരുടെ മുമ്പില്‍ കരളുറപ്പോടെ പിടിച്ചു നില്‍ക്കാന്‍ മുഹമ്മദ് നബി(സ്വ)യെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനമായ ഒന്ന് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അല്ലാഹു പറയുന്നു: ''(നബിയേ) തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 68:4).  നല്ലതിനെ നട്ടുവളര്‍ത്തുകയും തിയ്യതിനെ നുള്ളിക്കളയുകയും ചെയ്യുകയെന്ന രണ്ടു ദൗത്യങ്ങളെ ഒരേ സമയം ഒരുപോലെ നിര്‍വഹിക്കുന്നതിലൂടെയാണ് സ്വഭാവ വളര്‍ച്ച സാധ്യമാകുന്നത്. അവ  എന്തെല്ലാമാണന്നും എങ്ങനെയാണെന്നുമുള്ള പഠനമാണ് ഇതില്‍ നാം ഉദ്ദേശിക്കുന്നത്. 

മര്യാദകള്‍ ശീലിപ്പിക്കുക

പ്രകടമായ സ്വഭാവങ്ങളിലധികവും വിവിധ തലങ്ങളില്‍ മനുഷ്യന്‍ കാണിക്കേണ്ട മര്യാദകളുടെ സമാഹാരമാണ്. അവ അതാത് തലങ്ങളില്‍ ശീലിപ്പിക്കുകയാണ് പ്രഥമമായി രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

നബി(സ്വ) അംറുബ്‌നു സഈദുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് മുര്‍സലായി ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ''ഒരു പിതാവ് മക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ഏറ്റവും ഉത്തമ സമ്മാനം നല്ല മാര്യാദ ശീലിപ്പിക്കലാകുന്നു'' (ബൈഹക്വി, തുഹ്ഫതുല്‍ അഹ്‌വദി).

'നീ നിന്റെ മക്കള്‍ക്ക് മര്യാദകളെ അനന്തരമായി നല്‍കുന്നതാണ് സമ്പത്ത് അനന്തരമായി നല്‍കുന്നതിനെക്കാള്‍ ഉത്തമം, കാരണം നല്ല മര്യാദകള്‍ അവന്നു സമ്പത്ത് നേടിക്കൊടുക്കും, പ്രതാപം നല്‍കും, മറ്റ് സഹോദരമാരുടെ സ്‌നേഹവും ലഭിക്കും. ഇഹലോകത്തെയും പരലോകത്തെയും നന്മകളെ അത് ഒരുമിച്ചു കൂട്ടും' എന്ന പണ്ഡിത വചനം ശ്രദ്ധേയമാണ്. 

ഇസ്‌ലാമിക മര്യാദകളെ ശീലിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ വരുത്തുന്ന വീഴ്ചയാണ് അവര്‍ അനുസരണക്കേടു കാണിക്കുന്നവരായി പരിണമിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. അതിനാല്‍ കുട്ടികളെ നാം ശീലിപ്പിക്കേണ്ട മര്യാദകളെ നബി(സ്വ)യുടെ അധ്യാപനങ്ങളിലൂടെ നമുക്ക് പഠിക്കാം.

ഒന്ന്, മാതാപിതാക്കളോടും ഗുരുനാഥന്മാരോടും: ഒരു കുട്ടി ജീവിതത്തില്‍ പ്രഥമമായി പെരുമാറിത്തുടങ്ങുന്ന സമൂഹത്തിന്റെ ആദ്യ യൂണിറ്റ് അവന്റെ മാതാപിതാക്കളാണ്. അവരെ അഭിസംബോധന ചെയ്യുന്നേടത്തുള്ള മര്യാദ നബി(സ്വ) പഠിപ്പിച്ചത് ഇമാം ത്വബ്‌റാനിയും ഇബ്‌നു ഹജറുല്‍ ഹൈതമിയും ആഇശ(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: അവര്‍ പറഞ്ഞു: ''ഒരിക്കല്‍ ഒരാള്‍ ഒരു വൃദ്ധനുമായി നബി(സ്വ)യുടെ അടുക്കല്‍ വന്നു. നബി(സ്വ) അയാളോട് ചോദിച്ചു: 'ഇത് ആരാണ്?' 'എന്റെ പിതാവാണെ'ന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അദ്ദേഹത്തിന്റെ മുമ്പില്‍ നീ നടക്കരുത്. അദ്ദേഹത്തിനു മുമ്പേ നീ ഇരിക്കരുത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞു വിളിക്കരുത്.'

 'മക്കളും പഠിതാക്കളും പിതാവിന്റെയും അധ്യാപകന്റെയും പേര്(മാത്രം) വിളിക്കുന്നതിനെ നിരോധിക്കുന്ന അധ്യായം' എന്ന പേരില്‍ ഇമാം നവവി അദ്ദേഹത്തിന്റെ 'അല്‍ അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മാതാപിതാക്കളോടുള്ള ഈ പ്രാഥമിക മര്യാദകള്‍ മക്കള്‍ക്ക് നാം പറഞ്ഞുകൊടുക്കുകയും അതേ രീതിയില്‍ അനുവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുകയും വേണം. മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന സൂറതുല്‍ ഇസ്‌റാഇലെ 23-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ക്വുര്‍ത്വുബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നു:അബുല്‍ ബദ്ദാഹ് അല്‍തുജിബി പറഞ്ഞു: ''ഞാന്‍ സഈദ്ബ്‌നു മുസ്വയ്യിബിനോട് ചോദിച്ചു: 'മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന ക്വുര്‍ആനിലെ എല്ലാ പരാമര്‍ശങ്ങളും എനിക്കറിയാം. എന്നാല്‍ 'നിങ്ങള്‍ അവരോടു മാന്യമായ വര്‍ത്തമാനം പറയുക'(കൗലന്‍ കരീമന്‍) എന്താണന്നു എനിക്ക് മനസ്സിലായില്ല.' അപ്പോള്‍ ഇബ്‌നു മുസ്വയ്യബ് പറഞ്ഞു: 'ഒരു കുറ്റവാളിയായ അടിമ പരുഷനായ യജമാനനോട് സംസാരിക്കുന്ന പോലെ (വിനയത്തോടെ) സംസാരിക്കുക എന്നാണ്.' ഇമാം റാസി തന്റെ തഫ്‌സീറില്‍ ഉമര്‍(റ)വിന്റെ വിശദീകരണമായി കൊടുത്തത് 'എന്റെ ഉപ്പാ,' 'എന്റെ ഉമ്മാ' എന്നിങ്ങനെ വിളിക്കുക എന്നാണ്.

തന്റെ സുഹൃത്തുക്കളോടും മറ്റും പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുകയും അവരെ വിളിക്കുന്നത് അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ തത്സമയം മാതാപിതാക്കള്‍ ഗുണകാംക്ഷയോടെ പരസ്പരം തിരുത്തണം. ഉപ്പയുടെ വിഷയത്തില്‍ ഉമ്മയും ഉമ്മയുടെ വിഷയത്തില്‍ ഉപ്പയും തിരുത്തുന്ന രീതി മക്കളില്‍ കൂടുതല്‍ മാറ്റം സൃഷ്ടിക്കും. ആവര്‍ത്തിക്കപ്പെടുന്ന പക്ഷം അല്‍പം പരുഷമായിത്തന്നെ തിരുത്തേണ്ടതാണ്. അത്തരം സാഹചര്യങ്ങളെ അവഗണിക്കുന്നത് മാതാപിതാക്കളുടെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും പിന്നീട് നിസ്സാരമായി കാണാനും തള്ളിക്കളയാനും മക്കള്‍ക്ക് പ്രചോദനമായേക്കും.  

അറിയുക മര്യാദകളും സ്വഭാവങ്ങളും കേവല പ്രകൃതി പരമായ ചോദനകള്‍ അല്ല, മറിച്ച് നാം പകര്‍ന്നു നല്‍കേണ്ട പാഠങ്ങളാണ്.

ഇത്‌പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗുരുനാഥന്മാരോടുള്ള പെരുമാറ്റ മര്യാദകളും. ഇമാം നവവി മുകളില്‍ ഉദ്ധരിച്ച തലക്കെട്ടിന്നു താഴെ മാതാപിതാക്കളുടെ പേര് വിളിക്കുന്നതിനെ നിരോധിക്കുന്ന ഹദീഥ് ഉദ്ധരിച്ചുകൊണ്ട് പറയുകയാണ്: 'അതിനോട് തത്തുല്യമായി വരുന്നതാണ് പണ്ഡിതന്മാരോടും ഗുരുനാഥന്മാരോടും ഉള്ള പെരുമാറ്റ മര്യാദകള്‍. ചിലപ്പോള്‍ പണ്ഡിതന്മാരോട് അല്‍പം കൂടുതല്‍ മര്യാദ കാണിക്കേണ്ടി വരും. കാരണം അവര്‍ പ്രവാചകന്മാരുടെ അന്തരാവകാശികളാണല്ലോ. അവരോടു ബഹുമാനം കാണിക്കലും ശബ്ദം താഴ്ത്തി സംസാരിക്കലും അവര്‍ക്ക് വേണ്ട സേവനത്തിനു ധൃതി കാണിക്കലും സൗമ്യമായി വര്‍ത്തിക്കലും എല്ലാം കുട്ടികളെ നാം ശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.' 

0
0
0
s2sdefault