സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ശഹീറുദ്ദീന്‍ ചുഴലി

2017 നവംബര്‍ 04 1439 സഫര്‍ 15

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമത്തുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണമാണിത്. മുപ്പത്തി മൂന്ന് വരിയുള്ള ആ കവിതാസമാഹാരത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസ കാര്യങ്ങളില്‍ സുപ്രധാനങ്ങളായ ചില കാര്യങ്ങളെയാണ് പരാമര്‍ശിക്കുന്നത്. അതില്‍ ആദ്യത്തെ രണ്ട് വരി അഹ്‌ലുസ്സുന്നയുടെ മന്‍ഹജ് എന്താവണം എന്ന് നിര്‍ദേശിക്കുകയാണദ്ദേഹം.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രമാണ് ഈമാന്‍ അഥവാ വിശ്വാസം. ഇഹലോകത്തും പരലോകത്തും വിജയം അത്തരക്കാര്‍ക്കാണ്. 

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക'' (ക്വുര്‍ആന്‍ 40:30).

ഈ വചനത്തെ വിശദീകരിച്ച് ഇമാം സഅദി(റഹി) പറഞ്ഞു: 

''അതായത്, അല്ലാഹുവിന്റെ റുബൂബിയ്യത് (സൃഷ്ടികര്‍തൃത്വം) അംഗീകരിക്കുകയും തൃപ്തിപ്പെടുകയും പ്രഖ്യാപിക്കുകയും അവന്റെ കല്‍പനകള്‍ക്ക് കീഴതൊങ്ങുകയും വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളില്‍ നേരായ പാതയില്‍ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് ഇഹലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ട്'' (തഫ്‌സീറുസ്സഅ്ദി).

വിശ്വാസ കാര്യങ്ങള്‍ പഠിക്കല്‍ വിശ്വാസികളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. കര്‍മം അതിന്റെ പൂര്‍ത്തീകരണം മാത്രമാണ്. എങ്കിലും കര്‍മം ഈമാനിന്റെ ഭാഗമാണ്; ഈമാനില്‍ നിന്ന് പുറത്തല്ല. അക്വീദ ശരിയാവാത്ത കര്‍മങ്ങള്‍ നിഷ്ഫലമാണ്. കപടവിശ്വാസികളുടെ കര്‍മങ്ങള്‍ സ്വീകരിക്കാതിരിക്കുവാനുള്ള കാരണമായി അല്ലാഹു പറഞ്ഞത്, അവരുടെ അക്വീദ പിഴച്ചതാണെന്നാണ്. 

''അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്''(ക്വുര്‍ആന്‍ 9:54).

അഖീദ ശരിയാകാത്തവരുടെ കര്‍മങ്ങള്‍ ധൂളികളാക്കി മാറ്റുമെന്നാണ് അല്ലാഹു പറഞ്ഞത്:

''അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 25:23).

ഈ സൂക്തത്തെ വിശദീകരിച്ച് ഇമാം സഅ്ദി പറഞ്ഞു:

''അല്ലാഹു സ്വീകരിക്കുന്ന കര്‍മം നിഷ്‌ക്കളങ്കതയോടെ വിശ്വസിക്കുകയും വിശ്വാസത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യുന്നവരില്‍ നിന്നുമാണ്''(തഫ്‌സീറുസ്സഅ്ദി)

എന്താണ് അക്വീദ, ആരാണ് അഹ്‌ലുസ്സുന്ന, എന്താണ് അവരുടെ പാത എന്നതെല്ലാം മറ്റെന്തിനെക്കാളും ഏറെ നാം പഠിക്കേണ്ട കാര്യങ്ങളാണ്.


എന്താണ് അക്വീദ?

ഭാഷാപരമായി അക്വീദ എന്നാല്‍ ദൃഢത, ഉറപ്പ്, സ്ഥിരപ്പെട്ടത്, ഭദ്രമായത് എന്നൊക്കെയാണ് അര്‍ഥം. അക്വീദ 'അക്വ്ദ്' എന്ന ക്രിയാനാമത്തില്‍ നിന്നുമുണ്ടായതാണ്. കെട്ടിയിടുക, ഉറപ്പിക്കുക, ശക്തിപ്പെടുത്തുക എന്നൊക്കെയാണ് 'അക്വദ' യുടെ അര്‍ഥം.

ഇതില്‍ നിന്നാണ് വിവാഹക്കരാര്‍ എന്ന (ഉക്വ്ദത്തുന്നികാഹ്) പ്രയോഗം ഉണ്ടായത്. അതുപോലെയാണ് വിശ്വാസക്കരാര്‍ എന്നതും (ഉക്വ്ദത്തുല്‍ യമീന്‍) ഉണ്ടായത്. ഈ പ്രയോഗം ക്വുര്‍ആനില്‍ കാണാവുന്നതാണ്: 

''ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത് ശപഥങ്ങളഉടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്'' (ക്വുര്‍ആന്‍ 5:89).

''(വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കുവാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്'' (ക്വുര്‍ആന്‍ 2:235).

''അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ'' (ക്വുര്‍ആന്‍ 2:237).

മൂസാ നബിൗയുടെ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം: ''എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ'' (ക്വുര്‍ആന്‍ 20:27).

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ''നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.''(ക്വുര്‍ആന്‍ 4:33).

ചുരുക്കിപ്പറഞ്ഞാല്‍ 'സംശയത്തിനിടയില്ലാത്ത വിധി'ക്കാണ് ഭാഷയില്‍ അക്വീദ എന്ന് പറയുക. മതത്തില്‍ 'അക്വീദ' എന്ന് വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് പറയുക.

സത്യമാകട്ടെ, അസത്യമാകട്ടെ ഒരു വ്യക്തി തന്റെ ഹൃദയത്തില്‍ ഉറപ്പിക്കുന്ന (കെട്ടിയിടുന്ന) കാര്യത്തിനും ഭാഷയില്‍ അക്വീദ എന്ന് പറയും. 

'യാതൊരു സംശയവും കടന്ന് കൂടാത്ത വാസ്തവത്തോട് യോജിച്ച ദൃഢമായ വിശ്വാസത്തിനാണ് സാങ്കേതികമായി അക്വീദ എന്ന് പറയുന്നത്. ദൃഢതയില്ലാത്ത അറിവിന് അക്വീദ എന്ന് പറയുകയില്ല.

മനുഷ്യന്‍ ഒരു കാര്യത്തെ തന്റെ ഹൃദയത്തില്‍ കെട്ടി ഭദ്രമാക്കുന്നതിനാലാണ് ഇതിന് അക്വീദ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 

അല്‍ അക്വീദത്തുല്‍ ഇസ്‌ലാമിയ്യ എന്ന് നിരുപാധികം പറഞ്ഞാല്‍ അത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അക്വീദയാണ്.

അക്വീദക്ക് അസ്സുന്ന, അശ്ശരീഅ, ഉസൂലുദ്ദീന്‍, അത്തൗഹീദ് എന്നെല്ലാം പേരുകളുണ്ട്.


ആരാണ് അഹ്‌ലുസ്സുന്ന?

'സലഫ്' എന്ന പ്രയോഗം കൊണ്ട് എന്താണോ വിവക്ഷിക്കപ്പെടുന്നത് അതു തന്നെയാണ് 'അഹ്‌ലുസ്സുന്ന' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ വിവക്ഷ എന്താണെന്ന് ഇമാം ബര്‍ബഹാരി പറയുന്നു:

''സുന്നത്ത് എന്നാല്‍ നബി ﷺ ചര്യയാക്കിയതും ജമാഅത്തെന്നാല്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ് മാന്‍(റ) എന്നിവരുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികള്‍ ഏകോപിച്ചതുമായ കാര്യമാണ്'' (ശറഹുസ്സുന്ന).

രണ്ടര്‍ഥത്തില്‍ പണ്ഡിതന്മാര്‍ അഹ്‌ലുസ്സുന്ന എന്ന് പ്രയോഗിക്കാറുണ്ട്.

1. പ്രത്യേകാര്‍ഥത്തില്‍.

2. പൊതുവായ അര്‍ഥത്തില്‍.

* പ്രത്യേകാര്‍ഥത്തില്‍ അഹ്‌ലുസ്സുന്ന എന്നാല്‍ അവര്‍ സ്വഹാബികളും താബിഉകളും തബഉത്താബിഉകളും അവരുടെ പാതയില്‍ നിലകൊണ്ടവരുമാണ്. ഇവരാണ് റസൂല്‍ ﷺ നന്മയിലാണെന്ന് സാക്ഷ്യം വഹിച്ചവര്‍:

''ഏറ്റവും നല്ല തലമുറ ഞാന്‍ നിയോഗിക്കപ്പെട്ട തലമുറയും പിന്നെ ശേഷക്കാരും പിന്നെ ശേഷക്കാരും ആണ്'' (ബുഖാരി, മുസ്‌ലിം).

ഈ അര്‍ഥത്തില്‍ ബിദ്ഈ കക്ഷികളെല്ലാം അഹ്‌ലുസ്സുന്ന എന്ന പ്രയോഗത്തിന്റെ പുറത്താണ്. അഹ്‌ലുസ്സുന്ന എന്ന് പണ്ട് മുതലേ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍'' (ക്വുര്‍ആന്‍ 3:106).

ഈ വചനത്തെ വിശദീകരിച്ച് ഇമാം ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റഹി) ഉദ്ധരിക്കുന്നു:

''അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ മുഖങ്ങള്‍ വെളുക്കും, ബിദ്അത്തിന്റെയും വിഘടന കക്ഷികളുടെയും മുഖങ്ങള്‍ കറുക്കും'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഹദീഥുകളില്‍ വന്ന 'ജമാഅ' കൊണ്ടുള്ള വിവക്ഷ ഇവരാണ്. ആദ്യത്തെ മൂന്ന് തലമുറകളാണ് സലഫുകള്‍. അവരും അവരുടെ മാര്‍ഗം പിന്തുടര്‍ന്നവരുമാണ് അഹ്‌ലുസ്സുന്ന.

നബി ﷺ പറഞ്ഞു: ''യഹൂദികള്‍ എഴുപത്തി ഒന്ന് വിഭാഗവും നസ്വാറാക്കള്‍ എഴുപത്തി രണ്ട് വിഭാഗവും ആയി. ഈ ഉമ്മത്ത് പിന്നീട് എഴുപത്തി മൂന്ന് വിഭാഗമാകും. എല്ലാവരും നരകത്തിലായിരിക്കും; ഒരു കൂട്ടരൊഴികെ.'' അവര്‍ ചോദിച്ചു: ''ആരാണ് പ്രവാചകരേ, ആ ഒരു സംഘം?'' പ്രവാചകന്‍ ﷺ പറഞ്ഞു: ''ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു നിലപാടിലാണോ അതില്‍ നിലകൊള്ളുന്നവര്‍'' (അബൂദാവൂദ്, തിര്‍മിദി, അഹ്മദ്).

പ്രവാചകനും മൂന്ന് ഉത്തമ നൂറ്റാണ്ടുകാരും നിലകൊണ്ട പാതക്കാണ് 'അസ്സലഫിയ്യ' എന്ന് പറയുന്നത്. ഈ സംഘവും ഈ പാതയും അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ ലോകത്ത് പ്രകടമായി തന്നെ നിലകൊള്ളും. 

റസൂല്‍ ﷺ പറയുന്നു: ''എന്റെ ഉമ്മത്തില്‍ നിന്നും ഒരു സംഘം എപ്പോഴും സത്യത്തിലായിരിക്കും. അവരെ കയ്യൊഴിഞ്ഞവര്‍ അവര്‍ക്ക് യാതൊരു ദോഷവും ചെയ്യുകയില്ല. അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ അവര്‍ ആ പാതയിലായിരിക്കും'' (മുസ്‌ലിം).

ഈ സംഘത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (ക്വുര്‍ആന്‍ 9:100).

ഈ വചനത്തിലൂടെ അല്ലാഹു മുഹാജിറുകളെയും അന്‍സ്വാറുകളെയും അവരെ പിന്‍പറ്റിയവരെയും പുകഴ്ത്തുകയും അവരില്‍ അല്ലാഹു തൃപ്തനാണെന്ന് പറയുകയും അവര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു.

മറ്റൊരു വചനത്തില്‍ അവര്‍ക്കെതിരാകുന്നവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

ഭിന്നതകള്‍ ഉടലെടുക്കുമ്പോള്‍ ഈ പാത മുറുകെ പിടിക്കാനാണ് റസൂല്‍ ﷺ സമുദായത്തോട് നിര്‍ദേശിച്ചത്:

''നിങ്ങളില്‍ ജീവിക്കുന്നവര്‍ പിന്നീട് പല അഭിപ്രായ ഭിന്നതകളും കാണും. അപ്പോള്‍ എന്റെ പാതയും എന്റെ സച്ചരിതരായ ഖുലഫാഉകളുടെ പാതയും മുറുകെ പിടിക്കുകയും അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.''

ഇമാം ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''നിങ്ങളാരെങ്കിലും വല്ലവരെയും പിന്‍പറ്റുന്നുണ്ടെങ്കില്‍ മരിച്ച് പോയവരെ പിന്‍പറ്റുക. ജീവിച്ചിരിക്കുന്നവര്‍ ഫിത്‌നയില്‍ നിന്നും നിര്‍ഭയരല്ല. അവര്‍ (മരിച്ച് പോയവര്‍) മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളാണ്. അവര്‍ ഈ ഉമ്മത്തിലെ നന്മ നിറഞ്ഞ ഹൃദയമുള്ളവരാണ്. അഗാധമായ അറിവുള്ളവരാണ്. കൃത്രിമത്തം തീരെ ഇല്ലാത്തവരാണ്. പ്രവാചകനോടൊത്ത് സഹവസിക്കുവാനും ദീനിനെ നിലനിര്‍ത്തുവാനും അല്ലാഹു അവരെയാണ് തെരഞ്ഞെടുത്തത്. അവരോടുള്ള ബാധ്യത നീ തിരിച്ചറിയുകയും അവരുടെ പാത മുറുകെ പിടിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ നേരായ പാതയിലാണ്.''

ശേഷക്കാരായ പണ്ഡിതന്മാരെല്ലാം ഈ പാത മുറുകെ പിടിച്ചവരും പ്രോല്‍സാഹിപ്പിച്ചവരുമാണ്.

ഇമാം ഔസാഈ (റഹി) പറയുന്നു: ''നീ സുന്നത്തില്‍ ക്ഷമിച്ച് നില്‍ക്കുക സ്വഹാബക്കള്‍ നിന്നിടത്ത്.''

0
0
0
s2sdefault