സുന്നത്ത് നമസ്‌കാരങ്ങള്‍

ദുല്‍ക്കര്‍ഷാന്‍.എ

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

ദിനംപ്രതിയുള്ള അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെയുള്ള നമസ്‌കാരങ്ങളാണ് ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങള്‍. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകളും പോരായ്മകളും ഐഛിക നമസ്‌കാരങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്.

തമീമുദ്ദാരി(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ''അന്ത്യനാളില്‍ ഒരു അടിമ ആദ്യമായി (കര്‍മങ്ങളുടെ കൂട്ടത്തില്‍) ചോദ്യം ചെയ്യപ്പെടുന്നത് അവന്റെ നമസ്‌കാരത്തെ സംബന്ധിച്ചാണ്. അത് പരിപൂര്‍ണമായി നിര്‍വഹിക്കപ്പെട്ടതാണെങ്കില്‍ അവനത് പരിപൂര്‍ണമായി രേഖപ്പെടുത്തുന്നതാണ്. എന്നാല്‍, അത് പരിപൂര്‍ണമല്ലെങ്കില്‍ ഉന്നതനായ അല്ലാഹു തന്റെ മലക്കുകളോട് പറയും: എന്റെ ഇന്ന അടിമക്ക് ഐഛികമായ വല്ല നമസ്‌കാരവും ഉണ്ടോയെന്ന് നോക്കുക. അതിലൂടെ അവന്റെ നിര്‍ബന്ധമായ നമസ്‌കാരങ്ങളില്‍ വന്ന പോരായ്മകള്‍ പൂര്‍ത്തീകരിക്കുക. പിന്നീട് സകാത്ത് ഈ രൂപത്തില്‍ പൂര്‍ത്തീകരിക്കുക. ഇതേരൂപത്തിലാണ് എല്ലാ കര്‍മങ്ങളും സ്വീകരിക്കുന്നത്'' (അബൂദാവൂദ്, ഇബ്‌നുമാജ).

അപ്പോള്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ട് സാധിക്കുന്നു. മാത്രമല്ല, സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.

ഥൗബാന്‍(റ) നിവേദനം: നബി(സ്വ) അദ്ദേഹത്തോട് പറയുകയുണ്ടായി:''നീ സുജൂദ് (നമസ്‌കാരം) അധികരിപ്പിക്കുക. കാരണം, നീ അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം ഓരോ സുജൂദ് കൊണ്ടും അല്ലാഹു നിന്റെ പദവി ഉയര്‍ത്താതിരിക്കുകയില്ല. നിന്നില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയാതിരിക്കില്ല'' (മുസ്‌ലിം).

ഐഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവാചകന്റെ സാമീപ്യം ലഭിക്കുന്നതാണ്: റബീഅത്ത് ബ്‌നു കഅബ് അല്‍അസ്‌ലമി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞാന്‍ നബി(സ്വ)യോടൊപ്പം രാപ്പാര്‍ക്കുകയുണ്ടായി. തിരുമേനി(സ്വ)ക്ക് വുദൂഅ് ചെയ്യുവാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ഞാന്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ എന്നോട് പറയുകയുണ്ടായി: 'ചോദിക്കുക.' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.' നബി(സ്വ) പറഞ്ഞു: 'വേറെ ഒരു കാര്യവും ഇല്ലേ?' ഞാന്‍ പറഞ്ഞു: 'എനിക്കതാണാവശ്യം.' നബി(സ്വ) പറഞ്ഞു: 'അതിനായി നീ ധാരാളം സുജൂദുകള്‍ ചെയ്ത് കൊണ്ട് എന്നെ സഹായിക്കുക' (മുസ്‌ലിം).

സുന്നത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍(സ്വ) കണിശത പുലര്‍ത്തിയിരുന്നു. അനുചരന്മാരോട് അതിനായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ പരിപൂര്‍ണതയില്‍ പെട്ടതാണ് ഐഛികമായ കര്‍മങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്.

ആഇശ(റ) നിവേദനം: ''രാത്രി കാലങ്ങളില്‍ നബി(സ്വ) കാലില്‍ നീര് വരുവോളം നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു. ആഇശ(റ) ചോദിക്കുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അല്ലാഹു താങ്കള്‍ക്ക് മുന്‍ ഞ്ഞതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ പൊറുത്ത് തന്നിട്ടില്ലയോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഞാന്‍ നന്ദിയുള്ള അടിമയായിത്തീരേണ്ടതില്ലേ?'' (ബുഖാരി, മുസ്‌ലിം).

അതിനാല്‍ നാം സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുക. സുന്നത്ത് നമസ്‌കാരങ്ങള്‍ പല പേരുകളിലും അറിയപ്പെടുന്നു.

1. റവാതിബ് സുന്നത്ത്

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവും നിര്‍വഹിക്കാനുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് സുന്നത്ത് എന്ന് പറയുന്നത്. ഇത് ആകെ പന്ത്രണ്ട് റക്അത്താണ്. ചില റിപ്പോര്‍ട്ടുകളില്‍ പത്ത് റക്അത്ത് എന്നും വന്നിട്ടുണ്ട്.

ഉമ്മുഹബീബ(റ) നിവേദനം. അവര്‍ പറഞ്ഞു: ''നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: 'ആരെങ്കിലും രാപ്പകലുകളിലായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കപ്പെടുന്നതാണ്.''

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ''മുസ്‌ലിമായ ഒരു അടിമ അല്ലാഹുവിന് വേണ്ടി ഒരു ദിവസം നിര്‍ബന്ധമല്ലാത്ത പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കാരിക്കുകയില്ല.'' അല്ലെങ്കില്‍ ''അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്' (എന്നാണ് പറഞ്ഞത്)'' (മുസ്‌ലിം).

സുബ്ഹിക്ക് മുമ്പ് രണ്ടും ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും എന്നിങ്ങനെയാണ് ആ പന്ത്രണ്ട് റക്അത്തുകള്‍.

സുബ്ഹിയുടെ റവാതിബ്

ആഇശ(റ) നിവേദനം: ''നബി(സ്വ) പറഞ്ഞു: സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു'' (മുസ്‌ലിം).

നബി(സ്വ) ഏറ്റവുമധികം കണിശത കാണിച്ചിരുന്ന ഒരു സുന്നത്ത് നമസ്‌കാരമായിരുന്നു ഇത്. ഇതിന്റെ പ്രാധാന്യം കാരണത്താല്‍ യാത്രയില്‍പോലും പ്രവാചകന്‍ ഇത് നമസ്‌കരിക്കുമായിരുന്നു. യാത്രയില്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ കൂടെയുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

ദുഹ്‌റിന്റെ റവാതിബ്

ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ''നബി(സ്വ) പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'ആരെങ്കിലും ദുഹ്‌റിനു മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും പതിവായി നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കുന്നതാണ്'' (അഹ്മദ്).

മഗ്‌രിബിന്റെ റവാതിബ്

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ''സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്തുകളിലും മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്തുകളിലും റസൂല്‍(സ്വ) 'ക്വുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍,' 'ക്വുല്‍ ഹുവല്ലാഹു അഹദ്' എന്ന സൂറത്തുകള്‍ ഓതുന്നത് എനിക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രാവശ്യം പാരായണം നടത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'' (തിര്‍മിദി).

ഇശാഇന്റെ റവാതിബ്

ആഇശ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: ആഇശ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്ന കാര്യത്തില്‍ കൃത്യത കാണിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്. ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും സുബ്ഹിക്കു മുമ്പ് രണ്ടും റക്അത്തുകള്‍'' (തിര്‍മിദി).

മറ്റു ചില സുന്നത്തുകള്‍

അസ്വ്‌റിന് മുമ്പ് നാല് റക്അത്ത്

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം. അദ്ദേഹം പറയുന്നു: ''നബി (സ്വ) പറയുകയുണ്ടായി: 'അസ്വ്‌റിന് മുമ്പ് ആരെങ്കിലും നാല് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനോട് കരുണ കാണിക്കുന്നതാണ്'' (അഹ്മദ്).

മഗ്‌രിബിന് മുമ്പുള്ള റണ്ട് റക്അത്ത്

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം. ''നബി(സ്വ) 'മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍' എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. മൂന്നാം തവണ പറഞ്ഞു: 'ഉദ്ദേശിക്കുന്നവര്‍'' (ബുഖാരി).

അനസ്(റ) പറയുന്നു: ''ഞങ്ങള്‍ മദീനയിലായിരിക്കെ, മഗ്‌രിബിന് മുഅദ്ദിന്‍ ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ തൂണുകള്‍ക്ക് പിന്നിലേക്ക് മാറിനിന്ന് ഞങ്ങള്‍ പെട്ടെന്ന് ഈരണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഏതുവരെയെന്ന് ചോദിച്ചാല്‍ അപരിചിതനായ ഒരാള്‍ ആ സമയം പള്ളിയില്‍ വന്നാല്‍ (മഗ്‌രിബ്) നമസ്‌കാരം കഴിഞ്ഞുവെന്ന് തോന്നിപ്പോകും വിധം ഒരുപാടാളുകള്‍ ഈ രണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം: ''നബി(സ്വ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. മൂന്നാം പ്രാവശ്യം പറയുകയുണ്ടായി; ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന്'' (ബുഖാരി).

ഇതില്‍ പറഞ്ഞ രണ്ട് ബാങ്കില്‍ ഒന്ന് നമസ്‌കാരസമയമായി എന്നറിയിക്കാന്‍ കൊടുക്കുന്ന ബാങ്കും രണ്ടാമത്തേത് നമസ്‌കാരം ആരംഭിക്കാറായി എന്നറിയിക്കാന്‍ കൊടുക്കുന്ന ഇക്വാമത്തുമാണ്.

ജുമുഅക്ക് ശേഷം നാല് റക്അത്ത്

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''നിങ്ങളില്‍ ആരെങ്കിലും ജുമുഅ നമസ്‌കരിച്ചാല്‍ അതിന് ശേഷം നാല് റക്അത്ത് നമസ്‌കരിക്കട്ടെ'' (മുസ്‌ലിം).

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നമസ്‌കാരമാണിത്. ജുമുഅക്ക് വന്നവര്‍ പള്ളിയില്‍വെച്ച് കൊണ്ട് ഈ നാല് റക്അത്ത് നമസ്‌കരിക്കണം. രണ്ട് റക്അത്ത് പള്ളിയില്‍വെച്ചും ബാക്കി രണ്ട് റക്അത്ത് വീട്ടില്‍വെച്ചുമാകാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)വില്‍ നിന്ന്: അദ്ദേഹം ജുമുഅ നമസ്‌കരിച്ചു കഴിഞ്ഞാല്‍ വീട്ടില്‍പോയി രണ്ട് റക്അത്ത് നമസ്‌കരിക്കും. പിന്നീട് പറയുകയുണ്ടായി; നബി(സ്വ) ഇപ്രകാരമാണ് ചെയ്യാറുള്ളത്.'' (മുസ്‌ലിം).

തഹിയ്യത്ത് നമസ്‌കാരം

പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പള്ളിയോടുള്ള ആദരസൂചകമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ് തഹിയ്യത്തുല്‍ മസ്ജിദ് അഥവാ തഹിയ്യത്ത് നമസ്‌കാരം.

അബൂഖത്വാദ(റ)വില്‍ നിന്ന്; നബി(സ്വ) പറയുകയുണ്ടായി: ''നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കട്ടെ'' (ബുഖാരി, മുസ്‌ലിം).

''നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതുവരെ അവന്‍ ഇരിക്കരുത്'' (ബുഖാരി, മുസ്‌ലിം).

ദുഹാ നമസ്‌കാരം

അബൂഹുറയ്‌റ(റ) പറയുന്നു: ''എന്റെ കൂട്ടുകാരനായ റസൂല്‍(സ്വ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍'' (ബുഖാരി, മുസ്‌ലിം).

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍)

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കുന്ന നമസ്‌കാരമാണ് രാത്രി നമസ്‌കാരം. ഏറെ ശ്രേഷ്ഠകരമാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു നമസ്‌കാരം കൂടിയാണിത്.

തറാവീഹ് നമസ്‌കാരം

സാധാരണ രാത്രി ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം വിശുദ്ധ റമദാനില്‍ നിര്‍വഹിക്കുമ്പോള്‍ അതിന് തറാവീഹ് എന്ന് പറയപ്പെടുന്നു.

ആഇശ(റ) നിവേദനം: ''നബി(സ്വ)യുടെ റമദാനിലെ നമസ്‌കാരം എങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവര്‍ പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതന്‍(സ്വ) റമദാനിലാകട്ടെ, അല്ലാത്ത സന്ദര്‍ഭങ്ങളിലാകട്ടെ പതിനൊന്ന് റക്അത്തിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

തഹജ്ജുദ് നമസ്‌കാരം

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍), തറാവീഹ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമസ്‌കാരം രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് നിര്‍വഹിക്കുമ്പോള്‍ ആ നമസ്‌കാരത്തിന് പറയപ്പെടുന്ന പേരാണ് തഹജ്ജുദ് എന്ന്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നു: ''റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ നമസ്‌കാരമാണ്'' (മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; അംറുബ്‌നു അബസ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയുടെ അവസാന യാമത്തിലാകുന്നു. ആയതിനാല്‍ ആ സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക'' (തിര്‍മിദി).

വിത്ര്‍ നമസ്‌കാരം

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''വിത്ര്‍ നമസ്‌കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ'' (അബൂദാവൂദ്).

അലിയ്യിബ്‌നു അബീത്വാലിബ്(റ) നിവേദനം: ''നബി(സ്വ) വിത്ര്‍ നമസ്‌കരിച്ചു. തുടര്‍ന്ന് പറയുകയുണ്ടായി: ഓ, ക്വുര്‍ആനിന്റെ ആളുകളേ, നിങ്ങള്‍ വിതര്‍ നമസ്‌കരിക്കുക. കാരണം, തീര്‍ച്ചയായും അല്ലാഹു ഒരുവനാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു'' (നസാഇ).

വുദൂഇന് ശേഷം രണ്ട് റക്അത്ത്

അബൂഹുറയ്‌റ(റ) നിവേദനം: ''നബി(സ്വ) സുബ്ഹ് നമസ്‌കാരശേഷം ബിലാല്‍(റ)വിനെ വിളിച്ച് കൊണ്ട് പറയുകയുണ്ടായി: 'ഓ, ബിലാല്‍, താങ്കള്‍ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്നോട് പറഞ്ഞ് തന്നാലും. കാരണം, സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ താങ്കളുടെ ചെരുപ്പിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുകയുണ്ടായി.' ബിലാല്‍(റ) പറഞ്ഞു: 'ഞാന്‍ രാത്രിയിലോ പകലിലോ ഏത് സമയം വുദൂഅ് ചെയ്താലും അതിനായി എനിക്ക് നിര്‍ദേശിക്കപ്പെട്ട രണ്ട് റക്അത്ത് ആ വുദൂഅ് ഞാന്‍ നമസ്‌കരിക്കും. അതല്ലാതെ മറ്റൊരു കര്‍മവും (പ്രത്യേകമായി) അതിന് ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല'' (ബുഖാരി, മുസ്‌ലിം).

ദൂരയാത്ര കഴിഞ്ഞ് വന്നാലുള്ള രണ്ട് റക്അത്ത്

ദൂരയാത്ര കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അവിടെയുള്ള പള്ളിയില്‍ ചെന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചശേഷം വീട്ടിലേക്ക് പോകാന്‍ നബി(സ്വ) പഠിപ്പിച്ചു.

ജാബിര്‍(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ''നബി (സ്വ) എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ കല്‍പിച്ചു'' (ബുഖാരി, മുസ്‌ലിം).

നന്മയെ ചോദിച്ചുകൊണ്ടുള്ള സുന്നത്ത് നമസ്‌കാരം

ജീവിതത്തിലെ സാഹചര്യങ്ങള്‍ നമ്മെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിപ്പിക്കാറുണ്ട്. പലകാര്യങ്ങളും ചെയ്യാന്‍ നാം നിര്‍ബന്ധിതരാകാറുണ്ട്. ചിലത് നല്ലകാര്യങ്ങള്‍ക്കുള്ള തുടക്കങ്ങളുമാകാം. ഏത് നിലപാട് സ്വീകരിക്കുന്നതാണ് ഗുണകരം എന്നറിയാത്ത അവസ്ഥയുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു സല്‍കര്‍മമാണ് നന്മയെ തേടിക്കൊണ്ടുള്ള നമസ്‌കാരം. ഇതിലെ പ്രാര്‍ഥന സ്വഹാബത്ത് ക്വുര്‍ആന്‍ മനഃപാഠമാക്കുന്നതുപോലെ പഠിക്കുമായിരുന്നു.

'ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ''നബി(സ്വ) ക്വുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ സര്‍വ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി(സ്വ) പറഞ്ഞു: 'ഒരു കാര്യം ചെയ്യുന്നതിനെ കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്താല്‍ ഉത്തമമായ മാര്‍ഗം പടച്ചവന്‍ കാണിച്ചുതരും.''

''അല്ലാഹുവേ, നിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുകയും ചെയ്യുന്നു. കാരണം, നീ കഴിവുള്ളവനും ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ എല്ലാം അറിയുന്നു. ഞാന്‍ അറിയുന്നുമില്ല. നീയാകട്ടെ എല്ലാ പരമ രഹസ്യങ്ങളും നല്ലപോലെ അറിയുന്നവനുമാണ്. അല്ലാഹുവേ (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്റെ മതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും -അഥവാ എന്റെ വര്‍ത്തമാനത്തിലും ഭാവിയിലും- ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എന്റെ മതത്തിലും എന്റെ ഐഹിക കാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ അതില്‍ നിന്നും അതിനെ എന്നില്‍ നിന്നും തിരിച്ചു കളയേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ'' (ബുഖാരി).

അല്ലാഹു സല്‍കര്‍മങ്ങള്‍ ധാരാളം ചെയ്യുവാനും അത് ജീവിതത്തില്‍ നിലനിര്‍ത്തുവാനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

0
0
0
s2sdefault