സുകൃതങ്ങള്‍ക്കുള്ള ലോകം

ശബീബ് സ്വലാഹി തിരൂരങ്ങാടി

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

ആളുകള്‍ പല തരത്തിലുള്ളവരാണ്. ഇന്നലെകളിലെ ദുരന്തങ്ങളെ ഓര്‍ത്ത് നിരാശയില്‍ കഴിയുന്നവര്‍, വര്‍ത്തമാനകാല ദുരന്തങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്നവര്‍, നാളെയെക്കുറിച്ചോര്‍ത്ത് ആധിേയാടെ ജീവിക്കുന്നവര്‍, നശ്വരമായ സുഖലോലുപതയില്‍ എല്ലാം മറന്ന് തിമിര്‍ത്താടുന്നവര്‍, അധികാരവും ധനവും സ്ഥായിയായി നിലനില്‍ക്കും എന്ന മട്ടില്‍ മുഷ്‌ക് കാണിക്കുന്നവര്‍... ഇങ്ങനെ പല തരത്തിലുള്ളവര്‍. 

നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥ എന്താണ്? ചിന്തിക്കാന്‍ നാം ശ്രമിക്കാറുണ്ടോ? അല്ലാഹു പറയുന്നു: 

''നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (10:24). 

''(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു''(18:45).

ഈ തിരിച്ചറിവ് മനുഷ്യനെ നയിക്കേണ്ടത് വെളിച്ചത്തിലേക്കാണ്. തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ തുലച്ച് കളയേണ്ടവനല്ല താന്‍; അവയെ സക്രിയമായി ഉപയോഗപെടുത്തി പുണ്യം സ്വായത്തമാക്കേണ്ടവനാണ്. ഇന്നലെകളിലെ വീഴ്ച്ചകള്‍ തിരുത്തി നാളെയിലേക്ക് പ്രതീക്ഷയോടെ മുന്നേറേണ്ടവന്‍. നമുക്കുള്ള യഥാര്‍ഥ ജീവിതം പരലോകത്താണ്. അല്ലാഹു പറയുന്നു: 

''തീര്‍ച്ചയായും പരലോകം (ജീവിതം) തന്നെയാണ് യഥാര്‍ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുങ്കെില്‍!'' (29:64).

ഇബ്‌നു അബ്ബാസ് (റ) പറയുകയുണ്ടായി: 'ഇഹലോകത്ത് മരണവും പരലോകത്ത് ജീവിതവുമാണ് (ഉള്ളത്)' (തഫ്‌സീറു ബഗ്‌വി: 8/173).

ഇവിടെ നമുക്ക് ലഭിക്കുന്ന സുഖാനുഭവങ്ങളൂം മറ്റു അനുഗ്രഹങ്ങളും പരീക്ഷണങ്ങളും പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. നശ്വരമായ ജീവിതത്തിനായി അനശ്വര ജീവിതത്തെ തുലച്ച് കളയേണ്ടവരല്ല നാം. അനന്തമാണെന്ന് നാം കരുതുന്ന ഈ ജീവിതം നാഴികകള്‍ മാത്രമായിരുന്നന്നെ് തിരിച്ചറിയുന്ന ഒരു ദിനത്തെ സംബന്ധിച്ച് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്:

''അന്ത്യസമയം നിലവില്‍ വരു ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്. അപ്രകാരം തയൊയിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്'' (30:55).

''(നബിയേ) പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല'' (4:77).

ഐഹിക ജീവിതത്തിലെ സുഖാനുഭവങ്ങളില്‍ നാം വഞ്ചിതരായിക്കൂടാ. അത് കണ്ണഞ്ചിക്കുന്നതും അത്യാകര്‍ഷകവുമായി നമുക്ക് അനുഭവപ്പെടും. അല്ലാഹു ഇഹലോക ജീവിതത്തെ വിശദീകരിച്ചു തരുന്നത് കാണുക: 

''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല'' (57:20).

ഇഹലോകജീവിതത്തിലെ വിനോദങ്ങളും മറ്റും മനുഷ്യനെ ദുര്‍വൃത്തിയിലേക്ക് നയിക്കാന്‍ കാരണമായാല്‍, അത്തരക്കാര്‍ക്ക് വരാനിരിക്കുന്ന മഹാദുരന്തത്തെ കുറിച്ച് മുറിയിപ്പ് നല്‍കിക്കൊണ്ടാണ് മേല്‍ വചനം അല്ലാഹു അവസാനിപ്പിച്ചതെന്ന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്:

''മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ'' (35:5).

ഇക്കാര്യം തിരിച്ചറിയാതെ പോകുകയും മതത്തെയും മതനിയമങ്ങളെയും പരിഹസിച്ചും തമാശയായെടുത്തും അതാണ് ബുദ്ധിയുള്ളവന്റെ ലക്ഷണമെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുമ്പോള്‍, താന്‍ സ്വയം തന്റെ നാശത്തിന് തിരികൊളുത്തി എന്നുവേണം മനസ്സിലാക്കാന്‍. അതിലേക്കാണ് ഈ ക്വുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത്:

''തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ക്വുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക'' (6:70).

ഇെതല്ലാം തിരിച്ചറിഞ്ഞിട്ടും സത്യത്തെ നിഷേധിച്ചുതള്ളി, ഭൗതിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അനേകായിരം ആളുകളിലെ ഒരുവനായി ജീവിക്കുതിനെക്കാള്‍ വലിയ ബുദ്ധിശൂന്യത വേറെയില്ല. അത്തരക്കാര്‍ക്ക് അപമാനകരമായ ജീവിതമാണ് ഇരു ലോകത്തും ഉണ്ടാവുക. അല്ലാഹു പറയുന്നു:

''അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി. അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്. അവര്‍ അത് മനസ്സിലാക്കിയിരുങ്കെില്‍!'' (39:25,26).

ഇഹലോകജീവിതത്തിന്റെ യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇത് പരീക്ഷണങ്ങളുടെ ലോകമാണ്. ഇവിടെ നാം ആസ്വദിക്കുന്ന മുഴുവന്‍ അനുഗ്രഹങ്ങളും പരലോകജീവിതത്തില്‍ വിജയം കൈവരിക്കാനാവശ്യമാകും വിധം ഉപയോഗിക്കുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുത് കാണുക: 

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുവനുമാകുന്നു''(67: 2).

മറ്റൊരിടത്ത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ''തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന്നാം പരീക്ഷിക്കുവാന്‍ വേണ്ടി'' (18:7).

ചുരുക്കത്തില്‍, ഈ ലോകം സുകൃതങ്ങള്‍ ചെയ്യാനുള്ള ലോകമാണ്. ഇവിടെയുള്ള സുഖാനുഭൂതികളില്‍ സത്യവിശ്വാസി വഞ്ചിക്കപ്പെടുകയില്ല. തനിക്ക് ലഭിച്ച സമയവും ആരോഗ്യവും കൃത്യമായി ഉപയോഗപ്പെടുത്തുന്നവനായിരിക്കും അവന്‍. ഇന്നലെകളിലെ ദുരന്തങ്ങള്‍ക്ക് അവനെ നിഷ്‌ക്രിയനാക്കാന്‍ സാധിക്കുകയില്ല. നാളെ എന്നതുകൊണ്ട് അവന്‍ അര്‍ഥമാക്കുത് പരലോകജീവിതമായിരിക്കും. അവിടെയുള്ള ലാഭങ്ങളിലായിരിക്കും അവന്റെ ചിന്ത. അവിടെയുള്ള നഷ്ടങ്ങളെക്കുറിച്ച ചിന്ത അവനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാല്‍തന്നെ നാളെ തനിക്ക് ലഭിക്കാനിരിക്കുള്ള കണക്കറ്റ പ്രതിഫലം മുന്നില്‍ കണ്ട് ഈ ലോകത്ത് പലതും ത്യജിക്കുവാനും ക്ഷമിക്കുവാനും അവന് സാധിക്കും. അവന്‍ തന്നെയാണ് ബുദ്ധിമാന്‍. അതുതന്നെയാണ് ഉത്തമ വിശ്വാസിയുടെ ലക്ഷണവും. അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുത്:

''അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രി സമയങ്ങളില്‍  കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?). പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്'' (39:9,10).

0
0
0
s2sdefault