സ്തുതി ലോകരക്ഷിതാവിന്

സി.മുഹമ്മദ് റാഫി ചെമ്പ്ര 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26
الحمد لله رب العالمين
''സ്തുതി സര്‍വലോക  പരിപാലകനായ അല്ലാഹുവിന്നാകുന്നു'' (ക്വുര്‍ആന്‍ 1:2)

മനുഷ്യന്‍ പഠിപ്പിക്കപ്പെടുന്ന മര്യാദകളില്‍ ഏറ്റവും പ്രകടമായ ഒന്നാണ് മറ്റുള്ളവരോട് അവര്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുക എന്നത്. ഇതിനായി പ്രപഞ്ചത്തിലെ വ്യത്യസ്ത സൃഷ്ടിലോകത്തില്‍ കാണുന്ന നന്ദിയുടെയും കടപ്പാടറിയിക്കുന്നതിന്റെയും സൂചകങ്ങള്‍ നാം എടുത്ത് കാണിക്കാറുമുണ്ട്.

പ്രപഞ്ചത്തിലെ മറ്റേതൊരു സൃഷ്ടിയെക്കാളും ദൈവാനുഗ്രഹം കൊണ്ട് സമ്പന്നനായ മനുഷ്യന്‍ അവന്റെ കടപ്പാടും നന്ദിയും ദൈവത്തിന് മുമ്പില്‍ അര്‍പിക്കേണ്ടതില്ലേ? 

ഈ വസ്തുത ബോധ്യപ്പെടുത്തിക്കൊണ്ടാണ് ക്വുര്‍ആന്‍ അതിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത്. ലോകത്തിന്റെ സ്രഷ്ടാവും നിയന്താവും പരിപാലകനുമായ അല്ലാഹുവിന്റെ മുമ്പില്‍ നിരന്തരം സ്തുതി വാചകങ്ങള്‍ ഉരുവിടേണ്ടവനാണ് മനുഷ്യന്‍. അങ്ങനെയുള്ളവനാണ് അല്ലാഹുവിന്റെ ഏറ്റവും നല്ല അടിമ എന്ന് അല്ലാഹു പറഞ്ഞു വെക്കുന്നു. അല്ലാഹുവിന് സ്തുതികള്‍ അര്‍പിക്കണം എന്നാവശ്യപ്പെടുമ്പോള്‍ അതിന്റെ കാരണങ്ങളും ന്യായങ്ങളും യുക്തിസഹമായി വിശദീകരിക്കാതെ ക്വുര്‍ആന്‍ നിര്‍ത്തിയിട്ടില്ല. മന്യഷ്യന്റെ മുന്നില്‍ അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളുടെ വ്യാപ്തിയും വൈപുല്യവും നിരന്തരം ക്വുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്.

ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചത്തിന് മുന്‍മാതൃകയില്ലാതെ രൂപം നല്‍കിയത്, ആകാശത്തെ ഒരു മേലാപ്പുപോലെ കാണാന്‍ കഴിയുന്ന തൂണുകളില്ലാതെ നിലനിര്‍ത്തുന്നത്, മനുഷ്യനടക്കം സകല സൃഷ്ടികളുടെയും ജീവന്റെ നിലനില്‍പിന് ആധാരമായ വെള്ളവും വായുവും യഥേഷ്ടം ഇവിടെ ലഭ്യമാകുന്നത്, പ്രജനന പ്രക്രിയയിലൂടെ ലോകത്ത് തലമുറമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സമൃദ്ധത, സവിശേഷ ബുദ്ധി ഉപയോഗിച്ച് മനുഷ്യന്‍ അവന്റെ നിലനില്‍പിനായി നടത്തിക്കൊണ്ടിരിക്കുന്ന അത്യാധുനിക കണ്ടുപിടുത്തങ്ങള്‍, ഓരോ സൃഷ്ടി ജാലങ്ങളുടെയും മനസ്സെന്ന മഹാസത്യത്തിനുള്ളില്‍ സ്‌നേഹവും കാരുണ്യവും വഹിപ്പിച്ച് ഈ ലോകത്ത് അതിജീവനം സാധ്യമാക്കുന്നത്... ഇങ്ങനെ ഒരു ചെറിയ ചിന്തക്കുള്ളില്‍ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന അനേകം ദൈവിക ദൃഷ്ടാന്തങ്ങള്‍. അവയെ ചിന്തയിലേക്കും ആലോചനയിലേക്കും കൊണ്ടുവന്ന് അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹാശക്തിയുടെ മുന്നില്‍ കര്‍മം കൊണ്ടും വാക്കുകള്‍ കൊണ്ടും ജീവിതം കൊണ്ടും നന്ദിയുളളവനായി മാറണമെന്നാണ് ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്.

സത്യവിശ്വാസികള്‍ അവരുടെ തലങ്ങളില്‍ നിന്നുകൊണ്ട് അല്ലാഹുവിനെ മനസ്സിലാക്കുവാനും അവര്‍ക്കു സാധ്യമാകുന്നതും നിശ്ചയിക്കപ്പെട്ടതുമായ രീതിയില്‍ അവനു നന്ദികാണിക്കുവാനും  തയ്യാറാകും എന്ന് മനസ്സിലാക്കാം. നന്ദിയുടെ ഏറ്റവും മഹിതമായ വാചകമാണ് ഈ സൂക്തത്തില്‍ പരാമര്‍ശിച്ച 'അല്‍ഹംദ്' എന്ന പദം. അല്ലാഹുനിന് നന്ദിയര്‍പിക്കാന്‍ സത്യവിശ്വാസി ഉപയോഗിച്ചുകൊണ്ടേയിരിക്കേണ്ട പദം 'അല്‍ഹംദുലില്ലാഹ്' എന്നതത്രെ.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'അല്‍ഹംദുലില്ലാഹ് എന്ന പദമാണ് നന്ദിയുള്ളവന്റെ വാചകം' (ത്വബ്‌രി).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ്(റ) പറഞ്ഞു: 'സുബ്ഹാനല്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്‌റുകളെല്ലാം ഞങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ എന്താണ് അല്‍ഹംദുലില്ലാഹ് എന്നതിന്റെ താല്‍പര്യം?' അപ്പോള്‍ അലി(റ) പറഞ്ഞു: 'ആ വാചകം അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നതും അവന്‍ സ്വയം തെരഞ്ഞെടുത്തതുമായ പദമാകുന്നു.'

ഇബ്‌നു അബീ ഹാതിം റിപ്പോര്‍ട്ട് ചെയ്യുന്നു: ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'അല്‍ഹംദുലില്ലാഹ് എന്നത് നന്ദിയുടെ വചനമാണ്. അല്ലാഹുവിന്റെ അടിമ അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞാല്‍ അല്ലാഹു പ്രതിവചിക്കും; എന്റെ അടിമ എനിക്ക് നന്ദി പറഞ്ഞിരിക്കുന്നു എന്ന.്'  

നബി(സ്വ) പറഞ്ഞു: ''നീ 'അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍' എന്നു പറഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ചെയ്തത്. അപ്പോള്‍ അവന്‍ അവന്റെ അനുഗ്രഹങ്ങള്‍ നിനക്ക് വര്‍ധിപ്പിച്ച് തരും'' (ത്വബ്‌രി).

ജാബിര്‍(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: ''ഏറ്റവും ശ്രേഷ്ഠമായ ദിക്ര്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്. ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന അല്‍ഹംദുലില്ലാഹ് എന്നതുമത്രെ'' (തുര്‍മുദി).

അളവറ്റ ദയാപരനും ഊഹിക്കാനാവാത്ത കാരുണ്യത്തിന്റെ ഉടമയും പാപങ്ങള്‍ പൊറുക്കുന്നവനുമായ അല്ലാഹുവിനോട് ജീവിതാന്ത്യം വരെ നന്ദികാണിക്കുന്ന അടിമകളില്‍ അവന്‍ നമ്മെ ഉള്‍പെടുത്തുമാറാകട്ടെ.

0
0
0
s2sdefault