സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍

ശമീര്‍ മുണ്ടേരി

2017 ഏപ്രില്‍ 15 1438 റജബ് 18

നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളര്‍വര്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി തിരുത്താന്‍ നമ്മള്‍ തയ്യാറുമാണ്.

എന്നാല്‍ വിശ്വാസികളായ നാം നമ്മുടെ രക്ഷിതാവ് നമ്മെ വെറുക്കരുത് എന്നാഗ്രഹിക്കുകയും അവന്‍ വെറുക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പരിശ്രമിക്കാറുണ്ടോ?

പ്രവാചകന്‍(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന ഒരു പ്രാര്‍ഥന കാണുക:

സിയാദ്ബ്‌നു ഇലാഖ തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) ഇപ്പ്രകാരം പറയാറുണ്ടായിരുന്നു: ''അല്ലാഹുവേ, മോശമായ പ്രവൃത്തികളില്‍ നിന്നും സ്വഭാവത്തില്‍ നിന്നും ഇച്ഛകളില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു'' (തിര്‍മിദി).

മോശമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രവൃത്തികള്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന ചില കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്:

അവിശ്വാസം

സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദികേടാണ് അവിശ്വാസം. അതിനാല്‍ അവിശ്വാസികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല:

''പറയുക, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അവിശ്വാസികളെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (ആലുഇംറാന്‍ 32).

കുഫ്ര്‍ (അവിശ്വാസം) എന്നത് ഈമാനിന്റെ (വിശ്വാസം) വിപരീത പദമാണ്. അതാണ് മുകളില്‍ പറഞ്ഞ വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടത്. നന്മയും അനുഗ്രഹവും നിഷേധിക്കുക എന്ന അര്‍ഥത്തില്‍ ഇത് ഉപയോഗിക്കും. 'കുഫ്ര്‍' എന്ന പദത്തിന്റെ അര്‍ഥം 'മറച്ചുവെക്കുക,' 'മൂടിവെക്കുക' എന്നൊക്കെയാണ്. എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ അംഗീകരിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നത് ഏറ്റവും വലിയ കുഫ്‌റാണ്. അങ്ങനെയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല: എന്നാണ് റബ്ബ് വിശദീകരിക്കുന്നത് .

അക്രമം

''...അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല'' (ആലുഇംറാന്‍: 140).

ഏറ്റവും വലിയ അക്രമം ബഹുദൈവാരാധനയാണ്. സൂറത്തു ലുക്മാനില്‍ നമുക്കിങ്ങനെ കാണാം :

''ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു'' (ലുക്വ്മാന്‍: 13).

അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് സ്വഗം നിഷിദ്ധമാക്കുകയും നരകം ഉറപ്പാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും ഇക്കാര്യമാണ് പ്രഥമമായി ജനങ്ങളെ ഉപദേശിച്ചത്.

അതിരുകവിയല്‍

''സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല'' (അല്‍മാഇദ: 67).

ആരാധനയിലും ഭക്ഷിക്കുന്നതിലും ചെലവഴിക്കുന്നതിലുമൊന്നും അതിരുകവിയാന്‍ പാടില്ല. എല്ലാറ്റിലും മിതത്വം പാലിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

''...നിങ്ങള്‍ തിന്നുകയും കുടി ക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്ന വരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (അല്‍ അഅ്‌റാഫ:് 31)

കുഴപ്പം

''അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല'' (അല്‍ബക്വറ: 205).

''...അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍മാഇദ: 64).

കുടുംബത്തില്‍, സമൂഹത്തില്‍, പ്രസ്ഥാനങ്ങളില്‍, കലാലയങ്ങളില്‍, രാജ്യങ്ങളില്‍... എവിടെയും കുഴപ്പമുണ്ടാക്കുന്നവരെ നാം കാണുന്നു. അരാജകത്വം സൃഷ്ടിക്കുക എന്നത് ചിലര്‍ക്ക് ഹരമാണ്. ''...കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു...'' (2:217) എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ചിന്താര്‍ഹമാണ്.

വഞ്ചന

''തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച'' (അല്‍ഹജ്ജ്: 38).

മുഹമ്മദ് നബി (സ്വ) പറഞ്ഞു: ''വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല'' (മുസ്‌ലിം).

വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്. വിശ്വസ്തതയുടെ വിപരീതമാണത്. നനഞ്ഞ ഗോതമ്പ് അടിയില്‍ വെച്ച് ഉണങ്ങിയത് മുകളിലിട്ട് കച്ചവടം നടത്തിയവനോട് ഇത് വഞ്ചനയാണെനന്നും വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലായെന്നും നബി(സ്വ) പറഞ്ഞ സംഭവം പ്രസിദ്ധമാണ്.

അഹങ്കാരം

''അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച'' (അന്നഹ്ല്‍: 23).

''നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ലുക്വ്മാന്‍: 18).

നബി(സ്വ) പറഞ്ഞു: ''ആരുടെ മനസ്സിലാണോ അണുമണിത്തൂക്കം അഹങ്കാരമുള്ളത് അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (മുസ്‌ലിം).

നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നത് അഹങ്കാരമാണോ എന്ന് ചോദിച്ച അനുചരനോട് നബി (സ്വ) പറഞ്ഞത് അല്ലാഹു ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്' (മുസ്‌ലിം) എന്നാണ്.

പിശാച് അഹങ്കാരിയായതിനാലാണ് ആദമിന് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചത്. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണം എന്ന് പറഞ്ഞാല്‍ അവിശ്വാസികള്‍ (കാഫിറുകള്‍) നല്‍കുന്ന മറുപടി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

''അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു'' (സ്വാഫ്ഫാത്ത്: 35).

പ്രവര്‍ത്തിക്കാത്തതു പറയല്‍

അല്ലാഹു പറയുന്നു:

''ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്? നിങ്ങള്‍ ചെയ്യാത്തത്പറയുക എന്നത് അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്'' (അസ്സ്വഫ്ഫ്: 2,3).

ആളുകളോട് നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും അവ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന വിഷയമാണ്. ഏകദൈവാരാധനയെ കുറിച്ച് പറയുകയും സമാധാനത്തിനുള്ള മാര്‍ഗം ഏക ദൈവത്തിലേക്കടുക്കലാണെന്ന് പ്രബോധനം ചയ്യുകയും സ്വന്തം ജീവിതത്തില്‍ സമാധാനം ലഭിക്കാന്‍ വേണ്ടി ജാറങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ച് അവിടെ ആവലാതികള്‍ ബോധിപ്പിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

0
0
0
s2sdefault