സൂക്ഷ്മാലുവായ ദൈവദൂതന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 നവംബര്‍ 11 1439 സഫര്‍ 22

ഇബ്‌റാഹീം നബി(അ): 5

'എനിക്ക് സുഖമില്ല' എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞതിനെക്കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. ക്വിയാമത്ത് നാളില്‍ മഹ്ശറില്‍ വെച്ച് വിചാരണക്കെടുക്കുവാനായി ശുപാര്‍ശ ചെയ്യുവാന്‍ മനുഷ്യരെല്ലാം പ്രവാചകന്മാരെ സമീപിക്കും. ഇബ്‌റാഹീം നബി(അ)യെ സമീപിക്കുന്ന വേളയില്‍ അവിടുന്ന് പറയും: എനിക്ക് അല്ലാഹുവിനോട് സംസാരിക്കാന്‍ പേടിയാണ്. കാരണം, ദുന്‍യാവില്‍ വെച്ച് ഞാന്‍ മൂന്ന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് കളവ് പോയിട്ട് ഒരു കളവുപോലും പറയില്ലെന്ന് പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കുന്നവരാണല്ലോ നാം. കാരണം, അവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക പാപ സുരക്ഷിതത്വം നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞതോ? അല്ലാഹുവിനെ കുറിച്ചുള്ള ഭയവും സൂക്ഷ്മതയും! ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന ഈ 'കളവുകള്‍' എന്താണ്? ഏതായിരുന്നാലും അദ്ദേഹം എണ്ണിപ്പറയുന്ന മൂന്ന് സംഭവം ഏതെന്ന് കാണുക. അപ്പോള്‍  നമുക്ക് മനസ്സിലാകും, അത് കളവല്ലെന്ന്. ഒന്ന്, ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് വിസമ്മതിച്ചു. കാരണം പറഞ്ഞത് 'എനിക്ക് രോഗമാണ്' എന്നാണ്.

'എനിക്ക് രോഗമാണ്' എന്ന പ്രയോഗം ദ്വയാര്‍ഥമുള്ളതാണ്. അക്ഷരാര്‍ഥത്തില്‍ പറഞ്ഞതല്ല. പണ്ഡിതന്മാര്‍ പറയുന്നത് കാണുക:

'നിങ്ങളുടെ വഴികേട് കാണുമ്പോള്‍ ഞാന്‍ രോഗിയാണ് (എനിക്ക് സുഖമില്ല). നിങ്ങളിലെ അര്‍ഥശൂന്യതയും അല്ലാഹുവിലുള്ള അവിശ്വാസവും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കാണുന്നതിലും എനിക്ക് രോഗമാണ്. അല്ല ഈ വിഗ്രഹങ്ങള്‍ ഉപദ്രവം ചെയ്യും ഉപകാരം ചെയ്യില്ല... ഇത് തൗരിയത്തില്‍(ദ്വയാര്‍ഥപ്രയോഗം) പെട്ടതാണ്; കളവില്‍ പെട്ടതല്ല. (ഉപദ്രവം ചെയ്യുമെന്ന് പറഞ്ഞത് ഇവ കാരണം നരകം നല്‍കപ്പെടുമെന്നതാണ് വിവക്ഷ). അപ്പോള്‍ അദ്ദേഹം നടത്തിയ ഈ ഒരു പരാമര്‍ശം വാസ്തവത്തില്‍ കളവല്ല. 

ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന രണ്ടാമത്തെ കളവ്: അദ്ദേഹം വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. ഉത്സവം കഴിഞ്ഞ് ജനങ്ങള്‍ തിരിച്ച് വന്നപ്പോള്‍ ആരാധനാലയത്തില്‍ വലിയ വിഗ്രഹമൊഴിച്ച് ബാക്കിയുള്ളതെല്ലാം നിലം പൊത്തിയതായിട്ടാണ് അവര്‍ കാണുന്നത്. വലിയ വിഗ്രഹത്തിന്റെ തോളില്‍ ഒരു കോടാലിയും. അവര്‍ അന്വേഷിച്ചു; ആരാണിത് ചെയ്തത്? ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് പറയുന്ന ചെറുപ്പക്കാരന്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു... അങ്ങനെ അവര്‍ ഇബ്‌റാഹീം(അ)നോട് ചോദിച്ചു; നീയാണോ ഇബ്‌റാഹീമേ, ഇത് ചെയ്തത് എന്ന്. അദ്ദേഹം പറഞ്ഞു: ആ വലിയവനാകും. നിങ്ങള്‍ ഈ ചെറിയവയെ ആരാധിക്കുന്നത് കണ്ടിട്ട് അതിന്റെ ഈര്‍ഷ്യത കൊണ്ട് അവന്‍ ചെയ്തതാകും. അതില്‍ അവര്‍ക്കൊരു സന്ദേശം അദ്ദേഹം കൈമാറി. അല്ലാഹുവാകുന്ന ലോകരക്ഷിതാവിനെ വിട്ട് സൃഷ്ടികളിലേക്ക് തിരിയുന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്നതാണെന്ന സന്ദേശം. ശരി, ഈ മറുപടി അവരുടെ അന്ധവിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു. തീര്‍ന്നില്ല, ഇത്രകൂടി പറഞ്ഞു: 'അവ സംസാരിക്കുമെങ്കില്‍ ഒന്ന് ചോദിച്ചു നോക്കൂ...' ആരെയും ചിന്തിപ്പിക്കുന്ന വല്ലാത്തൊരു ചോദ്യം. അതെ, അത് അവരെ ചിന്തിപ്പിച്ചു. വാസ്തവത്തില്‍ ഇതൊരു കളവല്ല. അവരുടെ വിശ്വാസത്തിലെ നിരര്‍ഥകത തെളിയിക്കാന്‍ ഉപയോഗിച്ച ഒരു യുക്തിയായിരുന്നു അത്.

മൂന്നാമത്തെത് അദ്ദേഹത്തിന്റെ പത്‌നി സാറ(റ)യുടെ വിഷയത്തിലായിരുന്നു. അവിടുത്തെ ആദ്യ ഇണയാണല്ലോ സാറ(റ). അവരെയും കൂട്ടി അദ്ദേഹം ഒരു നാട്ടിലേക്ക് യാത്ര പോവുകയാണ്. ആ നാട്ടില്‍ ധിക്കാരിയായ, സ്വേച്ഛാധിപതിയായ, തെമ്മാടിയായ ഒരു ഭരണാധികാരിയാണ് ഭരിച്ചിരുന്നത്. ആ രാജാവിന് ഒരു നിയമമുണ്ട്. ആ നാട്ടില്‍ ഒരു സുന്ദരി വന്നാല്‍ അയാളുടെ പട്ടാളത്തെ വിട്ട് രാജാവിന്റെ അടുത്തേക്ക് വരുത്തിക്കുകയും അവളെ പ്രാപിക്കുകയും അവളെ സ്വന്തമാക്കുകയും ചെയ്യും. ഈ രാജാവ് ഭരിക്കുന്ന നാട്ടിലേക്കാണ് തന്റെ സുന്ദരിയായ ഇണ സാറ(റ)യെയുമായി ഇബ്‌റാഹീം(അ) പോകുന്നത്. അവിടെ എത്തുന്നതിന് മുമ്പായിത്തന്നെ സാറ(റ)യോട് ഇബ്‌റാഹീം(അ) പറഞ്ഞു: 'ആ ദുഷ്ടനായ ഭരണാധികാരി നീ എന്റെ ഇണയാണെന്ന് അറിഞ്ഞാല്‍ നിന്റെ കാര്യത്തില്‍ എന്നെ അതിജയിച്ച് നിന്നെ നശിപ്പിക്കും. നിന്നോട് അയാള്‍ ചോദിച്ചാല്‍ (ഇണയാണെന്ന് പറയരുത്) നീ എന്റെ സഹോദരിയാണെന്ന് പറയണം. സത്യം തന്നെയാണത്. കാരണം ഇസ്‌ലാമില്‍ തീര്‍ച്ചയായും നീ എന്റെ സഹോദരിയാണല്ലോ. ഈ നാട്ടില്‍ ഞാനും നീയുമല്ലാതെ ഒരു മുസ്‌ലിമുള്ളത് എനിക്കറിയില്ല.' (വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണല്ലോ). ഇങ്ങനെയെല്ലാം പറയണം എന്ന് അദ്ദേഹം അവരെ ഉപദേശിച്ചു.

ഇബ്‌റാഹീം(അ) തന്റെ സാറയെയുമായി ആ നാട്ടില്‍ എത്തിയപ്പോള്‍ രാജാവിന് വിവരം കിട്ടി. പട്ടാളക്കാര്‍ രാജാവിനോട് ചെന്ന് പറഞ്ഞു: 'താങ്കളുടെ നാട്ടില്‍ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവളെ താങ്കള്‍ക്കല്ലാതെ യോജിക്കില്ല (അവളെ ഞങ്ങള്‍ ഇങ്ങോട്ട് എത്തിക്കട്ടെയോ).' 

രാജാവ് തന്റെ കിങ്കരന്മാെര ഉടനെ പറഞ്ഞയച്ചു. സാറ(റ)യെ അവിടേക്ക് വരുത്തി. സാറയെ കൊണ്ടു പോയപ്പോള്‍ മഹാനായ ഇബ്‌റാഹീം(അ)ന്റെ മനസ്സ് വല്ലാതെ വിഷമിച്ചു. (മനസ്സ് വിഷമിക്കുമ്പോള്‍ എന്ത് ചെയ്യണം എന്നതിന് മാതൃക നമുക്കിതിലുണ്ട്). ഇബ്‌റാഹീം(അ) നമസ്‌കരിക്കുവാനായി നിന്നു. അല്ലാഹുവിനോട് തന്റെ വിഷമം ബോധിപ്പിക്കുകയാണ്. തന്റെ പ്രിയതമയെ ആ ദുഷ്ടന്മാര്‍ കൊണ്ടു പോയിട്ടുണ്ട്. അവള്‍ക്ക് യാതൊന്നും സംഭവിക്കാതിരിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ്. രാജാവിന്റെ കൊട്ടാരത്തിലേക്ക് സുന്ദരിയായ സാറ ബീവി പ്രവേശിച്ചപ്പോള്‍ ആ ദുഷ്ടന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവരിലേക്ക് അവന്റെ കൈ നീളുകയും ചെയ്തു. അപ്പോള്‍ അയാളുടെ കൈ ശക്തമായി ഒട്ടിച്ചേര്‍ന്നു. അവരെ പ്രാപിക്കാനായി നീട്ടിയ കൈക്ക് ചലനമില്ലാതെയായി. അവസാനം അയാള്‍ സാറ ബീവിയോട് അപേക്ഷിക്കുകയാണ് ഒന്ന് അല്ലാഹുവിനോട് നീ പ്രാര്‍ഥിക്കണം; എന്റെ കൈ ഒന്ന് മോചിക്കപ്പെടാന്‍. നിനക്ക് ഞാന്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല എന്ന്. അന്നേരം സാറ(റ) വുദൂഅ് ചെയ്ത് നമസ്‌കരിച്ചു. എന്നിട്ട് ഇപ്രകാരം ദുആ ചെയ്തു: 'അല്ലാഹുവേ, ഞാന്‍ നിന്നിലും നിന്റെ റസൂലിലും വിശ്വസിച്ചവാളാണെങ്കില്‍ എന്റെ ഗുഹ്യസ്ഥാനത്തെ എന്റെ ഇണയ്ക്കല്ലാതെ ഞാന്‍ സമര്‍പിച്ചിട്ടില്ല. (എന്റെ ഈമാനിനെ മുന്‍ നിറുത്തിക്കൊണ്ട് ഞാന്‍ ചോദിക്കുകയാണ്) ഈ കാഫിറിന് എന്റെ മേല്‍ അധികാരം നല്‍കല്ലേ.' പ്രാര്‍ഥനയുടെ ഫലമായി കൈകള്‍ ഒന്ന് അയഞ്ഞു. അപ്പോള്‍ അവന്‍ വീണ്ടും അവരെ പ്രാപിക്കാന്‍ തിരിഞ്ഞു. നേരത്തെ അനുഭവപ്പെട്ട അതേ അവസ്ഥ വീണ്ടും അനുഭവപ്പെട്ടു. വീണ്ടും അല്ലാഹുവിനോട് ഇതില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ഥിക്കാനായി സാറ ബീവിയോട് അയാള്‍ ആവശ്യപ്പെട്ടു. അവര്‍ പ്രാര്‍ഥിച്ചു. കൈക്ക് മോചനം കിട്ടി. മൂന്നാമതും അയാള്‍ അവരെ പ്രാപിക്കുവാനായി ഒരുങ്ങിയപ്പോള്‍ നേരത്തെ രണ്ട് തവണ ഉണ്ടായതിനെക്കാളും കടുത്ത അവസ്ഥയുണ്ടായി. 'അല്ലാഹുവിനോട് ഒന്നുകൂടി പ്രാര്‍ഥിക്കണം. ഇനി ഞാന്‍ നിന്നെ ഉപദ്രവിക്കില്ല' എന്ന് ആവര്‍ത്തിച്ചു. അങ്ങനെ അവര്‍ അത് ചെയ്തു. അയാളുടെ കൈക്ക് മോചനം കിട്ടി. എന്നിട്ട് അവരെ കൊണ്ടുവന്നവനോട് അയാള്‍ പറഞ്ഞു: 'തീര്‍ച്ചയായും നീ എന്റെടുത്ത് കൊണ്ടുവന്നത് ഒരു മനുഷ്യനെയൊന്നുമല്ല, ഒരു പിശാചിനെയാണ്.' അയാള്‍ നാട്ടില്‍ നിന്ന് സാറ(റ)യെ പുറത്താക്കുവാന്‍ കല്‍പിക്കുകയും അവര്‍ക്ക് ഹാജറിനെ സമ്മാനമായി നല്‍കുകയും ചെയ്തു. (ഇബ്‌റാഹീം(അ)ന് ലഭിച്ച രണ്ടാമത്തെ ഇണ (ഹാജറ ബീവി) ഈ രാജാവ് സാറക്ക് കൊടുത്ത സമ്മാനമായിരുന്നു). ഹാജറിനെയും കൂട്ടി സാറ ഇബ്‌റാഹീം(അ)ന്റെ അടുത്ത് ചെന്നപ്പോഴും അവിടുന്ന് നമസ്‌കാരത്തിലായിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: 'എന്താണ് സംഭവിച്ചത്?' അവര്‍ പറഞ്ഞു: 'നല്ലത് മാത്രം. ആ തെമ്മാടിയുടെ കൈ അല്ലാഹു ഒതുക്കി. ഒരു ഭൃത്യയെ തരികയും ചെയ്തു.' 

ഈ സംഭവം നമുക്ക് വിവരിച്ച് തന്നത് നബി ﷺ യാണ്. (സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഇത് വന്നിട്ടുണ്ട്). അബൂഹുറയ്‌റ(റ)യാണ് ഇത് ഉദ്ധരിക്കുന്നത്. 

ഇബ്‌റാഹീം നബി(അ)യില്‍ നിന്ന് വന്നു എന്ന് പറയുന്ന മൂന്ന് കളവുകള്‍ ഏതെല്ലാമാണെന്നാണ് നാം വിവരിച്ചത്. ഇതില്‍ ഓരോന്നും വിലയിരുത്തുമ്പോള്‍ അതില്‍ ഒരു കളവ് കണ്ടെത്തുക സാധ്യമല്ല. ഈ മൂന്നാമത്തെ സംഭവം ഒന്ന് നോക്കൂ. സാറയെക്കുറിച്ച് സഹോദരി എന്ന് പറയാന്‍ പറഞ്ഞത് ഒരു കളവാണോ? അല്ല! നാം അത് വിവരിച്ചു. ഒരു സ്ത്രീയെ ഉപദ്രവിക്കുക എന്നത് വലിയ ദ്രോഹമാണല്ലോ. വലിയ ഒരു ദ്രോഹത്തെ ചെറിയ ഒരു കാര്യം കൊണ്ട് തടുക്കുകയാണ് ഇബ്‌റാഹീം(അ) ഇവിടെ ചെയ്തത് എന്നും നമുക്ക് അതിനെക്കുറിച്ച് പറയാം. 

ഈ മൂന്ന് കാര്യത്തിലാണ് ക്വിയാമത്ത് നാളില്‍ അല്ലാഹുവിനെ ഓര്‍ത്ത് പേടിക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസവും സൂക്ഷ്മതയും ഭയവും എത്ര ഉണ്ടായിരുന്നെന്ന് നാം മനസ്സിലാക്കണം.

ഇനി നാം പറഞ്ഞു വന്നിരുന്ന ഭാഗത്തേക്ക് മടങ്ങാം. നാട്ടുകാരെല്ലാം ഉത്സവത്തിന് പോയ സന്ദര്‍ഭത്തില്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ തകര്‍ത്ത കാര്യം നാം മനസ്സിലാക്കി. അവര്‍ ഉത്സവം കഴിഞ്ഞു തിരിച്ചെത്തി. തങ്ങളുടെ ആരാധ്യരെല്ലാം നിലംപൊത്തി കിടക്കുന്നതാണ് അവര്‍ കാണുന്നത്. ഇബ്‌റാഹീം(അ) ആണ് ഇത് ചെയ്തതെന്ന് അവിടെയുള്ള ചിലര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടുവാനായി അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ധൃതിപ്പെട്ടു ചെന്നു. 

'''എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്'' (37:94-96). 

അവര്‍ ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ രംഗം ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് ഇപ്രകാരമാണ്: ''അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്. ചിലര്‍ പറഞ്ഞു: ഇ്ബറാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം. അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്?  അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക'' (21:59-68). 

ആരാണ് വിഗ്രഹങ്ങളെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യുവാനാണല്ലോ ഇബ്‌റാഹീം നബി(അ)യെ ജന മധ്യത്തില്‍ ഹാജരാക്കിയത്. എന്നാല്‍ അദ്ദേഹം അവരോട് പറഞ്ഞത്, തകര്‍ന്ന് കിടക്കുന്ന ഈ ആരാധ്യരോടും കോടാലി തോളില്‍ തൂക്കിയിട്ട് നില്‍ക്കുന്ന വലിയ വിഗ്രഹത്തോടും ചോദിക്കൂ എന്നാണ്. അത് അവരില്‍ വലിയ ചിന്തക്ക് കാരണമാക്കി. എന്നാല്‍ വീണ്ടും അവര്‍ അവരുടെ അന്ധവിശ്വാസത്തെ ന്യായീകരിച്ചുകൊണ്ട് അവര്‍ സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ, പിന്നെ എന്തിനാ നീ ഇങ്ങനെയെല്ലാം ചോദിക്കുന്നത് എന്നായി അവര്‍. 

ഇബ്‌റാഹീം നബി(അ)യുടെ ചോദ്യത്തിനു മുന്നില്‍ നിസ്സഹായരായ ജനങ്ങള്‍ മറുപടിയില്ലാതെ ഉഴലുകയാണ്. പക്ഷേ, തിരിച്ചടിക്കണമല്ലോ. അത് ഇപ്രകാരം പറഞ്ഞുകൊണ്ടായിരുന്നു:

''അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയില്‍ ഇട്ടേക്കുക'' (ക്വുര്‍ആന്‍ 37:97).

പ്രമാണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കുവാന്‍ പിന്നെയുള്ളതാണ് കയ്യൂക്ക് കാണിക്കല്‍. അത് അദ്ദേഹത്തിനെതിരിലും നടന്നു. ഇത് എല്ലാ കാലത്തും നടന്നതും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യമാണ്.

സ്വന്തം ആരാധ്യരെ സഹായിക്കുവാന്‍ വിധിക്കപ്പെട്ടവരാണല്ലോ ബഹുദൈവാരാധകര്‍! അല്ലാഹു അല്ലാത്ത ആരാധിക്കപ്പെടുന്ന എന്തും അവയുടെ പ്രകൃതത്തില്‍ ഒതുങ്ങാത്ത ഒരു കഴിവും ഉള്ളവരല്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിനെ കൂടാതെ മറ്റൊരു ആരാധ്യനുണ്ടാവുക? അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയായി എന്തെല്ലാമുണ്ടോ അവര്‍ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരാണ്. ബഹുദൈവാരാധകനായ ഒരു അറബി തന്റെ ബഹൂദൈവ വിശ്വാസം ഒഴിവാക്കിയത് ഒരു ഈരടിയിലൂടെ പറഞ്ഞത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ നടന്നു പോകുമ്പോള്‍ താന്‍ ആരാധിക്കുന്ന വിഗ്രഹത്തിന് മുകളില്‍ മൂത്രിക്കുന്ന ഒരു കുറുക്കനെ കാണുന്നു. തന്റെ ആരാധ്യന്റെ നിസ്സഹായതയും അതിന്റെ ദൗര്‍ബല്യവും മനസ്സിലാക്കി അയാള്‍ ഏകദൈവാരാധകനായി. ആ വരികളുടെ ആശയം ഇതാണ്:

''തന്റെ തലയില്‍ കുറുക്കന്‍ മൂത്രിച്ചവന്‍ റബ്ബാകുമോ? ഏതൊരുത്തന്റെ മേല്‍ കുറുക്കന്‍ മൂത്രിച്ചുവോ അവന്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അത് റബ്ബായിരുന്നുവെങ്കില്‍ (അതില്‍ നിന്ന്) സ്വന്തത്തെ തടയുമായിരുന്നു. (മറ്റുള്ളവരുടെ) ആവശ്യങ്ങളില്‍ കരയുന്ന റബ്ബില്‍ നന്മയില്ല. (അതിനാല്‍) ഭൂമിയിലുള്ള മുഴുവന്‍ വിഗ്രഹങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ്. എല്ലാത്തിനെയും അതിജയിക്കുന്ന അല്ലാഹുവില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവരുടെയെല്ലാം അവസ്ഥ ഈ ഈരടിയിലുണ്ട്.

അവര്‍ ഇബ്‌റാഹീം നബി(അ)യെ കരിച്ചുകളയുവാന്‍ മെനഞ്ഞ കുതന്ത്രത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ''അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം'' (ക്വുര്‍ആന്‍ 14:46).

''അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ് ചെയ്തത്'' (ക്വുര്‍ആന്‍ 37:98). (തുടരും)

0
0
0
s2sdefault