സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...

അശ്‌റഫ് എകരൂല്‍ 

2017 ഏപ്രില്‍ 01 1438 റജബ് 04

ഇസ്‌ലാമിക് പാരന്റിംഗ്: 12

മക്കള്‍ വഴിതെറ്റുന്നതിനുള്ള കാരണങ്ങളും ഇസ്‌ലാമിക പരിഹാരമാര്‍ഗങ്ങളുമാണ് നാം ചര്‍ച്ച ചെയ്ത് വരുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ശ്രദ്ധ പതിയേണ്ട മറ്റ് ചില വസ്തുതകള്‍ കൂടി വിവരിക്കാം:

4. മാതാപിതാക്കളുടെ മോശം പെരുമാറ്റം: മക്കള്‍ വഴിതെറ്റുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ പലപ്പോഴും കണ്ടെത്താന്‍ കഴിയുന്നത് കള്ളന്‍ ചിലപ്പോള്‍ കപ്പലില്‍ തന്നെയായിരിക്കുമെന്നതാണ്. ഇന്നത്തെ പല കുട്ടിക്കുറ്റവാളികളെയും സൃഷ്ടിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് എന്നാണ് ഇതിനെക്കുറിച്ച് പഠന നിരീക്ഷണങ്ങള്‍ നടത്തിയവര്‍ പറയുന്നത്!

മക്കളുടെ വ്യക്തിത്വമോ, പ്രായമോ, അഭിമാനമോ പരിഗണിക്കാതെയുള്ള നിരന്തര ശാപവും കോപവും അതിരു കടന്നതും അപക്വവുമാര്‍ന്ന മര്യാദ പഠിപ്പിക്കലും മൂലം വീട് ജയിലായി അനുഭവപ്പെടുന്ന കുട്ടികള്‍ പ്രതികാര മനസ്സോടെ ജീവിതത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നു. ഒരുതരം പ്രതികാര ബുദ്ധിയോടെ വീട് വിട്ടിറങ്ങുന്ന ഇവരുടെ ആശ്വാസ ലോകം അന്വേഷിച്ചുള്ള യാത്രയോടു കൂടി ആരംഭിക്കുന്നു ജീവിതത്തിന്റെ താളം തെറ്റലുകള്‍.

മക്കളോട് മാന്യമായും മൃദുവായും പെരുമാറാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളൊന്നും പല രക്ഷിതാക്കളും അധ്യാപകരും മുഖവിലക്കെടുക്കുന്നില്ല. ആവശ്യത്തില്‍ കവിഞ്ഞു ശിക്ഷിക്കുകയും പ്രായം പരിഗണിക്കാതെ അപമാനിക്കുകയും ചെയ്യുന്നത് നിമിത്തം മുറിവേല്‍ക്കുന്ന കൗമാരവും ബാല്യവും, ധാര്‍മികതയും കുടുബ സംവിധാനവുമെല്ലാം പാരതന്ത്ര്യവും തന്മൂലം മനുഷ്യവിരുദ്ധവുമാണെന്ന അപകടമാര്‍ന്ന വിലയിരുത്തലിലേക്ക് എത്തുകയും സ്വന്തം നെയ്‌തെടുക്കുന്ന ഒരു സ്വതന്ത്ര ജീവിത രീതി ശീലിക്കുകയും നിയമ ലംഘനങ്ങളെ നിസ്സാരമായി കണ്ടു തുടങ്ങുകയും ചെയ്യുന്നു.

അല്ലാഹുവും റസൂലും എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറുവാന്‍ പഠിപ്പിക്കുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ ഉപദേശിക്കുന്നു. ക്ഷമയും മാപ്പാക്കലും ജീവിത ഗുണമായി കൊണ്ടുനടക്കാന്‍ ആവശ്യപ്പെടുന്നു. ദയാദാക്ഷിണ്യം കൈവിടരുതെന്ന് ഓര്‍മപ്പെടുത്തുന്നു. പരുഷ ഹൃദയം വേണ്ടപ്പെട്ടവരെ പോലും നിന്നില്‍ നിന്ന് അകറ്റുമെന്നു താക്കീത് നല്‍കുന്നു. ഇതില്‍ മക്കള്‍ ഉള്‍പെടുകയിെല്ലന്ന് കരുതാനൊക്കുമോ? സന്തം വീട്ടിലല്ലേ നാം ഇതെല്ലൊം ആദ്യം നടപ്പിലാക്കേണ്ടത്? അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്...'' (16:90).

ധര്‍മനിഷ്ഠ പാലിക്കുന്നവരുടെ ഗുണങ്ങളെണ്ണിക്കൊണ്ട് അല്ലാഹു പറയുന്നു: ''കോപം ഒതുക്കി വെക്കുകയും ജനങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവരത്രെ അവര്‍. അല്ലാഹു അത്തരം സല്‍കര്‍മകാരികളെ സ്‌നേഹിക്കുന്നു'' (3 :134).

''ജങ്ങളോട് നല്ല വാക്ക് പറയണം..''(2:83 ). ''(നബിയേ) നീ പരുഷ സ്വാഭാവിയും കഠിന ഹൃദയനും ആയിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോകുമായിരുന്നു''(3 :159 ).

നബി(സ്വ) ഉണര്‍ത്തി: ''തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും ദയ ഇഷ്ടപെടുന്നു''(ബുഖാരി). ഇതിന്റെ പ്രയോഗവത്കരണമാണ് നമ്മുടെ വീടകങ്ങളില്‍ ഉണ്ടാവേണ്ടത്.

5. അജണ്ടകളില്ലാത്ത ഒഴിവ് വേളകള്‍: കുട്ടികളുടെയും കൗമാരക്കാരുടെയും ജൈവ പ്രകൃതിയാണ് കളിയോടുള്ള അവരുടെ അഭിനിവേശം. വളര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ ഈ ത്വരയും വളരുന്നു. സമപ്രായക്കാരോടൊപ്പം പ്രകൃതിയുടെ വിരിമാറില്‍ വിഹരിക്കുവന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഈ ജൈവ പ്രകൃതിയെ കണ്ടറിയുവാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ശാരീരിക, മാനസിക ഉല്ലാസവും ആരോഗ്യവും പ്രദാനം ചെയ്യുന്ന, നിരുപദ്രവകരമായ വിനോദങ്ങള്‍ക്കുള്ള അവസരങ്ങള്‍ മനഃപൂര്‍വം നാം സൃഷ്ടിച്ചു നല്‍കുകയോ, അത്തരം ചുറ്റുപാടിലേക്ക് അവരെ വഴി നടത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം സ്വാഭാവികമായും അവര്‍ അവരുടെ അപക്വമായ തെരഞ്ഞെടുപ്പിലൂടെ ബദല്‍ സംവിധാനങ്ങള്‍ സ്വയം തട്ടിക്കൂട്ടുകയും മോശക്കാരുടെ വൃത്തത്തിലേക്ക് അവര്‍ ആനയിക്കപ്പെടുകയും ചെയ്യും. കുടുംബത്തിനും സമൂഹത്തിനും തലവേദന സൃഷ്ടിക്കുമാറ് അവര്‍ വഴികേടിലേക്ക് ചെന്നെത്തുകയായിരിക്കും പിന്നീട് സംഭവിക്കുക. ഈയിടെ കേരളത്തിലെ ചില നഗരങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട ബൈക്ക് മോഷ്ടാക്കളായ കുട്ടികളെ പരിശോധിച്ചതില്‍ കണ്ടത്തിയ വസ്തുത, അവരാരും ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരല്ല എന്നതാണ്. ധൂര്‍ത്തടിക്കാന്‍ പണം വേണം. ഒഴിവ് വേളകള്‍ ചെലവഴിക്കുവാന്‍ ഉപകാരപ്രദമായ അജണ്ടകള്‍ അവര്‍ക്കില്ല. അവര്‍ എവിടെയായിരുന്നു, എന്തെടുക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല. ഇവിടെ രക്ഷിതാക്കള്‍ പ്രതികളായിത്തീരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ബൗദ്ധിക, മാനസിക, ശാരീരിക വളര്‍ച്ചക്കുതകുന്ന കാര്യങ്ങളെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കിയ മതമാണ് ഇസ്‌ലാം. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരം മുറതെറ്റാതെ പള്ളിയില്‍ വെച്ചുതന്നെ നിര്‍വഹിക്കണം എന്ന മിനിമം അജണ്ടയെങ്കിലും ഒഴിവുകാലത്ത് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാല്‍ സമയത്തിന്റെ ഒരു നീണ്ട ലോകം അവര്‍ക്ക് മുമ്പില്‍ വെറുതെ തുറന്ന് കിടക്കുന്നതായി തോന്നില്ല. കൃത്യത, സമയനിഷ്ഠ തുടങ്ങിയ നല്ല ജീവിത ശൈലികള്‍ ആര്‍ജിക്കാന്‍ അതവരെ സഹായിക്കുകയും ചെയ്യും. വൃത്തിയും ശാരീരിക ചലനങ്ങളും അതുവഴി ലഭിക്കുന്ന മാനസിക-ശാരീരിക നവോന്മേഷവും അവരെ ഊര്‍ജസ്വലരാക്കും. അതുപോലെ വ്യത്യസ്തങ്ങളായ കായിക പരിശീലനങ്ങളില്‍ അവരെ എന്‍ഗേജിലാക്കുന്നത് ചീത്തകൂട്ടുകെട്ടില്‍ പെട്ട് പുതിയ പുതിയ പരീക്ഷണങ്ങളില്‍ അവര്‍ എത്തിപ്പെടാതിരിക്കാന്‍ സഹായിക്കും.

നമ്മുടെ നാട്ടില്‍ ധാരാളം ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉണ്ട്. പക്ഷേ, സങ്കടകരമായ ഒരു കാര്യം, അവയുടെ പേരിന്റെ സൂചികക്കപ്പുറത്തേക്ക് പോവാന്‍ അവയുടെ നടത്തിപ്പുകാര്‍ മനസ്സ് വെക്കുന്നില്ല എന്നതാണ്. ഇസ്‌ലാമിക് സെന്റര്‍, ദാറുല്‍ ക്വുര്‍ആന്‍, ഇസ്‌ലാമിക് കോംപ്ലക്‌സ്, ദഅ്‌വാ സെന്റര്‍, മദ്‌റസ...തുടങ്ങി ഒട്ടനവധി പേരുകളില്‍ സ്ഥാപനങ്ങളുണ്ട്. പലതിനും വിശാലമായ മുറ്റങ്ങളും ഗ്രൗണ്ടുകളുമൊക്കെയുണ്ട്. പക്ഷേ, ഈ സ്ഥാപനങ്ങളിലെവിടെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ വിനോദ പരിപാടികളോ പരിശീലന സൗകര്യങ്ങളോ സാധ്യമാക്കുന്ന സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ തന്നെ അത്തരം സംവിധാനങ്ങളുള്ളിടത്തേക്ക് അവര്‍ പോകും. അവിടെ ധാര്‍മികതക്കും മാന്യതക്കും ഇടമുണ്ടാവണമെന്നില്ല. ആരും നിരീക്ഷിക്കാനുമുണ്ടാവില്ല. അത് ഇസ്‌ലാമിക സംസ്‌കാരത്തിന് അനുഗുണമല്ലാത്ത സ്വഭാവങ്ങളും ശീലങ്ങളും പകര്‍ത്താന്‍ അവസരം നല്‍കുമെന്നതില്‍ സംശയമില്ല. 'കുടി'യുടെയും 'അടി'യുടെയും കൂട്ടായ്മകളില്‍ മക്കള്‍ അംഗങ്ങളായിത്തീരും.

കുവൈത്ത് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളോടൊപ്പം അവിടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ആവശ്യമായ വിവിധങ്ങളായ വിനോദ കേന്ദ്രങ്ങള്‍(നാദി) കാണാവുന്നതാണ്. ഈ സ്ഥാപനങ്ങളില്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അംഗങ്ങളാക്കുന്നു. വിനോദങ്ങള്‍ക്കിടയില്‍ കൃത്യമായ ജമാഅത്ത് നമസ്‌കാരങ്ങളും കളികളിലെ മാന്യമായ പങ്കാളിത്തവും എങ്ങനെ എന്ന് മക്കള്‍ ശീലിക്കും. ഇടക്കിടക്ക് അവിടെ നടക്കുന്ന ധാര്‍മിക ക്ലാസുകളിലും പഠന ശിബിരങ്ങളിലും കൗമാരക്കാര്‍ക്ക് പങ്കെടുക്കേണ്ടി വരും. ഒരാഴ്ചയിലെ പാക്കേജില്‍ ചില ദിവസം ക്വുര്‍ആന്‍ മനഃപാഠ ക്ലാസും കമ്പ്യൂട്ടര്‍ പരിശീലനവും കൂട്ടിച്ചേര്‍ക്കുന്നു. ഇസ്‌ലാമിക ശിക്ഷണത്തിലൂടെ ബാല്യവും കൗമാരവും കടന്നുപോകാന്‍ ഇതിലൂടെ മക്കള്‍ക്ക് കഴിയുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍, ഏഴാം ക്ലാസ് മദ്‌റസ കഴിഞ്ഞുപോയ കുട്ടികളെ പിന്നെ നമുക്ക് വല്ലാതെ കിട്ടുന്നില്ല. പിന്നീട് ഈ 'കൈവിട്ട' തലമുറയെ ഇസ്‌ലാമിക സ്ഥാപനത്തിലേക്ക് നാം വിളിക്കുന്നത് വല്ലപ്പോഴും നടക്കുന്ന ഒരു ക്വുര്‍ആന്‍ ക്ലാസ്സിനോ നോമ്പ് തുറക്കോ ആയിരിക്കും. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചയുടെ ജൈവ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സംവിധാനങ്ങള്‍ കൂടി ഇസ്‌ലാലാമിക സ്ഥാപനങ്ങളോടാപ്പവും മഹല്ലുകളിലും ഉണ്ടെങ്കില്‍ 'കുടി'യുടെയും 'വലി'യുടെയും തുടര്‍ന്നുണ്ടാകുന്ന 'അടി'യുടെയും കാലുറക്കാത്ത ന്യൂജെന്‍ കൂട്ടങ്ങള്‍ വളര്‍ന്നുവരില്ല.

6. ചീത്ത കൂട്ടുകെട്ട്: മക്കളെ അലങ്കാര മത്സ്യത്തെ പോലെ കൂട്ടിലിട്ട് വളര്‍ത്തണമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നില്ല. കൂട്ട് കൂടലും സുഹൃത്തുക്കളുണ്ടാവലുമെല്ലാം മനുഷ്യ പ്രകൃതിയുടെ ഭാഗമെന്ന നിലക്ക് ഇസ്‌ലാം അംഗീകരിക്കുകയും അതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുകയും ചെയ്യുന്നുണ്ട്. അതിനെ നന്മയുടെ പങ്കുവെക്കലുകളുടെ വേദിയായി ഇസ്‌ലാം കാണുകയും ചെയ്യുന്നു. നല്ലവരുമായുള്ള കൂട്ടുകെട്ടിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചീത്ത കൂട്ടുകെട്ടിന്റെ അപകടം ഉണര്‍ത്തുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ കണ്ണ് തുറക്കാതിരിക്കുന്നതിനാലാണ് സൗഹൃദം മൂലം മക്കള്‍ വഴി തെറ്റുന്നത്. നല്ല സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടിന്റെ അപകടത്തെ ബോധ്യപെടുത്തുകയുമാണ് ഇതിന്റെ പരിഹാരം. അല്ലാഹു പറയുന്നു: ''അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം, റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നുവങ്കില്‍ എത്ര നന്നായിരുന്നേനെ! എന്റെ കഷ്ടമേ ഇന്നയാളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! എനിക്ക് ബോധനം വന്നു കിട്ടിയതിനു ശേഷം അതില്‍ ഇന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ. പിശാച് മനുഷ്യനെ കൈവിട്ട് കളയുന്നവനാകുന്നു''(25:27-29). ''സുഹൃത്തുക്കള്‍ അന്നേദിവസം (ഉയര്‍ത്തെഴുന്നേല്‍പിന്റെ ദിനം) ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവര്‍ ഒഴികെ'' (43:67). നല്ല സൗഹൃദം മാത്രമാണ് അല്ലാഹു അംഗീകരിക്കുന്നത് എന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.

നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സുഹൃത്തിന്റെ 'മത'ത്തിലായിരിക്കും. അതിനാല്‍ ഓരോരുത്തരും ആരുമായിട്ടാണ് കൂട്ട്കൂടുന്നതെന്ന് നോക്കട്ടെ'' (തിര്‍മിദി). പല രക്ഷിതാക്കളും അവഗണിക്കുന്ന ഒരു കല്‍പനയാണിത്. ആ അവഗണനയാണ് മക്കളെ വഴി തെറ്റിക്കുന്നതിലെ മുഖ്യ പങ്കാളികളിലൊന്ന്.

0
0
0
s2sdefault