സിനിമയും സ്ത്രീ സുരക്ഷയും

ഡോ. സി.എം സാബിര്‍ നവാസ്

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

സിനിമാ നടിക്കു നേരെയുണ്ടായ അതിക്രമത്തെ ചൊല്ലിയുള്ള വാര്‍ത്തകളും വെളിപ്പെടുത്തലുകളും കേട്ട് തരിച്ചു നില്‍ക്കുകയാണ് മലയാളനാട.് വെള്ളിത്തിരയില്‍ തിളങ്ങും താരത്തിന് യഥാര്‍ഥ ജീവിതത്തില്‍ വില്ലന്മാരെ നേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തിന്റെ ചൂടും ചൂരും കലര്‍ത്തിയ കഥകള്‍ പ്രചരിപ്പിച്ചു നിര്‍വൃതിയടയുന്ന തിരക്കിലാണ് ഓണ്‍ലൈന്‍ പ്രധിഷേധ തൊഴിലാളികള്‍. അപവാദ പ്രചാരണത്തിന്റെ അടുക്കളയില്‍ വേവുന്ന ഗോസിപ്പ് വിവരങ്ങള്‍ കേട്ടാല്‍ തോന്നുക കേരളം 100% സാക്ഷരത നേടിയത് ഈ വിഷയത്തിലാണ് എന്നതാണ്.

ഏറ്റവും വേദനാജനകമായ വിഷയം മലയാളികളുടെ മാനസിക വൈകല്യം തന്നെയാണ്. ആരാന്റെ അമ്മക്കും മക്കള്‍ക്കും ദുരിതം വരുമ്പോള്‍ അത് സൂം ചെയ്ത് ആസ്വദിക്കാന്‍ മടി കാണിക്കാത്ത കോട്ടും സൂട്ടുമണിഞ്ഞ ഞരമ്പ് രോഗികളുടെ കേന്ദ്രമായി കേരളം മാറിയിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുമ്പ് കോട്ടയത്ത് നിന്ന് ആഴ്ച തോറും അടിച്ചിറക്കിയിരുന്ന 'മ''പ്രസിദ്ധീകരണങ്ങളില്‍ അഭയം തേടിയിരുന്ന മാന്യന്മാര്‍ മൂടുപടം മാറ്റി ചാനല്‍ മുറ്റത്ത് അഭിനവ മാധ്യമവാല്‍സ്യായന്മാരുടെ ചൂടാറാത്ത വിവരങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന രംഗമാണ് നമ്മെ ഏറെ ദുഃഖിപ്പിക്കേണ്ടത്. സ്ത്രീ പീഡനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും തല്‍സമയവിവരണം കൊണ്ട് മാത്രമെ ന്യൂസ് ചാനലുകള്‍ക്ക് നിലവിലുള്ള ഉന്തിലും തള്ളിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്ന സ്ഥിതി അപകടകരമാണ്.

ഇനി സിനിമയിലേക്കുവരാം. ഏതു കഥയും കഴമ്പുമില്ലാത്തവനും ഉള്ളില്‍ തോന്നിയതൊക്കെ വാരിവലിച്ച് എഴുതി തിരക്കഥ എന്ന് പേരിട്ട് സെക്‌സും സ്റ്റെണ്ടും സമാസമം ചേര്‍ത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചാല്‍ അതാണ് കല, അതാണ് യഥാര്‍ഥ സര്‍ഗാത്മകത എന്ന് പുലമ്പുന്ന എല്ലാ അവസരവാദി സാംസ്‌കാരിക നായകന്മാരുടെയും വായടപ്പിക്കുന്ന സംഭവങ്ങളാണ് സമീപകാലത്ത് നടന്ന പലതും.

മലയാള സിനിമക്ക് നാടിന്റെ സാംസ്‌കാരിക ജീര്‍ണതയിലുള്ള പങ്ക് ആഴത്തില്‍ പഠനം നടത്തേണ്ട വിഷയമാണ്. മാന്യമായി ജീവിച്ചുവന്നിരുന്ന കുടുംബങ്ങളില്‍ കല്ലുകടി വരുത്തുന്നതില്‍ സിനിമ വഹിച്ച പങ്ക്് ചെറുതല്ല. തിന്മയെ സാമാന്യവല്‍ക്കരിക്കുവാനും ക്രിമിനലുകള്‍ക്ക് താരപരിവേഷം നല്‍കി ഉയര്‍ത്തിക്കാണിക്കുവാനും മലയാള ചലച്ചിത്രം എന്നും മുന്നിലായിരുന്നു.

ചായ കുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ മദ്യപാനം പ്രദര്‍ശിപ്പിച്ചും മയക്കുമരുന്നുകളെ രാസനാദിചൂര്‍ണത്തെക്കാള്‍ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചും ആത്മഹത്യകളും കൊലപാതകങ്ങളും അവിഹിത ബന്ധങ്ങളും ഒളിച്ചോട്ടവും ഇടമുറിയാതെ ചിത്രീകരിച്ചും മലയാള സിനിമ സംഭാവന ചെയ്തത് പള്‍സര്‍ സുനിയെ പോലെയുള്ളവരെയാണെന്നും ഒരു മനുഷ്യനെയെങ്കിലും അത് നന്നാക്കിയിട്ടില്ലെന്നും ഓര്‍ക്കുന്നത് തിരിച്ചറിവിന് നല്ലതാണ്.

ദൈവം കനിഞ്ഞുനല്‍കിയ പെണ്‍മക്കളെ ഒന്നൊഴിയാതെ സിനിമാ നടിമാരാക്കി വളര്‍ത്താന്‍ മത്സരിക്കുന്ന രക്ഷിതാക്കളുടെ തലയില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടാണ് 'ഭാവനാസമ്പന്നമായ' പീഡന കഥകള്‍ പ്രചരിക്കുന്നത്. പിച്ചവെച്ച് നടക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കാലില്‍ ചിലമ്പ് കെട്ടിക്കൊടുത്ത് കെട്ടിയാടാന്‍ പാകത്തിനുള്ള കുട്ടിക്കോമരങ്ങളെ സംഭാവന ചെയ്തു എന്നതാണ് സിനിമാലോകം നാടിനു നല്‍കിയ മഹത്തായ സേവനം. തീര്‍ത്തും അരക്ഷിതമായ ജന്മങ്ങളായി മാറിയിരിക്കുന്നു സിനിമയിലെ പെണ്‍ജീവിതം. റിയാലിറ്റി ഷോകളിലെ യാഥാര്‍ഥ്യബോധമില്ലാത്ത നാട്യങ്ങള്‍ സത്യമാണെന്ന് തെറ്റിദ്ധരിച്ച് മക്കളെ ബലൂണുകള്‍ പോലെ ഊതിവീര്‍പ്പിക്കുന്ന മാതാപിതാക്കള്‍ അധികം വൈകാതെ അത് പൊട്ടിപ്പോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.

0
0
0
s2sdefault