ശയനത്തില്‍ ശ്രദ്ധിക്കേണ്ടത്

മെഹബൂബ് മദനി

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉറക്കം. അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള വലിയൊരനുഗ്രഹവും ദൃഷ്ടാന്തവുമായാണ് ക്വുര്‍ആന്‍ ഇതിനെ പരിചയപ്പെടുത്തുന്നത്. ആയുഷ്‌കാലത്തിലെ നാലിലൊരു ഭാഗമെങ്കിലും മനുഷ്യര്‍ ഉറങ്ങിത്തീര്‍ക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: 

''രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടു മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്''(30:23). 

''അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു'' (25: 47).

ചില അനുമാനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയെന്നതിലപ്പുറം ഉറക്കത്തെ കൃത്യമായി അപഗ്രഥിക്കാന്‍ ശാസ്ത്രലോകത്തിന് പോലും ഇതപര്യന്തം സാധിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. സര്‍വശക്തനായ അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭാസത്തെ ഒരു മരണമായി ക്കൊണ്ടാണ് ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:

''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ച് വെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (39:42). 

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ ചൊല്ലാന്‍ നബി(സ്വ) പഠിപ്പിച്ച പ്രാര്‍ഥനയിലും ഉറക്കം ഒരുതരം മരണമാണെന്നതിന്റെ സൂചന കാണാം. റസൂല്‍(സ്വ) ഉറക്കില്‍നിന്നെഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ''ഞങ്ങളെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും. അവനിലേക്കാകുന്നു ഒരുമിച്ചു കൂട്ടപ്പെടുന്നത്'' (മുസ്‌ലിം).

ഇസ്‌ലാം ഉറക്കവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മര്യാദകള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഹദീഥുകളില്‍ സ്ഥിരപ്പെട്ടു വന്നവയാണ്:

ബിസ്മി ചൊല്ലി വാതിലുകളടക്കുക, പാത്രങ്ങള്‍ മൂടിവെക്കുക

നബി(സ്വ) പറഞ്ഞു: ''രാത്രി ഇരുട്ടിത്തുടങ്ങിയാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ തടഞ്ഞു വെക്കുക.  തീര്‍ച്ചയായും പിശാചുക്കള്‍ അപ്പോള്‍ വ്യാപിക്കുന്നതാണ്. ഇശാഅ് സമയം കഴിഞ്ഞാല്‍ അവരെ വിട്ടേക്കുക. നീ വാതില്‍ അടക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. (ബിസ്മി ചൊല്ലുക). നീ വിളക്ക് അണക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ പാനപാത്രം കെട്ടിവെക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. താങ്കളുടെ പാത്രം മൂടിവെക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക; അതിന്‍മേല്‍ എന്തെങ്കിലുമൊന്ന് വിലങ്ങനെ വെച്ചിട്ടെങ്കിലും (പാത്രം മൂടുക)'' (ബുഖാരി).

തീ അണക്കുക

റസൂല്‍ (സ്വ) പറഞ്ഞു: ''ഈ തീ തീര്‍ച്ചയായും നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ തീ അണക്കുക'' (ബുഖാരി).

അടുപ്പിലെ തീയോ, വിളക്കോ അണക്കാതെ കിടന്ന കാരണത്താല്‍ അപകടമുണ്ടായ എത്രയോ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരം ആപത്ത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്.

ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കുക

നബി(സ്വ) പറഞ്ഞു: ''വല്ലവനും തന്റെ കയ്യിന്‍മേല്‍ നെയ്യ് ഉണ്ടായിട്ട് അത് കഴുകാതെ ഉറങ്ങുകയും എന്നിട്ട് അയാള്‍ക്ക് വല്ലതും സംഭവിക്കുകയും ചെയ്താല്‍ അയാള്‍ തന്നെത്തന്നെ ആക്ഷേപിക്കട്ടെ'' (അബൂദാവൂദ്). 

ഭക്ഷണാവിശിഷ്ടങ്ങളില്‍ നിന്ന് വൃത്തിയായില്ലെങ്കില്‍ രാത്രി ഇഴജന്തുക്കളുടെയും മറ്റും അക്രമണത്തിനിരയാവാമെന്നര്‍ഥം.

വുദൂഅ് ചെയ്യുക

നബി (സ്വ) പറഞ്ഞു: ''നീ നിന്റെ കിടപ്പറയില്‍ ചെല്ലുവാന്‍ (ഉദ്ദേശിച്ചാല്‍) നമസ്‌കാരത്തിന് വുദൂഅ് ചെയ്യുന്നതു പോലെ വുദൂഅ് ചെയ്യുക'' (ബുഖാരി). 

ഇങ്ങനെ ശുദ്ധിപാലിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ ഉറക്കമുണര്‍ന്നാല്‍ ഒരു മലക്ക് ഇങ്ങനെ പ്രാര്‍ഥിക്കും: ''അല്ലാഹുവേ നിന്റെ അടിമക്ക് നീ പാപമോചനം നല്‍കണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ച് കൂട്ടിയത്'' (ഇബ്‌നു ഹിബ്ബാന്‍).

വിരിപ്പ് കുടയുക

നബി(സ്വ) പറഞ്ഞു: ''നിങ്ങളിലൊരാള്‍ തന്റെ വിരിപ്പിലെത്തിക്കഴിഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം കുടയട്ടെ'' (ബുഖാരി). 

വഴിയില്‍ കിടന്നുറങ്ങരുത്

നബി(സ്വ) പറഞ്ഞു:''പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക.  വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു'' (മുസ്‌ലിം).

ഒറ്റക്ക് ഉറങ്ങാതിരിക്കുക

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ''തീര്‍ച്ചയായും നബി(സ്വ) ഒറ്റപ്പെടലിനെ വിരോധിച്ചു. അതായത് ഒരാള്‍ തനിച്ച് രാപാര്‍ക്കുന്നതും ഒറ്റക്ക് യാത്ര ചെയ്യുന്നതും'' (അഹ്മദ്).

തടവില്ലാത്ത സ്ഥലത്ത് ഉറങ്ങരുത്

നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും തടവില്ലാത്ത വീടിന് മുകളില്‍ രാപാര്‍ത്താല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ഇല്ലാതായി'' (അബൂദാവൂദ്). 

തടവില്ലാത്ത ടെറസിന് മുകളികലും മറ്റും സുരക്ഷിതമല്ലാതെ കിടന്നുറങ്ങുന്നതിനെ ഇസ്‌ലാം വിലക്കുകയാണ് ചെയ്യുന്നത് എന്ന് ഈ ഹദീഥില്‍ നിന്നു മനസ്സിലാക്കാം.

ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ ഒരുമിച്ച് കിടക്കരുത്

നബി(സ്വ) പറഞ്ഞു: ''ഏഴ് വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളോട് നമസ്‌കാരം കല്‍പിക്കുക. പത്ത് വയസ്സായാല്‍ (നമസ്‌കരിക്കാത്തതിന്റെ പേരില്‍) അവരെ അടിക്കുകയും കിടപ്പറയില്‍ അവരെ വേറെയാക്കുകയും ചെയ്യുക'' (അബൂദാവൂദ്). 

മറ്റൊരു ഹദീഥില്‍ ഇങ്ങനെ  കാണാം: ''ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് ചേര്‍ന്നു കിടക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചേര്‍ന്ന് കിടക്കരുത്''(മുസ്‌ലിം).

കടബാധ്യതകളും വസ്വിയ്യത്തുകളും എഴുതി വെക്കുക

കടബാധ്യതകളെല്ലാം എഴുതി വെക്കണമെന്നത് അര്‍ഥശങ്കക്കിടയില്ലാത്ത വിധമുള്ള ക്വുര്‍ആനിന്റെ കല്‍പനയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ക്വുര്‍ആന്‍ വചനം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്. വസ്വിയ്യത്തിനെ കുറിച്ച് നബി(സ്വ) പറഞ്ഞു: ''വല്ലതും വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു മുസ്‌ലിമിന് പ്രസ്തുത വസ്വിയ്യത്ത് തന്റെയടുക്കല്‍ എഴുതപ്പെടാതെ രണ്ട് രാത്രികള്‍ കഴിച്ചു കൂട്ടല്‍  അര്‍ഹതപ്പെട്ടതല്ല'' (മുസ്‌ലിം). 

നബി(സ്വ)യില്‍ നിന്നും ഈ അധ്യാപനം ഉള്‍ക്കൊണ്ട ശേഷം ഇബ്‌നു ഉമര്‍(റ) തനിക്ക് രേഖപ്പെടുത്തി വെക്കാനുള്ളവ എഴുതി വെക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല.

വലതുവശത്തേക്ക് ചെരിഞ്ഞ് കിടക്കുക

ബറാഅ ഇബ്‌നു ആസ്വിബ്(റ)നോട് നബി(സ്വ) പറഞ്ഞു: ''താങ്കള്‍ കിടക്കൂവാനായി വന്നാല്‍ നമസ്‌കാരത്തിന് വുദൂഅ് ചെയ്യുന്നതു പോലെ വുദൂഅ് ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക'' (അബുദാവൂദ്). 

കിടക്കുമ്പോള്‍ വലത് കൈ വലതു കവിളിനോട് ചേര്‍ത്താണ് വെക്കേണ്ടതെന്നും ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാം

പ്രാര്‍ഥനകളും ക്വുര്‍ആന്‍ പാരായണവും

ആഇശ(റ)വില്‍ നിന്ന് നിവേദനം: ''തീര്‍ച്ചയായും നബി(സ്വ) എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലക്വും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു'' (ബുഖാരി).

കൂടാതെ ആയത്തുല്‍ കുര്‍സിയ്യ്, സൂറത്തുല്‍ ബക്വറയിലെ അവസാന രണ്ടു വചനങ്ങള്‍  തുടങ്ങിയ വയും നബി(സ്വ) ഉറങ്ങുന്നതിന് മുമ്പ് പാരായണം ചെയ്യാറുണ്ടായിരുന്നു. 

ഉറങ്ങുന്നതിന് മുമ്പ് ചൊല്ലേണ്ട ദിക്‌റുകളുടെ പല രൂപങ്ങളും നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അവ നബി(സ്വ) പഠിപ്പിച്ച രൂപത്തില്‍ അറബിയില്‍ തന്നെ പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കണം.  ചിലതിന്റെ മാത്രം അര്‍ഥം ഇവിടെ നല്‍കുന്നു:

ഹുദൈഫത്ത് ഇബ്‌നുല്‍ യമാനി(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ''നബി(സ്വ) വിരിപ്പിലേക്ക് അഭയം തേടിയാല്‍ അപ്രകാരം പറയുമായിരുന്നു: ''(അല്ലാഹുവേ) നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.''

ബറാഅ് ഇബ്‌നു ആസിബ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''നബി(സ്വ) വിരിപ്പിലേക്ക്  അഭയം പ്രാപിച്ചാല്‍ വലതുഭാഗം ചെരിഞ്ഞ് കിടക്കും. എന്നിട്ട് ഇപ്രകാരം പറയും: 'അല്ലാഹുവേ, എന്നെ ഞാന്‍ നിന്നിലേക്കേല്‍പിക്കുകയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ കാര്യങ്ങള്‍ നിന്നിലര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ കാംക്ഷിച്ചു കൊണ്ടും നിന്റെ ശിക്ഷയെ ഭയന്നു കൊണ്ടുമാണത്. നിന്നിലേക്ക് മടങ്ങുകയല്ലാതെ (നിന്റെ ശിക്ഷയില്‍ നിന്ന്) അഭയമോ രക്ഷയോ ഇല്ല. നീ അവതരിപ്പിച്ച വേദഗ്രന്ഥത്തിലും നിന്റെ പ്രവാചകനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.' അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: 'ആരെങ്കിലും ഇത് പ്രാര്‍ഥിക്കുകയും ഈ രാവില്‍ തന്നെ മരണമടയുകയും ചെയ്താല്‍ അവന്‍ ശുദ്ധ പ്രകൃതിയിലാണ് മരണമടഞ്ഞത്'' (ബുഖാരി).

0
0
0
s2sdefault