ശാന്തിയിലേക്കുള്ള പാത

ശമീര്‍ മദീനി

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28
സൗകര്യങ്ങളും സംവിധാനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും മനഃശാന്തി നഷ്ടപ്പെട്ട് അലയേണ്ട ഗതികേടിലാണ് പുതിയ തലമുറ. ശാന്തിയന്വേഷിച്ച് ചെന്നെത്തുന്ന തീരങ്ങളാകട്ടെ പുതിയ പ്രശ്‌നങ്ങളുടെ വന്‍കരകള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇഹ-പര ശാന്തിക്ക് സ്രഷ്ടാവ് സംവിധാനമൊരുക്കിയിട്ടുണ്ട്. അതിലൂടെ മാത്രമേ ശാശ്വത ശാന്തി കരഗതമാവുകയുള്ളൂ. എന്താണത്? ഒരു അന്വേഷണം.

ടെന്‍ഷനുകള്‍ അനുഭവിക്കാത്ത മനുഷ്യരില്ല. പണക്കാരനെന്നോ പണിക്കാരനെന്നോ തൊഴിലാളിയെന്നോ മുതളാലിയെന്നോ വ്യത്യാസമില്ല അതില്‍. വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാത്ത മക്കളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നവര്‍... മാറാരോഗത്താല്‍ നിരാശരായവര്‍... ബിസിനസ്സ് രംഗത്തെ പരാജയത്തില്‍ മനസ്സ് തകര്‍ന്നവര്‍... അങ്ങനെ വ്യത്യസ്ത തരക്കാര്‍.

ശാന്തിയും സമാധാനവും തേടി അലയുന്ന ആധുനിക മനുഷ്യന്റെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവസാനം ഉറക്കം കിട്ടാതെ പ്രയാസപ്പെട്ട്, ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കുന്നു. മറ്റു ചിലര്‍ ഇത്തരം ടെന്‍ഷനുകളെ തല്‍ക്കാലത്തേക്കെങ്കിലും മറക്കാന്‍ മദ്യത്തെയും മയക്കുമരുന്നുകളെയും ആശ്രയിക്കുന്നു. വേറെ ചിലര്‍ ജീവിതത്തില്‍ നിന്ന്തന്നെ ഒളിച്ചോടാന്‍ തീരുമാനമെടുത്ത് ആത്മഹത്യ തിരഞ്ഞെടുക്കുന്നു. തന്റെ ദുഃഖങ്ങളും സങ്കടങ്ങളും ഒന്നു തുറന്ന് പറയാനെങ്കിലും ഒരു ആശ്രയമില്ലാതാവുമ്പോഴുള്ള ഞെരുക്കം വിവരണാതീതമാണ്. തന്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കാന്‍ മനുഷ്യന്‍ തയാറായാല്‍ അവന്റെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാനും ശാന്തിയുടെയും സമാധാനത്തിന്റെയും വിശാലത ആവോളം അവന് അനുഭവിക്കാനും സാധിക്കുമെന്നതാണ് യാഥാര്‍ഥ്യം.

ടെന്‍ഷനുകളുടെയും അസമാധാനത്തിന്റെയും കയത്തിലകപ്പെട്ട മനുഷ്യന്‍ സമാധാനത്തിന്റെ തുരുത്ത് തേടുമ്പോള്‍ ഏത് കച്ചിത്തുരുമ്പിലും പിടിച്ച് അത് ബലവത്തായ കയാറാണെന്ന് തെറ്റിദ്ധരിക്കുകയാണ്. അതുകൊണ്ടാണ് ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയുമെല്ലാം അടുത്തേക്ക് മനുഷ്യര്‍ പ്രശ്‌ന പരിഹാരത്തിനും ശാന്തിക്കുമായി പോകുന്നത്.

ദുര്‍ബലനായ മനുഷ്യന്റെ പരിമിതമായ ബുദ്ധിയിലും ചിന്തയിലും ഉയിര്‍കൊള്ളുന്ന ആശയങ്ങളെപോലെ ദുര്‍ബലമല്ലല്ലോ മനുഷ്യരടക്കമുള്ള സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ സത്യദൈവത്തിന്റെ സന്ദേശങ്ങള്‍. പക്ഷേ, അതറിയാനോ അന്വേഷിക്കാനോ തയാറാവാത്തതാണ് അടിസ്ഥാന പ്രശ്‌നം. മനുഷ്യകുലത്തിന്റെ ആദ്യ മാതാപിതാക്കളെ ഭൂമുഖത്തേക്ക് പറഞ്ഞയച്ചപ്പോള്‍ അല്ലാഹു നല്‍കിയ സന്ദേശം അതായിരുന്നു. ക്വുര്‍ആന്‍പറയുന്നത് കാണുക:

''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (2:38,39).

ദൈവിക മാര്‍ഗദര്‍ശനം അവഗണിച്ചാലുള്ള ഭവിഷത്തുകൂടി സൂചിപ്പിച്ചുകൊണ്ട് മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ പറയുന്നു:

''അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്റെ പക്കല്‍നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോവുകയില്ല; കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്'' (20:123,124).

ദൈവിക മതമായ ഇസ്‌ലാമിന്റെ പേരു തന്നെ ശാന്തിയെയും സമാധാനത്തെയും ദ്യോതിപ്പിക്കുന്നതാണ്. മറ്റു പല മതങ്ങളും ആ മതങ്ങളുടെ സ്ഥാപകരിലേക്കോ, ആചാര്യന്മാരിലേക്കോ, ദേശങ്ങളിലേക്കോ, വംശത്തിലേക്കോ ബന്ധപ്പെടുത്തുന്ന നാമങ്ങളിലാണ് അറിയപ്പെടുന്നതെങ്കില്‍ ഇസ്‌ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് നിലകൊള്ളുന്നത്. 'സില്‍മ്' എന്ന അറബി പദത്തില്‍നിന്നാണ് ഇസ്‌ലാം എന്ന പദം രൂപപ്പെടുന്നത്. ആ പദത്തിന്റെ അര്‍ഥം രക്ഷ, ശാന്തി, സമാധാനം എന്നൊക്കെയാണ.് വിശുദ്ധ ക്വുര്‍ആന്‍ (8:61ല്‍) ഈ അര്‍ഥത്തില്‍ പ്രസ്തുത പദം പ്രയോഗിച്ചതു കാണാം. ഇസ്‌ലാം എന്ന പദത്തിനുള്ള മറ്റൊരര്‍ഥം സമര്‍പ്പണം, കീഴൊതുങ്ങല്‍ എന്നൊക്കെയാണ്. അഥവാ സര്‍വശക്തനായ ദൈവത്തിന് മുമ്പില്‍ എല്ലാം സമര്‍പ്പിച്ച് അവന്റെ വിധിവിലക്കുകള്‍ക്ക് കീഴൊതുങ്ങുക വഴി സമ്പൂര്‍ണ സമാധാനത്തിലേക്കും രക്ഷയിലേക്കും എത്തിച്ചേരുക എന്നതാണതിന്റെ താല്‍പര്യം.

അപ്രകാരം പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദ്യ-പ്രത്യഭിവാദ്യങ്ങളും ശാന്തിക്കും സമാധാനത്തിനുമുള്ള പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നതാണ്. അസ്സലാമു അലൈക്കും (അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ) എന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ പ്രത്യഭിവാദ്യവും ശാന്തിക്കും സമാധാനത്തിനുമുള്ള പ്രാര്‍ഥനയാണ്. ഇത് ഏത് സാഹചര്യത്തിനുമനുയോജ്യമാണെന്ന വസ്തുതകൂടി നാം ഓര്‍ക്കുക. 'ഗുഡ്‌മോണിംഗ്' ഒരു ദുരന്തസ്ഥലത്തോ ദുഃഖവേളയിലോ അനുയോജ്യമാകുന്നില്ല. എന്നാല്‍ സലാം ഏത് സന്ദര്‍ഭത്തിനും ഇണങ്ങിയതാണ്.

ശാന്തിയുടെ മതമായ ഇസ്‌ലാം മനുഷ്യരുടെ രക്ഷയ്ക്കും സമാധാനത്തിനുമായി അതിന്റെ സന്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. ശാന്തിതേടി അലയുന്ന മനുഷ്യരെ സമാധാനത്തിന്റെ സുരക്ഷിത താവളത്തിലേക്കാണ് ദൈവിക മാര്‍ഗദര്‍ശനം വഴി ഇസ്‌ലാം നയിക്കുന്നത്. അശാന്തിക്ക് നിമിത്തമാകുന്ന സംഗതികളെ അകറ്റി ശാന്തി നേടുവാനായി ഇസ്‌ലാം നിര്‍ദേശിക്കുന്ന ഏതാനും കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ആര്‍ത്തിയും ത്വരയും നിയന്ത്രിക്കുക

ആര്‍ത്തിയും ത്വരയുമുള്ള മനുഷ്യന്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി എന്തു ചെയ്യാനും മടിക്കില്ല. ഒരിക്കലും മതിവരാത്ത മനസ്സ് അവനെ പലതിനും പ്രേരിപ്പിക്കുന്നു. നന്മ-തിന്മകളുടെ അതിര്‍വരമ്പുകളോ മതശാസനകളോ നീതിയോ നിയമമോ ഒന്നും തടസ്സമല്ലാത്ത അവസ്ഥാവിശേഷമായിരിക്കും പിന്നെയുണ്ടാവുക. സമ്പാദ്യങ്ങള്‍ ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പാവപ്പെട്ട സഹോദരങ്ങള്‍ ചോരനീരാക്കിയുണ്ടാക്കിയ നാണയത്തുട്ടുകള്‍ വഞ്ചനയിലൂടെയും പലിശയിലൂടെയുമെല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തന്റെ മഹത്ത്വമായിട്ടായിരിക്കും അയാള്‍ കരുതുക. പക്ഷേ, ആ ആര്‍ത്തിയുടെ പ്രേരണയാല്‍ അയാള്‍ പടുത്തുയര്‍ത്തുന്ന മനക്കോട്ടകള്‍ തകര്‍ന്നു വീഴുമ്പോഴുണ്ടാകുന്ന 'ടെന്‍ഷന്‍' സ്വന്തം ജീവിതം മാത്രമല്ല ചിലപ്പോള്‍ കുടുംബത്തെയും സമൂഹത്തെതന്നെയും അപകടത്തിലേക്ക് തള്ളിവിടുന്ന ക്രൂരകൃത്യങ്ങള്‍വരെ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചേക്കും.

എളുപ്പ മാര്‍ഗത്തില്‍ ധനം ഇരട്ടിപ്പിക്കാന്‍ ശ്രമിച്ച് പല ബ്ലെയ്ഡു കമ്പനികളിലും പണം നിക്ഷേപിച്ച് അവസാനം തട്ടിപ്പിലകപ്പെട്ടവരും ചുളുവിലൂടെ പണക്കാരനാവാമെന്ന വ്യാമോഹവുമായി പരസ്യത്തില്‍ കണ്ട കമ്പനിയെയും സിദ്ധന്മാരെയും ബീവിമാരെയും സമീപിച്ച് അവസാനം കബളിപ്പിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കുന്നത് ഇതുകൊണ്ടാണ്.

എന്നാല്‍ ആര്‍ത്തികള്‍ നിയന്ത്രിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് ഏതൊരു സംരംഭത്തിലേക്കു മിറങ്ങുന്നതെങ്കില്‍ കുറെയൊക്കെ ദുരിതങ്ങളും ടെന്‍ഷനുകളും സ്വയം തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.

നബി(സ) പറയുന്നു. ''അല്ലാഹു പറഞ്ഞിരിക്കുന്നു: മനുഷ്യ പുത്രന് ഒരു താഴ്‌വരനിറയെ സ്വത്തുണ്ടെങ്കില്‍ രണ്ടാമതായി ഒന്നുകൂടി അവന്‍ ആഗ്രഹിക്കും. രണ്ടെ ണ്ണമുണ്ടായാല്‍ മൂന്നാമത്തെ ഒന്നിനായി അവന്‍ കൊതിക്കും. മണ്ണല്ലാതെ അവന്റെ ഉള്ളം നിറക്കുകയില്ല'' (അഹ്മദ്). മരിച്ച് മറമാടുവോളം അവന്റെ ആര്‍ത്തിയും ത്വരയും കൂടെയുണ്ടാകുമെന്നര്‍ഥം.

മരണത്തെക്കുറിച്ചുള്ള ഓര്‍മയും മരണാനന്തര ജീവിതത്തെക്കുറിച്ച് ബോധവുമുണ്ടെങ്കില്‍ ആസ്വാദനങ്ങള്‍ക്കും ആനന്ദ പൂര്‍ത്തീകരണത്തിനുമായി യാതൊരു അതിര്‍വരമ്പും പരിഗണിക്കാതെ ഓടുകയില്ലായിരുന്നു. നബി(സ) പറയുന്നു: ''സര്‍വ സുഖങ്ങളെയും തകര്‍ത്തുകളയുന്നതിനെ(മരണത്തെ)ക്കുറിച്ച് നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക''(ബുഖാരി).

അവധാനത ശീലമാക്കുക

എടുത്തുചാട്ടം പലപ്പോഴും ഖേദത്തിനിടയാക്കും. അവധാനതയോടും അടുക്കും ചിട്ടയോടുംകൂടി ചെയ്യുന്ന കാര്യങ്ങള്‍ മനോഹരവും ആത്മസംതൃപ്തി നല്‍കുന്നതുമായിരിക്കും. നബി(ല) പറയുന്നു: ''അവധാനത അല്ലാഹുവില്‍നിന്നും എടുത്തുചാട്ടം പിശാചില്‍ നിന്നുമാണ്'' (ബൈഹഖി, സില്‍സില സ്വഹീഹഃ, ഹദീഥ് നമ്പര്‍: 1795).

എടുത്തുചാടി വരുത്തിവെക്കുന്ന അപകടങ്ങള്‍ പിന്നീട് തിരുത്താന്‍ സാധിച്ചുകൊള്ളണമെന്നില്ല. അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് അവസാനം തോന്നിയിട്ട് 'ടെന്‍ഷന്‍' സമ്പാദിക്കുന്നതിന് പകരം ആലോചനയിലൂടെ പക്വമായ തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്.

ക്വുര്‍ആന്‍ പറയുന്നു:''സത്യവിശ്വാസികളേ, ഒരു അധര്‍മ കാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആ പത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി ത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി''' (49:6).

ആരാധനാ കര്‍മങ്ങളില്‍ പോലും ഇത്തരം അനാവശ്യ തിരക്കുകൂട്ടല്‍ നബി(സ) വിലക്കിയിട്ടുണ്ട്.

സമയനിഷ്ഠ പാലിക്കുക

അവധാനത വേണമെന്നു പറയുന്നതിനര്‍ഥം അലസരായി എല്ലാം പിന്നേക്കു മാറ്റിവെക്കണമെന്നല്ല. ചെയ്യേണ്ടത് ആലോചിച്ച് മുന്‍ഗണനാക്രമമനുസരിച്ച് ചെയ്യുക. സമയം കൊല്ലുന്ന പാഴ്‌വേലകളില്‍ നിന്നും അത്തരം കൂട്ടുകെട്ടുകളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക. ചെയ്യേണ്ടത് അതാത് സമയങ്ങളില്‍ ചെയ്യാതിരുന്നാലും പിന്നീട് 'ടെന്‍ഷനും' പ്രയാസങ്ങളുമായിരിക്കും ഉണ്ടാവുക. നബി(സ) പറയുന്നു: ''രണ്ട് അനുഗ്രങ്ങളെക്കുറിച്ച് മനുഷ്യരിലധികംപേരും അശ്രദ്ധയിലാണ്. ആരോഗ്യവും ഒഴിവു സമയവുമാണ് അത്'' (ബുഖാരി, മുസ്‌ലിം).

ഒരു പക്ഷേ, പിന്നീട് നമുക്ക് അല്‍പം പോലും ഒഴിവു കിട്ടാത്ത തിരക്കും ജോലികളും പ്രശ്‌നങ്ങളുമാകും ഉണ്ടാവുക. അതിനാല്‍ സമയക്രമീകരണം ശാന്തിയുള്ള ജീവിതത്തിന് അത്യാവശ്യമാണ്.

സമയ ബന്ധിതമായ ആരാധനാകര്‍മങ്ങള്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സമയക്രമീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതു കൂടിയാണ്.

ക്വുര്‍ആന്‍പറയുന്നു. ''തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു'' (4:103).

സംതൃപ്തരാവുക

സംതൃപ്തിയാണ് ഐശ്വര്യം. ധനവും മറ്റു അനുഗ്രഹങ്ങളും ധാരാളമുണ്ടാവുകയെന്നത് ധന്യതയായി കണക്കാക്കാന്‍ പറ്റില്ലയെന്നാണ് പ്രവാചക വചനത്തിന്റെ താല്‍പര്യം. നബി(സ) പറയുന്നു: ''ധന്യതയെന്നത് ഭൗതികവിഭവങ്ങളുടെ ആധിക്യമല്ല. മറിച്ച് മനഃസംതൃപ്തി, അതാണ് ധന്യതയും ഐശ്വര്യവുവും'' (ബുഖാരി, മുസ്‌ലിം).

ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടാതെ ഉള്ളതു കൊണ്ട് എങ്ങനെ കഴിയാം എന്ന ചിന്തയുണ്ടെങ്കില്‍ കുറെയൊക്കെ വേവലാതികള്‍ കുറക്കാവുന്നതാണ്. അതിനുള്ള ഒരു ഉപാധിയായി നബി(സ) പഠിപ്പിച്ചത് ഭൗതിക അനുഗ്രഹങ്ങളുടെ കാര്യത്തില്‍ തന്നെക്കാള്‍ താഴെകിടയിലുള്ളവരിലേക്ക് നോക്കുവാനാണ്. സമ്പന്നരുടെ മണിമാളികകള്‍ നോക്കി അസൂയപൂണ്ട് നെടുവീര്‍പ്പിടുന്നതിനു പകരം തന്നെക്കാള്‍ കഷ്ടതകളനുഭവിക്കുന്ന പാവങ്ങളെ നോക്കി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ദൈവത്തിന് സ്തുതികളര്‍പ്പിക്കുവാനാണ് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നത്. ''നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക. നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹു നിങ്ങള്‍ക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെ നിസ്സാരവല്‍ക്കരിച്ച് തള്ളാതിരിക്കാന്‍ ഏറ്റവും നല്ലത്'' (മുസ്‌ലിം).

ഉള്ളതുകൊണ്ട് സംതൃപ്തരാവുക എന്നത് നിസ്സാര കാര്യമല്ല. മഹത്തായൊരു സ്വഭാവമാണത്. പതിനായിരങ്ങള്‍ ആഴ്ചകള്‍കൊണ്ട് സമ്പാദിക്കുന്നവനും ഈ ഒരു മനസ്സ് നഷ്ടമായാല്‍ ജീവിതം സമാധാനപൂര്‍ണമായി ആസ്വദിക്കാന്‍ കഴിയില്ല. എന്നാല്‍ മാസങ്ങള്‍കൊണ്ട് ആയിരങ്ങളേ ഒരാള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നുള്ളൂവെങ്കിലും ഇത്തരം ഒരു മനസ്സുണ്ടെങ്കില്‍ അയാളാണ് യഥാര്‍ഥ ഭാഗ്യവാന്‍. ബംഗ്ലാവുകളിലെ ശീതീകരിച്ച മുറികളില്‍ പട്ടുമെത്തയില്‍ കിടന്നിട്ടും ഉറക്കം വരാത്തവര്‍ റോഡരികില്‍ ന്യൂസ് പേപ്പര്‍ വിരിച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്നതുവരെ കാണുമ്പോള്‍ അസൂയപ്പെട്ടുപോകുന്നതും അതുകൊണ്ടാണ്.

നബി(സ) പറയുന്നു: ''അല്ലാഹുവിന് കീഴ്‌പ്പെടുകയും ഉപജീവനം നിത്യവൃത്തിക്ക് പര്യാപ്തമാവുകയും ലഭിച്ചതില്‍ അല്ലാ ഹു സംതൃപ്തി നല്‍കുകയും ചെയ്തയാള്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു'' (മുസ്‌ലിം).

അമിതവ്യയം അപകടം

ചിലര്‍ക്ക് ആയിരങ്ങള്‍ ഒരു ദിവസം ലഭിച്ചാലും മണിക്കൂറുകള്‍കൊണ്ട് അത് അടിച്ചുപൊളിച്ച് മുടിച്ച് അടുത്ത ദിവസം കഷ്ടപ്പെടുന്നത് കാണാം. അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സമ്പത്തിന്റെ വഴിയൊന്നടഞ്ഞാല്‍ ആത്മഹത്യയിലേക്ക്‌വരെ എടുത്തുചാടുന്ന ദയനീയാവസ്ഥയോ അല്ലെങ്കില്‍ ധനസമ്പാദനത്തിന് കൊള്ളയും കൊലയും നടത്തുന്ന അവസ്ഥയോ ആയിരിക്കും സംജാതമാവുക. കടബാധ്യതകള്‍ വന്നുചേരുന്നതിലും ആഡംബരത്തിനും അമിതവ്യയത്തിനും പൊങ്ങച്ചത്തിനുമൊക്കെ നല്ല പങ്കുള്ളതായി കാണാം. കടബാധ്യത സമാധാനം കെടുത്തുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ധൂര്‍ത്ത് ഇല്ലാതെ ജീവിച്ചാല്‍ ഏറെക്കുറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. ക്വുര്‍ആന്‍ പറയുന്നു:

''കുടുംബ ബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൗമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക. നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും''(17:26-29).

(അവസാനിച്ചില്ല)

0
0
0
s2sdefault