ശഅ്ബാന്‍ മാസ ചിന്തകള്‍

ശമീര്‍ മദീനി

2017 മെയ് 06 1438 ശഅബാന്‍ 9

ചില സമയങ്ങള്‍ക്കും കാലങ്ങള്‍ക്കും മറ്റു ചിലതിനെക്കാള്‍ പ്രത്യേകതയുണ്ട്. ചില സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റു ചിലതിനെക്കാള്‍ പവിത്രതയുണ്ട്. ഇത് പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും അംഗീകരിച്ച കാര്യമാണ്; അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ക്കിടയില്‍ðതര്‍ക്കമില്ലാത്ത സംഗതിയുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രത്യേകതകളും മഹത്ത്വങ്ങളും കല്‍പിക്കുന്നത് ഏതെങ്കിലും വ്യക്തികളുടെയോ സമൂഹങ്ങളുടെയോ തീരുമാനങ്ങള്‍ക്കോ ഇഷ്ടങ്ങള്‍ക്കോ അനുസരിച്ചായിക്കൂടാ. പ്രത്യുത അല്ലാഹുവും റസൂല്‍(സ്വ)യും പഠിപ്പിച്ചതനുസരിച്ചായിരിക്കണം. അഥവാ പ്രമാണബദ്ധമായിരിക്കണം. അല്ലെങ്കില്‍ðഅതിലൂടെ സംഭവിക്കുന്നത് മതത്തില്‍ðപുതുതായി പലതും കൂട്ടിച്ചേര്‍ക്കലായിരിക്കും.  അത് ഏറെ അപകടകരവുമാണ്. 

അല്ലാഹു പറയുന്നു: 

''നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു'' (28/68). 

നാല് മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങളാണ്. എന്നാല്‍ പ്രസ്തുത പവിത്രത സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയ മക്കാമുശ്‌രിക്കുകളുടെ നടപടിയെ ആക്ഷേപിച്ച്‌കൊണ്ട് അല്ലാഹു പറയുന്നത് കാണുക:

''വിലക്കപ്പെട്ട മാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത്മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരുകൊല്ലം അവരത് അനുവദനീയമാ ക്കുകയും മറ്റൊരുകൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ (മാസത്തിന്റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായിതോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല''(9/37).

അതിനാല്‍ ക്വുര്‍ആനും സുന്നത്തും പറഞ്ഞുതന്ന ഏതിന്റെയും പവിത്രതകളും പ്രത്യേകതകളും നാം അംഗീകരിക്കുകയും ആദരിക്കുകയും വേണം. അതോടൊപ്പംതന്നെ അത്തരത്തിലുള്ള പ്രത്യേകതകള്‍ പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത യാതൊന്നിനും മതപരമായ നിലയില്‍ ഒരു പ്രത്യേകതയും നമുക്ക് സ്വന്തമായി കല്‍പിക്കാനും പാടുള്ളതല്ല. 

ചിലര്‍ ശഅ്ബാന്‍ മാസത്തിന് പ്രത്യേകതകള്‍ കല്‍പിക്കുകയും ശഅ്ബാന്‍ 15ന് പ്രത്യേക തരത്തിലുള്ള ആചാരങ്ങളും ആരാധനകളുമൊക്കെ അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. അത് പരിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടവയാണോയെന്ന് ഉറപ്പ്‌വരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ പുണ്യമെന്ന് കരുതി സ്വര്‍ഗം പ്രതീക്ഷിച്ച് നാം ചെയ്യുന്ന കര്‍മങ്ങള്‍ നരകത്തിലേക്കെത്തിക്കുന്ന തിന്മകളായിരിക്കും.

ശഅ്ബാന്‍ മാസത്തെയോ ശഅ്ബാന്‍ 15നെയോ കുറിച്ച് പ്രത്യേകമായി ക്വുര്‍ആനില്‍ യാതൊരു പരാമര്‍ശവും നമുക്ക് കാണാന്‍ സാധിക്കില്ല. 

ബിദ്അത്തിന്റെ അപകടം 

നബി(സ്വ)യുടെ മാതൃകയില്ലാത്ത വല്ലതും മതത്തിന്റെ പേരില്‍ ആചരിക്കല്‍ðവഴിപിഴച്ച പുത്തനാചാരമാണ്. എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങളും) വഴികേടാണെന്നും അവയെല്ലാം നരകത്തിലേക്കാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

''ഇന്നേദിവസം നിങ്ങളുടെമതം നിങ്ങള്‍ക്ക് നാം പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു'' (അല്‍മാഇദ:3) എന്ന അല്ലാഹുവിന്റെ വചനത്തെ ധിക്കരിക്കലും നിരാകരിക്കലുമാണ് ബിദ്അത്തുകളിലൂടെ സംഭവിക്കുന്നത്. അല്ലാഹു പൂര്‍ത്തിയാക്കിയതും നബി(സ്വ) മാതൃക കാണിച്ചതുമായ ഇസ്‌ലാംദീനിലേക്ക് അതില്‍ ഇല്ലാത്ത വല്ലതും കൂട്ടിച്ചേര്‍ക്കല്‍ അത്യന്തം ഗുരുതരമായ അപരാധമാണ്. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കലാണ് അത്; അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തുലുമാണ്. 

അല്ലാഹു പറയുന്നു: 

''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായകവിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്'' (42/21). 

നബി(സ്വ) പഠിപ്പിച്ച സുന്നത്ത് പിന്‍പറ്റുന്നതിലൂടെ ഇസ്‌ലാമിക സമൂഹത്തിന് ഐക്യവും സാഹോദര്യവും കെട്ടുറപ്പും സര്‍വോപരി റബ്ബിന്റെ സ്‌നേഹവും സഹായവുമെല്ലാം ലഭ്യമാകുമ്പോള്‍ നല്ലതല്ലേ എന്ന പേരില്‍മനുഷ്യരുണ്ടാക്കുന്ന ബിദ്അത്തുകളിലൂടെ സമൂഹത്തില്‍ അനൈക്യവും ഛിദ്രതയും റബ്ബിന്റെ ശാപകോപങ്ങളുമായിരിക്കും ഉണ്ടാവുക. അതിനാല്‍ ഹറാമുകളെക്കാള്‍  ബിദ്അത്തുകള്‍ ചെയ്യിപ്പിക്കാനും പ്രചരിപ്പിക്കാനുമായിരിക്കും പിശാച് കൂടുതല്‍ ശ്രമിക്കുക.

അതുകൊണ്ട് ബിദ്അത്തുകള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാതെ സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും വേണം. 

ഇമാം മാലിക് പറഞ്ഞതുപോലെ 'നല്ലതല്ലേ എന്ന പേരില്‍ðആരെങ്കിലും ഇസ്‌ലാമില്‍ വല്ലതും പുതുതായുണ്ടാക്കിയാല്‍ മുഹമ്മദ് നബി(സ്വ) തന്റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു' എന്നതാണ് അയാള്‍ അതിലൂടെ പ്രഖ്യാപിക്കുന്നത്. കാരണം മതം അല്ലാഹു പൂര്‍ത്തിയാക്കി തൃപ്തിപ്പെട്ട് തന്നതാണ്. അതിനാല്‍ നബി(സ്വ)യും സ്വഹാബത്തും പ്രാവര്‍ത്തികമാക്കിയ ഇസ്‌ലാമില്‍ ഇല്ലാത്ത, ഒരുകാര്യവും ഒരുകാലത്തും ഒരുദേശത്തും ദീനായി ആചരിക്കുവാന്‍ പാടുള്ളതല്ല. (വിശദവിവരണത്തിന് ഇമാംശാത്വിബിയുടെ അല്‍ഇഅ്തിസാം എന്ന ഗ്രന്ഥം കാണുക).

എന്നാല്‍ ഹദീഥുകളില്‍ ചില സംഗതികള്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്.

ഒന്ന്: നബി(സ്വ) ശഅ്ബാനില്‍ ഐഛികമായ നോമ്പുകള്‍ ധാരാളമായി അധികരിപ്പിച്ചിരുന്നു എന്നും മറ്റൊരു മാസത്തിലും ഇത്രയധികം സുന്നത്തുനോമ്പുകള്‍ നബി(സ്വ) അനുഷ്ഠിക്കാറുണ്ടായിരുന്നില്ല എന്നും അവിടുത്തെ ഭാര്യമാര്‍ സ്ഥിരപ്പെടുത്തുന്നു. (ബുഖാരി).

രണ്ട്: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ðഅല്ലാഹു അവന്റെ സൃഷ്ടികളിലേക്ക് നോക്കുകയും സത്യവിശ്വാസികള്‍ക്ക് പൊറുത്ത്‌കൊടുക്കുകയും അവിശ്വാസികള്‍ക്ക് (സത്യവിശ്വാസം സ്വീകരിക്കാനും നന്നാകുവാനും) സാവകാശം നല്‍കുകയും ചെയ്യും.  പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവരെ അത്ഒഴിവാക്കിവരുന്നത് വരെ വിട്ടുകളയുകയും ചെയ്യും. ബഹുദൈവവിശ്വാസികളും വിദ്വേഷംവെച്ചുപുലര്‍ത്തുന്നവരുമല്ലാത്ത എല്ലാവര്‍ക്കും അവരുടെ ചെറുദോഷങ്ങള്‍ അല്ലാഹു  പൊറുത്ത്‌കൊടുക്കുമെന്ന റിപ്പോര്‍ട്ടുകളും കാണാവുന്നതാണ്. (സില്‍സിലതുസ്സ്വഹീഹ, ഹദീഥ് നമ്പര്‍ 1144). 

മൂന്ന്: ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാനെന്നും ജനങ്ങള്‍ അതില്‍ðഅശ്രദ്ധരാണെന്നും ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍  അല്ലാഹുവിലേക്ക് ഹാജറാക്കപ്പെടുന്നതിനെ ഞാനിഷ്ടപ്പെടുന്നു എന്നുമൊക്കെ വിശദമാക്കുന്നചിലറിപ്പോര്‍ട്ടുകളും ഹദീഥിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. (നസാഈ). 

ഇബ്‌നു റജബ്(റ)  ശഅ്ബാനിലെ നബി(സ്വ)യുടെ നോമ്പിനെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് പറഞ്ഞ ചിലസംഗതികള്‍ പ്രത്യേകം ശ്രദ്ധേയമാണ്: പ്രത്യേക പ്രാധാന്യമുള്ള രണ്ടു മാസങ്ങള്‍ക്കിടയില്‍ വരുന്നഒരു മാസമാണ് റജബ്. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമായ റജബിനും ക്വുര്‍ആന്‍ അവതരിച്ച വ്രതത്തിന്റെ മാസമായ റമദാനിനും ഇടയിലുള്ള മാസം. അതിനാല്‍ കുറെയാളുകള്‍ റജബ്മാസത്തിലെ സുന്നത്ത് നോമ്പിന് ശഅ്ബാനിലെ സുന്നത്ത് നോമ്പിനെക്കാള്‍ പ്രത്യേകതയുണ്ടെന്ന് കരുതി അതില്‍ വ്യാപൃതരായി. എന്നാല്‍ðവസ്തുത അങ്ങനെയല്ല. 'ജനങ്ങള്‍ അതിനെക്കുറിച്ച് അശ്രദ്ധയിലാണ്' എന്നപരാമര്‍ശം അതാണത്രെ സൂചിപ്പിക്കുന്നത്. ശ്രേഷ്ഠതയുടെയും പുണ്യത്തിന്റെയും കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചിലതിനെക്കാള്‍ മറ്റുചിലതിനായിരിക്കും വാസ്തവത്തില്‍ മഹത്ത്വമുണ്ടാവുക. അങ്ങനെയുള്ള തെറ്റുധാരണ നീക്കുകയായിരിക്കും നബി(സ്വ)യുടെ ഉദ്ദേശ്യം. സല്‍കര്‍മങ്ങളെതൊട്ട് ജനങ്ങള്‍ അശ്രദ്ധമാകുന്ന സന്ദര്‍ഭങ്ങളിലുള്ള ഇബാദത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യവും ശ്രേഷ്ഠതയുമുള്ളതായി ഹദീഥുകളില്‍ðവന്നിട്ടണ്ട്. 

മറ്റൊന്ന്, ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ടപോലെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ നോമ്പുകാരനായ നിലയില്‍ ആകുന്നതിനെ നബി(സ്വ) ഇഷ്ടപ്പെട്ടു എന്നാണ്. 

റമദാനിലെ നോമ്പിനെ പ്രയാസകരമായി അഭിമുഖീകരിക്കേണ്ടിവരാതിരിക്കാനുള്ള ഒരു പരിശീലനമെന്ന നിലയിലും വിശദീകരണങ്ങള്‍ വന്നിട്ടുണ്ട് എന്ന് ഇബ്‌നുറജബ് വിശദീകരിക്കുന്നു.  (വിശദവിവരങ്ങള്‍ക്ക് ഇബ്‌നുറജബിന്റെ 'ലത്വാഇഫുല്‍ മആരിഫ്' കാണുക).

ശഅ്ബാനിലെ ബിദ്അത്തുകള്‍

ശഅ്ബാന്‍ മാസത്തില്‍ പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും മതത്തിന്റെ പേരില്‍ ചിലര്‍ കൊണ്ടുനടക്കുന്നത് കാണാം. ശഅ്ബാന്‍ 15ന്റെ രാത്രി ഉറക്കമൊഴിച്ച് പുണ്യം പ്രതീക്ഷിച്ചിരിക്കലും പ്രത്യേക നമസ്‌ക്കാരങ്ങള്‍ നിര്‍വഹിക്കലും ആ ദിവസത്തില്‍പെരുന്നാള്‍പോലെ പ്രത്യേകമായി അണിഞ്ഞൊരുങ്ങലുമൊക്കെ സമൂഹത്തില്‍ കാണാം. ഇതിനൊന്നിനും പ്രമാണങ്ങളുടെ പിന്‍ബലമില്ല. സച്ചരിതരായ മുന്‍ഗാമികള്‍ക്കൊന്നും പരിചയമിത്തല്ലാത്ത പുത്തനാചരങ്ങളാണ് (ബിദ്അത്തുകള്‍) ഇതെല്ലാം.

ബറാഅത്ത് നമസ്‌കാരം എന്ന പേരിലുള്ള  നൂറ് റക്അത്ത് നമസ്‌കാരവും ബലാഉകള്‍ (ദുരിതങ്ങള്‍) നീങ്ങുവാനും ദീര്‍ഘായുസ്സ് ലഭിക്കാനും ദാരിദ്ര്യം മാറുവാനുമൊക്കെ എന്ന പേരില്‍ നിര്‍വഹിക്കപ്പെടുന്നആറ് റക്അത്ത് നമസ്‌കാരവും പ്രത്യേക ദുആയോടുകൂടി അന്ന് യാസീന്‍ ഓതലും ആയിരം മാസത്തെക്കള്‍ ഉല്‍കൃഷ്ടമെന്ന് ക്വുര്‍ആന്‍ പറഞ്ഞ അനുഗൃഹീതരാവ് (ലൈലതുന്‍ മുബാറക) ഇതാണെന്നും മറ്റുള്ള വിശ്വാസങ്ങളും അന്നേദിവസം പ്രത്യേക ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യലുമെല്ലാം നബി(സ്വ) യുടെ മാതൃകയില്ലാത്ത പുത്തനാചരങ്ങളാണ്. അഥവാ ഇസ്‌ലാംദീന്‍ പഠിപ്പിക്കാത്ത കാര്യങ്ങളാണ്. 

ശഅ്ബാന്‍ പകുതിക്ക് ശേഷമുള്ള  നോമ്പ്

ശഅ്ബാന്‍ പകുതിക്ക് ശേഷം പ്രത്യേകമായി നോമ്പെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹദീഥുകള്‍ നബി(സ്വ)യില്‍ നിന്ന്സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ''ശഅ്ബാന്‍ പകുതിയായിക്കഴിഞ്ഞാല്‍ð പിന്നീട് റമദാന്‍ വരെ നിങ്ങള്‍ നോമ്പെടുക്കരുത്.'' 

എന്നാല്‍ അയ്യാമുല്‍ ബീള് (ഹിജ്‌റ മാസത്തിലെ 13,14,15 തീയതികള്‍) തിങ്കള്‍, വ്യാഴം പോലുള്ള ദിവസങ്ങളില്‍ സാധാരണയായി നോമ്പെടുക്കുന്ന ഒരാള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  അപ്രകാരം നോമ്പ് നോറ്റ് വീട്ടാന്‍ ബാക്കിയുള്ളതോ നേര്‍ച്ചയുള്ളതോ ആയ നോമ്പുകളും ഈ വിലക്കിന്റെ പരിധിയില്‍ വരുന്നതല്ല. 

മതത്തെ പ്രമാണബദ്ധമായി മനസ്സിലാക്കാനും അതനുസരിച്ച് ജീവിച്ച് നബി(സ്വ)യോടൊപ്പം സ്വര്‍ഗത്തില്‍ ഒത്തുചേരാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault