സന്താനം സ്രഷ്ടാവിന്റെ സമ്മാനം

ശമീര്‍ മദീനി

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2
''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42:49,50).

സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷമാകുമ്പോഴേക്കും മക്കളുണ്ടാവാതിരുന്നാല്‍ ചില ദമ്പതികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളും വിഷമങ്ങളും നാം കാണാറുള്ളതാണ്. വീണ്ടുമത് ദീര്‍ഘിച്ചുപോയാല്‍ നിരാശരായി ആത്മഹത്യക്ക് വരെ മുതിരുന്ന അവസ്ഥാ വിശേഷവും കുറവല്ല. തനിക്ക് പിന്തുടര്‍ച്ചക്കാരുണ്ടാകുവാനുള്ള മനുഷ്യന്റെ നിഷ്‌കളങ്കളമായ കൊതിയാണ് നമുക്കവിടെ ദര്‍ശിക്കുവാന്‍ കഴിയുന്നത്. ദൈവികസന്ദേശങ്ങളുടെ വാഹകരായിരുന്ന മാതൃകാപുരുഷന്മാരായ പ്രവാചകന്മാര്‍ പോലും സന്താനങ്ങള്‍ക്കായി കൊതിക്കുകയും ക്ഷമയോടെ പ്രാര്‍ഥിക്കുകയും ചെയ്തതായി ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.

''അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാ ണല്ലോ എന്ന് അദ്ദേഹം പറഞ്ഞു''(3:38).

മറ്റൊരു പ്രവാചകനായ ഇബ്‌റാഹീം(അ) പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്:

''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ'' (37:100).

മക്കളെ ദൈവത്തിന്റെ ദാനമായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തിയത്. അത് കൊണ്ട് നന്ദിയോടെ അതിനെ സ്വീകരിക്കാന്‍ കഴിയണം. ആണായാലും പെണ്ണായാലും അതില്‍ സംതൃപ്തിയും സന്തോഷവുമാണ് നന്ദിയുള്ള ദാസന്മാര്‍ക്ക് വേണ്ടത്. മറിച്ച് നമ്മുടെ ആഗ്രഹത്തിന് വിരുദ്ധമായി പിറക്കാനിരിക്കുന്നത് പെണ്ണാണെന്നറിഞ്ഞാല്‍ (ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗനിര്‍ണയം നടത്തി) ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടുള്ള ഭ്രൂണഹത്യകള്‍ ഇസ്‌ലാമിക ദൃഷ്ട്യാ കൊടും ക്രൂരതയും പാപവുമാണ്. പെണ്‍കുഞ്ഞ് പിറക്കുന്നത് അപമാനമായി കണ്ടിരുന്ന ഒരു കാലത്ത് നബി(സ്വ) പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ''ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നത് വരെ സംരക്ഷിച്ച് വളര്‍ത്തിയാല്‍ പരലോകത്ത് അയാള്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും'' (മുസ്‌ലിം). 

പെണ്‍മക്കള്‍ക്ക് ജനിക്കാനുള്ള അവസരം പോലം നിഷേധിച്ചുകൊണ്ട് ഭ്രൂണഹത്യക്ക് മുതിരുന്ന ആധുനിക തലമുറയും ഈ പ്രവാചകവചനം ഓര്‍ക്കേണ്ടതുണ്ട്. മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പെണ്ണും ആണും വിരൂപികളുമൊക്കെയായി സന്താനങ്ങള്‍ പിറക്കുമ്പോള്‍ ദൈവത്തിന്റെ നിശ്ചയവും തീരുമാനവുമാണവിടെ നടക്കുന്നതെന്നും മനുഷ്യന്റെ ദുര്‍ബലതയും നിസ്സഹായതയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. 

അതിനാല്‍ സന്താനങ്ങളില്ലാത്തവര്‍ തങ്ങളുടെ സന്താന മോഹങ്ങള്‍ പൂവണിയുന്നതിന് ദുര്‍ബലരായ സൃഷ്ടികളോട് പ്രാര്‍ഥിക്കുകയോ അവരുടെ സമാധികളിലേക്ക് നേര്‍ച്ച വഴിപാടുകളര്‍പ്പിക്കുകയോ അല്ല, പ്രത്യുത ദൈവദൂതന്മാരുടെ വിശുദ്ധപാത പിന്‍പറ്റി സര്‍വശക്തനായ അല്ലാഹുവിനോട് നിഷ്‌കളങ്കമായി പ്രാര്‍ഥിക്കുകയാണ് വേണ്ടത്.

0
0
0
s2sdefault