സംവരണം വീണ്ടും അട്ടിമറിക്കപ്പെടുകയോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13
സാമൂഹികപരമായ കാരണങ്ങള്‍ കൊണ്ട് പിന്നാക്കം പോയവരെ ഇതര ജനവിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ വേണ്ടി ക്രാന്തദര്‍ശിത്വമുള്ള രാഷ്ട്ര ശില്‍പികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയതാണ് ഇന്ത്യയുടെ സംവരണനയം. എന്നാല്‍ രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായോ പക്ഷപാതപാരമായോ ഇതിനെ സമീപിക്കുന്ന ഭരണകര്‍ത്താക്കള്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. സംവരണത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചയില്‍ ശ്രദ്ധേയമായ ഇടപെടല്‍.

കേരളം വീണ്ടും സംവരണം ചര്‍ച്ച ചെയ്യുകയാണ്. ഹൈന്ദവ സമുദായത്തിന് മാത്രം പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡില്‍ ഹിന്ദു സമുദായത്തിലെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് സംവരണ ചര്‍ച്ചയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. ഹൈന്ദവ സമുദായവുമായി മാത്രം ബന്ധമുള്ള ഒരു വിഷയമെന്ന് ബാഹ്യതലത്തില്‍ തോന്നിയേക്കാമെങ്കിലും ഹൈന്ദവരിലെ പിന്നാക്കക്കാരുടെയും മുസ്‌ലിംകള്‍ അടക്കമുള്ള മറ്റു സംവരണ സമുദായാംഗങ്ങളുടെയും സംവരണാനുകൂല്യങ്ങളെ ഒരുപോലെ ബാധിക്കുന്ന തീരുമാനമാണതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യമാവും. ജാതീയമായ തൊട്ടുകൂടായ്മകൊണ്ടും വര്‍ണാശ്രമം ഭാരതീയസമൂഹത്തില്‍ ചെലുത്തിയ ദുഃസ്വാധീനങ്ങള്‍ കൊണ്ടും സവര്‍ണവിഭാഗങ്ങളുടെ അധീശത്വം കൊണ്ടും പിന്നാക്കം പോയ സമുദായങ്ങളെ ഭരണ ഉദ്യോഗ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവരാന്‍ ഭരണഘടന ശില്‍പികള്‍ തന്നെ രൂപകല്‍പന ചെയ്ത തത്ത്വമാണ് സംവരണം. വരേണ്യ വര്‍ഗങ്ങള്‍ മാത്രം കയ്യടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്കവിഭാഗങ്ങളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം നല്‍കി സാമൂഹികസന്തുലിതത്ത്വം നടപ്പാക്കാനുള്ള ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ സംവരണമെന്ന ആശയം അംഗീകരിക്കപ്പെട്ടത്. സാമുദായികമായി നിശ്ചയിക്കപ്പെട്ട ഈ സംവരണാനുകൂല്യത്തില്‍ വെള്ളം ചേര്‍ത്ത് അതിലേക്ക് സാമ്പത്തിക പിന്നാക്കാവസ്ഥയെ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ഇപ്പോഴത്തെ ശ്രമം വരും ദിവസങ്ങളില്‍ കേരളത്തിന്റെ സാമൂഹികതലങ്ങളില്‍ ശക്തമായ ചര്‍ച്ചകളാലും പ്രതിഷേധങ്ങളാലും മുഖരിതമാവുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്‌ലിം െ്രെകസ്തവ സംഘടനകളും പട്ടികജാതി പട്ടിക വര്‍ഗ ഈഴവ സമുദായങ്ങളുമൊക്കെ ഇതിനകം മുഖ്യമന്ത്രിയെ കണ്ടു അവരുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 

ഭരണഘടന ശില്‍പികള്‍ സംവരണത്തിന് നല്‍കിയ നിര്‍വചനങ്ങളും പ്രയോഗവല്‍ക്കരണത്തിനായി രാഷ്ട്രം ഇന്നേ വരെ സ്വീകരിച്ച മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക സമീപനങ്ങളും മനസ്സിലാക്കാതെ സാമ്പത്തികമായി കഷ്ടപ്പെടുന്നവര്‍ക്കുള്ള കേവലമൊരു ആനുകൂല്യമായി സംവരണത്തെ വ്യാഖ്യാനിക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംവരണവും സാമ്പത്തികമായ നിമ്‌നോന്നതികളും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാജ്യത്തെ ജാതിവ്യവസ്ഥയുടെ ഭാഗമായി ഉല്‍ഭൂതമായ പിന്നാക്കാവസ്ഥയെ മറികടക്കാനും അടിച്ചമര്‍ത്തലുകള്‍ കാരണമായി അന്തസ്സും ആഭിജാത്യവും നഷ്ടപ്പെട്ട സമൂഹങ്ങള്‍ക്ക് അവ വീണ്ടെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംവരണത്തിലൂടെ രാഷ്ട്രം ലക്ഷ്യമാക്കിയിട്ടുള്ളത്. ബുദ്ധമതത്തെ തകര്‍ത്ത് ബ്രഹ്മണിസം കേരളത്തിന്റെ സാമൂഹികമണ്ഡലത്തെ കീഴ്‌പ്പെടുത്തുകയും ഭരണ ഉദ്യോഗസ്ഥ മേഖലകളെ കയ്യടക്കുകയും ചെയ്തത് ഒരു ചരിത്രമാണ്. നായര്‍ സമുദായത്തിന് പോലും പ്രാതിനിധ്യം നല്‍കാതെ കേരളത്തിലെ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരടക്കമുള്ള കേരളത്തിന് പുറത്തുള്ള സവര്‍ണരും കേരളത്തിലെ ഉേദ്യാഗസ്ഥമേഖലയെ കുത്തകയാക്കി വെച്ചപ്പോഴായിരുന്നു തിരുവിതാംകൂറില്‍ ഉദ്യോഗസ്ഥ രംഗങ്ങളില്‍ മലയാളികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ആവശ്യവുമായി 1891ല്‍ മലയാളികള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാളിനു മെമ്മോറാണ്ടം നല്‍കിയത്. 'മലയാളി മെമ്മോറിയല്‍' എന്ന പേരിലറിയപ്പെടുന്ന ഈ നിവേദനത്തില്‍ ജാതി മത പരിഗണന കൂടാതെ ഉദ്യോഗസ്ഥ രംഗങ്ങളില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ മലയാളി മൊമ്മോറിയലിന്റെ ഗുണങ്ങള്‍ നായര്‍ സമുദായത്തിന് മാത്രം അനുഭവിക്കാനായിരുന്നു യോഗം. ഹൈന്ദവ വിഭാഗങ്ങളില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതലുള്ള ഈഴവ സമുദായം അകറ്റി നിര്‍ത്തപ്പെടുകയുണ്ടായി. ബ്രിട്ടനില്‍ പോയി വൈദ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടിയ ഡോ: പത്മനാഭ പല്‍പുവിനോട് ഈഴവസമുദായക്കാരനായത് കൊണ്ടുമാത്രം 'കുലത്തൊഴില്‍' ചെയ്താല്‍ മതിയെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് നിര്‍ദേശിച്ചിരുന്നുവെന്നു പ്രമുഖ ചരിത്രകാരന്‍ ഡോ: എം.എസ് ജയപ്രകാശ് രേഖപ്പെട്ടുത്തുന്നു. ഇതിനെത്തുടര്‍ന്നാണ് 1896ല്‍ ഡോ: പല്‍പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിനു ഹര്‍ജി നല്‍കുകയുണ്ടായി. ഇതാണ് ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈഴവസമുദായത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഡോ: പല്‍പുവാണ് 1903ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം (എസ്.എന്‍.ഡി.പി) സ്ഥാപിച്ചത്. 

പക്ഷെ കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും പരിഹരിക്കപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാര്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 1888ല്‍ ചില നാട്ടുരാജ്യങ്ങള്‍ക്ക് നിയമനിര്‍മ്മാണസഭകള്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കി. തിരുവിതാംകൂറില്‍ നിയമ നിര്‍മ്മാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവകാശം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായര്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നല്‍കപ്പെട്ടിരുന്നത്. ജനസംഖ്യയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു. 1933ല്‍ ഇതിനെതിരെ ഈഴവ മുസ്‌ലിം ക്രിസ്ത്യന്‍ ജനവിഭാഗം ഒന്നിച്ചു പ്രക്ഷോഭം നയിച്ചു. ഇതാണ് നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ അറിയപ്പെടുന്നത്. ദിവാനായിരുന്ന സര്‍ സി.പി നിവര്‍ത്തന പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും വെല്ലസ്ലി പ്രഭുവിന്റെ ഇടപെടല്‍ വഴി പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ എല്ലാ സമുദായക്കാര്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസിലേക്ക് കഴിവും, സമുദായ മുന്‍ഗണനയും പരിഗണിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്തു. ഈഴവര്‍, ക്രൈസ്തവര്‍, മുസ്‌ലിംകള്‍ എന്നിവര്‍ക്ക് നിയമസഭയിലെ നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ക്കുപുറമെ സ്വന്തം സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഏറെക്കുറെ സാധൂകരിക്കപ്പെട്ടു. മാത്രവുമല്ല, ഈ പ്രക്ഷോഭമാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പി.എസ്.സി)യുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് സംവരണം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം മാത്രം ആവിഷ്‌കരിക്കപ്പെട്ടതല്ലെന്നും അത് സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കുന്നതിന് വേണ്ടി സംവിധാനിച്ചതല്ലതല്ലെന്നുമുള്ള യാഥാര്‍ഥ്യങ്ങളാണ്. 

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യത്തെ ദളിത് വിഭാഗങ്ങളും മുസ്‌ലിംകള്‍ അടക്കമുള്ള മറ്റു പിന്നാക്കവിഭാഗങ്ങളും അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ഭരണഘടനാ ശില്‍പികള്‍ മനസ്സിലാക്കി. സവര്‍ണമേധാവിത്ത്വത്തിന്റെ പിടിയിലായിരുന്ന ഉദ്യോഗസ്ഥഭരണ മേഖലകളിലേക്ക് പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ച് കൊണ്ടുവരുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചെങ്കില്‍ മാത്രമേ സാമൂഹിക സന്തുലിതത്വം സാധ്യമാവൂ എന്നും അപ്പോള്‍ മാത്രമേ ഓരോ ഇന്ത്യക്കാരും സ്വപ്‌നം കണ്ടിരുന്ന യഥാര്‍ഥ സ്വാതന്ത്ര്യം പുലരുകയുള്ളൂവെന്നും അവര്‍ മനസ്സിലാക്കി. സവര്‍ണരുടെ ഒട്ടേറെ പീഡനങ്ങള്‍ സ്വജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ഡോ: ബാബ സാഹേബ് അംബേദ്കര്‍ ഭരണഘടനാ രൂപീകരണത്തിന് നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഇത് സംബന്ധമായി അദ്ദേഹത്തിന്റെ വാദങ്ങള്‍ അവതരിപ്പിച്ചു. ഒടുവില്‍ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായങ്ങള്‍ക്ക് സംവരണം അനുവദിക്കണമെന്ന കാര്യം ഭരണഘടനയില്‍ സ്ഥിരപ്രതിഷ്ഠ നേടി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ 15ാം അനുച്ഛേദം സംവരണം ഉറപ്പുവരുത്തുന്നുണ്ട്. സാമുദായിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്നാണ് ഭരണഘടന പറയുന്നതെന്ന് ഇതില്‍ നിന്നും വളരെ വ്യക്തമാണ്. 

ഇങ്ങനെ സാമുദായികമായി വിന്യസിക്കപ്പെട്ടിരിക്കുന്ന സംവരണത്തിന്റെ ആനുകൂല്യം പറ്റാനും പിന്നീട് കാലങ്ങള്‍ കൊണ്ട് സാമുദായിക സംവരണത്തെ ഇല്ലായ്മ ചെയ്യാനും വരേണ്യ വര്‍ഗങ്ങള്‍ പതിറ്റാണ്ടുകളായി തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. സംവരണപ്പട്ടികയിലേക്ക് കടന്നുകൂടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി അല്‍പം മെച്ചപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും സംവരണത്തിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തുവാനാണ് ആദ്യമായി ഇവര്‍ പരിശ്രമിച്ചത്. 'ക്രീമിലെയര്‍' എന്ന സാങ്കേതികപദം ഇതിന്റെ ഭാഗമായി അവതരിച്ചതാണ്. 'പാല്‍പാട' എന്നര്‍ഥം വരുന്ന ഈ പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പിന്നാക്കസമുദായത്തിലെ സാമ്പത്തികമായി സുസ്ഥിതി കൈവരിച്ചവരാണ്. സംവരണത്തെ സാമ്പത്തിക നേട്ടങ്ങളുടെ ഉപാധിയായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് ഒട്ടൊക്കെ സാധിച്ചുവെന്നത് നേരാണ്. രാജ്യത്തെ നിയമ നിര്‍മ്മാണസഭകളിലും കോടതികളിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തു. അങ്ങനെ ക്രീമിലെയറിനു തത്വത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. ഭരണഘടനയുടെ 16(4) വകുപ്പ് ഭേദഗതി ചെയ്യാതെ സംവരണതത്വങ്ങളില്‍ മായം ചേര്‍ക്കാന്‍ ഒരു കോടതിക്കോ സര്‍ക്കാരിനോ സാധ്യമല്ല. പക്ഷെ ക്രീമിലെയറിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഈ വകുപ്പ് ഭേദഗതി ചെയ്യാതെ തന്നെ ചില നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ഇതൊരു സാധാരണ വിധിന്യായമല്ല. കേരള നിയമസഭാ നേരത്തെ പാസാക്കിയ സംവരണ സംരക്ഷണ നിയമത്തെ അസാധുവാക്കിക്കൊണ്ട് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി കോടതി നിര്‍മ്മിച്ച് സര്‍ക്കാരിനോട് നടപ്പാക്കാന്‍ ആവശ്യപ്പെട്ട രേഖയായിരുന്നു അത്. അവര്‍ണര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിതി ഉണ്ടായാലും അവര്‍ ഉദ്യോഗ-ഭരണ തലങ്ങളില്‍ പ്രവേശിക്കുന്നത് തടുത്തു നിര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് ക്രീമിലെയര്‍ നിയമത്തിന്റെ പിറകിലുള്ളത്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു ഈഴവനായിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ അതിസമ്പന്നനായിരുന്നുവെങ്കിലും അസ്പൃശ്യനായിരുന്നതിനാല്‍ എല്ലാ പൊതുനിരത്തുകളിലൂടെയും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം 'ക്രീമിലെയര്‍' ആയിരുന്നു. പക്ഷെ ജാതീയമായ വേര്‍തിരിവ് കാരണം അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിഷമതകള്‍ അനുഭവിക്കേണ്ടി വന്നു. ഈഴവര്‍ എത്ര സമ്പന്നരായിരുന്നാലും അവരുടെ കുലത്തൊഴിലായ കള്ളുചെത്തും കയര്‍പിരിയും കൊണ്ടു മാത്രം അവര്‍ ജീവിച്ചാല്‍ മതിയെന്നാണ് സവര്‍ണര്‍ പറഞ്ഞിരുന്നത്. സാമ്പത്തികമായി ഉയര്‍ന്നാല്‍ സംവരണം പാടില്ലെന്ന് പറയുകയും അതെ സമയം സമ്പന്നരാണെങ്കില്‍ പോലും കുലത്തൊഴില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നു പറയുകയും ചെയ്യുക. സവര്‍ണമേധാവിത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നത്. ഒരു കീഴ്ജാതി പിന്നാക്ക സമുദായമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ ആ സമുദായത്തിലെ എല്ലാവരും ധനിക ദരിദ്ര ഭേദമന്യേ സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ്. അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്നു സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ സംവരണം നല്‍കണം എന്നാണു 16(4) വകുപ്പ് അനുശാസിക്കുന്നത്. അവരെ സാമ്പത്തികാടിസ്ഥാനത്തില്‍ വിഭജിച്ച് രണ്ടു തട്ടുകളാക്കി ഒരേ സംവരണ നിയമത്തെ രണ്ടു തരത്തില്‍ നടപ്പിലാക്കുമ്പോള്‍ അത് ഒരു വിഭാഗത്തിനെതിരായ വിവേചനപരമായ നടപടിയായിട്ടേ കരുതാനാവൂ. അങ്ങനെ ചെയ്യുന്നത് നിയമത്തിനു മുമ്പില്‍ സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാവുകയും ചെയ്യും. 

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന സാമ്പത്തിക സംവരണവാദം ആദ്യമായി ഉയര്‍ത്തിയത് 1958ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായിരുന്ന ഭരണപരിഷ്‌ക്കാര കമ്മറ്റിയായിരുന്നു. സാമ്പത്തികമായ പരാധീനതകള്‍ അനുഭവിക്കുന്നവര്‍ എല്ലാ സമുദായങ്ങളിലും ഉണ്ടെന്നിരിക്കെ അതിനെ സംവരണവുമായി കൂട്ടിക്കെട്ടേണ്ട യാതൊരു ആവശ്യവുമില്ല. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ആവശ്യമായ മറ്റു സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു പകരം സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ക്കുകയല്ല വേണ്ടത്. പിന്നാക്കക്കാരിലെ ക്രീമിലെയറിനു സംവരണം നിഷേധിക്കുകയും മുന്നാക്കക്കാരിലെ 'പിന്നാക്കക്കാരെ' കുടിയിരുത്തുകയും ചെയ്തുകൊണ്ട് സംവരണസമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വരേണ്യവര്‍ഗങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്നത് സ്വാഭാവിക നീതി നിഷേധിക്കലാണ്. ഒട്ടകത്തിന് സ്ഥലം അനുവദിച്ച അറബിയുടെ കഥ പോലെ ഒടുവില്‍ സംവരണ സമുദായങ്ങള്‍ സംവരണകൂടാരത്തില്‍ നിന്ന് പുറത്തുപോവുകയും 'വരേണ്യ ഒട്ടകങ്ങള്‍' കൂടാരത്തില്‍ സ്വതന്ത്രമായി മേയുകയും ചെയ്യുന്ന സ്ഥിതിവിശേഷമായിരിക്കും സംജാതമാവുക. 

സംവരണം 'ശരി'യല്ലെന്നു കണ്ടെത്തിയ ഇ.എം.എസ് കമ്മറ്റി പറഞ്ഞ പ്രധാന ന്യായം സംവരണം വഴി ഉദ്യോഗത്തിലെത്തുന്നവര്‍ക്ക് കാര്യക്ഷമത ഉണ്ടാവില്ല എന്ന ന്യായമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതി, ഭരണപങ്കാളിത്തം തുടങ്ങിയ അടിസ്ഥാനവിഷയങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് കാര്യക്ഷമത, നിലവാരം തുടങ്ങിയ ന്യായങ്ങളായിരുന്നു കമ്മറ്റി സാമ്പത്തിക സംവരണത്തിനു വേണ്ടി ഉന്നയിച്ച വാദങ്ങള്‍. മെറിറ്റോ റാങ്കോ കൂടിയാല്‍ കാര്യക്ഷമത കൂടുമെന്നു സിദ്ധാന്തിക്കുന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിനു ശേഷം കുറേക്കാലം മെറിറ്റിലൂടെ മാത്രമായിരുന്നു ഉത്തര്‍പ്രദേശും ബീഹാറും അടക്കമുള്ള ചില ഉത്തരേന്ത്യന്‍ സംസഥാനങ്ങള്‍ ഉദ്യോഗനിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സംവരണാടിസ്ഥാനത്തില്‍ ആയിരുന്നു നിയമനങ്ങള്‍ നടത്തിയിരുന്നത്. പക്ഷെ കാര്യക്ഷമതയുടെയും നിലവാരത്തിന്റെയും കാര്യത്തില്‍ ഉത്തര്‍പ്രദേശിനും ബീഹാറിനും മുകളിലാണ് കേരളവും തമിഴ്‌നാടും കര്‍ണാടകയുമെന്നത് ഏവരാലും അംഗീകരിക്കപ്പെട്ടതാണ്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത് കൊണ്ട് മെറിറ്റിലും റാങ്കിലും എത്തിപ്പെടാന്‍ സാധിക്കാതെ വന്നവരില്‍ ധിഷണയും നൈപുണ്യവുമുമൊന്നും ഇല്ലെന്നു വിലയിരുത്തുന്നത് നീതിബോധമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിക്കുന്ന കുട്ടികളെക്കാള്‍ പ്രയോഗികതലങ്ങളില്‍ മാര്‍ക്ക് കുറഞ്ഞവര്‍ കഴിവ് തെളിയിച്ചതിന്റെ ഉദാഹരണങ്ങള്‍ ധാരാളമാണ്. 

മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ സംവരണത്തിന് അര്‍ഹരാണോ എന്നും രാജ്യം സ്വതന്ത്രമായി 70 വര്‍ഷം പിന്നിട്ടിട്ടും എന്തിനാണ് സംവരണം തുടരുന്നതെന്നും ചോദിക്കുന്നവരുണ്ട്. ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമേ സംവരണം ലഭിച്ചുവന്നിരുന്നുള്ളൂ. മുസ്‌ലിംകള്‍ അടക്കമുള്ള ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ സംവരണം ലഭിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ പിന്നാക്കവിഭാഗങ്ങളുടെ സംവരണത്തെ കുറിച്ച് പഠിക്കാന്‍ നിശ്ചയിക്കപ്പെട്ട കാക കാലേല്‍ക്കര്‍ കമ്മീഷന്‍ 1955ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഒ.ബി.സി സംവരണം പാടില്ലെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റു ഒ.ബി.സി സംവരണം തടഞ്ഞു വെച്ചിരുന്നു. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബി.പി മണ്ഡല്‍ 1979ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒ.ബി.സി സംവരണമെന്ന നിര്‍ദേശം വീണ്ടും ഉയര്‍ന്നു വന്നത്. ഹിന്ദു സമുദായത്തില്‍ എത്ര ശതമാനം ഒ.ബി.സിയുണ്ടോ അത്രയും ശതമാനം മുസ്‌ലിംകള്‍ക്കിടയിലും ഒ.ബി.സിയുണ്ടെന്ന നിലപാടാണ് മണ്ഡല്‍ സ്വീകരിച്ചത്. പക്ഷേ, ആ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴേക്കും മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് പോയി പകരം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നു. അവര്‍ക്കും അത് നടപ്പാക്കാന്‍ സാധിച്ചില്ല. പിന്നീട് 1990ല്‍ വി.പി സിംഗിന്റെ ജനതാ ഗവണ്‍മെന്റാണ് മണ്ഡല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത്. അങ്ങനെ അത് പഠിച്ച് സംസ്ഥാന തലങ്ങളില്‍ നടപ്പിലാക്കാന്‍ കമീഷനുകള്‍ നിലവില്‍ വന്നു. അവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. അങ്ങനെ 1994-95ലാണ് ആദ്യമായി ഒ.ബി.സി സംവരണം പ്രായോഗികമായി നടപ്പാക്കുന്നത്. അപ്പോള്‍ ഒ.ബി.സി സംവരണം നടപ്പിലാക്കിയിട്ട് വെറും 22 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നു ചുരുക്കം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒ.ബി.സിക്ക് സംവരണം നടപ്പിലാക്കിയത് 2006ല്‍ അര്‍ജുന്‍സിംഗ് മാനവ വിഭവശേഷി മന്ത്രിയായിരിക്കുമ്പോള്‍ ആണ്. കേവലം പത്ത് വര്‍ഷം മുമ്പ് മാത്രം. അപ്പോള്‍ അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയുന്ന സംവരണം എസ്.സി/എസ്.ടി വിഭാഗക്കാരുടേത് മാത്രമാണ്. ഇത് ബോധപൂര്‍വം മറച്ചുവെച്ചാണ് കഴിഞ്ഞ 70 വര്‍ഷമായി സംവരണം തന്നില്ലേ എന്ന ചോദ്യം സംവരണ വിരുദ്ധര്‍ ഉയര്‍ത്തുന്നത്. ഈ കുറഞ്ഞ കാലയളവില്‍ ഈ സംവരണം കൊണ്ട് പിന്നാക്ക വിഭാഗക്കാര്‍ എവിടെ എത്തി എന്ന കണക്കും പരിശോധിക്കേണ്ടതാണ്. 2015 ലെ റിപ്പോര്‍ട്ട് പ്രകാരം 54 ശതമാനമുള്ള ഇന്ത്യയിലെ സംവരണ പിന്നാക്ക വിഭാഗങ്ങള്‍ വെറും എട്ട് ശതമാനം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ എത്തിയത്. ഇതിനര്‍ഥം സാമുദായിക സംവരണം വെള്ളം ചേര്‍ക്കപ്പെടാതെ ഇനിയും പതിറ്റാണ്ടുകള്‍ തുടര്‍ന്നെങ്കില്‍ മാത്രമേ 8 ശതമാനത്തില്‍ നിന്നും 54 ശതമാനത്തിലേക്ക് കടന്നുകയറാന്‍ സാധിക്കുകയുള്ളൂ. 

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ സാമുദായിക സംവരണത്തിലേക്ക് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികപിന്നാക്കം അനുഭവിക്കുന്നവരെ കൂട്ടിച്ചേര്‍ക്കുന്നതും പിന്നാക്ക സമുദായങ്ങളിലെ 'സമ്പന്നര്‍' എന്ന് പറയപ്പെടുന്നവരെ 'പാല്‍പാടക്കാര്‍' എന്ന് വിളിച്ചുകൊണ്ട് സംവരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും ഭരണഘടനാ വിരുദ്ധമാണെന്നു നമുക്ക് ബോധ്യമാകും. അതെ സമയം സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഭരണഘടനാപരമായി ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ അവ വേണ്ടവിധം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ജനറല്‍ മെറിറ്റില്‍ തന്നെ കയറിക്കൂടാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും അതെ സമയം റിസര്‍വേഷനില്‍ പറയപ്പെട്ടിട്ടുള്ള തസ്തികകളില്‍ കയറിക്കൂടി രാഷ്ട്രസേവനത്തിലൂടെ മുഖ്യധാരയില്‍ എത്തേണ്ടതുമുണ്ട്. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്കവിഭാഗങ്ങളില്‍ നിന്നും രാജ്യത്തിന്റെ ഉന്നത ശ്രേണികളിലും തസ്തികകളിലും എത്തിയിട്ടുള്ളവരുടെ എണ്ണം വളരെ കുറവാണ്. മുഖ്യധാരയിലേക്ക് കടന്നുചെല്ലാനുള്ള വിമുഖത ഒഴിവാക്കുവാനും സംവരണം വേണ്ടവിധം ഉപയോഗപ്പെടുത്താനും സമുദായ സംഘടനകള്‍ അവരുടെ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്.

സംവരണസമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്മേല്‍ കൈവെച്ചുകൊണ്ടല്ല സര്‍ക്കാരുകള്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. സാമ്പത്തികവൈഷമ്യം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. ഹൈന്ദവ സമുദായത്തിലെ ജാതിവ്യവസ്ഥ ഇല്ലായ്മ ചെയ്യുകയും രാജ്യത്തെ ന്യൂനപക്ഷ ദുര്‍ബ്ബല വിഭാഗങ്ങളോട് മാതൃകാനുസാരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സാമുദായിക സംവരണമില്ലാത്ത ഏകാത്മകമായ ഒരു ജനതയായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് മതരാഷ്ട്രീയഭരണസാമൂഹിക മണ്ഡലങ്ങളിലെ നേതൃത്വങ്ങള്‍ക്ക് ഉണ്ടാവേണ്ടത്.

0
0
0
s2sdefault