സമയത്തിന്റെ വിലയറിഞ്ഞ്‌ ജീവിക്കുക

നാസിർ ബാലുശ്ശേരി

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ഒരു നിമിഷംകൊണ്ട്‌ എന്തു ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ കഴിയില്ലെന്ന്‌ ഒരാൾ പറഞ്ഞാൽ അയാളെക്കാൾ വലിയ ഒരു പോയത്തക്കാരൻ ഈ ഉലകത്തിലില്ലെന്ന്‌ പറയേണ്ടിവരും. കാരണം വിവരസാങ്കേതിക വിദ്യയുടെ നെറുകയിലിരിക്കുന്ന ആധുനിക മനുഷ്യന്‌ ഒരു സെക്കന്റുകൊണ്ട്‌ അനന്ത സാധ്യതകളുള്ള പല പ്രവർത്തനങ്ങളും നിഷ്പ്രയാസം ചെയ്യാൻ സാധിക്കും. തന്റെ പോക്കറ്റിലുള്ള ഒരു ആൻഡ്രോയിഡ്‌ ഫോണോ തന്റെ മേശപ്പുറത്ത്‌ സ്ഥാപിച്ചിട്ടുള്ള കംപ്യൂട്ടറോ സമർഥമായി പ്രയോജനപ്പെടുത്തി ലോകത്തുടനീളം നന്മയുടെ മൊഴിമുത്തുകൾ വാരിവിതറാൻ അവനു സാധിക്കും. ലക്ഷക്കണക്കിന്‌ ആളുകൾ ആ സന്ദേശം സ്വീകരിച്ച്‌ നന്മയുടെ പൊൻകതിരുകൾ വിരിയുന്ന കോടിണക്കിന്‌ ചന്തമേറിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യും.

അതേപ്രകാരം തന്നിലൂടെ പുറത്തുവരുന്ന ഒരു വിഷവചനത്തിലൂടെയോ ആധുനിക സങ്കേതങ്ങളുടെ തെറ്റായ ഉപയോഗപ്പെടുത്തലിലൂടെയോ അനേകായിരം മനുഷ്യമക്കളെകൊന്നൊടുക്കാനും തലമുറതലമുറയായി നീണ്ടുനിൽക്കുന്ന മഹാമാരികൾ വാരിവിതറാനും മനുഷ്യനിന്നു സാധിക്കും. ജീവിതത്തിലെ ഓരോ നിമിഷവും ചെയ്യുന്ന ഓരോ പ്രവർത്തനവും വിലപ്പെട്ടതാണെന്നർഥം. അതുകൊണ്ട്‌ നാം സമയത്തെപ്പറ്റിയും നമ്മുടെ ചെയ്തികളെപ്പറ്റിയും ബോധവാന്മാരാകണം.

നമ്മുടെ അനുമതിയോ അറിവോ അപേക്ഷയോ ഇല്ലാതെ മഹത്തായ ഈ ജീവിതത്തെ സമ്മാനിച്ച രക്ഷിതാവിനെയോർത്ത്‌ സദ്‌വചനങ്ങളിലൂടെയും സൽകർമങ്ങളിലൂടെയും ഓരോ നിമിഷത്തെയും സമ്പന്നമാക്കണം. അക്രമത്തിന്റെയും അധർമത്തിന്റെയും അനാശാസ്യപ്രവർത്തനങ്ങളുടെയും മേഖലകളിൽനിന്നും പരിപൂർണമായും അകന്നു നിൽക്കണം. ഒരു ദിനം അസ്തമിച്ചൊടുങ്ങുമ്പോൾ ശരിയാംവിധം മൂല്യനിർണയം നടത്തണം. ജീവിതത്തിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോൾ പൂർവഘട്ടങ്ങളിൽ ചെയ്ത നന്മകളെ ഓർത്തെടുക്കാനും ആത്മനിർവൃതിയോടെ സ്വർഗത്തെ സ്വപ്നം കാണാനും നമുക്ക്‌ സാധിക്കണം. അങ്ങനെയുള്ളവനാണ്‌ ശരിയായ വിശ്വാസി.

ആകാശം പൊട്ടിപ്പിളരുമ്പോൾ, നക്ഷത്രങ്ങൾ ഉതിർന്നു വീഴുമ്പോൾ, പർവതങ്ങൾ ഇടിച്ചു പൊടിക്കപ്പെടുമ്പോൾ...നിർഭയനായി റബ്ബിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാനായ സത്യവിശ്വാസി.

“തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ. അവരതിൽ നിത്യവാസികളായിരിക്കും. അതിൽ നിന്ന്‌ വിട്ട്‌ മാറാൻ അവർ ആഗ്രഹിക്കുകയില്ല. നബിയേ,) പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കിൽ എന്റെ രക്ഷിതാവിന്റെ വചനങ്ങൾ തീരുന്നതിന്‌ മുമ്പായി സമുദ്രജലം തീർന്ന്‌ പോകുക തന്നെ ചെയ്യുമായിരുന്നു. അതിന്‌ തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട;വന്നാലും ശരി. (നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ“ (ക്വുർആൻ 18:107-110).

0
0
0
s2sdefault