സമരങ്ങളിലെ പ്രാകൃതബോധം: ഉത്തരവാദിത്തം ആര്‍ക്ക്?

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

സ്വന്തം ഇഛകളോടുള്ള സമരമാണ് പാരത്രിക ലോകത്തിലെ വിജയത്തിന്റെ നിദാനമെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇതരരുടെ അവകാശങ്ങളെ ഹനിക്കുന്ന യാതൊരു സമരരീതികളും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ സമരം തന്നെ ജീവിതമായി കാണുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ പോലും ഇസ്‌ലാമിനെ പ്രാകൃതമെന്നും അപരിഷ്‌കൃതമെന്നും പരിഹസിക്കുമ്പോള്‍ ചരിത്രത്തിന്റെവെളിച്ചത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

പ്രാകൃത സമര രീതികളുടെ ഉപജ്ഞാതാക്കള്‍ തന്നെ പ്രാദേശിക സമരങ്ങളെ പ്രാകൃതമെന്നും കാലഹരണപ്പെട്ട സമരരീതികളെന്നുമൊക്കെ അധിക്ഷേപിക്കുന്ന വൈരുധ്യാധിഷ്ഠിത വര്‍ത്തമാനങ്ങളാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകൊണ്ടിരിക്കുന്നത്. ഗെയില്‍ പ്രതിഷേധ സമരങ്ങള്‍ കോഴിക്കോട് ജില്ലയിലെ മുക്കം, എരഞ്ഞിമാവ് പ്രദേശങ്ങളില്‍ ഒരു ജനകീയ സമരമായി മാറിയ സന്ദര്‍ഭത്തില്‍ അതിനെതിരെ പ്രസ്താവനയുമായി വന്നത് പ്രാകൃതസമരങ്ങളുടെ വികൃത രൂപങ്ങള്‍ കേരളീയ സമൂഹത്തിനു പ്രദര്‍ശിപ്പിച്ച നക്‌സല്‍ പ്രസ്ഥാനത്തിന്റെ പഴയകാല നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനാണ്. നക്‌സലിസത്തില്‍ നിന്നും സി.പി.ഐ(എം.എല്‍)ലൂടെ സി.പി.എമ്മിലെത്തിയ സഖാവ് പഴയകാല ചരിത്രങ്ങളെല്ലാം വിസ്മരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അപകടം മനസ്സിലാക്കിയ പാര്‍ട്ടി നേതാക്കള്‍ തന്നെ കുഞ്ഞിക്കണ്ണന്റെ പ്രസ്താവനക്ക് ചില വ്യാഖ്യാനങ്ങള്‍ നല്‍കി തല്‍ക്കാലം രക്ഷപ്പെടുകയാണുണ്ടായത്. 

ഗെയില്‍ പ്രതിഷേധ സമരങ്ങള്‍ അംഗീകൃത സമരമാര്‍ഗങ്ങളെ ലംഘിച്ചു കൊണ്ടാണ് നടക്കുന്നതെങ്കില്‍ അതിനെ വിമര്‍ശിക്കുവാന്‍ ധാര്‍മികമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. സമരരീതികളില്‍ തെറ്റായ വശങ്ങളുണ്ടെങ്കില്‍ അവ തിരുത്തുകയും സമരത്തിന് ശരിയായ ദിശാബോധം നല്‍കുകയും ചെയ്യേണ്ടത് സമരസമിതിയുടെയും ആ പ്രദേശത്തെ ഉത്തരവാദപ്പെട്ട ജനനേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും ചുമതലയാണ്. പക്ഷേ, സമരം അക്രമാസക്തമാവുകയും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നുവെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമാണ് സമരത്തില്‍ കാണുന്നതെന്നുമുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുവാന്‍ പഴയ നക്‌സല്‍ബാരികള്‍ക്ക് എന്തവകാശമാണുള്ളത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാവുന്നത്.  

ഏഴാം നൂറ്റാണ്ട് സകലമാന പ്രാകൃത സംസ്‌കാരങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അജ്ഞതകള്‍ക്കുമെതിരെ അതിശക്തമായ ബോധവല്‍ക്കരണം നടക്കുകയും ജനസഞ്ചയങ്ങളില്‍ യഥാര്‍ഥ ദൈവവിശ്വാസത്തിന്റെയും ആര്‍ദ്രതയുടെയും സഹജീവികളോടുള്ള കടമകളുടെയും ബോധം നിറയുകയും ചെയ്ത കാലമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് ﷺ ഭൂജാതനായത് ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നുവെങ്കില്‍ അദ്ദേഹത്തിലൂടെ ദിവ്യവചനങ്ങള്‍ ലോകത്തിനു സമ്മാനിക്കപ്പെട്ടത് ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന പരിഷ്‌കൃതരെന്നു വിളിക്കപ്പെടുന്ന ജനസമൂഹങ്ങളെക്കാള്‍ മനുഷ്യത്വം കൊണ്ടും സംസ്‌കാരം കൊണ്ടും ഉത്തമരായിരുന്നു ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവരും. 'ദ ഹണ്‍ഡ്രഡ്' രചിച്ച മൈക്കല്‍ ഹാര്‍ട്ട് അടക്കമുള്ള ആധുനിക ഗവേഷകര്‍ക്ക് പ്രവാചകന്നും അനുയായികള്‍ക്കും ലോക സമൂഹത്തില്‍ ഒന്നാം സ്ഥാനം നല്‍കുവാന്‍ സാധിച്ചത് സ്വന്തം ജനതയെ പ്രാകൃത ബോധത്തില്‍ നിന്നും സാംസ്‌കാരികതയുടെ ഉന്നത സോപാനങ്ങളിലേക്ക് നയിച്ചത് കൊണ്ടായിരുന്നു. ഏകദൈവത്തെ കുറിച്ചുള്ള ദൃഢബോധ്യവും ഐഹികജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചുള്ള അറിവും മരണശേഷമുള്ള ജീവിതത്തില്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുമെന്നുള്ള ഉറച്ച വിശ്വാസവും മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തതിന്റെ പ്രതിഫലനമായിരുന്നു ഏറ്റവും ഉത്തമസമുദായമെന്ന വിശേഷണത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവന്നത്.  

ഏകദൈവവിശ്വാസം അംഗീകരിച്ചതിന്റെ പേരില്‍ മക്കയില്‍ 13 വര്‍ഷം കൊടും ക്രൂരതകള്‍ അനുഭവിച്ചവരായിരുന്നു പ്രവാചകനും അനുയായികളും. തങ്ങളോട് ക്രൂരതകള്‍ ചെയ്തവര്‍ക്കെതിരെ ഇരുട്ടിന്റെ മറവിലോ പകല്‍വെളിച്ചത്തിലോ ആക്രമണങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ള പ്രാകൃതമായ സമരരീതികളൊന്നും അവര്‍ ആസൂത്രണം ചെയ്തില്ല. ക്ഷമയുടെ മാര്‍ഗം അവലംബിക്കുവാന്‍ മാത്രം പ്രവാചകന്‍ അവരെ ഉപദേശിച്ചു. എത്രകാലം ഇങ്ങനെ സഹിക്കണമെന്ന അനുചരന്മാരുടെ ചോദ്യത്തിന് മുന്‍കാലങ്ങളില്‍ ഇതിലേറെ സഹിച്ചവരുടെ ത്യാഗകഥകള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. അക്രമത്തിന്റെ പാത സ്വീകരിക്കാതെ ജീവിച്ച അവര്‍ പ്രതിഷേധത്തിനായി പ്രാകൃതമുറകളൊന്നും സ്വീകരിച്ചില്ല. അച്ചടക്കജീവിതം നയിച്ച അവര്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗത്യന്തരമില്ലാതെ മദീനയിലേക്ക് പലായനം ചെയ്തു. മദീനയിലും സ്വസ്ഥമായി അവരെ ജീവിക്കുവാനനുവദിക്കില്ലെന്ന വാശിയോടെ മദീനയെ ആക്രമിക്കുവാനും അവിടെയുള്ള ചില ഗോത്രങ്ങളെ ഉപയോഗിച്ച് അവരെ വകവരുത്തുവാനും ശത്രുക്കള്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രവാചകന്‍ ﷺ അങ്ങേയറ്റം ശ്രമിച്ചു. യുദ്ധമല്ല, സമാധാനമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. പ്രവാചകനും അനുയായികളും എത്രമാത്രം സംയമനം പാലിക്കുന്നുവോ അപ്പോഴൊക്കെയും ആക്രമണോല്‍സുകത വര്‍ധിപ്പിക്കുകയായിരുന്നു ശത്രുക്കള്‍. ഒടുവില്‍ പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ലെന്നു വന്നപ്പോള്‍ അല്ലാഹുവിന്റെ അനുമതിക്ക് ശേഷം മാത്രം ശത്രുക്കളുടെ നിരന്തരമുള്ള ആക്രമണത്തെ പ്രതിരോധിക്കളവാന്‍ തീരുമാനിച്ചു. ചരിത്രത്തില്‍ അറിയപ്പെടുന്ന ബദ്‌റും ഉഹ്ദും അഹ്‌സാബുമെല്ലാം ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണ്. ആദര്‍ശപരമായ നിലനില്‍പ്പും പ്രബോധനത്തിനുള്ള അവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടപ്പോള്‍ അവ തിരിച്ചുപിടിക്കുവാന്‍ അവര്‍ക്ക് ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടി വന്നു. പ്രതിരോധത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ അദ്ദേഹം അനുവദിച്ചില്ല. പ്രവാചകന്‍ ﷺ നയിച്ച പ്രതിരോധങ്ങള്‍ തെരുവുയുദ്ധമോ അങ്ങാടിത്തല്ലോ ആയിരുന്നില്ല. ഏറ്റുമുട്ടലുകള്‍ ഇല്ലാതിരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായണമെന്നും ശത്രുപക്ഷം യുദ്ധത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ മാത്രം അവരെ നേരിടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നയം. യുദ്ധമുഖങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്ത ഒരാളെയും ആക്രമിക്കാന്‍ പാടില്ലെന്ന നിയമം അദ്ദേഹം പഠിപ്പിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ കൊണ്ടുവന്ന ബോധം പ്രാകൃതമായിരുന്നില്ല; ഉന്നതമൂല്യങ്ങളുടേതായിരുന്നു എന്ന യാഥാര്‍ഥ്യമാണ് ഇതെല്ലം സൂചിപ്പിക്കുന്നത്. 

പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലും ആശയാദര്‍ശങ്ങള്‍ തമ്മിലും സൈദ്ധാന്തികമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാവേണ്ടതും അവ മനുഷ്യബുദ്ധിയെ ഉദ്ദീപിക്കുന്നവയുമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് ഇസ്‌ലാം ബൗദ്ധികമായ സംവാദങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ധിഷണാപരമായ ചര്‍ച്ചയ്ക്കുള്ള വാതായനം തുറന്നുകൊടുക്കുകയും ചെയ്യുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെ ഒട്ടേറെ വചനങ്ങള്‍ അവസാനിക്കുന്നത് തന്നെ 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന ചോദ്യവുമായിട്ടാണ്. വ്യവസ്ഥിതിയുടെ മാറ്റമല്ല, മനഃസ്ഥിതികളുടെ മാറ്റമാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. മനഃസ്ഥിതികള്‍ മാറുമ്പോഴുള്ള സ്വാഭാവിക പരിണിതിയുടെ ഭാഗമായാണ് വ്യവസ്ഥിതികള്‍ രൂപപ്പെടുന്നത്. ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ സ്ത്രീകളാണെങ്കില്‍ പോലും അവരുടെ വിശ്വാസം അന്വേഷണ പരീക്ഷണങ്ങളിലൂടെ വ്യക്തമാവേണ്ടതുണ്ട് എന്ന ക്വുര്‍ആനിക നിര്‍ദേശം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഇങ്ങനെ ബുദ്ധിയോട് സംവദിച്ച് ആശയങ്ങള്‍ രൂപപ്പെടുത്തണമെന്ന മാനവികമായ സംസ്‌കാരം ആധുനികലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ സ്ഥാനം നല്‍കാതെ, 'ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ' എന്നും, 'മതത്തില്‍ ബലാല്‍ക്കാരമില്ല; വിവേകം അവിവേകത്തില്‍ നിന്നും വ്യക്തമാണ്' എന്നുമൊക്കെയുള്ള ആശയങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാം = വിപ്ലവം = രാജ്യം = ഭരണം എന്ന ചില ആധുനികരുടെ കാഴ്ചപ്പാടുകള്‍ ഇസ്‌ലാമിന്റെ സുന്ദരമുഖത്തിനു പരുക്കേല്‍പിച്ചിട്ടുണ്ടെങ്കിലും ക്വുര്‍ആനും പ്രവാചകചര്യയും അവശേഷിക്കുന്നിടത്തോളം ഇസ്‌ലാമിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ എക്കാലവും ലോകസമൂഹത്തില്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം മാനവികമായ കാഴ്ചപ്പാടുകള്‍ അലോസരപ്പെടുത്തുന്നത് അധാര്‍മികതകളെയും അഴിമതികളെയും താലോലിക്കുന്നവരെയാണ്. വ്യക്തിതലം തൊട്ട് കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ധാര്‍മികമായ നിലപാടുകള്‍ സ്വീകരിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ വളര്‍ന്നു പന്തലിച്ചു വരുന്ന വിവിധങ്ങളായ അധാര്‍മികതയുടെ മുതലാളിമാരും പ്രയോജകരും അസ്വസ്ഥമാവുന്നു. ഈ അസ്വസ്ഥതകള്‍ ഇസ്‌ലാമികാശയങ്ങളുടെ വ്യാപനത്തെ തടയുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തെ കുറിച്ച് ഇപ്പോഴും അസ്വസ്ഥമാവുന്ന കമ്യൂണിസ്റ്റുകള്‍ നക്‌സലിസവും മാവോയിസവുമടക്കമുള്ള മനുഷ്യത്വരഹിതമായ പ്രത്യശാസ്ത്രങ്ങള്‍ക്ക് ബീജാവാപം നല്‍കിയവരാണ് തങ്ങളെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുപോകുന്നു. അതോടൊപ്പം ഇരുപതാം നൂറ്റാണ്ടില്‍ പോലും മുസ്‌ലിം സമൂഹത്തിനെതിരെ നടന്ന നിരവധി ക്രൂരതകളെ താലോലിച്ചവരാണ് തങ്ങളെന്ന കാര്യവും അവര്‍ മറന്നുപോകുന്നു. 

സമത്വ സുന്ദരമായ ലോകത്തിന്റെ നിര്‍മാണത്തിനായി മനുഷ്യബുദ്ധിയില്‍ പിറവികൊണ്ട ആശയമാണ് കമ്യൂണിസം. ഒരു മനുഷ്യനും സ്വന്തമായി സ്വത്തില്ലാത്ത, എല്ലാ സ്വത്തും സ്‌റ്റേറ്റിന് മാത്രം അവകാശപ്പെട്ട, എന്നാല്‍ എല്ലാ മനുഷ്യരും തുല്യമായ അവകാശങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു ലോകം. അതായിരുന്നു കമ്യൂണിസ്റ്റുകള്‍ സ്വപ്‌നം കണ്ട ഉട്ടോപ്യ. തലയില്‍ ഒരു ചാക്ക് സ്വപ്‌നം പേറി നടന്നാല്‍ ലോകത്തൊന്നും സംഭവിക്കില്ലെന്ന് പിന്നീട് കമ്യൂണിസം തെളിയിക്കുകയും ചെയ്തു. ഇരുട്ട്-വെളിച്ചം; രാവ്-പകല്‍; പുരുഷന്‍-സ്ത്രീ; പോസിറ്റിവ്-നെഗറ്റീവ് എന്നിങ്ങനെ പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും പരസ്പര വൈരുധ്യത്തിലാണെന്നും അവ സംഘട്ടനത്തിലാണെന്നുമാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദം എന്ന പേരിലറിയപ്പെടുന്ന മാര്‍ക്‌സിയന്‍ ഭൗതിക ദര്‍ശനം. ഇത്തരം വൈരുധ്യം തൊഴിലാളി മുതലാളി ബന്ധങ്ങളിലുമുണ്ടെന്നും മുതലാളിക്കെതിരെ വിപ്ലവം നയിക്കലാണ് തൊഴിലാളിയുടെ പ്രഥമ ധര്‍മമെന്നും അവര്‍ സിദ്ധാന്തിച്ചു. തൊഴിലാളി മുതലാളി വര്‍ഗസംഘട്ടനമാണ് സര്‍വ പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്ന കാഴ്ചപ്പാട് കമ്യൂണിസ്റ്റുകള്‍ രൂപപ്പെടുത്തിയത് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ സംഘട്ടനത്തിന്റെ തത്ത്വശാസ്ത്രം രചിച്ചവരുടെ പ്രവര്‍ത്തനരീതിയും സംഘട്ടനമായി മാറി എന്നതാണ് വാസ്തവം. ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബി ﷺ പ്രപഞ്ചത്തിലെ വസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പഠിപ്പിച്ചെങ്കില്‍ ആധുനിക പ്രത്യയശാസ്ത്രമെന്ന പേരില്‍ അഭിമാനം കൊണ്ടിരുന്ന കമ്യൂണിസം സംഘട്ടനാത്മകവും സ്‌ഫോടനാത്മകവുമായ വിപ്ലവത്തിലൂടെ അവര്‍ സ്വപ്‌നം കണ്ടിരുന്ന ലോകത്തെത്താന്‍ സാധിക്കുമെന്നാണ് പഠിപ്പിക്കുവാന്‍ ശ്രമിച്ചത്. വിരുദ്ധമെന്ന് തോന്നുന്ന വസ്തുക്കള്‍ക്കിടയിലെ പാരസ്പര്യത്തെ കണ്ടെത്തി പരസ്പരം ഉള്‍ക്കൊള്ളുവാനും പൂരകങ്ങളായി പ്രവര്‍ത്തിക്കുവാനുമാണ് പ്രവാചകന്‍ പഠിപ്പിച്ചതെങ്കില്‍; പകരം വൈരവും വൈരുധ്യവും സൃഷ്ടിച്ചുവെന്നതാണ് കമ്യൂണിസം ലോകത്തിനു നല്‍കിയ സംഭാവന. സമത്വസുന്ദരമെന്ന വളരെ നല്ല ലക്ഷ്യം കൈവരിക്കുവാന്‍ ഏത് മാര്‍ഗവും അവലംബിക്കാമെന്ന ആശയം പ്രയോഗവത്കരിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. 'ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു' (വേല ലിറ ഷൗേെശളശല െവേല ാലമി)െ എന്ന വളരെ പ്രസിദ്ധമായ ആശയം ആധുനിക ലോകത്ത് പ്രചരിപ്പിക്കുകയും ലക്ഷ്യം നേടാന്‍ വേണ്ടി ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത ചരിത്രമാണ് അവരുടേത്. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റ് യൂണിയനിലെ വിവിധ പ്രദേശങ്ങളില്‍ അവര്‍ നടത്തിയ നരനായാട്ടുകള്‍ പ്രസിദ്ധമാണല്ലോ. സ്റ്റാലിന്റെ ക്രൂരതകളെ പിന്നീട് സോവിയറ്റ് യൂണിയന്‍ തിരിച്ചറിയുകയും ഗോര്‍ബച്ചേവിന്റെ കാലത്ത് ഗ്ലാസ്‌നോസ്ത്തിലൂടെയും പെരിസ്‌ട്രോയിക്കയിലൂടെയും സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിയുകയും ചെയ്തത് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടു. കമ്യൂണിസമെന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ലോകം മനസ്സിലാക്കി. അത് കാലത്തിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും ഡിലീറ്റ് ചെയ്യപ്പെട്ടു. ആത്മാവ് നഷ്ടപ്പെട്ട് അസ്ഥികൂടമായി കേവലം സംഘടനകള്‍ മാത്രമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചുരുങ്ങി. കമ്യൂണിസം ഇന്നും കലഹരണപ്പെട്ടില്ലെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍. അവരിപ്പോഴും റഷ്യയിലും ചൈനയിലും കമ്പോഡിയയിലും ക്യൂബയിലും കൊറിയയിലും ഉദയം കൊണ്ട കമ്യൂണിസം മരിക്കാതെ കിടക്കുന്നുവെന്നു സങ്കല്‍പിച്ചുപോരുന്നു. മാര്‍ക്‌സ് സങ്കല്‍പിച്ചതും ലെനിന്‍ ഉദ്ദേശിച്ചതുമായ കമ്യൂണിസമായിരുന്നില്ല അവിടങ്ങളില്‍ വന്നതെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കിലും അങ്ങനെയല്ലെന്ന് വിശ്വസിച്ച് സമാധാനിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. കമ്യൂണിസത്തിന് പറ്റിയ ഏറ്റവും വലിയ പാളിച്ച അത് കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് അത് വ്യാഖ്യാനിക്കപ്പെട്ടുവെന്നതാണ്. സ്റ്റാലിന്റെ കാലത്ത് നടന്ന കൊടുംക്രൂരതകളെ സ്റ്റാലിന്റെ വിയോഗത്തിന് ശേഷം 1956ല്‍ പാര്‍ട്ടി സെക്രട്ടറി നികിത ക്രൂഷ്‌ചേവാണ് പുറത്തുകൊണ്ടുവന്നത്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരുത്തുവാനുള്ള ഒരവസരമായിരുന്നു. പക്ഷേ, സ്റ്റാലിന് തെറ്റുപറ്റിയെന്ന് സമ്മതിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് സ്റ്റാലിന്റെ രീതികളും ചെയ്തികളുമൊക്കെ തെറ്റെന്നു സമ്മതിച്ച് ഇന്ത്യയുടെ സാമൂഹികഘടനക്ക് അനുസരിച്ച് വേണമെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാമായിരുന്നു. പക്ഷേ, അതിനു പകരം 'തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് സ്റ്റാലിന്റെ മാത്രം കുഴപ്പമല്ല' എന്ന കുതര്‍ക്കം ഉന്നയിക്കുവാനായിരുന്നു അവര്‍ മുതിര്‍ന്നത്. 

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെടുന്നത് 1925ലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര രംഗത്ത് നിന്നും പലപ്പോഴും കമ്യൂണിസ്റ്റുകള്‍ പിറകോട്ടു പോയത് സോവിയറ്റ് റഷ്യയുടെ ചങ്ങാത്തം ബ്രിട്ടനോടായിരുന്നത് കൊണ്ടായിരുന്നു. ഇന്ത്യയിലുണ്ടായത് യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്ന് അവര്‍ പറയാനുണ്ടായ കാരണം തോക്കിന്‍കുഴലിലൂടെയുണ്ടാവേണ്ട വിപ്ലവം ഗാന്ധിയുടെ അഹിംസയിലൂടെ പിറവികൊണ്ടതുകൊണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കമ്യൂണിസ്റ്റ് പാ ര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായി ബി.ടി രണദിവെ അവരോധിക്കപ്പെട്ടതോടെയായിരുന്നു കമ്യൂണിസ്റ്റ് സമരങ്ങള്‍ തീവ്ര വിപ്ലവങ്ങളിലേക്ക് നീങ്ങിയത്. ഇന്ത്യന്‍ ജനതക്ക് തീവ്രസ്വഭാവങ്ങളോടെയുള്ള സമരമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ലക്ഷ്യമാണ് പ്രധാനമെന്ന ചിന്താഗതിയില്‍ ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ മാര്‍ഗങ്ങളിലുണ്ടാവേണ്ട നൈതികത വിസ്മരിക്കപ്പെട്ടു. വളരെ നല്ല ലക്ഷ്യങ്ങളിലേക്ക് കാലെടുത്തു വെച്ച സമരങ്ങള്‍ പോലും മാര്‍ഗങ്ങളിലെ അപഭ്രംശങ്ങള്‍ കാരണം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തെറ്റുകളില്‍ നിന്നും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടുന്നതിനു പകരം തെറ്റുകളെ ന്യായീകരിക്കുവാനും കൂടുതല്‍ തെറ്റുകളിലേക്ക് പോകുവാനുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചത്. 

കമ്യൂണിസത്തിന്റെ ഉപോല്‍പന്നമായിട്ടാണ് നക്‌സലിസം ഗണിക്കപ്പെടുന്നത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു സി.പി.ഐഎമ്മും, സി.പി.ഐയുമായി മാറിയതിനു ശേഷം 1967ല്‍ കമ്യൂണിസ്റ്റ് നേതാക്കളായ കനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തില്‍ അന്നത്തെ സി.പി.ഐ(എം)ന്റെ ഒരു ഭാഗം പ്രവര്‍ത്തകര്‍ ഔേദ്യാഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി എന്ന ഗ്രാമത്തില്‍ സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്‌സല്‍ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്‌സല്‍പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ അവശേഷിക്കുന്ന മാവോയിസ്റ്റുകള്‍. പ്രാകൃത സമരങ്ങളെന്നറിയപ്പെടുന്ന ഇത്തരം സമരങ്ങളെ ഇന്ത്യന്‍ സമൂഹം കയ്യൊഴിച്ചെങ്കിലും ജനജീവിതം സ്തംഭിപ്പിച്ചും ബന്തുകളും ഹര്‍ത്താലുകളും നടത്തിയും പ്രതിയോഗികളുടെ കഴുത്തറുത്തും അവര്‍ക്കുനേരെ ബോംബെറിഞ്ഞും പ്രാകൃതമായ സമരരീതികള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. പലപ്പോഴും മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്ന സമരങ്ങളായി ഇവ മാറുന്നു. ഒരു മനുഷ്യനെ അമ്പത്തിയൊന്നും അതിലേറെയും വെട്ടുകള്‍ വെട്ടി നുറുങ്ങു കഷ്ണങ്ങളാക്കിത്തീര്‍ക്കുന്ന നികൃഷ്ടങ്ങളായ ആക്രമണങ്ങളിലേക്ക് ഇവ വഴിമാറുന്നു. ഇത്തരം പ്രാകൃതവും ക്രൂരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സൈദ്ധാന്തിക അടിത്തറ ഒരുക്കിവെക്കുന്നവരാണ് ഇസ്‌ലാമിനെതിരെ പ്രാകൃതാരോപണങ്ങളുമായി കടന്നുവരുന്നത്. 

ഇസ്‌ലാമിന്റെ പേരില്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന നിഷ്ഠൂരമായ അതിക്രമങ്ങളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചിന്താധാരകളെയും തള്ളിപ്പറയുവാന്‍ ലോകത്തെ അറിയപ്പെടുന്ന മുഴുവന്‍ സലഫി പണ്ഡിതന്മാരും തയ്യാറാവുകയുണ്ടായി. അതിക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയ ഈ പണ്ഡിതന്മാരെയും ഇസ്‌ലാമിനെയും ഇപ്പോഴും കടന്നാക്രമിക്കുവാന്‍ ശ്രമിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ കമ്യൂണിസത്തിന്റെ പേരില്‍ ലോകത്ത് നടക്കുന്ന ക്രൂരതകളെ ന്യായീകരിക്കുവാന്‍ മാത്രമാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത് എന്നുകൂടി ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.  ഇസ്‌ലാം പ്രാകൃതം, പിന്തിരിപ്പന്‍, ആധുനിക കാലഘട്ടത്തിനു യോജിക്കാത്തത് തുടങ്ങിയ പ്രചാരണങ്ങള്‍ പൊതുവില്‍ നടത്തിക്കൊണ്ടിരിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം അവകാശപ്പെടുന്ന യുക്തിവാദ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുമാണ്. ഇതര മതവിഭാഗങ്ങളില്‍ മതേതര കാഴ്ചപ്പാടുള്ളവര്‍ ആശയപരമായി ഇസ്‌ലാമിനോട് വിയോജിക്കാറുണ്ടെങ്കിലും അനാവശ്യവും ക്രൂരവുമായ തെറ്റുധരിപ്പിക്കലുകള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇങ്ങനെയെന്നു പറയുന്നില്ലെങ്കിലും കമ്യൂണിസത്തെ മതമായും ദര്‍ശനമായും അംഗീകരിക്കുകയും തോക്കിന്‍കുഴലിലൂടെയുള്ള വിപ്ലവങ്ങള്‍ സ്വപ്‌നം കാണുകയും ചെയ്യുന്ന 'സ്വപ്‌നലോകത്തെ ഉട്ടോപ്യയില്‍' അഭിരമിക്കുന്ന താത്വികരാണ് ഇസ്‌ലാം വിമര്‍ശനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത്. വിമര്‍ശകര്‍ ഉള്‍ക്കൊള്ളുന്ന കമ്യൂണിസവും അതിന്റെ ഉപോല്‍പന്നങ്ങളായ മാര്‍ക്‌സിസവും നക്‌സലിസവും മാവോയിസവുമാണ് രാജ്യത്ത് പ്രാകൃത സമരങ്ങള്‍ക്ക് അസ്തിവാരമിട്ടതെന്നതാണ് സത്യം. യഥാര്‍ഥത്തില്‍ സമരങ്ങളിലെ മനുഷ്യത്വരഹിതമായ രീതികള്‍ ആധുനിക ലോകത്തിനു മുമ്പില്‍ തുറന്നുവെച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെയായിരുന്നു എന്നിരിക്കെ ജനകീയ സമരങ്ങളിലെ പ്രാകൃതബോധത്തെ ഭൂതക്കണ്ണാടി വെച്ച് നോക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ അന്യരുടെ കണ്ണിലെ കരടുകളെടുക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം കണ്ണിലെ കോലുകള്‍ നീക്കിക്കളയാനാണ് സമയം കണ്ടെത്തേണ്ടത്.

0
0
0
s2sdefault