സമകാല ഇന്ത്യ: മതേതരത്വം, ബഹുസ്വരത, പ്രബോധന സ്വാതന്ത്ര്യം

നജീബ് കെ.സി.

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയ നാടാണ് ഇന്ത്യ. എന്നാല്‍ ഭരണഘടന നല്‍കിയ ഈ അവകാശങ്ങളെ വകവെച്ച് തരുന്നതില്‍ ഭരണകൂടം എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്? സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ പരിസരത്ത് നിന്നൊരു വിലയിരുത്തല്‍...

സാമൂഹികവും സാംസ്‌കാരികവുമായ വൈജാത്യങ്ങളുടെ സംഗമഭൂമിയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ. ഭാഷ, വേഷം, ഭക്ഷണം, കല, സാഹിത്യം, സംസ്‌കാരം, മതം, വിശ്വാസം, ആചാരം തുടങ്ങി ജീവിതത്തിന്റെ സകലതലങ്ങളിലും വൈവിധ്യങ്ങള്‍ വര്‍ണരാജി പടര്‍ത്തുന്ന ഒരു സമൂഹമാണ് നൂറ്റാണ്ടുകളായി ഇവിടെ വസിക്കുന്നത്. മഞ്ഞുമലകള്‍ മുതല്‍ മണലാരണ്യങ്ങള്‍ വരെയും വയലേലകള്‍ മുതല്‍ വനാന്തരങ്ങള്‍ വരെയുമുള്ള പ്രകൃതിപരമായ പ്രത്യേകതകള്‍ക്കൊപ്പം നിറത്തിലും രൂപത്തിലും വ്യത്യസ്തരായ ലക്ഷോപലക്ഷം മനുഷ്യരെയും അവരുടെ തനതായ സംസ്‌കാരവിശേഷങ്ങളെയും കോര്‍ത്തിണക്കി ഒരൊറ്റ ജനതയായി ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് നമ്മുടെ രാജ്യത്തിന്റെ യശസ്സ് ലോകസമക്ഷം ഉയര്‍ന്നു നില്‍ക്കുന്നതില്‍ മറ്റെന്തിനേക്കാളും പങ്കുവഹിച്ചിട്ടുള്ളത്.

സപ്തവര്‍ണങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന മഴവില്ലിന്റെ മനോഹാരിത പോലെ, ബഹുവര്‍ണങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പൂന്തോപ്പിന്റെ സൗന്ദര്യം പോലെ, ഇന്ത്യയെന്ന മഹാരാജ്യത്തെ ചാരുതയാര്‍ന്ന ഒരു വാങ്മയചിത്രമാക്കുന്നത് അതിലെ സാമൂഹിക വൈവിധ്യങ്ങളുടെ വര്‍ണക്കാഴ്ചകള്‍ തന്നെയാണ്. സര്‍വവിധ ബഹുസ്വരതകള്‍ക്കും മുകളില്‍ സഹജീവനത്തിന്റെ കുട നിവര്‍ത്തുന്ന ഈ സാമൂഹിക പൊതുബോധത്തെ 'നാനാത്വത്തില്‍ ഏകത്വം' (ഡിശ്യേ ശി റശ്‌ലൃേെശ്യ) എന്ന അടയാളവാക്യത്തിലൂടെ അഭിമാനപൂര്‍വം നാം ഉയര്‍ത്തിപ്പിടിക്കുന്നതും അതുകൊണ്ട് തന്നെ.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രപരമായ സഞ്ചാരപഥങ്ങളിലും ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരമുഖങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുടെയും സമര്‍പണത്തിന്റെ മുദ്രകള്‍ അടയാളപ്പെട്ടു കിടക്കുന്നതിനാല്‍, സ്വതന്ത്രപരമാധികാര ജനാധിപത്യ ഇന്ത്യ ഒരു ബഹുസ്വര മതേതര രാഷ്ട്രം കൂടി ആയിരിക്കേണ്ടതിന്റെ അനിവാര്യത നമ്മുടെ ദേശീയ നേതാക്കളും ഭരണഘടനാ ശില്‍പികളും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ ബഹുതര സംസ്‌കൃതികള്‍ക്ക് സമാധാനപൂര്‍ണമായ സഹജീവനത്തിനുള്ള സാഹചര്യവും വിവിധ ജനവിഭാഗങ്ങള്‍ക്ക് തുല്യനീതിയോടെയും സമഭാവനയോടെയും ഇന്ത്യന്‍ പൗരന്മാരായി ജീവിക്കാനുള്ള അവസരവും ഭരണഘടനാപരമായ മൗലികാവകാശങ്ങളായി നിജപ്പെടുത്തിക്കൊണ്ട് അവര്‍ രാജ്യത്തോടും ജനതയോടുമുള്ള കടമ നിറവേറ്റിയിട്ടുമുണ്ട്.

ഈ പൊതുബോധത്തെ ദുര്‍ബലപ്പെടുത്തുന്ന ഖേദകരമായ ചില സാഹചര്യങ്ങളും ഒറ്റപ്പെട്ട ചില സംഭവങ്ങളും കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാനാതലങ്ങളില്‍ നിന്നുള്ള പക്വമായ പരിചിന്തനങ്ങളിലൂടെ അല്‍പം ചില പരിക്കുകള്‍ക്കു ശേഷമാണെങ്കിലും സമാധാന സാഹചര്യം പുനസ്ഥാപിക്കാനും പ്രതിലോമതാത്പര്യങ്ങള്‍ രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന് തടയിടാനും സാധിക്കാറുണ്ട് എന്നത് ആശ്വാസകരമായ വസ്തുതയാണ്.

മതേതരജനാധിപത്യ ഇന്ത്യയില്‍ ഓരോ പൗരന്റെയും ഭരണഘടനാദത്തമായ മൗലികാവകാശമാണ് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം. ഒരു പൗരന് തനിക്ക് തൃപ്തികരമായ മതം തെരഞ്ഞെടുക്കാനും അതനുസരിച്ചു ജീവിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുക എന്നതോടൊപ്പം അതിനു വിരുദ്ധമായ വിശ്വാസമോ ആചാരമോ ജീവിതരീതിയോ അയാള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടാതിരിക്കുക എന്നതും മേല്‍പറഞ്ഞ അവകാശത്തിന്റെ അനിവാര്യതാല്‍പര്യങ്ങളില്‍ പെട്ടതാണ്.

എന്നാല്‍ ദേശീയതയെയും രാജ്യസ്‌നേഹത്തെയും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസാചാര രീതികളുമായി കൂട്ടിക്കെട്ടി അതിനു പുറത്തുള്ളതിനോടൊക്കെ അസഹിഷ്ണുത വളര്‍ത്താനുള്ള കുത്സിതമായ ചില നീക്കങ്ങള്‍ കുറച്ചുകാലങ്ങളായി നിലനിന്നുവന്നിട്ടുണ്ട്. സമീപകാലത്തായി അത്തരം നീക്കങ്ങള്‍ കൂടുതല്‍ സംഘടിതവും പരസ്യവും അക്രമോത്സുകവുമായിത്തീര്‍ന്നിട്ടുണ്ട് എന്നത് അനുഭവയാഥാര്‍ഥ്യമാണ്. അതിനെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹത്തിന്റെയും തീവ്രവാദത്തിന്റെയും ചാപ്പകുത്തലിനു വിധേയമാകുകയും ചെയ്യുന്നു. ഈ പ്രതിലോമ പ്രവണതക്ക് തടയിടാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും അനുബന്ധ ഏജന്‍സികളും നിസ്സംഗത പുലര്‍ത്തുക മാത്രമല്ല പലപ്പോഴും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ ഖേദകരം. ഇന്ത്യയുടെ മതേതരത്വസമഭാവന നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ രാജ്യസ്‌നേഹികളെ സംബന്ധിച്ച് ഇത് വളരെയേറെ ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമാണ്.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതുമെല്ലാം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ആക്രമിക്കാനും തല്ലിക്കൊല്ലാനും വരെയുള്ള 'തികഞ്ഞ ന്യായങ്ങളായി' ഉന്നയിക്കപ്പെടാവുന്ന വിധം ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തികച്ചും ഹിംസാത്മകമായ ഒരു പൊതുബോധം രൂപപ്പെടുത്തുന്ന കാര്യത്തില്‍ വെറുപ്പിന്റെ പ്രചാരകര്‍ ഏറെ മുന്നേറിക്കഴിഞ്ഞുവെന്നത് മതേതര വിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. താടിയും തൊപ്പിയും പര്‍ദയും ഭീകരതയുടെ അടയാളങ്ങളായിത്തീരുന്നതും, ബീഫ് കഴിക്കുന്നതും കാലിക്കച്ചവടം ചെയ്യുന്നതും വധശിക്ഷയര്‍ഹിക്കുന്ന വന്‍കുറ്റങ്ങളായി പരിഗണിക്കപ്പെടുന്നതും, ഉന്മാദാത്മകമായ ഈ അസഹിഷ്ണുതാ ബോധത്തിന്റെ സ്വാധീനഫലമായാണ്.

ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെയും ദളിതുകളെയും അന്യവത്കരിക്കാനും അവരോട് വിദ്വേഷം വളര്‍ത്താനും അവരെ ലക്ഷ്യംവെച്ച് ആക്രമങ്ങളഴിച്ചു വിടാനും ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. സമീപകാലത്ത് പൊതുവായും മോദിയുടെ നേതൃത്വത്തിലുള്ള ബി,ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലേറിയതിനു ശേഷം വിശേഷിച്ചും ഈ ദിശയില്‍ രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങളും അവയോടു ഭരണകൂട ഏജന്‍സികള്‍ കൈക്കൊണ്ട നിലപാടുകളും രാജ്യത്തിന്റെ മതേതര പൊതുസ്വഭാവത്തിന് സാരമായ പരിക്കുകളേറ്റുകഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഗുജറാത്ത് കലാപകാലത്ത് കൊലചെയ്യപ്പെട്ട പാര്‍ലമെന്റംഗം ഇഹ്‌സാന്‍ ജാഫ്രിക്കും പിന്നെ പേരറിയപ്പെടാത്ത രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ ഇരകളായ ഇസ്രത് ജഹാന്‍ പ്രാണേഷ് ദമ്പതികള്‍ക്കും ശേഷവും ആ പട്ടിക തുടരുകയാണ്. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ വെടിയുണ്ടകള്‍ക്കിരയായ പണ്ഡിതരും എഴുത്തുകാരുമായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഡോ. എം.എം. കല്‍ബുര്‍ഗി, മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് തെരുവില്‍ കൊല്ലപ്പെട്ട ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ്, ജാര്‍ക്കണ്ഡിലെ ഗോസംരക്ഷകരാല്‍ തൂക്കിലേറ്റപ്പെട്ട അന്‍സാരി, ഇംതിയാസ് ഖാന്‍, ഭോപ്പാലില്‍ പോലീസ് വെടിവെച്ചുകൊന്ന വിചാരണത്തടവുകാരായിരുന്ന എട്ട് മുസ്‌ലിം ചെറുപ്പക്കാര്‍, യൂണിവേഴ്‌സിറ്റി അധികാരികളുടെ ദളിത് വിരുദ്ധ വിവേചനത്തിനും നിയമപാലന സംവിധാനത്തിന്റെ ക്രൂരമായ അവഗണനക്കും ഇരയായി അവസാനം ആത്മഹത്യയില്‍ അഭയം തേടിയ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല എന്നിങ്ങനെ അത് നീണ്ടുപോകുന്നു. കനയ്യ കുമാര്‍ നേരിട്ട പീഡനപര്‍വത്തിനു ശേഷം നജീബ് അഹ്മദിന്റെ ദുരൂഹമായ തിരോധാനത്തിലൂടെ ജെ.എന്‍.യു എന്ന വിഖ്യാതവിദ്യാപീഠം വീണ്ടും വെറുപ്പിന്റെ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. ഈ സംഭവങ്ങളിലെ ഹീനമായ അവകാശലംഘനങ്ങള്‍ മാത്രമല്ല കപടദേശീയതയുടെ വായ്ത്താരികളാല്‍ ഇവയൊക്കെ ലഘൂകരിക്കപ്പെടുന്നു എന്നതും, ഗൗരവത്തോടെയുള്ള അന്വേഷണങ്ങളോ നിയമനടപടികളോ നടപ്പാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ വലിയ ഉദാസീനത കാണിക്കുന്നുവെന്നതും ഒരു വലിയ ഗെയിംപ്ലാനിന്റെ ഭാഗമാണ് ഈ സംഭവങ്ങള്‍ എന്ന് ചിന്തിപ്പിക്കാന്‍ പോന്നതാണ്. മതന്യൂനപക്ഷങ്ങളുടെ രാജ്യസ്‌നേഹം നിരന്തരം ചോദ്യം ചെയ്യുകയും ജനദ്രോഹ നടപടികളില്‍നിന്നു ശ്രദ്ധതിരിക്കാനായി രാജ്യാതിര്‍ത്തിയിലെ സൈനികരുടെ ക്ലേശങ്ങള്‍ എടുത്തുപറയുകയും ചെയ്യുന്നവര്‍ തന്നെയാണ് രാജ്യസുരക്ഷക്കായി മകനെ പട്ടാളത്തിലയച്ച ഒരു പാവം വൃദ്ധനെ തെരുവില്‍തല്ലിക്കൊന്നതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. നേരത്തെപ്പറഞ്ഞ ഉന്മാദാത്മകമായ അസഹിഷ്ണുത ഒരു ആദര്‍ശമായി ചില ആള്‍ക്കൂട്ടങ്ങളെ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്.

ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെ രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ പിന്‍ബലത്തില്‍ നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതാണ്. എന്നാലിന്ന് മതപ്രബോധനവും മതപരിവര്‍ത്തനവുമൊക്കെ ദേശവിരുദ്ധമായ വലിയ കുറ്റകൃത്യങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാവുന്ന വിധം സമൂഹത്തിന്റെ പൊതുബോധത്തെ അപനിര്‍മിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കരുതാവുന്ന സ്ഥിതിയാണുള്ളത്. ഭീകരവേട്ടയുടെ പേരില്‍ മതപ്രബോധകര്‍ ഉന്നം വെക്കപ്പെടുന്നതിന്റെ പിന്നിലുള്ളത് ഇത്തരമൊരു ഗൂഢ അജണ്ടയാണെന്ന് അനുമാനിക്കാന്‍ സമീപകാല സംഭവങ്ങള്‍ ന്യായമായ സൂചനകള്‍ നല്‍കുന്നുണ്ട്. ലോകപ്രസിദ്ധ പ്രഭാഷകനും ഇസ്‌ലാം പ്രബോധകനുമായ ഡോക്ടര്‍ സാകിര്‍ നായികിനു മേല്‍ ഭീകരവാദമുദ്ര കുത്തി അദ്ദേഹത്തിന്റെ പീസ് ടിവിയും ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനും അടച്ചുപൂട്ടിയതും അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയതും ഇസ്‌ലാമിക പ്രബോധനസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ വേണ്ടിയുള്ള ആസൂത്രിതനീക്കമായിരുന്നു എന്നുതന്നെ മനസ്സിലാക്കണം. ഭീകരവിരുദ്ധനീക്കമായിരുന്നു ഭരണകൂടത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെങ്കില്‍, ആയിരക്കണക്കിന് പ്രഭാഷണങ്ങളിലൂടെ തീവ്രവാദഭീകരവാദ പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടുള്ള സാകിര്‍ നായികിന് ആദരവും പിന്‍ബലവും നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒരു ഭീകരവാദവിരുദ്ധ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാന്‍പോലും എന്തുകൊണ്ടും യോഗ്യനാണ് യഥാര്‍ഥത്തില്‍ ഡോക്ടര്‍ സാകിര്‍. ഭീകരതയെ പിന്തുണക്കുന്ന വിശ്വാസയോഗ്യമായ ഒരു തെളിവുപോലും ഹാജരാക്കാതെത്തന്നെ അദ്ദേഹത്തിനു മേല്‍ കുറ്റം ചാര്‍ത്തുകയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം ചുമത്തി കേസെടുക്കുകയും ചെയ്തിതിരിക്കുകയാണ്. എന്നു മുതലാണ് ഇന്ത്യയില്‍ മതപ്രബോധനം കുറ്റകരമായത്?!

കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാം പ്രബോധകനായ എം.എം.അക്ബറിനു നേരെയായി പിന്നെ തീവ്രവാദാരോപണം. വര്‍ഗീയതക്കും ഭീകരതക്കുമെതിരെ നിരന്തരമായ ബോധവത്കരണ കാമ്പയ്‌നുനകളുടെ ഭാഗമായി നിലക്കൊണ്ടിട്ടുള്ള അദ്ദേഹത്തിനുമേല്‍ ഭീകരത ആരോപിച്ചിട്ടുള്ളത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? അദ്ദേഹത്തിന്റേതായി നൂറുകണക്കിന് പ്രഭാഷണങ്ങളും നാല്‍പതോളം പുസ്തകങ്ങളുമുള്ളതില്‍ നിന്ന് ഒരു തെളിവുപോലും ഉന്നയിക്കാനായിട്ടില്ലെന്നത് വസ്തുതയാണ്.

ശംസുദ്ദീന്‍ പാലത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ എടുത്തു കാണിക്കപ്പെട്ട പ്രഭാഷണ ശകലത്തില്‍ ദേശദ്രോഹപരമോ ഭീകര വിരുദ്ധ നിയമം ചുമത്താവുന്നതോ ആയ പരാമര്‍ശങ്ങളൊന്നും കാണുക സാധ്യമല്ല.

ഹനീഫ് മൗലവിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തു ജയിലിലടച്ചത് കേരളത്തില്‍നിന്ന് തിരോധാനം ചെയ്ത യുവാക്കളിലൊരാള്‍ക്ക് മതം പഠിപ്പിച്ചുവെന്ന ഒരു മൊഴിയുടെ പേരില്‍ മാത്രമാണ്. മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റിലായി വിചാരണത്തടവുകാരായി ജയിലറകളില്‍ കഴിയുന്ന അനേകം മുസ്‌ലിം ചെറുപ്പക്കാരുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷം നിരപരാധിത്വം തെളിയിച്ച ഗുല്‍ബര്‍ഗ സ്വദേശികളായ നിസാറുദ്ദീന്‍, സഹീറുദ്ദീന്‍ സഹോദരങ്ങള്‍ ഇരുപത്തിമൂന്നു വര്‍ഷത്തെ അന്യായമായ ജയില്‍വാസത്തിനുശേഷം സുപ്രീംകോടതി വിധിയനുസരിച്ച് പുറത്തിറങ്ങിയത് 2016 മെയ് മാസത്തിലാണ്.

സത്യമെന്ന സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാം സ്വീകരിച്ചെന്ന ഒറ്റക്കാരണത്താല്‍ കൊടിഞ്ഞിയിലെ ഫൈസല്‍ ക്രൂരമായി വധിക്കപ്പെട്ടത്, സംഭവത്തിലെ പ്രതികളെല്ലാം കുറ്റസമ്മതം നടത്തിയിട്ടും ജാമ്യത്തിലിറങ്ങിയത്, മുസ്‌ലിംകള്‍ക്കെതിരെ പ്രയോഗിക്കാന്‍ കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന പരിശീലനക്കളരികള്‍ പരസ്യമായി പ്രവര്‍ത്തിച്ചിട്ടും നിയമനടപടികളില്ലാത്തത്, കടുത്ത വര്‍ഗീയവിഷം തുപ്പുന്ന വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്ന സംഘപരിവാര്‍പ്രഭൃതികള്‍ക്കെതിരെ പെറ്റിക്കേസ് പോലുമില്ലാത്തത് തുടങ്ങി അനേകം സംഗതികള്‍ മേല്‍പറഞ്ഞ സംഭവങ്ങളോട് ചേര്‍ത്തുവായിക്കുമ്പോഴാണ് മുസ്‌ലിംകളുടെ മൗലികാവകാശങ്ങളുടെ മേലുള്ള വിവേചനപരമായ ഈ കടന്നുകയറ്റത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാവുക.

മേല്‍പറഞ്ഞ അന്യായങ്ങളെ കേവലം സാമുദായികമായ വിഷയങ്ങളായി ചുരുക്കിക്കാണാതെ ഇന്ത്യന്‍ പൗരന്മാര്‍ക്കുനേര്‍ക്കുള്ള കടുത്ത മൗലികാവകാശ ധ്വംസനമായി തിരിച്ചറിയാനും ജനാധിപത്യപരമായ ചെറുത്തുനില്‍പിന് സക്രിയവും നേതൃപരവുമായ പങ്കുവഹിക്കാനും മുഴുവന്‍ മതേതരകക്ഷികളും തയ്യാറാകേണ്ടതുണ്ട്.

0
0
0
s2sdefault