സലഫിയ്യത്ത്: ആദര്‍ശവും നിലപാടുകളും

അബ്ദുല്‍ മാലിക് സലഫി

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

മനുഷ്യര്‍ക്ക് ഇരുട്ടില്‍ സഞ്ചരിക്കാന്‍ വെളിച്ചം ആവശ്യമാണ്. ആത്മീയമായ ഇരുട്ടുകളെ ഇല്ലായ്മ ചെയ്യാനും വെളിച്ചം ആവശ്യമാണ്. അത്തരം വെളിച്ചവുമായാണ് പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചത്. അവര്‍ ലോകത്തിന് കൈമാറിയത് വെളിച്ചത്തിനുമേല്‍ വെളിച്ചമായിരുന്നു. അതാണ് ഇസ്‌ലാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ജീവിത വിശുദ്ധിയുടെ ആധ്യാത്മിക പാഠങ്ങളുമാണത്. ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം അന്തിമ പ്രവാചകനിലൂടെ സംഭവിച്ചു. പതിനാല് നൂറ്റാണ്ടിലേറെ അത് സഞ്ചരിച്ചു കഴിഞ്ഞു.

അതിന്റെ ആദിമ വിശുദ്ധിയുടെ കാവലാളുകളായവരാണ് അഹ്‌ലുസ്സുന്നഃ. പക്ഷേ, അഹ്‌ലുസ്സുന്നഃയിലും വ്യാജപതിപ്പുകള്‍ ഉടലെടുത്തപ്പോള്‍, ഇസ്‌ലാമിന്റെയും അഹ്‌ലുസ്സുന്നഃയുടെയും ആദര്‍ശ പ്രബോധനത്തിന് വേണ്ടി പണ്ഡിതന്മാര്‍ സ്വീകരിച്ച നാമമാണ് സലഫിയ്യത്ത് എന്നത.് 'സലഫ്' എന്ന പദത്തില്‍ നിന്നാണത് നിഷ്പന്നമായത്. സലഫ് എന്നാല്‍ മുന്‍ കഴിഞ്ഞവര്‍ എന്നര്‍ഥം. അതിനാല്‍ മുന്‍ഗാമികളുടെ മാര്‍ഗം അവലംബിച്ചുകൊണ്ട് ആദര്‍ശനിലപാടുകള്‍ സ്വീകരിക്കുന്നവരും അത് പ്രബോധനം നടത്തുന്നവരും സലഫികള്‍ എന്നു വിളിക്കപ്പെടുന്നു.

'സലഫിയ്യത്ത്' കക്ഷിത്വമല്ല. അതൊരു വ്യക്തിയിലേക്കുള്ള ക്ഷണവുമല്ല. ആള്‍ബലവും ഭൗതിക സംവിധാനങ്ങളുമല്ല അതിന്റെ ശക്തി. പ്രത്യുത, കുറ്റമറ്റ പ്രമാണങ്ങളാണ്. ക്വുര്‍ആനും സുന്നത്തുമാണ് സലഫിയ്യത്തിന്റെ ഭരണഘടന. അതൊരു പ്രാദേശിക കാഴ്ചപ്പാടല്ല; ഒരു രാഷ്ട്രത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ആശയസംഹിതയുമല്ല. ഇസ്‌ലാമിന്റെ നിത്യനൂതനമായ ആദര്‍ശത്തിന്റെ പര്യായമാണത്. ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം ലോകത്തിന്റെ ഏതൊക്കെ കോണുകളില്‍ പ്രശോഭിക്കുന്നുണ്ടോ അവിടെയെല്ലാം സലഫിയ്യത്തുമുണ്ട്. അഥവാ, വേര്‍പെടുത്താനാവാത്തവിധം ഒന്നായിത്തീര്‍ന്ന സംജ്ഞകളാണ് സലഫിയ്യത്തും ഇസ്‌ലാമും.

സലഫിയ്യത്ത് വേറിട്ടു നില്‍ക്കുന്നത് അതിന്റെ ആദര്‍ശ ബോധനരംഗത്തുള്ള വ്യക്തതയും പ്രാമാണികതയും കൊണ്ടാണ്. ക്വുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തിയുള്ള ആശയധാരയായ സലഫിയ്യത്ത് വിശ്വാസ, കര്‍മ, ആചാര മണ്ഡലങ്ങളില്‍ മുന്‍ഗാമികളുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മഹാന്‍മാരുടെ മാര്‍ഗമാണ് അവലംബിക്കുന്നത്. പ്രവാചകന്റെ അനുയായികളും (സ്വഹാബികള്‍) അവരെ തുടര്‍ന്നവരും (താബിഉകള്‍) താബിഉകളെ പിന്തുടര്‍ന്നവരും (തബഉത്താബിഉകള്‍) അടങ്ങുന്ന ഈ ഉത്തമ തലമുറക്ക് നബിതിരുമേനി(സ)യുടെ പ്രശംസ ലഭിച്ചിട്ടുണ്ട് എന്നതാണതിനു നിദാനം.

വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ലോകോത്തര മാതൃകകളാണവര്‍. സമാധാനത്തിന്റെ സന്ദേശവാഹകരായിരുന്ന ഉത്തമ തലമുറക്കാര്‍ സര്‍വ്വ ബിദ്അത്തുകളെയും (മതത്തിലെ നവനിര്‍മിതി) അനാചാരങ്ങളെയും അതിവാദങ്ങളെയും തിരിച്ചറിഞ്ഞ് അവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരായിരുന്നു. സലഫിയ്യത്തിന്റെ നയവും അതുതന്നെയാണ്.

പ്രമാണങ്ങല്‍ക്കു മുന്നില്‍ കീഴൊതുങ്ങുക എന്നതാണ് സലഫിയ്യത്തിന്റെ മറ്റൊരു നയം. ഇത് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും താല്‍പര്യമാണ് താനും. അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കുക: ''ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെ പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (സൂറഃ ആലുഇംറാന്‍: 65).

ഈ സൂക്തത്തിന്റെ പ്രയോക്താക്കള്‍ സലഫിയ്യത്തിനെ ആദര്‍ശമായി ഉള്‍ക്കൊണ്ടവര്‍ മാത്രമാണ് എന്നത് തിരസ്‌കരിക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്.

മതത്തിന്റെ പേരില്‍ മുളപൊട്ടിയിട്ടുള്ള മുഴുവന്‍ പുതുനിര്‍മിതികളെയും അതിന്റെ നിര്‍മാതാക്കളെയും ശക്തമായി നിരാകരിക്കുന്ന നിലപാടാണ് സലഫികള്‍ സ്വീകരിച്ചിട്ടുള്ളത്. കാരണം, ഇത്തരം ബിദ്അത്തുകള്‍ക്കെതിരെ ഗൗരവമേറിയ താക്കീതുകളാണ് പ്രവാചകതിരുമേനി(സ) നടത്തിയിട്ടുള്ളത്. മതത്തില്‍ കടത്തിക്കൂട്ടപ്പെടുന്ന മുഴുവന്‍ ബിദ്അത്തുകളും നരകത്തിലേക്കുള്ള വഴികളാണെന്ന പ്രവാചകാധ്യാപനമാണ് സലഫികള്‍ക്ക് ഈ വിഷയത്തിലുള്ള വെളിച്ചം.

തീവ്രതക്കും നിഷ്‌ക്രിയതക്കും മധ്യേയാണ് സലഫിയ്യത്ത് നിലകൊള്ളുനന്ത്. ഇസ്‌ലാമിന്റെ 'വസത്വിയ്യത്ത്' (മധ്യമ നിലപാട്) അക്ഷരാര്‍ഥത്തില്‍ തന്നെ പ്രയോഗവല്‍കരിക്കാനുള്ള ശ്രമത്തിന്റെ പേരാണ് യഥാര്‍ഥത്തില്‍ സലഫിയ്യത്ത് എന്നു പറഞ്ഞാല്‍ അതു തെറ്റല്ല.. കാഫിര്‍ (സത്യനിഷേധി/അവിശ്വാസി), മുശ്‌രിക് (ബഹുദൈവ വിശ്വാസി) തുടങ്ങിയ പദങ്ങളെ വ്യക്തികളുടെ മേല്‍ ചാര്‍ത്തുന്നതില്‍ പുലര്‍ത്തുന്ന തികഞ്ഞ സൂക്ഷ്മത സലഫികളുടെ പ്രത്യേകതയാണ്. അതേസമയം ശിര്‍ക്കും കുഫ്‌റും വ്യവഛേദിച്ച് പഠിപ്പിക്കുന്നതില്‍ അവര്‍ എന്നും മുന്‍പന്തിയിലാണ് താനും. ഈ രംഗത്ത് മധ്യമ നിലപാട് സ്വീകരിക്കുന്ന സലഫികളെ പക്ഷേ, അകാരണമായി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്ധത ബാധിച്ച വിമര്‍ശകന്മാര് ചിലപ്പോള്‍! തുനിയാറുണ്ട് എന്നത് നാം കാണാതിരുന്നു കൂടാ.

വിജ്ഞാനം, സംസ്‌കരണം, പ്രബോധനം എന്ന രീതിയാണ് സലഫികള്‍ സ്വീകരിച്ചു വരുന്നത്. പ്രവാചകരുടെ ശൈലിയും അതുതന്നെയാണ്. വിജ്ഞാനമാണ് പ്രബോധനത്തിന്റെ ആയുധം. വിജ്ഞാന സമ്പാദനത്തിലൂടെ സ്വയം സംസ്‌കൃതരായവര്‍ നടത്തുന്ന ബോധനം അതുല്യ വിപ്ലവം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പ്രവാചകന്‍മാരുടെയും മറ്റു മഹാന്‍മാരുടെയും ചരിത്രത്തിന്റെ ഏടുകള്‍ നമുക്കു നല്‍കുന്ന സന്ദേശമതാണ്.

തൗഹീദീപ്രബോധനത്തിന് പ്രഥമ പരിഗണന എന്നത് സലഫിയ്യത്തിനെ വേറിട്ടു നിര്‍ത്തുന്ന സംഗതിയാണ്. പ്രവാചകന്‍മാരുടെ പ്രബോധനരീതികള്‍ പഠിക്കുന്ന ആര്‍ക്കും സലഫികള്‍ സ്വീകരിച്ച ഈ വഴിയുടെ പ്രാമാണികത ബോധ്യപ്പെടും. അടിത്തറ ശരിയാവാതെ എടുപ്പുകള്‍ നിര്‍മിക്കുന്നത് മൗഢ്യമാണെന്ന് തിരിച്ചറിയാനുള്ള ശേഷി സലഫികള്‍ക്കുണ്ട്. കേവലം ഉപരിപ്ലവമായ സേവന പ്രവര്‍ത്തനങ്ങളല്ല, മനസ്സറിഞ്ഞ ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള ആശയസംവേദനമാണ് ദഅ്‌വത്ത് (പ്രബോധനം).

തൗഹീദീ പ്രബോധനത്തിന്റെ ഭാഗമാണ് ശിര്‍ക്കിനും അതിന്റെ പ്രചാരകര്‍ക്കുമെതിരായ പോരാട്ടവും. സമൂഹത്തെ വഴിതെറ്റിക്കുന്ന വിശ്വാസ, ആചാര ചൂഷണ കേന്ദ്രങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ് സലഫികള്‍. മാരണക്കാര്‍, ജ്യോത്സ്യന്‍മാര്‍, കൈനോട്ടക്കാര്‍, ജാറവ്യവസായക്കാര്‍, വ്യാജ തിരുശേഷിപ്പുകളുടെ പേരില്‍ ധനസമ്പാദനം നടത്തുന്നവര്‍ തുടങ്ങിയവരെയെല്ലാം സമൂഹത്തിന് മുന്നില്‍ വിചാരണ നടത്തുന്നതില്‍ സലഫികളാണ് മുന്നില്‍ നിന്നിട്ടുള്ളത്.

ഭീകരത, തീവ്രവാദം, തുടങ്ങിയ അതിരുകവിച്ചിലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് അവരോട് എതിര്‍ പക്ഷത്തു നിന്ന് പോരാട്ടം നയിക്കുന്നവരാണ് സലഫികള്‍. ഭീകരതയുടെ നാമ്പുകള്‍ കണ്ടെത്തി അതിനെ മുളയിലേ നുള്ളിക്കളയാന്‍ എന്നും നേതൃത്വം നല്‍കിയത് സലഫികളായിരുന്നു എന്നത് ചരിത്രം പരിശോധിക്കുന്നവര്‍ക്കെല്ലാം വ്യക്തമാവും. അതേ സലഫികളെ ഭീകരതയുമായി കൂട്ടിക്കെട്ടാന്‍ പാടുപെടുന്ന ജൂത ശിയാ സൂഫി ലോബികളെ ഇന്ന് ലോകം തിരിച്ചറിഞ്ഞ് വരുന്നുണ്ട് എന്നതും ആശ്വാസകരമാണ്.

ആദര്‍ശത്തില്‍ മായം ചേര്‍ക്കാതെ തന്നെ മാനുഷികതയുടെ വിശാല ലോകത്ത് പരസ്പര സഹകരണത്തിന്റെ മേഖലകള്‍ കൊട്ടിയടക്കാത്തവരാണ് സലഫികള്‍. മാനുഷികമായ ഐക്യത്തിന് എന്നും മുന്നില്‍ നിന്നിട്ടുള്ളത് സലഫികളാണ്.

അല്ലാഹുവിന്റെ സ്വിഫാത്തുകള്‍ (വിശേഷണങ്ങള്‍), വിധിവിശ്വാസം, സിഹ്‌റ് (മാരണം), പരലോകം, അന്ത്യനാളിന്റെ അടയാളങ്ങള്‍ തുടങ്ങി ഏത് വിഷയത്തിലും മുന്‍ഗാമികളുടെ പ്രമാണബദ്ധമായ വിശ്വാസവും നിലപാടുകളും തന്നെയാണ് സലഫികള്‍ക്കുള്ളത്. തങ്ങളുടെ പരിമിതമായ ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുന്ന നൂതനവാദികളുടെ വൈകല്യം സലഫിയ്യത്തിനെ ബാധിച്ചിട്ടില്ല. ഈ വിഷയങ്ങളിലൊന്നും യഥാര്‍ത്ഥ സലഫികള്‍ക്ക് ഒരബദ്ധവും പിണഞ്ഞിട്ടില്ല. സ്വീകാര്യമായ നബിവചനങ്ങളെപ്പോലും തിരസ്‌കരിക്കുന്ന വര്‍ത്തമാനകാല സംഭവങ്ങള്‍ ബുദ്ധിപൂജയുടെ പരിണിതഫലമാണെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ട്.

അന്ധമായ അനുകരണത്തെ ആദ്യം മുതല്‍ക്കുതന്നെ സലഫികള്‍ എതിര്‍ത്ത് പോന്നിട്ടുണ്ട്. എന്നാല്‍, പ്രമാണബദ്ധമായി പണ്ഡിതന്‍മാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ പിന്‍പറ്റുന്നതിനെ സലഫികള്‍ എതിര്‍ത്തിട്ടുമില്ല. സലഫിയ്യത്തിന്റെ ആദര്‍ശ നയനിലപാടുകളാണ് കേരളത്തിലെ മുജാഹിദുകള്‍ പിന്തുടരുന്നത്. അത് ഏതു വിഷയമാണെങ്കിലും ശരി. സലഫിയ്യത്തിനോടും അതിന്റെ ആശയനിലപാടുകളോടും അസ്പൃശ്യത പുലര്‍ത്തുകയും സലഫിയ്യത്തിനെ ഒരു ഇസമായി ചുരുട്ടിക്കെട്ടാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥ മുജാഹിദുകളല്ല.

ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ പര്യായമാണ് സലഫിയ്യത്ത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഒന്നും സലഫികള്‍ ലോകത്തോട് പറയുന്നില്ല. ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ ഒന്നിനെയും അവര്‍ തള്ളിക്കളയുന്നുമില്ല. അതു കൊണ്ടു തന്നെ, സ്വര്‍ഗത്തിലേക്കുള്ള ഒറ്റവരിപ്പാതയാണത്. ആ പാതയില്‍ അണിചേരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault