സഹകരിക്കുവാന്‍ ശീലിക്കുക

അഫ്‌വാന ബിന്‍ത്ത് ലത്തീഫ്

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

ഫൈസലും ശരീഫയും അജ്മലും ജുമാനയും നല്ല സന്തോഷത്തിലാണ്. അമ്മാവന്റെ മക്കളായ ഫസീലയും സ്വഫ്‌വാനും വിരുന്നുവന്നതാണ് സന്തോഷത്തിന് കാരണം. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഇഷ്ടം പോലെ കളിക്കാം. എല്ലാവരും വര്‍ത്തമാനത്തില്‍ മുഴുകി ഇരിക്കുമ്പോഴാണ് ഉമ്മ ചായയുമായി വന്നത്. 

അന്നേരമാണ് കോൡഗ് ബെല്‍ മുഴങ്ങിയത്. ''ആരാണെന്ന് ചെന്ന് നോക്കൂ ൈഫസലേ'' ഉമ്മ പറഞ്ഞു. കതക് തുറന്നു നോക്കിയപ്പോള്‍ പുറത്ത് എളാപ്പയുടെ മകന്‍ അലിക്കാക്ക. അലിക്കാക്ക സലാം പറഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. 

'എന്തൊക്കെയുണ്ട് അലീ വിശേഷം? നിന്നെ കുറെ കാലമായല്ലോ ഇതിലെയൊക്കെ കണ്ടിട്ട്'  ഉമ്മ ചായ പകരുന്നതിനിടക്ക് അന്വേഷിച്ചു. അലിക്കാക്ക വിശേഷിച്ചൊന്നുമില്ലെന്ന് പറഞ്ഞു. ശരീഫയും, ജുമാനയും ഇരിക്കാന്‍ സ്ഥലമില്ലാതെ നിന്നു കുടിക്കുകയായിരുന്നു. അലിക്കാക്ക സലീനയോട് പറഞ്ഞു:

''അല്‍പം നീങ്ങിയിരുന്ന് കൊടുക്ക്. അവര്‍ അവിടെ ഇരിക്കട്ടെ. നിന്ന് തിന്നുന്നതും നിന്ന് കുടിക്കുന്നതും നല്ലതല്ല. മറ്റുള്ളവര്‍ക്ക് കൂടി ഇരിക്കാന്‍ കഴിയത്തക്കവിധം ഒതുങ്ങിയിരിക്കണം. ഇസ്‌ലാമിക മര്യാദ ഇതാണ്'' അലിക്കാക്ക പറഞ്ഞു.

''കുട്ടികളല്ലേ, സാരമില്ല. അവര്‍ ചിലപ്പോള്‍ മറന്നെന്ന് വരും'' ഉമ്മ പറഞ്ഞു. 

''മുതിര്‍ന്നവര്‍ പോലും ഇത്തരം മര്യാദകള്‍ പാലിക്കാന്‍ ശ്രദ്ധിക്കാറില്ല. ഒരു ദിവസം ഞങ്ങള്‍ തീവണ്ടിയില്‍ പോകുമ്പോള്‍ അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നാല് യുവാക്കള്‍ വിസ്തരിച്ചങ്ങനെ ഇരിക്കുന്നു. ഒരു വൃദ്ധനും പിഞ്ചുകുഞ്ഞിനെ എടുത്ത സ്ത്രീയുമൊക്കെ പ്രയാസപ്പെട്ട് നില്‍ക്കുന്നത് അവര്‍ കാണാത്ത മട്ടില്‍ ഇരിക്കുകയാണ്. അല്‍പം നീങ്ങിയാല്‍ ഒരാള്‍ക്ക് കൂടി ആ സീറ്റില്‍ ഇരിക്കാം. കുറച്ച് അപ്പുറത്തായിരുന്ന ഞാന്‍ എഴുന്നേറ്റ് വൃദ്ധനെ വിളിച്ച് അവിടെയിരുത്തി'' അലിക്കാക്ക പറഞ്ഞു.

''മുഹമ്മദ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത് നീങ്ങിയിരുന്ന് സഹകരിക്കണമെന്നാണ് എന്ന് ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്'' ജുമാന പറഞ്ഞു. 

''തീര്‍ച്ചയായും അങ്ങനെത്തന്നെയാണ്. കൂടെ യാത്ര ചെയ്യുന്നവരുടെയും കൂടെ ഇരിക്കുന്നവരുടെയുമെല്ലാം  ബുദ്ധിമുട്ടിക്കാതിരിക്കുവാനും നാം ശ്രദ്ധിക്കണം. പുകവലി പാടില്ല എന്ന് എഴുതി വെച്ച സ്ഥലങ്ങളില്‍പോലും പലരും പുകവലിക്കുന്നത് കാണാം. മറ്റുള്ളവര്‍ക്കുണ്ടാകുന്ന ശല്യത്തെപ്പറ്റി അവര്‍ ഓര്‍ക്കുന്നില്ല. കോട്ടുവായിടുമ്പോള്‍ കൈ കൊണ്ട് വായ പൊത്തണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത് കൂട്ടുകാര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് കരുതിയാണ്'' അലിക്കാക്ക പറഞ്ഞു.

''വഴിവക്കിലും ആളുകള്‍ വിശ്രമിക്കുന്ന തണലിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യരുതെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കരുതെന്നല്ലേ അതുകൊണ്ട് ഉദ്ദേശിക്കുന്നത്?'' ഫൈസല്‍ ചോദിച്ചു. 

''അതെ'' അലിക്കാക്ക പറഞ്ഞു. 

''എന്റെ കൂട്ടുകാരന്‍ മുബ്തസിം മൂത്രിച്ചാല്‍ കഴുകാറില്ല'' സ്വഫ്‌വാന്‍ പറഞ്ഞു. 

''വൃത്തിയുള്ളവനായിരിക്കണം മുസ്‌ലിം. മൂത്രം മാലിന്യമാണ്. അത് വസ്ത്രത്തിലും ശരീരത്തിലും ആകാതെ നാം സൂക്ഷിക്കണം'' അലിക്കാക്ക പറഞ്ഞു.

എല്ലാവരും അലിക്കാക്കയുടെ ചുറ്റും കൂടി. ഇനി ഒരു കഥ പറയണം എന്ന് ഒന്നിച്ച് ആവശ്യപ്പെട്ടു.

കഥപറയാനായി നാളെ ഒഴിഞ്ഞുവരാം. ഇന്ന് അല്‍പം തിരക്കുണ്ട് എന്ന് പറഞ്ഞ് അലിക്കാക്ക യാത്ര പറഞ്ഞിറങ്ങി. 

''എന്തായാലും വരണേ'' കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു. നാളെ നല്ലൊരു കഥ കേള്‍ക്കാമല്ലോ എന്ന സന്തോഷത്തില്‍ ചിലര്‍ വായനയിലും ചിലര്‍ കളിയിലും മുഴുകി.   

0
0
0
s2sdefault