സാമൂഹ്യ ബന്ധങ്ങള്‍ തകരാതെ സൂക്ഷിക്കുക

ഹാഷിം കാക്കയങ്ങാട്

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

മറ്റു ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാട് സവിശേഷതകള്‍ നല്‍കപ്പെട്ടവരാണ് മനുഷ്യര്‍. അതിലേറ്റവും പ്രധാനപ്പെട്ടത് വിശേഷബുദ്ധിയാണ്. മനുഷ്യര്‍ക്ക് ബുദ്ധി നല്‍കിയ സ്രഷ്ടാവ് മറ്റു ജീവജാലങ്ങള്‍ക്കും അവര്‍ക്കനുയോജ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശേഷബുദ്ധി എന്ന ഗുണം മനുഷ്യന് മാത്രം നല്‍കപ്പെട്ട അനുഗ്രഹമാണ്. തന്നെ പ്രസവിച്ച് പാലൂട്ടിയ അമ്മപ്പശുവുമായി ഇണചേര്‍ന്ന് പ്രത്യല്‍പാദനം നടത്തുന്ന കാള നമ്മെ അത്ഭുതപ്പെടുത്താത്തത് അത് കൊണ്ടാണ്. ഒറ്റ പ്രസവത്തില്‍ അഞ്ചും ആറും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജന്തുജാലങ്ങളും മുട്ടകള്‍ക്ക് മേല്‍ അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്ന തളളപ്പക്ഷികളും തങ്ങളുടെ മക്കളുമായി ഇണചേരുകയും അവയുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതില്‍ നാമാരും അസ്വാഭാവികത ദര്‍ശിക്കുന്നില്ല. കാരണം അവയുടെ പ്രകൃതം ആ രൂപത്തിലാണ്. എന്നാല്‍ മനുഷ്യര്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ഭദ്രമായ സാമൂഹിക അടിത്തറയിലാണ് അവരുടെ ജീവിതചക്രം കറങ്ങുന്നത്. ആരുമായും എന്തുമാവാം എന്നതിന് പകരം ഓരോന്നും കൃത്യമായ അതിര്‍വരമ്പുകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കേവല ബുദ്ധിക്കപ്പുറം വിശേഷബുദ്ധിയും അറിവിനെക്കാളുപരി തിരിച്ചറിവും നേടുമ്പോഴാണ് ഒരാള്‍ ഒരു യഥാര്‍ഥ മനുഷ്യനാകുന്നത്. 

മനുഷ്യന്റെ ജീവിതഘടന തന്നെ രൂപപ്പെട്ടിരിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളായാണ്. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്ന് തലങ്ങളിലധിഷ്ഠിതമാണ് അവന്റെ ജീവിത വ്യവഹാരങ്ങള്‍. നല്ല വ്യക്തികള്‍ ചേര്‍ന്ന് നല്ല കുടുംബവും നല്ല കുടുംബങ്ങള്‍ ചേര്‍ന്ന് നല്ല സമൂഹവും രൂപപ്പെടുന്നു. അത് നേരെ തിരിച്ചും സംഭവിക്കാം. 

സഹകരണം മനുഷ്യനിലനില്‍പിന് അനിവാര്യം 

മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. മറ്റുള്ളവരെ ആശ്രയിച്ച് മാത്രമെ അവന് ഭൂമിയില്‍ നിലനില്‍പ് സാധ്യമാവുകയുള്ളൂ. ഇതില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജകളെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരാശ്രയം ആവശ്യമുള്ളവരാണ്. കര്‍ഷകന്‍ നിലമുഴുത് വിത്തിറക്കി വെള്ളവും വളവും നല്‍കി വെയിലും മഴയുമേറ്റ് അധ്വാനിച്ചതിന്റെ ഫലമായാണ് നമ്മുടെ തീന്‍മേശകള്‍ വിഭവസമൃദ്ധമാകുന്നത്. തുണിമില്‍ തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലനമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും കാര്യം അങ്ങനെ തന്നെ. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഓരോ വസ്തുവും നമ്മുടെ കയ്യിലെത്തുമ്പോഴേക്കും അനേകം ആളുകളുടെ അധ്വാനം അതില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കും. ഈയൊരു സഹകരണവും പരസ്പരാശ്രയവും ഒഴിവാക്കിയുള്ളൊരു ജീവിതം മനുഷ്യന് സാധ്യമല്ല തന്നെ. 

''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്...'' (ക്വുര്‍ആന്‍: 5:2) എന്നാണ് അല്ലാഹുവിന്റ കല്‍പന.  ഈയൊരു കല്‍പന നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. സാമൂഹിക ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധം അസ്വാരസ്യങ്ങളും അകല്‍ച്ചകളും ഉരുണ്ട് കൂടുന്ന വര്‍ത്തമാനകാലത്ത് ഇത്തരം വിഷയങ്ങളിലുള്ള മുസ്‌ലിമിന്റെ നിലപാട് നാം കൃത്യമായി പഠിച്ചെടുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ പരസ്പരം കഴുത്തറുപ്പിക്കാന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടി കാത്തിരിക്കുന്ന കൗശലക്കാരായ കുബുദ്ധികളുടെ കൈകളിലെ പാവകളായി നാം മാറുമെന്നതില്‍ സംശയമില്ല.

സാമൂഹ്യബന്ധങ്ങള്‍: നാം ശ്രദ്ധിക്കേണ്ടത്

ചെറുതും വലുതുമായ ഏത് കാര്യത്തിലും വിശ്വാസികളുടെ മാതൃകാപുരുഷന്‍ പ്രവാചക(സ്വ)നാകുന്നു. കേവലം വിശ്വാസ, ആരാധനാ മേഖലകളില്‍ മാത്രമല്ല അവിടുന്ന് നമുക്ക് വഴികാട്ടിത്തന്നത്. വ്യക്തി, കുടുംബം, സമൂഹം തുടങ്ങി ജീവിതത്തിന്റെ സര്‍വ മേ ഖലകളിലും അവിടുന്ന് നമുക്ക് മാതൃകയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്. അതായത് , അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 33:21).

പ്രവാചകത്വലബ്ധിക്ക് മുമ്പത്തെ അവിടുത്തെ ജീവിതം പോലും ഈയൊരു കാര്യം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. വിശ്വസ്തന്‍ എന്ന അപരനാമം മക്കക്കാര്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത് ഇതിനേറ്റവും നല്ല ഉദാഹരണമാണ്. കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെക്കേണ്ട സമയത്ത് അവര്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ പര്യവസാനം എന്തായിരുന്നുവെന്ന് പഠിച്ചവരാണ് നാം. ഗോത്രമഹിമയില്‍ അഹങ്കരിച്ചിരുന്ന അറബികളിലെ ഓരോ ഗോത്രവും അതിനുള്ള അവകാശവാദമുന്നയിച്ചപ്പോള്‍ ഇനി ആദ്യം ഇവിടേക്ക് കടന്ന് വരുന്നയാളെ നമുക്ക് മധ്യസ്ഥനാക്കാമെന്ന നിര്‍ദേശം ഉയര്‍ന്ന് വരികയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. ആദ്യം കടന്ന് വന്നതാകട്ടെ അല്‍അമീനായ മുഹമ്മദും(സ്വ). അവിടുന്ന് നിര്‍ദേശിച്ച മധ്യസ്ഥ വഴി അവര്‍ സ്വീകരിച്ച് ആ തര്‍ക്കം അവിടെ അവസാനിപ്പിച്ചതാണ് ചരിത്രം. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍ നിന്ന് ഒളിച്ചോടുകയാ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യുന്നതിന് പകരം പ്രശ്‌നത്തിന്റെ മര്‍മം പഠിച്ച് പരമാവധി സ്വീകാര്യമായ ഒത്തുതീര്‍പ്പ് ഉണ്ടാക്കലാണ് ഒരു നല്ല മനുഷ്യന്റെ ലക്ഷണമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

നല്ല വിശ്വാസി നല്ല മനുഷ്യന്‍ കൂടി ആവേണ്ടതുണ്ട്

സത്യവിശ്വാസി താന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നവനാകണം. കുടുംബം , അയല്‍വാസി, പൊതുസമൂഹം... ഇവരോടൊക്കെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടേണ്ടവനാണ് മനുഷ്യരെല്ലാവരും. അവരോടുള്ള പെരുമാറ്റം ഏറ്റവും നല്ലതും ഉല്‍കൃഷ്ടവുമാക്കേണ്ടതുണ്ട്. പ്രവാചകരുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചയാളോട് പ്രിയപത്‌നി ആഇശ(റ) പറഞ്ഞ മറുപടി 'അവിടുത്തെ സ്വഭാവം ക്വുര്‍ആന്‍ ആയിരുന്നു' എന്നാണ്. ആ ഒരൊറ്റ മറുപടി മാത്രം മതി പ്രവാചകന്റെ വ്യക്തിത്വത്തെ അളക്കുവാന്‍. ബാഹ്യമായി കാണുന്നതിലപ്പുറം രഹസ്യ ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും ഏറ്റവും നന്നായി അറിയുക ഇണകള്‍ക്കായിരിക്കും. അങ്ങനെ അറിയുന്ന ആളോട് തന്റെ ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കുക പോലും ചെയ്യാതെ നല്ലത് മാത്രം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ വ്യക്തിത്വത്തിന്റെ ഔന്നത്യം തന്നെയാണ് അതില്‍ പ്രകടമാകുന്നത്. കുടുംബത്തിന് വീട്ടുകാര്യങ്ങളില്‍ സഹായം ചെയ്ത് കൊടുത്തും തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ പരമാവധി സ്വയം ചെയ്തുകൊണ്ടുമൊക്കെ പ്രവാചകന്‍(സ്വ) ആ ബന്ധത്തെ നട്ടുനനച്ചു. ഇണകളോട് നന്നായി പെരുമാറാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.

അയല്‍വാസികളോടുള്ള കടമകളെക്കുറിച്ച് അനുയായികളെ അവിടുന്ന് നിരന്തരം ഉണര്‍ത്തിയിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞ് തരുന്നു. ആഇശ(റ), ഇബ്‌നുഉമര്‍(റ) എന്നിവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: 

''നബി(സ്വ) പറഞ്ഞിരിക്കുന്നു; അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീ ല്‍(അ) എന്നെ ഉപദേശിച്ച് കൊണ്ടേയിരുന്നു; അനന്തര സ്വത്തിന് പോലും അയല്‍വാസി അവകാശിയാകുമോ എന്ന് ഞാന്‍ വിചാരിച്ചു പോകുമാറ്'' (ബുഖാരി, മുസ്‌ലിം).

അയല്‍പക്ക ബന്ധത്തിന്റെ ആഴവും പരപ്പും ഇസ്‌ലാം അതിന് കൊടുക്കുന്ന പ്രാധാന്യവും മനസ്സിലാക്കിത്തരാന്‍ ഇതിലപ്പുറം എന്ത് വാക്കുകളാണ് നമുക്ക് വേണ്ടത്?

അബൂദര്‍റ്(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: നബി(സ്വ) ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഓ അബൂദര്‍റ്, താങ്കളൊരു കറിവെക്കുകയാണെങ്കില്‍ അതില്‍ വെള്ളം അല്‍പം കൂട്ടിക്കൊണ്ട് നിങ്ങളുടെ അയല്‍വാസിയെക്കൂടി നിങ്ങള്‍ പരിഗണിക്കുക'' (മുസ്‌ലിം).

ഇപ്രകാരം അയല്‍പക്ക ബന്ധത്തിന്റെ മര്യാദ വിശദീകരിക്കുന്ന നിരവധി ഹദീഥുകള്‍ കാണാം.

ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി സുരക്ഷിതനാകുന്നത് വരെ അയാള്‍ വിശ്വാസിയാവുകയില്ല എന്ന് മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) ആവര്‍ത്തിച്ചു പറയുകയുണ്ടായി . ഇതൊക്കെയും അവരുടെ ജീവിതത്തില്‍ അവര്‍ പുലര്‍ത്തിപ്പോന്നിട്ടുമുണ്ട്. അബ്ദുല്ലാഹിബ്‌നു മുബാറക് എന്ന താബിഈ പണ്ഡിതന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്:

''അദേഹത്തിന് ജൂതനായ ഒരു അയല്‍ക്കാരനുണ്ടായിരുന്നു .ഒരിക്കല്‍ ആ ജൂതന്‍ തന്റെ വീട് വില്‍പനക്ക് വച്ചു. കച്ചവടമുറപ്പിക്കാന്‍ വന്ന സംഘം അദ്ദേഹത്തോട് വില പറയാന്‍ ആവശ്യപ്പെട്ടു . അദേഹം പറഞ്ഞു: 'രണ്ടായിരം ദീനാര്‍.' 'ആയിരം ദീനാര്‍ മാത്രമെ തങ്ങളിതിനു വില കാണുന്നുള്ളൂ' എന്ന് വാങ്ങാന്‍ വന്നവര്‍ മറുപടി പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: 'ശരിയാണ്. ആയിരം ദീനാര്‍ വീടിന്റെ വില. ഏറ്റവും  നല്ലൊരു അയല്‍വാസിയെയാണ് ഇത് വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതിന്റെ വിലയും കൂടി കൂട്ടിയാണ് ഞാന്‍ രണ്ടായിരം പറഞ്ഞത്.''

ഇസ്‌ലാം പഠിപ്പിച്ച അയല്‍പക്ക ബന്ധവും നമ്മുടെ സ്വഭാവവും തമ്മില്‍ അകലമാണോ അതല്ല അടുപ്പമാണോ കൂടുതലുള്ളതെന്ന് സ്വയം വിചാരണ നടത്തേണ്ട സമയം കൂടിയാണിത്. മുസ്‌ലിമായ അയല്‍വാസിയെ ലഭിക്കുന്നത് സൗഭാഗ്യമായി കണ്ടിരുന്ന അവസ്ഥ ഇന്ന് മാറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ നാം തന്നെയാണ്. 

അയല്‍വാസിയുടെ അതിരുകള്‍ വെട്ടിപ്പിടിച്ചും മാലിന്യങ്ങള്‍ അവരുടെ പറമ്പില്‍ തള്ളിയും ദ്രോഹിക്കുന്നവരും കഠാരയെക്കാള്‍ മൂര്‍ച്ചയേറിയ നാവുകൊണ്ട് അവരെ ചീത്ത വിളിച്ചും പരിഹസിച്ചും ഹൃദയത്തില്‍  മുറിവുണ്ടാക്കുന്നവര്‍ മുസ്‌ലിം പേരുകള്‍ വഹിക്കുന്നവരാകുമ്പോള്‍  ഇത്രയും സുന്ദരമായൊരു മതത്തിന്റെ മുഖത്താണ് തങ്ങള്‍ ചെളി വാരിയെറിയുന്നതെന്ന് അവര്‍ ആലോചിക്കുന്നേയില്ല. അതാകട്ടെ മൊത്തം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലേക്ക് വളരുകയും ചെയ്യുന്നു.

0
0
0
s2sdefault