റോഹിങ്ക്യൻ മുസ്ലിംകൾ വംശവെറിയുടെ ഇരകൾ

ഡോ. ശബീൽ പി.എൻ

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

റോഹിങ്ക്യൻ മുസ്ലിംകൾ: 1

ഇത്‌ മ്യാൻമർ. 1948ൽ ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ വാഴ്ചയിൽനിന്ന്‌ സ്വതന്ത്രമായ രാജ്യം. പിന്നീട്‌ പട്ടാള ഭരണത്തിനു കീഴിൽ ജനാധിപത്യവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു രാജ്യം. 2015ൽ നടന്ന ജനറൽ ഇലക്ഷനിൽ ഓങ്ങ്‌ സാങ്ങ്‌ സൂകിയുടെ നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി അധികാരത്തിൽ വന്നതോടെ ആ രാജ്യം ജനാധിപത്യത്തിലേക്ക്‌ മടങ്ങി വന്നു എന്ന്‌ ലോകം വിശ്വസിച്ചതാണ്‌. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന്‌ പ്രതീക്ഷിച്ചതാണ്‌. പക്ഷേ, അതിന്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

അവിടെ നിന്നാണ്‌ അതി നിഷ്ഠൂരമായ വംശഹത്യയുടെ ഭീകര ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്നുകാണ്ടിരിക്കുന്നത്‌. അഹിംസയെ ആദർശമായി സ്വീകരിച്ച ബുദ്ധമതത്തിന്റെ അനുയായികളും നേതാക്കളും സന്ന്യാസിമാരും ഒത്തൊരുമിച്ച്‌ അവിടെയുള്ള റോഹിങ്ക്യൻ മുസ്ലിംകളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നുതിന്റെ കരളലയിപ്പിക്കുന്ന വാർത്തകൾ! ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം എന്ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച; ലോക മനുഷ്യാവകാശ സംഘടന ലോകത്ത്‌ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്ത ജനവിഭാഗമാണ്‌ എന്ന്‌വിധിയെഴുതിയ വിഭാഗമാണ്‌ റോഹിങ്ക്യൻ മുസ്ലിംകൾ.

നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വന്തമായി ഭാഷയും ഉള്ള ആ ജനവിഭാഗത്തിന്‌ സ്വദേശമില്ല. അറുകൊലയിലൂടെ അവരുടെ എണ്ണം ഒരുപാടുകുറഞ്ഞു. അഭയാർഥികളായി വിവിധ നാടുകളിൽ അവർ ചേക്കേറി. പലരും അഭയം നൽകിയില്ല; തങ്ങളുടെ നാട്ടിൽ കാലുകുത്താൻ സമ്മതിച്ചില്ല. തിരിച്ചുപോകാൻ നാടില്ല.കാത്തിരിക്കുന്നത്‌ തല മൊട്ടയടിച്ച വേട്ടനായ്ക്കൾ. അങ്ങനെ നടുക്കടലിൽ മരിച്ചു വീണവരെത്ര! ആസൂത്രിതവും വ്യവസ്ഥാപിതവുമായ വംശഹത്യയുടെ നേർക്കാഴ്ച!

അൽപം ചരിത്രം

മനുഷ്യാവകാശ സംഘടനകളുടെ കണക്കുപ്രകാരം 15-20 ലക്ഷം വരെയാണ്‌ ഇവരുടെ മൊത്തം ജനസംഖ്യ. ബർമയിലെ (മ്യാൻമർ) റഖാഈൻ പ്രദേശത്ത്‌ ക്രി. 1400 മുതൽ താമസിച്ചുവരുന്നവരാണ്‌ ഇവരിലെ തദ്ദേശീയർ. റോഹിങ്ക്യൻ ഭാഷയാണ്‌ സംസാര ഭാഷ.

ബംഗാൾ സുൽത്താന്മാരും ബർമീസ്‌ രാജാക്കന്മാരും അതിർത്തികൾ പങ്കിട്ടിരുന്ന ഈ പ്രദേശത്തേക്ക്‌ അക്കാലത്ത്‌ കൃഷിപ്പണിക്കും മറ്റുമായി കൊണ്ടുവന്നിരുന്ന ബംഗാൾ നിവാസികളും ഈ ജനവിഭാഗത്തിന്റെ ഭാഗമായി മാറി. ബ്രിട്ടീഷുകാർ ബർമയുടെ ആധിപത്യം കൈക്കലാക്കിയ ശേഷം ഫലഭൂയിഷ്ഠമായ അറാക്കാൻ പ്രദേശത്ത്‌ കൃഷിക്ക്‌വേണ്ടി ധാരാളം ബംഗാൾ നിവാസികളെ ഈസ്റ്റ്‌ ഇന്ത്യ കമ്പനി കൊണ്ടുവന്നു. 19-​‍ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിലെ ചിറ്റഗോംഗിൽ നിന്നും മറ്റും ജോലിയാവശ്യാർഥം ധാരാളം പേർ അറാക്കാൻ (റഖാഈൻ) പ്രദേശത്തേക്ക്‌ കുടിയേറിയിട്ടുമുണ്ട്‌. 1948ൽ ബർമക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബർമയിലേക്ക്‌ പലായനം ചെയ്ത്‌ വന്നവരും ഇവരിലുണ്ട്‌. ഇത്‌ പോലെ മ്യാൻമറിൽ 135 ഓളം വംശങ്ങളുണ്ട്‌. ചിൻ, കോമൻ, ക്യാമി എന്നീ വംശക്കാർ വിവിധ രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ്‌.

പ്രശ്നങ്ങളുടെ തുടക്കം

നൂറ്റാണ്ടുകളായി അറാക്കാൻ പ്രദേശത്ത്‌ ഒരുമിച്ചു താമസിക്കുന്ന ബുദ്ധരും റോഹിങ്ക്യൻ മുസ്ലിംകളും തമ്മിൽ സൗഹൃദവും ഇടപഴകലും നിലനിന്നിരുന്നു. നാഫ്‌ പുഴയുടെ (ബർമയുടെയും ബഗ്ളാദേശിന്റെയും അതിർത്തി) ഇരുവശത്തുമായി താമസിക്കുന്ന ഇവർ തമ്മിൽ കച്ചവട ബന്ധവും സാമൂഹിക ബന്ധവും നിലനിന്നിരുന്നു.

1942ൽ ജനറൽ ന്യൂവിന്റെ നേതൃത്വത്തിൽ രുപം കൊണ്ട `ബർമീസ്‌ സ്വാതന്ത്ര്യസേന` ബുദ്ധമത വിശ്വാസികൾക്കിടയിൽ റോഹിങ്ക്യൻ വിരുദ്ധ ചിന്ത വളർത്തിയെടുക്കാൻ തുടങ്ങി. റോഹിങ്ക്യൻ മുസ്ലിംകൾ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ തൊഴിലാളികളാണ്‌, അവരുട ജനസംഖ്യ വർധിക്കുന്നത്‌ തങ്ങളുടെ നിലനിൽപിന്‌ ഭീക്ഷണിയാണ്‌ എന്നെല്ലാമുള്ള ചിന്താഗതികൾ വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാൻ പട്ടാളം ബർമയിലേക്ക്‌ ഇരച്ചുകയറി. ബുന്ധമത വിശ്വാസികൾ ഏറെയുള്ള ജപ്പാനും പ്രാദേശിക ബുദ്ധസേനകളും ബർമയിൽ ആധിപത്യത്തിന്‌ ശ്രമിച്ചപ്പോൾ വടക്കൻ അറാക്കാൻ പ്രദേശത്ത്‌ ബ്രട്ടീഷ്‌ സഹായത്തോടെ അവരുടെ കടന്നുകയറ്റം റോഹിങ്ക്യകൾ തടഞ്ഞു. എങ്കിലും മറ്റു പ്രദേശങ്ങളിൽ ന്വൂനപക്ഷങ്ങൾ ആയ ചൈനീസ്‌ കുടിയേറ്റക്കാരും ക്രിസ്ത്യാനികളും റോഹിങ്ക്യൻ മുസ്ലിംകളും വ്യാപകമായി ദേശീയവാദികളുടെ ആക്രമത്തിന്‌ ഇരയായി. ഇവരിൽ പലരും ബംഗാളിലേക്ക്‌ പലായനം ചെയ്തു.

1947ൽ പാക്കിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പട്ടപ്പോൾ ഒരു വിഭാഗം റോഹിങ്ക്യക്കാർ ആ രാജ്യത്തോട്‌ ചേരാൻ ആഗ്രഹിച്ചു. എന്നാൽ ബർമയുടെ പ്രാദേശിക കാര്യങ്ങളിൽ ഇടപെടാൻ മുഹമ്മദലി ജിന്ന വിസമ്മതിക്കുകയാണുണ്ടായത്‌. വലിയ ഒരു വിഭാഗം ബർമയിൽ തന്നെ തുടരണമെന്നാഗ്രഹിക്കുകയും ചെയ്തു. 1948 ബർമ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു, 135ഓളം വരുന്ന വിവിധ വംശീയ മത വിഭാഗങ്ങളെ ഉൾക്കൊണ്ടു കൊണ്ട്‌ നാനാത്വത്തിൽ ഏകത്വം തന്നെയാണ്‌ തുടക്കത്തിൽ ബർമയിലും ഉണ്ടായിരുന്നത്‌.

എന്നാൽ 1962ൽ സിവിലിയൻ ഭരണകൂടത്തിൽ നിന്ന്‌ അധികാരം ജനറൽ ന്യൂവിൻ പിടിച്ചെടുത്തതോടെ സ്ഥിതിഗതികൾ മാറി. രാജ്യത്തെ ബഹുഭൂരി പക്ഷം വരുന്ന ബുദ്ധസമൂഹത്തെ കയ്യിലെടുക്കുന്നതിനു വേണ്ടി, പട്ടാള സഹായത്തോടെ ന്യൂനപക്ഷ റോഹിങ്ക്യകളെ കശാപ്പ്‌ ചെയ്യാനും സ്ത്രീകളെ ഉപദ്രവിക്കാനും ജന്മനാട്ടിൽ നിന്ന്‌ ആട്ടിയോടിക്കാനും തുടങ്ങി. അറാക്കാനീസ്‌ ഇന്റിപെന്റന്റ്‌ മൂവ്മെന്റ്‌ എന്ന പേരിൽ പ്രവർത്തിക്കുന്ന ബുദ്ധ ഭീകര സംഘടന റോഹിങ്ക്യകളെ വ്യാപകമായി ആക്രമിച്ചു. അവർ തമ്മിലുള്ള പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. അഹിംസ ആശയമായി പഠിപ്പിച്ച ശ്രീബുദ്ധന്റെ യഥാർഥ അനുയായികൾ അവരുടെ ചെയ്തികളെ എതിർത്തിരുന്നു. എതിർത്ത ബുദ്ധസന്ന്യാസിമാരെ പോലും ഭീകരർ കൊന്നുകളഞ്ഞു. ഫാസിസത്തിന്‌ അവരെ എതിർക്കുന്നവർ ആരായാലും ശത്രുവാണല്ലോ.

(അവസാനിച്ചില്ല)

0
0
0
s2sdefault