രൂപ ഭാവങ്ങളും പരിഗണനീയം തന്നെ

അശ്‌റഫ് എകരൂല്‍

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

കുട്ടികളുടെ പ്രത്യക്ഷ രൂപഭംഗിയില്‍ നബി(സ്വ) ശ്രദ്ധ കൊടുത്തിരുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ അവരുടെ തലമുടി എങ്ങനെയായിരിക്കണം എന്നതിലും വസ്ത്രത്തിന്റെ നിറത്തിലും ഒക്കെ നബിയു(സ്വ)ടെ മാര്‍ഗദര്‍ശനത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല.

മുടി വെട്ടുന്നതിലും ഇസ്‌ലാമികമായ മര്യാദയുണ്ടെന്നും അത് പാലിക്കണമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അബ്ദുലില്ലാഹിബിന് ഉമര്‍(റ) പറയുകയാണ്: ''ഒരിക്കല്‍ നബി(സ്വ) ഒരു കുട്ടിയെ കണ്ടു. അവന്റെ തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ വടിച്ചു കളയുകയും മറ്റു ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) അത് അവനോട് അത് നിരോധിച്ചു. എന്നിട്ടു പറഞ്ഞു: 'ഒന്നുകില്‍ മുഴുവന്‍ വടിച്ചു കളയുക. അല്ലെങ്കില്‍ മുഴുവന്‍ വിട്ടേക്കുക'' (അബു ദാവൂദ്). 

ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ പൂര്‍ണമായി വടിച്ചു കളഞ്ഞു കൊണ്ട് മറ്റു ചില ഭാഗങ്ങള്‍ വിട്ടേക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ 'അഹ്കാമല്‍ മൗലൂദ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''നബി(സ്വ) നിരോധിച്ച 'ഭാഗികമായ മുടി വെട്ടല്‍' എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്: 

1. ചില വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി കളയുക, 

2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.

3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).

4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു).''

മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി(സ്വ) അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ''നബി(സ്വ)ജഅ്ഫ്റിന്റെ കുടുമ്പത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: 'എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.' എന്നിട്ടു പറഞ്ഞു: 'എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.' അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി(സ്വ) പറഞ്ഞു: 'ഒരു ബാര്‍ബറെ കൊണ്ട് വരൂ.' അങ്ങനെ നബി(സ്വ) അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു'' (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി(സ്വ) തന്നെ മുന്‍കൈ എടുത്തു എന്നര്‍ഥം).

ഇതെല്ലാം സൂചിപ്പിക്കുന്നത് കുട്ടികളുടെ മുടി പോലും മാന്യതയുടെതും വൃത്തിയുടെയും പ്രകടമായ സൂചകങ്ങളാകണം എന്നതാണ്. മാറി മറിയുന്ന നിരര്‍ഥക മോഡലുകള്‍ക്ക് പിന്നാലെ പോയി പ്രാകൃത രൂപം തോന്നിക്കുന്ന മുടിവെട്ട് പരീക്ഷണത്തിന് മുസ്‌ലിം കുട്ടികള്‍ വിധേയമാക്കപ്പെട്ടുകൂടാ. 

ഇസ്‌ലാം ശ്രദ്ധ പുലര്‍ത്താന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന മറ്റൊരു മേഖലയാണ് വസ്ത്രങ്ങളുടെ തെരഞ്ഞടുപ്പ്. നിറങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലും നബി(സ്വ) മാര്‍ഗദര്‍ശനം നല്‍കിയതായി കാണാം. ഇമാം മുസ്‌ലിം അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ''ഒരിക്കല്‍ നബി(സ്വ) എന്നെ രണ്ട് കാവി നിറത്തിലുള്ള (കുങ്കുമ നിറം കലര്‍ന്ന) വസ്ത്രത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ഇത് നിന്റെ ഉമ്മ പറഞ്ഞിട്ടാണോ നീ ഉടുത്തത്?' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഇത് രണ്ടും ഞാന്‍ അലക്കണമോ?' അദ്ദേഹം പറഞ്ഞു: 'അല്ല, അത് കരിച്ചുകളയുകയാണ് വേണ്ടത്.'' മറ്റൊരു റിപ്പോര്‍ട്ടില്‍ 'ഇത് അവിശ്വാസികളുടെ വസ്ത്രമാണ്, അത് നീ ധരിക്കരുത്' എന്ന് കൂടിയുണ്ട്. 

പുരുഷന്മാര്‍ വെള്ളനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ഉത്തമമായി കാണുന്നു. സ്ത്രീകള്‍ കറുപ്പ്‌നിറത്തിലുള്ളതേ ധരിക്കാവൂ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതും ഓര്‍ക്കുക.

ഈ രംഗത്ത് ഇസ്‌ലാം നല്‍കുന്ന മറ്റൊരു നിര്‍ദേശമാണ് പുരുഷന് പട്ടുവസ്ത്രവും സ്വര്‍ണവും നിഷിദ്ധമാണെന്ന കാര്യം. അത് മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും നിഷിദ്ധമാണെന്ന കാര്യം നിസ്സാരമാക്കി തള്ളിക്കളയുന്നതായി കാണുന്നു. അവര്‍ക്ക് നബി(സ്വ)യുടെ സന്തത സഹചാരിയായ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ ഈ വാക്കുകള്‍ വെളിച്ചം നല്‍കട്ടെ. ഇമാം ത്വബ്‌റാനി അബ്ദുല്ലാഹിബ്‌നു യസീദില്‍നിന്ന് ഉദ്ധരിക്കുന്നു: ''ഞങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അടുത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുട്ടി അവിടേക്കു വന്നു. അവന്‍ പട്ടിന്റെ ഒരു ഉടുപ്പ് ധരിച്ചിട്ടുണ്ട്. ആരാണ് മകന് ഇത് നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ ഉമ്മയാണെന്ന് പറഞ്ഞു. അദ്ദേഹം അത് ഊരി എടുത്തിട്ട് പറഞ്ഞു: 'ഇതല്ലാത്ത ഒന്ന് ഉടുപ്പിച്ചു തരാന്‍ ഉമ്മയോട് പറയൂ.''

ഇവിടെ നിഷിദ്ധത്തിന്റെ വിഷയത്തില്‍ കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസം കാണാവതല്ല. കാരണം പ്രവാചക വചനത്തില്‍ 'എന്റെ ഉമ്മത്തിലെ ആണിന്' എന്ന പ്രയോഗമാണ് ഉള്ളത്. കുട്ടികളാണ് അവ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പാപം അത് ധരിപ്പിച്ചവര്‍ക്കാണെന്ന് മാത്രം. ഉദാഹരണം: കള്ള് പോലെ. അത് ഒരു കുട്ടി കുടിച്ചാല്‍ അവന് അതിന്റെ പാപം ലഭിക്കില്ല; മറിച്ച് അത് കുടിപ്പിച്ചവര്‍ക്കാണ്. കാരണം കുട്ടികള്‍ നിഷിദ്ധത്തിന്റെ വിധിക്കുള്ളില്‍ എത്താത്തവരാണല്ലോ. ആണ്‍കുട്ടികളെ സ്വര്‍ണം ധരിപ്പിക്കുന്ന പതിവ് പാരമ്പര്യ വാദികള്‍ക്കിടയില്‍ എന്ന പോലെ പരിഷ്‌കൃതരിലും ഉല്‍പതിഷ്ണു കുടുംബങ്ങളിലും കാണപ്പെടുന്നു എന്നത് വസ്തുതയാണ്. അല്ലാഹുവില്‍ അഭയം.

0
0
0
s2sdefault