രോഗവും സത്യവിശ്വാസിയുടെ നിലപാടും

അബൂഅമീന്‍

2017 ഏപ്രില്‍ 22 1438 റജബ് 25
''നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്...'' (ക്വുര്‍ആന്‍ 4:79)

രോഗങ്ങളില്ലാത്ത മനസ്സും ശരീരവും മഹത്തായ അനുഗ്രഹമാണ്. പക്ഷേ, അധികമാളുകളും ആ അനുഗ്രഹം നഷ്ടപ്പെടുമ്പോള്‍ മാത്രമേ അതിന്റെ മഹത്ത്വം തിരിച്ചറിയാറുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. വിവിധങ്ങളായ രോഗങ്ങളും പകര്‍ച്ചവ്യാധികളും പല പ്രദേശങ്ങളിലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിനാളുകള്‍ രോഗബാധിതരായി വിഷമിച്ചു കൊണ്ടിരിക്കുന്നു. പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണങ്ങളിലൊന്നായി ആരോഗ്യശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ശുചിത്വമില്ലായ്മയാണ്. നമ്മുടെ വീടും പരിസരവും ശരീരവും എല്ലാം മലിനമാകാതെ നാം തന്നെ ശ്രദ്ധിക്കണം. നബി(സ്വ) പറയുന്നു: ''ശുദ്ധി വിശ്വാസത്തിന്റെ (ഈമാനിന്റെ) പകുതിയാണ്'' (മുസ്‌ലിം). 

അപ്രകാരം തന്നെ സര്‍വ 'മാലിന്യ'ങ്ങളില്‍ നിന്നും മനസ്സിനെയും വിമലീകരിക്കാന്‍ സാധിക്കുമ്പോഴാണ് സമ്പൂര്‍ണമായ ആരോഗ്യം സ്വായത്തമാക്കാന്‍ സാധിക്കുക. 

''തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജയമടയുകയും ചെയ്തു''(91:9,10).

ബാഹ്യവും ആന്തരികവുമായ ഈ രണ്ടുതരം ശുദ്ധിയെ കുറിച്ചും ഇസ്‌ലാം വ്യക്തമായി ബോധവല്‍ക്കരിച്ചിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വിശദമാക്കിയിട്ടുള്ള നിര്‍ബന്ധവും ഐച്ഛികവുമായ കുളികളും അംഗശുദ്ധി(വുദു)യുമൊക്കെ അതിനുദാഹരണങ്ങളാണ്. നബി(സ്വ) പറയുന്നു: ''അഞ്ച് കാര്യങ്ങള്‍  ശുദ്ധപ്രകൃതിയുടെ ഭാഗമാണ്. ചേലാകര്‍മം, ഗുഹ്യഭാഗത്തെ രോമംനീക്കല്‍, നഖംമുറിക്കല്‍,  കക്ഷത്തിലെ രോമംനീക്കല്‍, മീശവെട്ടല്‍'' (ബുഖാരി, മുസ്‌ലിം). 

ശാരീരികവും മാനസികവുമായ വിശുദ്ധി നിലനിര്‍ത്തുന്ന സത്യവിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് ക്വുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു: ''തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു''(2:222).

ശുചിത്വകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തതു പോലെ തന്നെ പല തരത്തിലുള്ള ദുഃശ്ശീലങ്ങളും നമ്മുടെ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പുകവലി, മദ്യപാനം, ജീവിതശൈലി, ഭക്ഷണക്രമം തുടങ്ങിയവയിലൂടെ ഒരു പരിധി വരെ നാം തന്നെയാണ് നമ്മെ രോഗികളാക്കികൊണ്ടിരിക്കുന്നത്. കാരുണ്യവാനായ അല്ലാഹു നമ്മോട് പറയുന്നു: ''നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും'' (2:195).

രോഗമുണ്ടായിക്കഴിഞ്ഞാല്‍ അതില്‍ പൊറുതികേട് കാണിക്കുകയോ നിരാശരാവുകയോ അല്ല യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്. ദൈവികവിധിയില്‍ സമാധാനിക്കുവാനും സഹനമവലംബിക്കുവാനും സാധിക്കുമ്പോള്‍ അത് പ്രതിഫലാര്‍ഹമായ ഒന്നായി മാറുന്നു. മഹാനായ അയ്യൂബ് നബിൗന്റെ ചരിത്രം അത്തരത്തിലുള്ള മാതൃകയാണ് നല്‍കുന്നത്. 'തനിക്ക് ബാധിച്ച ദുരിതം നിമിത്തമായി നിങ്ങളാരും മരണത്തിന് കൊതിക്കരുത്' എന്ന് നബി(സ്വ) പ്രത്യേകം ഉണര്‍ത്തിയതും ശ്രദ്ധേയമാണ്. മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരത്തോടെയല്ലാതെ നിങ്ങളാരും മരിക്കാനിടവരരുത്'' (മുസ്‌ലിം).

രോഗികളെ സന്ദര്‍ശിക്കുവാനും അവര്‍ക്കുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുവാനും തനിക്ക് ആരോഗ്യവും അനുഗ്രഹങ്ങളും നല്‍കിയ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുവാനും രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുവാനുമൊക്കെ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. രോഗിക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന വിധത്തിലുള്ള വാക്കുകളും പ്രവര്‍ത്തികളുമാണ് രോഗികളെ സന്ദര്‍ശിക്കുന്ന വേളയില്‍ നബി(സ്വ)യില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനാല്‍ നമ്മുടെ സന്ദര്‍ശനം രോഗികള്‍ക്ക് അശാന്തിയും അസ്വസ്ഥതയും സമ്മാനിക്കും വിധമായിപ്പോകാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കുക. സര്‍വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault