എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിടരുത്

നേര്‍പഥത്തില്‍ പ്രസിദ്ധീകരിച്ച 'ഹിംസയിലാറാടുന്ന അഹിംസാവാദികള്‍' എന്ന ലേഖനം വേറിട്ട വായനാനുഭവമായി. റോഹിങ്ക്യന്‍ പീഡിതരെ കുറിച്ച് പല ലേഖനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബുദ്ധന്മാരെയും അതിലെ തീവ്രസ്വഭാവക്കാരെയും അവരുടെ താത്ത്വികാടിത്തറയെയും കുറിച്ചുള്ള രചനകള്‍ കുറവാണ്. 

ലോകത്തിന്റെ കണ്ണുനീരായി മ്യാന്മാര്‍ മാറിക്കൊണ്ടിരിക്കുന്ന സമയത്തും അവര്‍ തീവ്രവാദികളാണെന്നും മുസ്‌ലിം ഭീകരവാദ പ്രസ്ഥാനങ്ങളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യരെ എത്രയും പെട്ടെന്ന് നാട് കടത്തണമെന്നുംവിശദീകരിച്ച് കോടതിയില്‍ സത്യവാങ് മൂലം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് പറയാതെ വയ്യ! നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ കാണിച്ചു തന്ന ഇന്ത്യയുടെ മാനവിക മുഖത്തിന് മങ്ങലേല്‍ പിക്കുന്ന നടപടിയായി പ്രസ്തുത തീരുമാനം. 

ഭരണവും ഭരണകര്‍ത്താക്കളും എന്തു നിലപാട് സ്വീകരിച്ചാലും ജാതിയും മതവും നോക്കാതെ വേദനിക്കുന്നവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ മനസ്സാക്ഷി എന്ന കാര്യം ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് അതിന് ശേഷം പുറത്തുവന്ന വിവിധ രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുടെ പ്രതികരണങ്ങള്‍. കേന്ദ്ര നിലപാടിനപ്പുറം, ഭാരതത്തിന്റെ വികാരത്തോടൊപ്പം നില്‍ക്കാന്‍ ജുഡീഷ്യറിക്ക്കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

- ഷാജി പന്താവൂര്‍


ഫാഷിസക്കാലത്തെ മതേതരത്തുരുത്തായി കേരളം നില നില്‍ക്കണം

മതപ്രബോധനവും മതംമാറ്റവുമെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് നാം ഇതുവരെ മനസ്സിലാക്കിയിരുന്നത്. അതെല്ലാം വെറുപ്പിന്റെ ബീജവും കലാപത്തിന്റെ മരുന്നുമാണെന്ന് 'ബോധ്യപ്പെട്ടത്' ഈയടുത്താണ്. 

കേരളത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്! ഭരണഘടന പൗരന്റെ മൗലികാവകാശമായി വകവെച്ച് തന്ന മതപ്രബോധന സ്വാതന്ത്ര്യം രാജ്യദ്രോഹ കുറ്റമായി മാറുക. പൗരാവകാശ ലംഘനം നടത്തിയവര്‍ നിയമത്തെ മറികടന്ന നീതിനിര്‍വാഹകരായി ചിത്രീകരിക്കപ്പെടുക. ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നടര്‍ത്തിയെടുത്ത് വീട്ടുതടങ്കല്‍ സമ്മാനിക്കുക. അന്യ മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മതപാഠശാലയുടെ ഇടിമുറിയില്‍ ഞെക്കിഞെരുക്കി വിശ്വാസം ഛര്‍ദിപ്പിക്കുക. നിയമപരമായ നടപടികള്‍ കൈകൊള്ളേണ്ടവര്‍ അവസരവാദപരമായ മൗനം പാലിക്കുക.

ഇല്ല സാര്‍, വിശ്വസിക്കാനേ കഴിയുന്നില്ല. ഉദ്ബുദ്ധരെന്നും നിഷ്പക്ഷരെന്നും വാഴ്ത്തിപ്പാടിയ കേരളത്തിന്റെ മണ്ണില്‍, അതും മതേതരബോധം കാത്തുസൂക്ഷിച്ചിരുന്ന ഒരു ദേശീയ പാര്‍ട്ടി ഭരണം കയ്യാളുന്ന നാട്ടില്‍ ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.

നിയമങ്ങള്‍ അയയുമ്പോഴാണ് അപരാധികള്‍ ജന്മമെടുക്കുന്നത്. അപരാധികളുടെ ആധിക്യമാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടത്. അല്ലെങ്കില്‍ നാളത്തെ തലമുറ നമ്മെ ഭീരുക്കളുടെ കോളത്തിലായിരിക്കും എഴുതിച്ചേര്‍ക്കുക.

സാര്‍, അരുത്. ഫാഷിസക്കാലത്തെ മതേതരത്തുരുത്തായി കേരളത്തെ മനസ്സിലാക്കിയ എന്നെപ്പോലുള്ളവരെ നിരാശപ്പെടുത്തരുത്.

- ഷെന്‍ഹ തുവക്കാട്

0
0
0
s2sdefault