റവാതിബ് സുന്നത്തുകളുടെ ശ്രേഷ്ഠത

ശമീര്‍ മുണ്ടേരി

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

രണ്ടു സാക്ഷ്യ വാക്യങ്ങള്‍ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചവര്‍ അന്തിമ പ്രവാചകനെ പിന്‍പറ്റി ജീവിക്കേണ്ടത് നിര്‍ബ്ബന്ധമാണ്. അല്ലാഹു പറയുന്നു: 

''അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന.് പിന്നെ അതിന് ശേഷവും അവരില്‍ ഒരു വിഭാഗമതാ പിന്മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ'' (24:47).

''അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍...'' (24 /62)

''അല്ലാഹവിലും അവന്റ റസൂലിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്മാര്‍'' (49:15).

പ്രവാചകനില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരാള്‍ വിശ്വാസിയാവുകയില്ല; പ്രവാചകനെ അനുസരിക്കുക കൂടി ചെയ്യണം:   

''...അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക'' (8:1). 

''പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല തീര്‍ച്ച'' (3:31).

''...വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍  അവനെ പ്രവേശിപ്പിക്കുന്നതാണ.്  വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയശിക്ഷ അവന്നു നല്‍കുന്നതാണ്'' (48:17). 

പ്രവാചകനില്‍ വിശ്വസിക്കണമെന്നും പ്രവാചകനെ അനുസരിക്കണമെന്നും പിന്‍തുടരണമെന്നും മുകളിലെ വചനങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നു. സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ വിശ്വാസിയുടെ കര്‍മഭാണ്ഡങ്ങള്‍ നിറക്കുന്നവയാണ് സുന്നത്തുകള്‍ അഥവാ പ്രവാചക ചര്യകള്‍. ശ്രദ്ധയില്ലായ്മയും അവഗണനയും മൂലം ഒത്തിരി സുന്നത്തുകള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ടു പോകുന്നുണ്ട്.  അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുന്നത്ത് നമസ്‌കാരങ്ങള്‍. സുന്നത്ത് നമസ്‌കാരങ്ങളുടെ കൂട്ടത്തിലെ വളരെ പ്രധാന പെട്ട ചില സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്. സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കുന്നയാള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടില്ല. അവ ഐഛികമാണ് എന്നര്‍ഥം. എന്നാല്‍ അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ലഭിക്കാനിരിക്കുന്നത് വമ്പിച്ച പ്രതിഫലമാണ്.  

ത്വല്‍ഹത്ത്(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥ് ബുഖാരിയിലും മുസ്‌ലിമിലും കാണാവുന്നതാണ്. നജ്ദ് നിവാസികളില്‍പ്പെട്ട  ഒരു വ്യക്തി നബി(സ്വ)യുടെ അടുത്ത് വന്നു ഇസ്‌ലാമിനെക്കുറിച്ച് ചോദിക്കുന്നു. അപ്പോള്‍  നബി(സ്വ) പറഞ്ഞു: 'ഒരു രാവും പകലും കൂടി അഞ്ച് തവണ നമസ്‌കരിക്കണം.' അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ഇതല്ലാതെ മറ്റു വല്ലതുമുേണ്ടാ?' നബി(സ്വ) പറഞ്ഞു: 'നീ സുന്നത്ത് നമസ്‌കരിച്ചാല്‍ ഒഴികെ.'' 

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെ പ്രവാചകന്‍ (സ്വ) പഠിപ്പിച്ച നമസ്‌കാരങ്ങളാണ് സുന്നത്ത് നമസ്‌കാരങ്ങള്‍. 

റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: 'ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.' ഞാന്‍ പറഞ്ഞു: 'സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.' നബി(സ്വ) ചോദിച്ചു: 'മറ്റു വല്ലതുമുണ്ടോ?' ഞാന്‍ പറഞ്ഞ: 'അതു തന്നെയാണുള്ളത്.' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ധിപ്പിക്കുക വഴി നിന്റെകാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക' (മുസ്‌ലിം).

ഐഛികമായ നമസ്‌കാരങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ലഭിക്കുന്ന നേട്ടമാണ് ഈ ഹദീഥില്‍നിന്ന് വ്യക്തമാകുന്നത്.

പദവി ഉയര്‍ത്തും 

ഥൗബാന്‍(റ) പറയുന്നു: ''അല്ലാഹുവിന്റ ദൂതനോട് സ്വര്‍ഗ പ്രവേശനത്തിനുതകുന്ന പ്രവര്‍ത്തന ത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'നീ സുജൂദ് വര്‍ധിപ്പിക്കുക. അത് മുഖേന അല്ലാഹു നിന്റ പദവികള്‍ ഉയര്‍ത്തും. അത് വഴി നിന്റ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുന്നതാണ്'(മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: ''അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും- അവനാണ് കുടുതല്‍ അറിയുന്നവന്‍-എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുേണ്ടാ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉെണ്ടങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ ഐഛികമായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക'' (സ്വഹീഹുല്‍ ജാമിഅ്: 2/355). 

സുന്നത്ത് നമസ്‌കാരത്തിന്റ ഇനങ്ങള്‍

1. റവാത്തിബ് സുന്നത്ത്:

നിര്‍ബന്ധ നമസ്‌കാരത്തോടനുബന്ധിച്ചുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാത്തിബ് നമസ്‌കാരങ്ങള്‍ എന്ന് പറയുന്നത്. 

ഉമ്മുഹബീബ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: 'ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ദ് നമസ്‌ക്കാരത്തിന്പുറമെ) പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്' (മുസ്‌ലിം).

സുബ്ഹിയുടെ സുന്നത്ത്:

നബി(സ്വ) പ്രഭാത നമസ്‌കാരത്തിന് മുമ്പ് രണ്ട് റക്അത്താണ് നമസ്‌കരിച്ചിരുന്നത്. 

''നബി(സ്വ) പ്രഭാതത്തിലെ രണ്ട് റക്അത്തുകളെക്കാള്‍ ശക്തമായ നിലയില്‍ മറ്റ് ഒരു സുന്നത്ത് നമസ്‌കാരത്തിന്റ മേലും ശ്രദ്ധ പതിച്ചിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറയുന്നു: ''സുബ്ഹി നമസ്‌കാരത്തിന്റ ബാങ്കിന്റയും ഇഖാമത്തിന്റയും ഇടയില്‍ ലഘുവായ രണ്ട് റക്അത്ത് നബി(സ്വ) നമസ്‌കരിക്കുമായിരുന്നു'' (മുസ്‌ലിം).

സുബ്ഹിക്കു മുമ്പുള്ള ആ രണ്ട് റകഅത്തുകളില്‍ നബി(സ്വ) സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തിരുതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യന്ന ഫദീഥില്‍ വന്നിട്ടുണ്ട്.

ദുഹ്‌റിന്റ സുന്നത്ത്

നബി(സ്വ) പറയുന്നു: ''ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ദ് നമസ്‌കാരത്തിന് പുറമെ) പന്ത്രണ്ട് റ ക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു നിര്‍മിച്ചുകൊടുക്കുന്നതാണ.് ദുഹ്‌റിന് മുമ്പ് നാല,് ശേഷം രണ്ട്, മഗ്‌രിബിന് ശേഷം രണ്ട്, ഇശാഇന്ന് ശേഷം രണ്ട,് ഫജ്‌റിന് മുമ്പ് രണ്ട്.'' പ്രവാചകന്‍(സ്വ) ദുഹ്‌റിന്റ സുന്നത്ത് നമസ്‌കരിച്ചതിനെ  കുറിച്ച്  ആഇശ(റ) പറയുന്നു: ''നബി(സ്വ) ദുഹ്‌റിന് മുമ്പുള്ള നാല് റക്അത്ത് (സുന്നത്ത്) നമസ്‌കാരം ഉപേക്ഷിക്കാറേ ഉണ്ടായിരുന്നില്ല'' (ബുഖാരി)ഴ

മഗ്‌രിബിന്റ സുന്നത്ത്

ഇബ്‌നു ഉമര്‍(റ) പറയുന്നു: ''നബി(സ്വ)യില്‍ നിന്ന് പത്ത് റക്അത്ത് ഞാന്‍ മനഃപാഠമാക്കിയിരുന്നു. ദുഹ്‌റിനു മുമ്പ് രണ്ട് റക്അത്ത്, ശേഷം രണ്ട് റക്അത്ത്, മഗ്‌രിബിന് ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത,് ഇശാഇന് ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത്, സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്. നബി(സ്വ) പറഞ്ഞു: 'മഗ്‌രിബ് നമസ്‌കാരത്തിന്റ ബാങ്കിന്റെയും ഇക്വാമത്തിന്റയും ഇടയില്‍ രണ്ട് റക്അത്ത് സുന്നത്തു നമസ്‌കാരമുണ്ട്.' അബ്ദുല്ലാഹിബ്‌നു മുഗ്ഫലുല്‍മുസ്‌നി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: 'മഗ്‌രിബിന് മുമ്പ് നിങ്ങള്‍ (രണ്ട് റകാഅത്ത്) നമസ്‌കരിക്കുവിന്‍, മഗ്‌രിബിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍, പിന്നെ മൂന്നമത്തെ പ്രാവശ്യം പറഞ്ഞു- ഉദ്ദേശിക്കുന്നവര്‍ക്കാണത്'' (ബുഖാരി). 

ഇശാഇന്റ സുന്നത്ത് 

ഇശാഈന്റ ശേഷം രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമുള്ളതായി ഇബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ള ഹദീഥില്‍നിന്ന് നാം മനസ്സിലാക്കി. 

ഫര്‍ദ് നമസ്‌കാരത്തില്‍ മാത്രം അവസാനിപ്പിക്കാതെ ഇത്തരത്തില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന നമസ്‌കാരങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കുവാന്‍ നാം ഉത്സാഹം കാണിക്കേണ്ടതുണ്ട്.

0
0
0
s2sdefault