രാജ്യസ്‌നേഹികള്‍ ഭരണഘടനക്ക് എതിരാകുമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

സമൂഹത്തില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ഭീകരതക്കെതിരെയും ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന തലക്കെട്ടില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരും ജാതി മത ചിന്തകള്‍ക്കതീതമായി ഒരുമിക്കണമെന്ന സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ച മതപ്രബോധകര്‍ക്കെതിരെ ആഗസ്റ്റ് 20ന് പറവൂര്‍ വടക്കേക്കരയില്‍ ഉണ്ടായ സംഭവങ്ങള്‍ മതേതരവിശ്വാസികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രബോധകര്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തിലുണ്ടായ ആള്‍ക്കൂട്ട മര്‍ദനവും തുടര്‍ന്ന് പോലീസ് എടുത്ത ഏകപക്ഷീയവും ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതുമായ നടപടികള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ഭീകരതയെയും പോലീസ് പ്രക്ഷാളനത്തെയും അനുസ്മരിപ്പിക്കും വിധമാണ്. മര്‍ദനം നടത്തിയവരെ വെറുതെ വിടുകയും സമാധാനസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യുകയും ചെയ്തത് മതനിരപേക്ഷതക്ക് കേളി കേട്ട കേരളത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ഭാഗത്ത് നിന്നാവുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിക്കുകയാണ്. 

ഇന്ത്യ വിവിധ മതങ്ങളുടെ സംഗമഭൂമിയാണ്. ഏതൊരു മതത്തിലും വിശ്വസിക്കുവാനും അതിന്റെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും വിവിധ മതങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ സംബന്ധിച്ച് ആശയസംവാദം നടത്തുവാനുള്ള സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. വിവിധ മതവിഭാഗങ്ങളുടെ ആശയങ്ങളെയും വിശ്വാസ സംഹിതകളെയും കര്‍മ രീതികളെയും ഓരോ വിഭാഗത്തിന്റെയും സ്വാതന്ത്ര്യമായിക്കണ്ട് അംഗീകരിക്കുവാനും പരസ്പര ബഹുമാനം പുലര്‍ത്തി അധിക്ഷേപങ്ങളൊന്നും കൂടാതെ അവകളിലെ ശരിതെറ്റുകളെ അവലോകനം ചെയ്യാനുള്ള പക്വതയും മാനസികവികാസവുമുള്ള സമൂഹമാണ് എന്നുള്ളതാണ് ഇന്ത്യയുടെ മതേതര മനസ്സിന്റെ ഏറ്റവും വലിയ സവിശേഷത. 

അറബ് വ്യാപാരസമൂഹത്തിന്റെ ആഗമനത്തിലൂടെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെയും സമാധാനത്തിന്റെയും മഹിതമായ ആശയങ്ങളെ അനുഭവിച്ചറിഞ്ഞ കേരളത്തിലെ വിവിധ ജാതികളില്‍ പെട്ട സാധാരണ ജനങ്ങള്‍ ഇസ്‌ലാമിനെ പുല്‍കിയപ്പോള്‍ അവിടെ പ്രക്ഷുബ്ധാവസ്ഥകളുണ്ടായില്ല. ഇഷ്ടമുള്ള വേഷവും ഭക്ഷണവുമൊക്കെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് ഇഷ്ടമുള്ള വിശ്വാസവും ആചാരങ്ങളും സ്വീകരിച്ചുകൂടാ? തോമസ് മൂറിന്റെ നേതൃത്വത്തിലുള്ള ക്രിസ്തീയ പുരോഹിതന്മാര്‍ ഇന്ത്യയിലെത്തി ക്രിസ്തീയ മതപ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ അവരെയും ഭാരതീയ സമൂഹം സ്വീകരിച്ചു. ഇസ്‌ലാം മത വിശ്വാസികളായി പിറന്നു വീണ എത്രയോ ആളുകള്‍ ഹൈന്ദവ ദര്‍ശനങ്ങളിലും െ്രെകസ്തവ ദര്‍ശനങ്ങളിലും ആകൃഷ്ടരായി പ്രസ്തുത മതങ്ങള്‍ സ്വീകരിച്ച സംഭവങ്ങളും ധാരാളമാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത തന്നെ ഈ ഒരു മത സ്വാതന്ത്ര്യവും മതവിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദവുമാണ്. 

മുഗളന്മാര്‍ വളരെക്കാലം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളുടെ വിശ്വാസത്തിനോ ആചാരങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ ഒരു കോട്ടവും തട്ടിയിരുന്നില്ല. ഹൈന്ദവ വിശ്വാസികള്‍ക്ക് മുസ്‌ലിംകള്‍ക്ക് നല്‍കിയതിനെക്കാള്‍ ആദരവും സ്വാതന്ത്ര്യവും അവര്‍ നല്‍കി. ഒട്ടേറെ ഹൈന്ദവ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു കൊടുത്തു. കൊളോണിയലിസ്റ്റ് ശക്തികള്‍ ഇന്ത്യ കയ്യടക്കിയതോടെയാണ് ഇന്ത്യയിലെ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വിശിഷ്യാ ഹൈന്ദവ-ഇസ്‌ലാം വിശ്വാസികള്‍ക്കിടയില്‍ പരസ്പരം വൈരം പ്രചരിപ്പിച്ചു തുടങ്ങിയത്. ബ്രിട്ടീഷുകാരന്റെ ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി മധ്യകാല ഇന്ത്യാ ചരിത്രത്തെ വികലമാക്കി മുസ്‌ലിം ഭരണാധികാരികള്‍ ഹിന്ദുക്കളെ നശിപ്പിക്കുകയായിരുന്നുവെന്നു പ്രചരിപ്പിച്ചുകൊണ്ട് ചിലര്‍ നടത്തിയ ചരിത്ര രചനകള്‍ വിവിധ മതവിശ്വാസികളുടെ മനസ്സുകളെ അകറ്റാന്‍ സഹായിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരന്റെ കുതന്ത്രങ്ങള്‍ക്ക് വിധേയമായി വിവരവും വിദ്യാഭ്യാസവും പക്വതയുമില്ലാത്ത ചിലര്‍ മതത്തിന്റെ പേരില്‍ പരസ്പരം കഴുത്തറുക്കാന്‍ തുനിയുകയും രാജ്യത്ത് വര്‍ഗീയ വിദ്വഷങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തതോടെ വര്‍ഗീയ സംഘങ്ങള്‍ക്ക് ഇന്ത്യയില്‍ വേരോട്ടമുണ്ടായി. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ച് എക്കാലവും മനസ്സുകളില്‍ മുറിവ് സമ്മാനിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാരന്‍ പടിയിറങ്ങിയതെന്ന കാര്യം നാം ഓര്‍ക്കണം. 

ഇന്ത്യ സ്വതന്ത്രമാവുകയും ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത 1947-1950 കാലങ്ങളില്‍ രാജ്യത്ത് ജീവിക്കുന്ന വിവിധ മത സമൂഹങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ബഹുസ്വരതയെന്ന രാജ്യത്തിന്റെ സൗന്ദര്യത്തെ ആസ്വദിച്ചുകൊണ്ടും ഗാന്ധിയും അംബേദ്കറും നെഹ്‌റുവും ആസാദും അടക്കമുള്ള രാഷ്ട്രശില്‍പികള്‍ ഇന്ത്യയെ ബഹുവര്‍ണമുള്ള ഒരു പൂന്തോട്ടമാക്കി ആവിഷ്‌കരിച്ചു. 

എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം. മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന രചിച്ചപ്പോള്‍ അക്കാര്യം ഭരണഘടനയില്‍ എഴുതിവെക്കാന്‍ അദ്ദേഹം മറന്നില്ല. ഭരണഘടന അംഗീകരിച്ച നെഹ്‌റുവും പട്ടേലുമടങ്ങുന്ന കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും അനുവദിച്ചു. ഓരോ മതക്കാരനും അവനുള്‍ക്കൊള്ളുന്ന വിശ്വാസകാര്യങ്ങള്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ലെന്ന ഉറച്ച ധാരണ പ്രബുദ്ധമായ ഇന്ത്യന്‍ സമൂഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോരുത്തരും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും മതമൊന്നും വേണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് മതനിരാസത്തെ അംഗീകരിക്കാനും ദൈവവിശ്വാസികള്‍ക്ക് ദൈവ വിശ്വാസത്തെ പ്രചരിപ്പിക്കാനും നിരീശ്വരവാദികള്‍ക്ക് നിരീശ്വരത്വത്തെ പ്രബോധനം ചെയ്യാനും മതത്തിന്റെ മതില്‍ക്കെട്ടുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് നിര്‍മതവാദത്തെ പ്രോത്സാഹിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുകയുണ്ടായി. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ ഇക്കാര്യം വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. 

ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം എന്നിവയെ കുറിച്ചാണ് 25-ാം അനുച്ഛേദം പറയുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: 1) ക്രമസമാധാനം, ധാര്‍മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്. 2) ഈ വകുപ്പ് മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ, സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മാണത്തെ തടസ്സപ്പെടുത്തുന്നില്ല.

വിശദീകരണം: 1 കൃപാണ്‍ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.

വിശദീകരണം: 2 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന സിഖ് മതങ്ങള്‍ക്കും ബാധകമാണ്.

26. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.

ക്രമസമാധാനം, ധാര്‍മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമത വിഭാഗങ്ങള്‍ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും:

a. മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം. b. മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം. c. ജംഗമ-സ്ഥാവര സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള അവകാശം. d. നിയമാനുസൃതം അത്തരം സ്വത്തുക്കള്‍ നോക്കിനടത്തുന്നതിനുള്ള അവകാശം.

27. ഏതെങ്കിലുമൊരു മതത്തെ സാമ്പത്തികമായോ മറ്റോ സഹായിക്കാന്‍ സ്‌റ്റേറ്റിന് അനുമതിയില്ല. 

28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം. 1) സ്‌റ്റേറ്റിന്റെ ഫണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മതബോധനം നടത്താന്‍ പാടുള്ളതല്ല. 2) വകുപ്പ് 28ന്റെ 1ാം അനുച്ഛേദത്തില്‍ പറഞ്ഞിട്ടുള്ളതൊന്നും സ്‌റ്റേറ്റ് നടത്തുന്നതും മതബോധം അവശ്യമായിട്ടുള്ള ഏതെങ്കിലും സമിതി സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. 3) സ്‌റ്റേറ്റ് അംഗീകരിച്ചിട്ടുള്ളതോ സ്‌റ്റേറ്റ് ധനസഹായം ലഭിക്കുന്നതോ ആയ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്‍ഥിയുടേയോ വിദ്യാര്‍ഥി മൈനറാണെങ്കില്‍ കുട്ടിയുടെ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

* സ്‌റ്റേറ്റ് എന്ന വാക്കിന്റെ വിവക്ഷ കേന്ദ്ര സംസ്ഥാന തദ്ദേശ ഭരണകൂടങ്ങളും പാര്‍ലമെന്റും ലെജിസ്‌ളേറ്റിവ് അസംബ്ലിയും അടങ്ങുന്നതാകുന്നു. 

ഈ അനുച്ഛേദങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ മതവിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തെ കുറിച്ച് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യയില്‍ ധാരാളം പ്രബോധക സംഘങ്ങളുണ്ട്. അവയില്‍ മിക്കതും ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ ആക്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. പ്രബോധനം പാടില്ലെങ്കില്‍ പ്രബോധക സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ പാടില്ലല്ലോ. ഹൈന്ദവ ദര്‍ശനത്തെ പ്രബോധനം ചെയ്യുന്ന എത്രയോ സംഘങ്ങളും പ്രസ്ഥാനങ്ങളും രാജ്യത്തുണ്ട്. മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗം മതസഹിഷ്ണുതയെ അംഗീകരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമാണ്. ഇസ്‌ലാമിക പ്രബോധകരോട് ആശയപരമായി സംവദിക്കുന്ന ധാരാളം ഹൈന്ദവ പ്രബോധകരുണ്ട്. അവര്‍ പരസ്പരം ഏറ്റവും നല്ല സൗഹൃദം പങ്കുവെക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ പോലീസിന്റെ പക്ഷപാതപരമായ സമീപനങ്ങള്‍ക്ക് വിധേയരായ സഹോദരങ്ങള്‍ തന്നെ പ്രചരിപ്പിച്ച സാഹോദര്യ സന്ദേശങ്ങള്‍ വായിച്ചിട്ടുള്ള ഹൈന്ദവ സഹോദരങ്ങള്‍ ഇത്തരം സന്ദേശങ്ങളാണ് കാലഘട്ടത്തിനാവശ്യമെന്നും അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സനാതന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹൈന്ദവ മതത്തിന്റെ ആശയങ്ങളും ദര്‍ശനങ്ങളുമാണ് ശരിയെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ മുഴുവന്‍ ഹൈന്ദവ വിശ്വാസികള്‍ക്കും അവകാശമുണ്ട്. അത് മറ്റുള്ള മത സമൂഹങ്ങളിലും വിശ്വാസികളിലുമെല്ലാം പ്രചരിപ്പിക്കുന്നതിന് ഭരണഘടനാനുസൃതമായി അവര്‍ക്ക് അവകാശവുമുണ്ട്. ഇതര മതവിഭാഗങ്ങള്‍ക്കും ഇതേ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ചൂണ്ടിക്കാട്ടി മതപ്രബോധനത്തെ തന്നെ ഹനിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോഴുണ്ടായിരിക്കുന്നത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ സംസാരങ്ങളോ ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യണമെന്ന് പറയുന്ന 153A പോലെയുള്ള വകുപ്പുകള്‍ ചുമത്തി സമാധാന സന്ദേശം പ്രചരിപ്പിക്കുകയും മൗലികാവകാശമായ മതപ്രബോധനം നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാമ്യം പോലും ലഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ പോലീസ് പ്രവര്‍ത്തിക്കുന്നതിന്റെ സാംഗത്യമാണ് കേരളത്തിലെ ഉല്‍ബുദ്ധരായ ജനങ്ങള്‍ക്ക് മനസ്സിലാവാത്തത്. സംസ്ഥാന സര്‍ക്കാര്‍ വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെട്ടുകൊണ്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും മൗലികാവകാശങ്ങളുടെ അടിസ്ഥാനനത്തിലുള്ള നീതി ഉറപ്പാക്കാന്‍ ശക്തമായി ഇടപെടുകയാണ് വേണ്ടത്.

0
0
0
s2sdefault