പ്രവാചകന്മാര്‍ മനുഷ്യരാണ്

ഹുസൈന്‍ സലഫി, ഷാര്‍ജ 

2017 ഏപ്രില്‍ 01 1438 റജബ് 04
സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടരാണ് പ്രവാചകന്മാര്‍. എന്നാല്‍ പ്രവാചകന്മാരും മനുഷ്യന്മാര്‍ തന്നെയാണ്. അതിര് കടന്ന അപദാനങ്ങള്‍ ചമച്ച് പൗരോഹിത്യം പലപ്പോഴും പ്രവാചകന്മാരെ അപനിര്‍മിച്ചിട്ടുണ്ട്. അത്തരം അബദ്ധങ്ങളെ തുറന്ന് കാട്ടുന്ന രചന.

നബി(സ്വ)യെ മഹത്വപ്പെടുത്തുന്നതിന്റെ പേരില്‍ അദ്ദേഹത്തെ മനുഷ്യപ്രകൃതിയില്‍ നിന്ന് ഉയര്‍ത്തി, പ്രകാശത്തില്‍ നിന്നാണ് അദ്ദേഹം സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹത്തിന് നിഴലില്ലായിരുന്നു എന്നും പ്രചരിപ്പിക്കുന്ന ചിലര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ ബഹുമാനപൂര്‍വം കൊണ്ടുനടക്കുന്ന മൗലിദ് കിതാബില്‍ ഇപ്രകാരം കാണാം:

''നബി(സ്വ)യുടെ നിഴല്‍ ഭൂമിയില്‍ പതിച്ചിരുന്നില്ല. കാരണം അവിടുന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രകാശമായിരുന്നു''(ജഅല മുഹമ്മദ് മൗലിദ്).

മൗലിദ് കിതാബിലെ ഒരു ഈരടി കാണുക: ''നബിയേ, തീര്‍ച്ചയായും നിങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വിളക്കുകളുടെ ആവശ്യമില്ല.''

എന്നാല്‍ നബി(സ്വ)യുടെ വീട്ടില്‍ വിളക്ക് കത്തിക്കാറുണ്ടായിരുന്നു. വിളക്ക് കത്തിക്കാറില്ലായിരുന്നെന്ന് പറയുന്ന ഒരു സ്വീകാര്യമായ ഹദീഥും നമുക്ക് കാണാന്‍ കഴിയില്ല. ഇതിന് തെളിവായി ഇവര്‍ മൗലിദ് കിതാബുകളില്‍ കൊടുക്കുന്നത് ഈ റിപ്പോര്‍ട്ടാണ്:

ആഇശ(റ) നേരം പുലരുന്നതിന് മുമ്പുള്ള സമയത്ത് (നമ്മള്‍ അത്താഴം കഴിക്കുന്ന സമയം) വസ്ത്രം തുന്നുകയായിരുന്നു. അങ്ങനെ സൂചി കാണാതാവുകയും വിളക്ക് അണയുകയും ചെയ്തു. ആ സമയം നബി(സ്വ) അങ്ങോട്ട് പ്രവേശിക്കുകയും വീട്ടില്‍ പ്രകാശമുണ്ടാവുകയും ചെയ്തു. നബിയുടെ പ്രകാശം കൊണ്ട് ആഇശ(റ) സൂചി കാണുകയും ചെയ്തു. അപ്പോള്‍ അവര്‍ ചിരിച്ചു. പിന്നീട് നബി(സ്വ) പറഞ്ഞു: 'ക്വിയാമത്ത് നാളില്‍ എന്നെ കാണാത്തവനു നാശം.' ആഇശ(റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ആരാണ് അങ്ങയെ കാണാത്തവന്‍?' നബി(സ്വ) പറഞ്ഞു: 'പിശുക്കന്‍!' ആഇശ(റ) ചോദിച്ചു: 'ആരാണ് പിശുക്കന്‍?' നബി(സ്വ) പറഞ്ഞു: 'എന്റെ പേര് കേട്ടാല്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് (പിശുക്കന്‍).'

ഹസ്സാന്‍(റ) പറയുന്നതായി ഇങ്ങനെയും പ്രചരിപ്പിക്കുന്നു: ''ഞാന്‍ നബി(സ്വ)യുടെ പ്രകാശത്തിലേക്ക് നോക്കിയപ്പോള്‍ എന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന് പേടിച്ച് ഇരു കണ്ണുകളിലും ഞാനെന്റെ കൈ വെച്ചു.''

നബി(സ്വ)ക്ക് നിഴലില്ലെന്ന് പറയാനുള്ള മറ്റൊരു കാരണമായി ഇവര്‍ പറയുന്നത് 'അവിശ്വാസികള്‍ നബിയുടെ നിഴലില്‍ ചവിട്ടാതിരിക്കാനാണ്; അത് നബി(സ്വ)ക്ക് നിന്ദ്യത വരുത്തുന്നതാണ്' എന്നാണ്!

നബി(സ്വ)യുടെ മുഖത്തിന്റെ പ്രസന്നതയും അവിടുത്തെ സൗന്ദര്യവും അതുല്യമാണെന്നതില്‍ സംശയമില്ല. അതിനര്‍ഥം അവിടുത്തെ പ്രകൃതം തന്നെ പ്രകാശമാണ് എന്നല്ല. അതിന് പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്. ഈ റിപ്പോര്‍ട്ടുകളൊന്നും തന്നെ സ്വീകാര്യവുമല്ല. എന്നാല്‍ സ്വീകാര്യമായ പരമ്പരയില്‍ വന്നിട്ടുള്ളത് നബി(സ്വ)ക്ക് നിഴലുണ്ട് എന്നാണ്. ഇനി അവിടുത്തെ നിഴലില്‍ അവിശ്വാസികള്‍ ചവിട്ടുമെന്നതാണ് പ്രശ്‌നമെങ്കില്‍, നബി(സ്വ)യെ ശത്രുക്കള്‍ എന്തെല്ലാം ചെയ്തു?! ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തി, ഉഹ്ദില്‍ പരിക്ക് പറ്റി, പല്ല് പൊട്ടി... ഇതെല്ലാം ഇതിനെക്കാളും ഗുരുതരമല്ലേ?

നബി(സ്വ)ക്ക് നിഴലില്ലായിരുന്നു എന്ന് വാദിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഇപ്പോള്‍ വിപരീത ശബ്ദങ്ങളും കേട്ടു തുടങ്ങിയിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ചില ഘട്ടങ്ങളില്‍ നിഴലുണ്ടായിരുന്നു എന്നതാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. ഈ നിലപാട് മാറ്റത്തെക്വുഫ്‌റിലേക്കുള്ള ചുവടുവെപ്പായി പോലും അവരില്‍ വേറൊരു വിഭാഗം വിശേഷിപ്പിക്കുന്നുണ്ട്. പ്രമാണപിന്തുണയില്ലാത്ത ഈ 'നിഴലില്ലാ വാദം' വിവാദമായി ഇപ്പോഴും കത്തിപ്പടരുകയാണെന്ന് ചുരുക്കം.

നബി(സ്വ)ക്ക് എക്കിളും കോട്ടുവായും ഇല്ലായിരുന്നു, അവിടുത്തെ വിസര്‍ജ്യം അശുദ്ധമല്ലായിരുന്നു, അതിന് പോരിശയുണ്ട് എന്നും ഇവര്‍ വിശ്വസിക്കുന്നു. സറന്ദീബ് മൗലിദില്‍ പറയുന്നു: 'ഒരു സ്വഹാബി നബി(സ്വ)യുടെ വിസര്‍ജ്യം അന്വേഷിച്ച് കുറെ കാലം നടന്നതിന് ശേഷം ലഭിക്കുകയും അത് കഴിക്കുകയും ചെയ്തു. നബി(സ്വ)യുടെ അടുക്കല്‍ വാര്‍ത്തയെത്തി. അപ്പോള്‍ പ്രവാചകന്‍(സ്വ) ഇപ്രകാരം പറഞ്ഞു: ആരുടെയങ്കിലും വയറ് എന്റെ വയറുമായി കൂടിക്കലര്‍ന്നാല്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു.'

ഒരു അടിസ്ഥാനവുമില്ലാത്ത കള്ളക്കഥയാണിത്. ഇത്തരം വ്യാജ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ രൂപീകരണം പാടില്ല. വ്യക്തമായ പ്രമാണങ്ങളില്‍ വന്ന കാര്യം നിഷേധിക്കുവാനും പാടില്ല. നബി(സ്വ)യെ മഹത്ത്വപ്പെടുത്താനായി രചിച്ച വരികളിലൂടെ അദ്ദേഹത്തെ നിന്ദിക്കുന്നത് കാണുക:

നബിക്കുള്ള കാഷ്ടം താഹിറാണേ മൂത്രവും

അതുപോലെ തന്നെന്നാ ഹബീബീ രക്തവും

നബിക്കുള്ള കാഷ്ടം ഭൂമിയും വിഴുങ്ങുന്നതാ

അതില്‍ നിന്ന് രീഹുന്‍ തയ്യിബത്തടിക്കുന്നതാ

ഇതെല്ലാം പ്രമാണവിരുദ്ധമാണ്. നബി(സ്വ) മലമൂത്ര വിസര്‍ജനത്തിന് വേണ്ടി പോകുമ്പോള്‍ അനസ്(റ) ശുദ്ധിയാക്കാനായി വെള്ളവുമായി പോകാറുണ്ടായിരുന്നു. ഇത് ഹദീഥില്‍ സ്ഥിരപ്പെട്ടതാണല്ലോ. അഥവാ നബി(സ്വ)യും സ്വഹാബത്തും മനസ്സിലാക്കിയത് അവിടുത്തെ വിസര്‍ജ്യം അശുദ്ധമാണെന്നാണ്. അതുകൊണ്ടല്ലേ നബി(സ്വ) മലമൂത്ര വിസര്‍ജനത്തിന് ശേഷം ശുദ്ധിയാക്കിയത്. ഇതെല്ലാം നബിയെക്കുറിച്ചുള്ള അമിത പ്രശംസയാണ്. നബി(സ്വ)യെ അമിതമായി പ്രശംസിക്കുന്നതിനെ അവിടുന്ന് തന്നെ വിരോധിച്ചിട്ടുണ്ട്. പ്രവാചകന്‍(സ്വ) പറഞ്ഞു:

'ഇബ്‌നു മര്‍യമിനെ നസ്വാറാക്കള്‍ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി പുകഴ്ത്തരുത്. നിശ്ചയമായും ഞാന്‍ അവന്റെ (അല്ലാഹുവിന്റെ) അടിമയാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ അടിമയെന്നും അവന്റെ ദൂതനെന്നും നിങ്ങള്‍ പറയുക'' (ബുഖാരി).

ചിലര്‍ ഈ ഹദീഥിനെ ദുര്‍വ്യാഖ്യാനിച്ച് നബിയെക്കുറിച്ചുള്ള അമിതമായ പുകഴ്ത്തലിനെ ന്യായീകരിച്ച് പറയുന്നത്, ക്രിസ്ത്യാനികള്‍ ഈസാ(അ)നെ ദൈവമെന്നും ദൈവപുത്രനെന്നുമൊക്കെ പറഞ്ഞ് അമിതപ്രശംസ നടത്തിയത് പോലെ നബി(സ്വ)യെക്കുറിച്ചും ദൈവപുത്രനെന്നോ ദൈവമെന്നോ ഒക്കെ പ്രശംസിച്ച് പറയരുതെന്ന് മാത്രമാണ് ഉദ്ദേശം എന്നാണ്. എന്നാല്‍ അതല്ല വസ്തുത.

അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു പ്രത്യേകതയും നബി(സ്വ)ക്ക് നല്‍കിക്കൂടാ. അതിന് പ്രവാചകന്‍ നമുക്ക് അനുവാദവും തന്നിട്ടില്ല; വിരോധിക്കുകയാണ് ചെയ്തത്. സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ കാണാം: ''ഒരിക്കല്‍ ഒരു കല്യാണസദസ്സിലേക്ക് ചെല്ലുമ്പോള്‍ നബി(സ്വ)യെ കണ്ട കുട്ടികള്‍ അവിടുത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: 'നാളത്തെ കാര്യങ്ങളറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളിലുണ്ട്.' ഇത് കേട്ടയുടനെ നബി(സ്വ) അത് നിറുത്താന്‍ വേണ്ടി പറഞ്ഞു...''

ഇവിടെ നബി(സ്വ) ഉള്‍പെടെ ഒരു സൃഷ്ടിക്കും നല്‍കാന്‍ പാടില്ലാത്ത ഒരു വിശേഷണം നബി(സ്വ)ക്ക് കുട്ടികള്‍ നല്‍കി. ഉടനെ നബി(സ്വ) അത് വിരോധിക്കുകയും ചെയ്തു. എന്നാല്‍ നബി(സ്വ)ക്ക് യാതൊരു പ്രത്യേകതയുമില്ലേ? നമ്മെ പോലെയുള്ള കേവലം സാധാരണ മനുഷ്യനാണോ അദ്ദേഹം?

നബി(സ്വ)ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇത് സംബന്ധിച്ച് ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനിയുടെ വിവരണത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

''നബി(സ്വ)യുടെ പ്രത്യേകത എന്ന നിലക്ക് ജിബ്‌രീ ല്‍(അ)നെ കാണുക, ജിബ്‌രീല്‍(അ)ന്റെ സംസാരം കേള്‍ക്കുക എന്നിത്യാദി കാര്യങ്ങള്‍ നബി(സ്വ)യില്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ ജീബ്‌രീല്‍(അ)നെ കാണുകയോ ജിബ്‌രീല്‍(അ)ന്റെ സംസാരം കേള്‍ക്കുകയോ ചെയ്തിട്ടില്ല. ബുഖാരിയിലും അതല്ലാത്തതിലും സ്ഥിരപ്പെട്ടതാണ് ഇക്കാര്യം. നബി(സ്വ) ഒരിക്കല്‍ ആഇശ(റ)യോട് പറഞ്ഞു: 'ജിബ്‌രീല്‍ നിനക്ക് സലാം പറഞ്ഞിട്ടുണ്ട്.' അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തിനും സലാം.' നമ്മള്‍ കാണാത്തത് നബി(സ്വ) കാണും. നബി(സ്വ)യുടെ ഈ പ്രത്യേകതകള്‍ സ്വഹീഹായ തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്. ദുര്‍ബലമായ തെളിവുകൊണ്ടോ ക്വിയാസ് കൊണ്ടോ ദേഹേച്ഛകള്‍ കൊണ്ടോ ഇത് (നബിയുടെ പ്രത്യകതകള്‍) സ്ഥിരപ്പെടുകയില്ല. ഈ വിഷയത്തില്‍ രണ്ട് വിഭാഗം ആളുകളാണുള്ളത്. ഒരു വിഭാഗം സ്വഹീഹായ പരമ്പരയോടെ സ്ഥിരപ്പെട്ട അവിടുത്തെ ധാരാളം പ്രത്യേകതകളെ അതൊന്നും മുതവാതിറല്ലെന്നു വാദിച്ചുകൊണ്ടും തന്റെ ബുദ്ധിക്ക് യോജിക്കുന്നതല്ലെന്നും പറഞ്ഞു നിഷേധിക്കുന്നവരാണ്. മറുവിഭാഗം, നബിയാണ് ആദ്യ സൃഷ്ടിയെന്നും ഭൂമിയില്‍ അദ്ദേഹത്തിന് നിഴലില്ലെന്നും മണലില്‍ നടന്നാല്‍ കാല്‍പാദത്തിന്റെ അടയാളമുണ്ടാകില്ലെന്നും വല്ല പാറയിലും ചവിട്ടിയാല്‍ അതവിടെ അടയാളമാക്കപ്പെടുമെന്നുമുള്ള പല നിരര്‍ഥകമായ, സ്ഥിരപ്പെടാത്ത പലതും നബി(സ്വ)ക്ക് സ്ഥാപിക്കുന്നവരാണ്. ഇതില്‍ മധ്യമമായ വാക്ക് (താഴെ പറയും പ്രകാരം) പറയപ്പെടലാണ്.

ക്വുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ തെളിവുകളിലുള്ളത് നബി(സ്വ) ഒരു മനുഷ്യനാണെന്നാണ്. അതിനാല്‍ ക്വുര്‍ആനിലും സുന്നത്തിലും തെളിവില്ലാതെ ഒരു പ്രത്യേകതയും ഒരു വിശേഷണവും അവിടുത്തേക്ക് നല്‍കപ്പെടല്‍ അനുവദനീയമല്ല. അത് സ്ഥിരപ്പെട്ടാല്‍ അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. അതിന് ഏതെങ്കിലും തത്ത്വശാസ്ത്രം കൊണ്ട് മറുപടി പറയലും അനുവദനീയമല്ല, അത് ശാസ്ത്രം കൊണ്ടായിരുന്നാലും ബുദ്ധികൊണ്ടായിരുന്നാലും ശരി. സങ്കടമുള്ളത്, അവര്‍ അതില്‍ (പ്രമാണങ്ങളില്‍) നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കുകയും ഇഷ്ടമുള്ളത് ഒഴിവാക്കുകയും ചെയ്യുന്നു എന്നതിലാണ്. ഇവരില്‍ ചിലര്‍ അറിവുള്ളവരാണെന്നതിലേക്ക് ചേര്‍ത്തപ്പെടുന്നവരാണ് (എന്നതും സങ്കടമുള്ളതാകുന്നു). അവരില്‍ ചിലര്‍ ശറഇയ്യായ വലിയ ഡിഗ്രി നേടിയവരുമാകുന്നു! തീര്‍ച്ചയായും നാം അല്ലാഹുവിനുള്ളവരാകുന്നു. തീര്‍ച്ചയായും അവനിലേക്കാകുന്നു നമ്മുടെ മടക്കവും (ഇതൊരു വലിയ മുസ്വീബത്ത് ആണെന്നാണ് സൂചിപ്പിക്കുന്നത്). ഈ അതിരുകവിഞ്ഞിട്ടുള്ള നിരര്‍ഥക(വിശ്വാസക്കാ)രായ രണ്ട് കക്ഷികളുടെയും കെടുതിയില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ നമുക്ക് അല്ലാഹുവിനോട് തേടാം'' (സില്‍സിലത്തുസ്സ്വഹീഹഃ).

പ്രവാചകന്മാരുടെ പ്രകൃതവും സ്വഭാവവുമെല്ലാം പൂര്‍ണവും വൈകല്യമുക്തവുമാണ്. ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ ഇപ്രകാരം പറയുന്നത് കാണാം:

തീര്‍ച്ചയായും പ്രവാചകന്മാര്‍ അവരുടെ സൃഷ്ടിപ്പിലും സ്വഭാവത്തിലും അങ്ങേയറ്റത്തെ പരിപൂര്‍ണതയിലാകുന്നു. ആരെങ്കിലും ഒരു നബിയെ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ (ഇന്നത്) ന്യൂനതയാണെന്ന് (അദ്ദേഹത്തിലേക്ക്) ചേര്‍ത്തിപ്പറഞ്ഞാല്‍ തീര്‍ച്ചയായും അവന്‍ ആ നബിയെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. (അതിനാല്‍) ഇങ്ങനെ ചെയ്യുന്നവന്റെ മേല്‍ കുഫ്‌റ് ഭയപ്പെടണം'' (ഫത്ഹുല്‍ ബാരി).

പ്രവാചകന്മാരെ മോശക്കാരാക്കുവാനോ അവരുടെ സ്വഭാവമഹിമയെ ചോദ്യം ചെയ്യുവാനോ പാടില്ല. അതിനെതിരില്‍ അല്ലാഹു നമുക്ക് താക്കീത് നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെ പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉല്‍കൃഷ്ടനാവുകയും ചെയ്തിരിക്കുന്നു''(33:69).

മൂസാ(അ)യെയും കൂടെയുള്ള വിശ്വാസികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും കൂടെയുള്ളവരെയും കടലില്‍ മുക്കി നശിപ്പിക്കുകയും ചെയ്തല്ലോ. പിന്നീട് മൂസാ(അ)ന്റെ കൂടെയുള്ള വിശ്വാസികളാണ് അദ്ദേഹത്തെ പല രൂപത്തിലും പ്രയാസപ്പെടുത്തിയത്. മേല്‍ കൊടുത്ത ക്വുര്‍ആന്‍ സൂക്തത്തില്‍ ബനൂഇസ്‌റാഈല്യര്‍ മൂസാ(അ)യെ എങ്ങനെയാണ് ശല്യപ്പെടുത്തിയതെന്നോ അല്ലാഹു എങ്ങനെയാണ് അവരുടെ ശല്യപ്പെടുത്തലില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കിയതെന്നോ അല്ലാഹു പറഞ്ഞിട്ടില്ല. ക്വുര്‍ആനിന്റെ ആധികാരിക വിശദീകരണം മുഹമ്മദ് നബി(സ്വ)യുടെതാണെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. നബി(സ്വ) ഇക്കാര്യം വിവരിച്ചുതന്നിട്ടുണ്ട്. ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിമും(റഹി) അവരുടെ സ്വഹീഹില്‍ അത് രേഖപ്പെടുത്തിയതായി കാണാം:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''ഇസ്‌റാഈല്‍ സന്തതികള്‍ പരസ്പരം നഗ്നത നോക്കിക്കൊണ്ടായിരുന്നു കുളിക്കാറുള്ളത്. അവരില്‍ ചിലര്‍ മറ്റു ചിലരുടെ നഗ്നതയിലേക്കു നോക്കുകയും ചെയ്യും. എന്നാല്‍ മൂസാ(അ) ഒറ്റക്കാണ് കുളിച്ചിരുന്നത്. അതു കാരണം അവര്‍ പറഞ്ഞു അല്ലാഹുവാണ! മൂസാക്ക് മണിവീക്കം (ഒരുതരം ലൈംഗിക രോഗം) ഉള്ളതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തത്. അങ്ങനെ ഒരു പ്രാവശ്യം മൂസാ നബി(അ) കുളിക്കാന്‍ പോവുകയും വസ്ത്രം (അഴിച്ച്) ഒരു കല്ലിന്മേല്‍ വെക്കുകയും ചെയ്തു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ട് ഓടി. ഉടനെ മൂസാ(അ)യും കല്ലേ, എന്റെ വസ്ത്രം... എന്റെ വസ്ത്രം എന്നു പറഞ്ഞു അതിന്റെ പിറകേ ധൃതിയില്‍ ഓടി. തന്നിമിത്തം ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നഗ്നത കാണാന്‍ സാധിക്കുകയും അല്ലാഹുവാണ, മൂസാക്ക് യാതൊരു തരക്കേടും ഇല്ല. എന്നവര്‍ പറയുകയും ചെയ്തു. അങ്ങനെ എല്ലാവര്‍ക്കും കാണത്തക്കവിധം കല്ല് നില്‍ക്കുകയും അദ്ദേഹം തന്റെ വസ്ത്രം എടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവാണ സത്യം! മൂസാ(അ) ആ കല്ലില്‍ അടിച്ചതു നിമിത്തം അതില്‍ ആറോ ഏഴോ അടയാളങ്ങളുണ്ടായി'' (മുസ്‌ലിം). (ഈ ഹദീഥിനെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവുരും ഉണ്ട്. ഇതില്‍ അവിശ്വസനീയമായി യാതൊന്നുമില്ല. അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ ന്യൂനത ആരോപിച്ചപ്പോള്‍ അദ്ദേഹം അതില്‍ നിന്ന് മുക്തനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അല്ലാഹു സ്വീകരിച്ച ഒരു നടപടി മാത്രമാണിത്. മുമ്പ് അദ്ദേഹം സാഹിറാണെന്ന് പറഞ്ഞപ്പോള്‍ മുഅ്ജിസത്തിലൂടെ അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിയില്ലേ?).

അല്ലാഹുവിന്റെ ഗുണങ്ങള്‍ പ്രവാചകന്മാരില്‍ ആരോപിച്ച് അപകടകരമായ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചില വിഭാഗങ്ങളുണ്ട്. ഈസാ(അ)യെ കുറിച്ച് ദൈവമെന്നും ദൈവപുത്രനെന്നും ത്രിയേകത്വത്തില്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ഒന്നാണെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ അതില്‍ പെടും. ക്വുര്‍ആന്‍ അവരുടെ വാദത്തെക്കുറിച്ച് പറഞ്ഞുതരുന്നതും അതിനവര്‍ക്ക് താക്കീത് നല്‍കുന്നതും കാണുക:

''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു...'' (5:72).

''അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു''(5:73).

''പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. (അപ്രകാരം പറയുന്നവരേ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു'' (19:88,89).

നബിമാര്‍ ആരും തന്നെ തങ്ങളെ ആരാധിക്കണമെന്നോ അല്ലാഹുവിന്റെ ഏതെങ്കിലും സവിശേഷതകള്‍ ഞങ്ങള്‍ക്കുണ്ടെന്നോ അവകാശപ്പെട്ടവരല്ല. ഈസാനബി(അ) തന്നെ ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ക്വുര്‍ആന്‍ വിവരിക്കുന്നത് ശ്രദ്ധേയമാണ്:

''അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകനായ ഈസാ, അല്ലാഹുവിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവീന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ. ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിരിക്കുമല്ലോ. എന്റെ സ്വന്തത്തിലുള്ളത് നീയറിയും. നിന്റെ സ്വന്തത്തിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു'' (5:116,117).

മുഹമ്മദ് നബി(സ്വ) തന്നെ അനര്‍ഹമായി പുകഴ്ത്തുന്നത് വിരോധിച്ചത് നാം മനസ്സിലാക്കി. എന്നിട്ടും അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പലതും നബി(സ്വ)ക്ക് നല്‍കുന്നവരുണ്ട്. നബി(സ്വ) സര്‍വവും കാണുമെന്നും എല്ലായിടത്തും ഹാജറുണ്ടെന്നും വിശ്വസിച്ച് അദ്ദേഹത്തോട് തേടുന്നവരെയും കാണാം. ഇത്തരം അനിസ്‌ലാമിക വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിഭാഗക്കാരുടെ വാദം കാണുക: ''നമ്മെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പ്രവാചകന്‍ (സ്വ)'' (സുന്നത്ത് മാസിക)

എല്ലാം കാണുവാനും എല്ലാം അറിയുവാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. ഈ വിശേഷണമാണ് ഇവര്‍ നബി(സ്വ)യിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ഇതേ വിശേഷണം ശൈഖ് ജീലാനി(റഹി)യെ പോലുള്ള പലര്‍ക്കും ഇവര്‍ നല്‍കുന്നത് വിവിധ മൗലിദ് കിതാബുകളിലും കാണാം.

0
0
0
s2sdefault