പ്രവാസജീവിതം അവസാനിപ്പിച്ചയാളുടെ ഒറ്റപ്പെടല്‍

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06
ചോദ്യം: ഞാന്‍ 36 വര്‍ഷത്തോളം വിദേശത്തായിരുന്നു. ഇപ്പോള്‍ 62 വയസ്സ്. ഇനിയുള്ളകാലം ഭാര്യയോടും മക്കളോടും കൂടെ സമാധാനത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ച് നാട്ടില്‍ വന്നു. എന്നാല്‍ അവര്‍ എല്ലാ കാര്യത്തിലും ഒന്നിച്ചുനിന്ന് എന്നെ ഒറ്റപ്പെടുത്തുന്നു. രോഗങ്ങളുണ്ട്. അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും പോയി ജീവിക്കാമായിരുന്നു. ഞാനെന്തു ചെയ്യണം?

ഉത്തരം: പ്രവാസം അനിവാര്യമായ ജീവിത സാഹചര്യത്തില്‍ മാത്രം സ്വീകരിക്കേണ്ട ഒന്നാണ്. മാത്രവുമല്ല അത് കുടുംബത്തോടൊപ്പമായിരിക്കാന്‍ ശ്രദ്ധിക്കണം. സാധ്യമാവാത്തവര്‍ കാലദൈര്‍ഘ്യം പരമാവധി കുറക്കണം. കുടുംബത്തില്‍ നിന്ന് മാറി ദീര്‍ഘകാലം വിദേശത്ത് ജീവിക്കുന്നവര്‍ക്ക് സംഭവിക്കുന്ന സ്വാഭാവികമായ പരിണിതിയാണ് ഈ ഒറ്റപ്പെടല്‍. കുടുംബ നാഥന്‍ വീട്ടില്‍ ഇല്ലാതെ വരുമ്പോള്‍ എല്ലാ കാര്യവും ഭാര്യക്ക് നിര്‍വഹിക്കേണ്ടി വരുന്നു. ക്രമേണ വീട്ടിലെ മുഴുവന്‍ കാര്യങ്ങളും അവളില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഭര്‍ത്താവ് ആവശ്യത്തിന് പണം നല്‍കുന്നവന്‍ മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ടാണ് ഒരു 45 വയസ്സുകാരനെ കമ്പനി പിരിച്ചു വിട്ടതറിഞ്ഞപ്പോള്‍ 'നിങ്ങള്‍ നാട്ടില്‍ നിന്നാല്‍ നാമെന്ത് ചെയ്യും' എന്ന് അയാളുടെ ഭാര്യ ചോദിച്ചത്. ഇവിടെ പണം ലഭിക്കുന്ന ഒരു കേന്ദ്രമെന്നതിലുപരി അവളുടെയും അയാളുടെയും ജീവിതത്തില്‍ വേറെ ചിലതുണ്ടെന്ന് അവള്‍ മറന്നു.  

ഭാര്യയും കുട്ടികളും വര്‍ഷങ്ങളായി ശീലിച്ച ശീലങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഒറ്റപ്പെടും. ഭാര്യയും മക്കളും ഒന്നിച്ചുനിന്ന് പ്രതിരോധിക്കും. അന്നേരം അവര്‍ക്ക് വേണ്ടി ചെലവഴിച്ചതില്‍ ദുഃഖം തോന്നും. കണക്കു പറയും, പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ചിലപ്പോള്‍ വേര്‍പിരിഞ്ഞെന്നും വരാം. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കുമ്പോള്‍ വീണ്ടും ഒരു കുടുംബഭാരം ഏറ്റെടുക്കലായിരിക്കും അത്.

ഈ അവസ്ഥക്ക് പലരും പല പരിഹാരമാണ് കണ്ടെത്താറുള്ളത്. പരിചയത്തിലുള്ള ഒരാള്‍ പുതിയൊരു വിവാഹം കഴിക്കുകയാണ് ചെയ്തത്. നിലവിലുള്ള മക്കള്‍ക്കും ഭാര്യക്കും ഉള്ള സമ്പത്തിന്റെ വലിയൊരു വിഹിതം നല്‍കി പ്രശ്‌നങ്ങളൊതുക്കി. ബാക്കിയുള്ളത് കൊണ്ട് പുതിയൊരു വീട് വാങ്ങി. മൂന്ന് മക്കളുമൊത്ത് അയാളുടെ ജീവിതം മുന്നോട്ട് പോകുന്നു. മറ്റൊരാള്‍ 20 വര്‍ഷം വിദേശത്ത് നിന്നു. പത്ത് വര്‍ഷമായി നാട്ടിലാണ്. വിദേശത്ത് ജീവിച്ച പോലെ ഇവിടെയും ജീവിക്കുന്നു! അതായത് രാവിലെ എഴുന്നേറ്റ് സ്വയം ചായയുണ്ടാക്കി കുടിക്കും. കുളിച്ച് കിട്ടിയ ഭക്ഷണവും കഴിച്ച് കടയില്‍ പോകും. രാത്രി വൈകി തിരിച്ചെത്തും. ഒറ്റയ്‌ക്കൊരു റൂമില്‍ ഉറങ്ങും. അതിനാല്‍ പ്രശ്‌നങ്ങളില്ല. 

താങ്കളുടെ പ്രശ്‌നങ്ങള്‍ക്ക് ചില പരിഹാരമാര്‍ഗങ്ങള്‍ പറയാം:
 

1. ലീവിന് വന്ന ഒരാളെപ്പോലെ നിന്ന് ഭാര്യയുടെയും മക്കളുടെയും ജീവിതം നിരീക്ഷിക്കുക. വലിയ കുഴപ്പങ്ങളില്ലെങ്കില്‍ കൂട്ടത്തിലൊരാളായി കൂടെക്കൂടുക.

2. ഒരിക്കലും വീട്ടില്‍ വെറുതെ ഇരിക്കരുത്. ശമ്പളം കുറഞ്ഞാലും എന്തെങ്കിലും ജോലി ചെയ്യുക. വരുമാനമൊന്നും ഇല്ലാതിരുന്നാല്‍ ഭാര്യക്കും മക്കള്‍ക്കും ആശങ്കയുണ്ടാകും. അത് അവര്‍ പ്രകടിപ്പിക്കും. അപ്പോള്‍ ദേഷ്യം വരും. പ്രതികരിക്കും പ്രശ്‌നമാകും.

3. എല്ലാം നടന്നു പോകുന്നുണ്ടല്ലോ. എന്റെ കൈക്കേ നടക്കാവൂ എന്ന് എന്തിന് വാശി പിടിക്കണം? അത്രയും ഭാരവും ടെന്‍ഷനും കുറഞ്ഞ് കിട്ടിയല്ലോ എന്ന് സമാധാനിക്കുക.

4. ഞാന്‍ ഏറ്റവും ബഹുമാനിക്കേണ്ട വ്യക്തി ഭര്‍ത്താവാണെന്നും അയാള്‍ എന്റെ സ്വര്‍ഗവും നരകവുമാണെന്ന ബോധം ഭാര്യയില്‍ ഉണ്ടാക്കിയെടുക്കുക.

5. പിതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തിക്ക് അനിവാര്യമാണെന്ന ബോധം മക്കളിലുണ്ടാക്കുക. അപ്പോള്‍ അവര്‍ ഏത് നിലയ്ക്കും സഹകരിക്കും.

6. എല്ലാം നാം വിചാരിച്ച പോലെയാക്കാന്‍ നമുക്ക് കഴിയില്ലെന്നും എല്ലാറ്റിലും അല്ലാഹുവിന്റെ ചില ഹിക്മത്തുണ്ടെന്നും  വിശ്വസിച്ച് സമാധാനിക്കുക.

7. മനസ്സിന്റെയും ശരീരത്തിന്റെയും വേദനകള്‍ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കുക. അതിന് പരലോകത്ത് പ്രതിഫലം പ്രതീക്ഷിക്കുക.

8. എന്തും പരിഹരിക്കുവാന്‍ കഴിയുന്ന അല്ലാഹുവോട് എല്ലാം തുറന്ന് പറഞ്ഞ് ഉറപ്പോടെ പ്രാര്‍ഥിക്കുക.

0
0
0
s2sdefault