പ്രവാചകന്മാരെല്ലാം മനുഷ്യന്മാര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
എന്തുകൊണ്ടാണ് മനുഷ്യരെ മാത്രം പ്രവാചകന്മാരായി അല്ലാഹു നിയോഗിച്ചത്? പരിശുദ്ധരായ മലക്കുകളെ എന്തുകൊണ്ട് ദൂതന്മാരായി അയച്ചില്ല. പ്രാമാണികമായ ഒരു പഠനം.

പ്രവാചകന്മാരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരെ തന്നെ പ്രവാചകന്മാരായി അല്ലാഹു തെരഞ്ഞടുത്തപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല. അവര്‍ ചോദിച്ചത്; എങ്ങനെ ഒരു മനുഷ്യന്‍ പ്രവാചകനാകും, അവരും നമ്മെപ്പോലെയുള്ളവര്‍ തന്നയല്ലേ എന്നൊക്കെയാണ്. ക്വുര്‍ആന്‍ ശത്രുക്കളുടെ എതിര്‍പ്പുകളെ എടുത്തുദ്ധരിക്കുന്നത് കാണുക:

''നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകും''(23:34).

''അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും''(54:24).

ഭക്ഷണം കഴിക്കുന്ന, ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു മനുഷ്യന്‍ പ്രവാചകനാവുക എന്നത് ഒരു ന്യൂനതയായിട്ടാണവര്‍ മനസ്സിലാക്കിയത്. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

''അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര്‍ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു''(14:11).

പ്രവാചകന്മാര്‍ ജനങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു അത്ഭുത വ്യക്തിത്വമാകണമെന്നും അവര്‍ ധരിച്ചിരുന്നു. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടിയും ഞങ്ങള്‍ മനുഷ്യരാണ്; ഞങ്ങള്‍ക്ക് അല്ലാഹു ബോധനം നല്‍കുന്നതിനെ പിന്തുടരാനേ കഴിയൂ എന്നായിരുന്നു.

''അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേയില്ല. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചതുപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീട് ഉണ്ടാകുന്നതുവരെ. അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ) പറയുക. എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു ദൂതനായ മനുഷ്യന്‍ മാത്രമല്ലേ'' (17:90-93).

 

തിരുത്തേണ്ട ധാരണകള്‍

മുഹമ്മദ് നബി(സ്വ) സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍ നിന്നാണെന്ന് ചെറുപ്പത്തിലേ ചൊല്ലിപ്പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും നമുക്ക് കാണാം. ഈ വിശ്വാസത്തിന് പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് മാത്രമല്ല. പ്രമാണം ഈ വിശ്വാസത്തിന് എതിരാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

നബി(സ്വ)യോട് തന്നെ പറയാന്‍ അല്ലാഹു കല്‍പിച്ചത് ഇങ്ങനെയാണ്.

''(നബിയേ,) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു''(18:110).

നബി(സ്വ) പറഞ്ഞു:''നിങ്ങളെല്ലാം ആദമില്‍നിന്നുള്ളതാണ്. ആദം മണ്ണില്‍ നിന്നുമാകുന്നു.'' പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍ മലക്കുകളാണെന്നും ജിന്നുകള്‍ തീജ്വാലയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നുമാണ് ക്വുര്‍ആനും ഹദീഥുകളും നമ്മെ പഠിപ്പിക്കുന്നത്. നബി(സ്വ) പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ്. നബി(സ്വ) അബ്ദുല്ല-ആമിന ദമ്പതികള്‍ക്ക് ജനിച്ചതാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ലല്ലോ. പ്രവാചകന്മാര്‍ മനുഷ്യരാണെങ്കിലും അല്ലാഹു അവരെ ചെറുപ്പം മുതലേ പ്രത്യേക രീതിയില്‍ വളര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ജാഹിലിയ്യഃ കാലത്തെ ഒരു ദുസ്സ്വഭാവവും നബിക്കുണ്ടായിരുന്നില്ലല്ലോ. ജാഹിലിയ്യഃ സ്വഭാവങ്ങളൊന്നും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

അല്ലാഹു മനുഷ്യരിലേക്ക് മനുഷ്യരെത്തന്നെ ദൂതന്മാരായി അയച്ചപ്പോള്‍ ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ എടുത്തുപറയുന്നുണ്ട്.

''ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത് അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു'' (17:94).

മനുഷ്യനെ ദൂതനായി നിയോഗിക്കുന്നത് അവര്‍ ന്യൂനതയായിട്ടാണ് കണ്ടത്. അവര്‍ ചോദിച്ചിരുന്നത് എന്ത് കൊണ്ട് അല്ലാഹുവിന് ഒരു മലക്കിനെ ഞങ്ങളിലേക്ക് ഇറക്കിക്കൂടാ എന്നായിരുന്നു. ചോദിക്കുന്നതെല്ലാം കാണിച്ചു തരുന്ന ഒരു അത്ഭുത മനുഷ്യനാണ് പ്രവാചകനാകേണ്ടത് എന്ന ധാരണയായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെന്നാണ് അവരുടെ വാദങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ശത്രുക്കള്‍ പ്രവാചകന്മാര്‍ക്കെതിരില്‍ പറഞ്ഞ ചില വാക്കുകള്‍ ശ്രദ്ധിക്കുക:

''നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു''(25:21).

''അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ! ഇയാളുടെ കൂടെ താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല''(25:7).

എന്തുകൊണ്ടാണ് അല്ലാഹു മനുഷ്യരിലേക്ക് മനുഷ്യരെത്തന്നെ ദൂതന്മരായി അയച്ചത്? എന്തുകൊണ്ട് അല്ലാഹു മലക്കുളെ മനുഷ്യരിലേക്ക് ദൂതന്മാരായി അയച്ചില്ല? ഇത്തരം ചോദ്യങ്ങള്‍ അര്‍ഥശൂന്യമാണ്. കാരണം മലക്കുകളെ സാധാരണ അവസ്ഥയില്‍ നമുക്ക് കാണാന്‍ കഴിയില്ല. സൃഷ്ടികളില്‍ ശ്രേഷ്ഠനായ നബി(സ്വ) പോലും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ കണ്ടത് രണ്ട് തവണ മാത്രമാണ്. ആ രംഗം നബി(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്. ചക്രവാളം മുഴുവന്‍ നിറയുമാറ് 600 ചിറകുള്ളതായാണ് കണ്ടത്. ജിബ്‌രീല്‍ വഹ്‌യുമായി വരുന്നത് തണുപ്പുള്ള സമയത്താണെങ്കില്‍ പോലും നബിയുടെ നെറ്റിയില്‍ നിന്ന് വിയര്‍പ്പ് വരുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരിക്കല്‍ നബി(സ്വ) ഒരു സ്വഹാബിയുടെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ നബി(സ്വ)ക്ക് വഹ്‌യ് വന്നു. ആ സമയം നബിയുടെ കാല്‍ ആ സ്വഹാബിയുടെ കാലില്‍ കോര്‍ത്ത് വെച്ചായിരുന്നു ഇരുന്നിരുന്നത്. ആ സമയം എന്റെ കാലിന്റെ എല്ല് പൊട്ടുമോ എന്ന് ഞാന്‍ വിചാരിച്ചു എന്ന് ഈ സ്വഹാബി പറയുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ പ്രവാചകന്മാരല്ലാത്ത നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് എങ്ങനെ മലക്കുകളെ കാണുവാനും അവരുമായി ഇടപഴകുവാനും കഴിയും? എന്നാല്‍ മലക്കിനെ ദൂതനായി ആവശ്യപ്പെടുന്നവര്‍ മലക്കിനെ മരണ സമയത്ത് കാണുന്ന രംഗം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

''മലക്കുകളെ അവര്‍ കാണുന്ന ദിവസം (ശ്രദ്ധേയമാകുന്നു). അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍(മലക്കുകള്‍) പറയുക''(25:22).

ഇനി മലക്കിനെ അല്ലാഹു ഒരു ദൂതനായി അയക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണ് അയക്കുക. എന്നാലല്ലേ മനുഷ്യന് കാണാനും കേള്‍ക്കാനും സ്വീകരിക്കാനും കഴിയൂ?! അപ്പോഴും ഈ ചോദിക്കുന്നവര്‍ക്ക് സംശയമേ ഉണ്ടാകൂ. അതും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

''ഇനി നാം മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം മനുഷ്യരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്''(6:9).

അല്ലാഹു മനുഷ്യരെ തന്നെ മനുഷ്യരിലേക്ക് പ്രവാചകന്മാരായി നിശ്ചയിച്ചത് ഭൂമിയിലുള്ളത് മലക്കുകളല്ലാത്തത് കൊണ്ടാണ്. ക്വുര്‍ആന്‍ ഇത് വ്യക്തമാക്കുന്നത് കാണുക:

''...(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തു നിന്നു ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു'' (അല്‍ ഇസ്‌റാഅ് 94,95).

പ്രവാചകന്മാര്‍ മനുഷ്യരാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് യാതൊരു വ്യത്യാസവും ഇല്ലെന്ന് ധരിക്കരുത്. മനുഷ്യരാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം അവര്‍ നമ്മെ പോലെ വിശപ്പും ദാഹവും ഉറക്കവും വികാരവും എല്ലാം ഉള്ളവരാണെന്നാണ്. ഇതിലേക്ക് തെളിവ് നല്‍കുന്ന വചനങ്ങള്‍ കാണുക.

''നിനക്കു മുമ്പ് പുരുഷന്മാരെ(ആളുകളെ)യല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ചു നോക്കുക. അവരെ പ്രവാചകന്മാരെ നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരിക്കുന്നതുമില്ല''(21:7,8).

''നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്''(13:38).

''നിനക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നവന്‍. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍'' (26:79-81).

നബി(സ്വ)യെ കുറിച്ച് ഹദീഥില്‍ പറയുന്നത് കാണുക: ''നബി(സ്വ) ഒരു മനുഷ്യനായിരുന്നു. വസ്ത്രം വൃത്തിയാക്കും. ആടിനെ കറക്കും. സ്വന്തം കാര്യങ്ങള്‍ സ്വന്തമായി തന്നെ ചെയ്യുകയും ചെയ്യും''(അഹ്മദ്).

നബിമാര്‍ മനുഷ്യരാണെന്നാണ് ഈ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അവര്‍ മനുഷ്യരല്ലെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ ഇത്രയും വ്യക്തമായ തെളിവുകളെ നിഷേധിക്കലാണത്.

0
0
0
s2sdefault