പ്രവാചകന്മാരും പ്രബോധനവും

മൂസ സ്വലാഹി, കാര

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12
മനുഷ്യന്റെ ഇഹ-പര ജീവിതത്തിന് മാര്‍ഗദര്‍ശികളായി നിശ്ചയിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അല്ലാഹുവിനെ ആജ്ഞാ നിര്‍ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി, മാതൃകാപൂര്‍ണരായി ജീവിച്ച പ്രവാചകന്മാരഖിലവും അവരുടെ പ്രബോധനത്തില്‍ അടിസ്ഥാനമാക്കിയ ചില തത്ത്വങ്ങളുണ്ട്; ഉന്നതമായ സ്വഭാവഗുണങ്ങളുണ്ട്. നിത്യ പ്രസക്തമായ ആ ജീവിതരീതിയെ കുറിച്ചുള്ള ഹ്രസ്വ വിവരണം.

അല്ലാഹു തന്റെ അടിമകള്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിക്കുന്നതിനും നരകത്തെക്കുറിച്ച് താക്കീത് നല്‍കുന്നതിനും, മതത്തിന്റെ നിയമനിര്‍ദേശങ്ങള്‍ വിവരിക്കുന്നതിനും അനുഷ്ഠാന കാര്യങ്ങള്‍ മാതൃകാപരമായി കാണിച്ചുകൊടുക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ആവശ്യാനുസരണം വിവിധ കാലഘട്ടങ്ങളില്‍ നിയോഗിച്ചയച്ചവരാണ് പ്രവാചകന്മാര്‍. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''...(നബിയേ), നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി'' (13:7).

''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല''(35:24).

അല്ലാഹുവില്‍നിന്ന് കിട്ടിയ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന പ്രവാചകന്മാരഖിലവും നടത്തിയ ഉദ്‌ബോധനത്തിന്റെ കാതല്‍ 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നതായിരുന്നു.

എന്നാല്‍ മിക്ക പ്രബോധിത സമൂഹവും പ്രവാചകന്മാരെ നിഷേധിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനാണ് ശ്രമിച്ചത്! കുഴപ്പമുണ്ടാക്കുവാന്‍ വന്ന ശത്രുവായിട്ടാണ് അവര്‍ പ്രവാചകന്മാരെ കണ്ടത്. എക്കാലത്തും അല്‍പം ചിലര്‍ മാത്രമാണ് പ്രവാചകന്മാരുടെ അനുയായികളായി മാറിയിട്ടുള്ളത്. അവര്‍ക്ക് ഹവാരിയ്യൂന്‍ (സഹായികള്‍) അെല്ലങ്കില്‍ അസ്വ്ഹാബ് (അനുചരന്മാര്‍) എന്ന് പറയുന്നു.

ജാബിര്‍(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''നിശ്ചയം, എല്ലാ നബിമാര്‍ക്കും സഹായികളുണ്ട്'' (ബുഖാരി).

പ്രവാചകന്മാരില്‍ അന്തിമനായ മുഹമ്മദ് നബി(സ്വ)യുടെ നിയോഗം ലോകത്തിന് അനുഗ്രഹമാണെന്ന് ക്വുര്‍ആന്‍ അറിയിക്കുന്നു:

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്...''(3:164).

പ്രവാചകത്വലബ്ധിക്കു ശേഷം ജനങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സത്യവെളിച്ചം പകര്‍ന്നു നല്‍കുന്ന വിളക്കായി അവിടുന്ന് നിലകൊണ്ടു:

''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്'' (33:45,46).

അല്ലാഹുവിനെ ഭയപ്പെട്ട്, അവന്റെ ദീനിനെ കഴിയുംവിധം പ്രബോധനം ചെയ്ത് മാതൃകാപൂര്‍ണരായി ജീവിച്ച പ്രവാചകന്മാരഖിലവും അവരുടെ പ്രബോധനത്തില്‍ അടിസ്ഥാനമാക്കിയ ചില തത്ത്വങ്ങളുണ്ട്. ഉന്നതമായ സ്വഭാവഗുണങ്ങളുണ്ട്. നിത്യ പ്രസക്തമായ ആ ഘടകങ്ങള്‍ ചുരുക്കി വിവരിക്കാം.

തൗഹീദിലേക്കുള്ള ക്ഷണം

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)...'' (6:36).

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല...'' (21:25).

അല്ലാഹുവിനു പുറമെ ഒന്നിനെയും ആരാധിക്കരുത് എന്നത് കര്‍ശനായ നിര്‍ദേശമാണ്. ഏവര്‍ക്കും അത് ബാധകമാണ്. സ്വര്‍ഗം പ്രവേശനം തടയുന്ന, നരകപ്രവേശനം ഉറപ്പാക്കുന്ന മഹാപാപമാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍. ആദരവിന്റെയും ബഹുമാനത്തിന്റെയും പേരില്‍ അമ്പിയാക്കളെയും ഔലിയാക്കളെയും ആരാധിക്കുവാന്‍ പ്രേരിപ്പിക്കുന്ന പണ്ഡിതവേഷധാരികള്‍ നാട്ടില്‍ വിലസുമ്പോള്‍ നമ്മുടെ ബാധ്യത വര്‍ധിക്കുകയാണ്. ഏതു കാലത്തും ആദ്യം ക്ഷണിക്കേണ്ടത് തൗഹീദിലേക്കു തന്നെ.

ഗുണകാംക്ഷയോടെയുള്ള പ്രബോധനം

അല്ലാഹു പറയുന്നു: ''അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി)...'' (33:39).

നൂഹ് നബി(അ) തന്റെ ജനതയോട് പറഞ്ഞതായി അല്ലാഹു പറയുന്നു: ''എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്'' (7:62).

അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരികയാണ്, അത് നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷനേടാം; തള്ളിക്കളഞ്ഞാല്‍ മഹാദുരന്തമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ആത്മാര്‍ഥമായി, ഗുണകാംക്ഷയോടെ ദൂതന്മാരെല്ലാം ജനങ്ങളോട് പറഞ്ഞു. അല്ലാഹുവിനെയും ദൂതനെയും അനുസരിച്ചാല്‍ ലഭിക്കുന്ന മഹത്തായ നേട്ടത്തെപ്പറ്റി അല്ലാഹു പറഞ്ഞു:

''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69).

കുടിലിലും കൊട്ടാരത്തിലും സന്ദേശമെത്തിക്കുക

മൂസാനബി(അ)യോട് അല്ലാഹു പറഞ്ഞു: ''എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം'' (20:42-44).

ഉസാമതുബ്‌നു സൈദ്(റ) നിവേദനം: ''മുസ്‌ലിംകളും ബിംബാരാധകരും ജൂതന്മാരും കൂടിയിരിക്കുന്നിടത്തു കൂടി നബി(സ്വ) കടന്നുപോകവെ അവിടെയിറങ്ങി സലാം പറഞ്ഞ് അവരെ അല്ലാഹുവിലേക്ക് വിളിക്കുകയും അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കൊടുക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

നബി(സ്വ) അങ്ങാടികളില്‍ ചെന്ന് പ്രബോധനം നടത്തുമ്പോള്‍ അഭിശപ്തനായ അബൂലഹബ് കല്ലെറിഞ്ഞിരുന്നു.

അനസ്(റ) നിവേദനം: ''നിശ്ചയം, നബി(സ്വ) കിസ്‌റ, കൈസര്‍, നജ്ജാശി തുടങ്ങി എല്ലാ അധികാരികളിലേക്കും അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തയച്ചിരുന്നു'' (മുസ്‌ലിം).

ഇങ്ങനെ കുടിലുകളിലും കൊട്ടാരങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല വിവിധ ഗോത്രങ്ങള്‍ക്കിടയിലേക്കും ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാന്‍ നബി(സ്വ) ശ്രദ്ധ പുലര്‍ത്തിയിരുന്നു.

റബ്ബിനെ സ്മരിക്കുക, പാപമോചനം തേടുക

ഇബ്‌റാഹീം നബി(അ) പറഞ്ഞു: ''വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്'' (14:39). മുഹമ്മദ് നബി(സ്വ) എല്ലാ സമയത്തും അല്ലാഹുവിനെ ഓര്‍ക്കാറുണ്ടായിരുന്നു (മുസ്‌ലിം). മുസ്‌നി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''നിശ്ചയം, ഞാന്‍ ദിവസവും നൂറുതവണ അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്'' (മുസ്‌ലിം).

നൂഹ് നബി(അ) ജനതയോട് പറഞ്ഞതായി അല്ലാഹു പറയുന്നു: ''...നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു'' (71:10).

ദഅ്‌വത്തില്‍ മുന്നേറുക; നിഷേധികളെ അവഗണിക്കുക

അല്ലാഹു പറയുന്നു: ''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍...(15:94-96).

''അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്'' (28:87).

''അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ക്വുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക'' (25:52).

ദഅ്‌വത്തിനിറങ്ങിയ പ്രവാചകന്മാര്‍ക്ക് ലഭിച്ചത് പൂമാലകളല്ല; മുള്‍ക്കിരീടങ്ങളായിരുന്നു. പരിഹാസവാക്കുകളായിരുന്നു. അത് എന്നും അങ്ങനെത്തന്നെയായിരിക്കും. അതിനാല്‍ പ്രബോധനമാര്‍ഗത്തിലുള്ള പ്രയാസങ്ങള്‍ സഹിക്കാനും ക്ഷമിക്കാനുമുള്ള ഉള്‍ക്കരുത്ത് നമുക്ക് ഉണ്ടാകേണ്ടതുണ്ട്.

നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, ആശ്വാസമേകുക

മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് അല്ലാഹു പറയുന്നു: ''...അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു...'' (7:157).

''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു...'' (9:71).

ഐഹികാലങ്കാരങ്ങളില്‍ ഭ്രമിക്കരുത്

നബി(സ്വ) തന്റ സമുദായത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം ഭയപ്പെട്ട കാര്യാണ് ദുന്‍യാവിന്റെ അലങ്കാരവും പ്രൗഢിയും അവര്‍ക്കുമേല്‍ തുറക്കപ്പെടുമോ എന്നത്. അത് മനുഷ്യനെ പരലോകചിന്തയില്‍നിന്ന് അകറ്റന്‍ സാധ്യതയുള്ള കാര്യമാണെന്നതില്‍ സംശയമില്ല. അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക: ''അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും'' (20:131).

''തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ...''(18:28).

ശരീരംകൊണ്ടും സമ്പത്ത് കൊണ്ടും സമരം ചെയ്യുക

''പക്ഷെ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് നന്‍മകളുള്ളത്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍'' (9:88).

''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'(.49:15).

അറിവ് നേടുക

അല്ലാഹു പറയുന്നു:''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (62:2).

''അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്‌കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്)'' (3:79).

ഈ സൂക്തത്തില്‍ വന്ന 'റബ്ബാനിയ്യീന' എന്നതിനെക്കുറിച്ച് ഇമാം ബുഖാരി പറയുന്നു: ''തനിക്ക് വലിയ അറിവ് എത്തും മുമ്പ് തന്നെ ചെറിയ അറിവുകൊണ്ട് ജനങ്ങളെ വളര്‍ത്തുന്നവന്‍'' (സ്വഹീഹുല്‍ ബുഖാരി). ഉമര്‍(റ) പറഞ്ഞു: ''ഉത്തരവാദിത്വത്തിനു മുമ്പ് നിങ്ങള്‍ അറിവുള്ളവരാവുക'' (ബുഖാരി).

റബീഅ(റ) പറയുന്നു: ''അറിവില്‍നിന്ന് തനിക്ക് വല്ലതും ലഭിച്ചാല്‍ സ്വന്തത്തെ പാഴാക്കുക എന്നത് ഒരാള്‍ക്കും അനുവദനീയമല്ല'' (ബുഖാരി).

ചീത്ത ചുറ്റുപാടുകളില്‍നിന്ന് വിട്ടുനില്‍ക്കുക

ചീത്ത കൂട്ടുകെട്ടിലും ചീത്ത ചുറ്റുപാടിലും പ്രബോധകന്‍ പെട്ടുകൂടാ. അല്ലാഹു പറയുന്നു: ''നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്'' (6:68).

0
0
0
s2sdefault