പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനമരുത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

റസൂലും നബിയും തമ്മിലുള്ള വ്യത്യാസം: ''നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതിക്കേള്‍പിക്കുന്ന സമയത്ത് ആ ഓതിക്കേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല...'' (22:52). ഈ സൂക്തത്തില്‍ 'റസൂല്‍', 'നബി' എന്നീ രണ്ടു പദങ്ങളും വന്നിരിക്കുന്നു. ഇതില്‍നിന്നു തന്നെ 'നബി'ക്കും 'റസൂലി'നും ഇടയില്‍ ചെറിയ മാറ്റങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ചില നബിമാര്‍ നബിയും റസൂലും ആയിരുന്നെന്ന് ക്വുര്‍ആന്‍ പറയുന്നതായും കാണാം.

മൂസാ(അ): ''വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു''(19:51).

ഇസ്മാഈല്‍ (അ): ''വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു''(19:54).

ഇദ്‌രീസ്(അ)നെ പരാമര്‍ശിക്കുമ്പോള്‍ നബിയായിരുന്നു എന്നേ ക്വുര്‍ആന്‍ പറയുന്നുള്ളൂ: ''വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു''(19:56).

നബിയും റസൂലും തമ്മിലുള്ള വ്യത്യാസം പണ്ഡിതന്മാര്‍ വിവിധ രൂപത്തില്‍ വിവരിക്കുന്നത് കാണാം. ശൈഖ് അല്‍ബാനി(റഹി) സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയില്‍ അതെല്ലാം കൊടുത്തതിന് ശേഷം ഇപ്രകാരം പറയുന്നു: ''നിര്‍വചനത്തില്‍ ബാക്കിയാകുന്നത് (ഇതാണ്): മുമ്പ് കഴിഞ്ഞുപോയ ശരീഅത്തിനെ അംഗീകരിച്ചുകൊണ്ട് നിയോഗിക്കപ്പെടുന്ന ആളാണ് നബി. എന്നാല്‍ റസൂല്‍ എന്നത് ഒരു ശരീഅത്തുമായി നിയോഗിക്കപ്പെടുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ആളാണ്. (ആ ശരീഅത്ത്) പുതിയതാണെങ്കിലും മുമ്പ് കഴിഞ്ഞുപോയതാണെങ്കിലും സമമാണ്.''

നബിയും റസൂലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ശൈഖ് അല്‍ബാനി(റഹി)യുടെ വിശദീകരണം തെളിവുകളോട് യോജിക്കുന്നതായി മനസ്സിലാക്കാം.

 

എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം

 

അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വിശ്വസിക്കാത്തവര്‍ വിശ്വാസിയല്ല. പ്രവാചകന്മാരില്‍ ചിലരെ പുകഴ്ത്തുകയും ചിലരെ ഇകഴ്ത്തുകയും ചെയ്യല്‍ പിഴച്ചുപോയവരുടെ സ്വഭാവമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വേര്‍തിരിവില്ലാതെ വിശ്വസിക്കുന്നവരാകുന്നു. അല്ലാഹു പറയുന്നു:

''തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു:ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം''(2:285).

''അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(4:152).

നബിമാരില്‍ പലരെയും അസാന്മാര്‍ഗികളായി പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍ ബൈബിളില്‍ കാണാം. (ഇതിന് ഉദാഹരണങ്ങള്‍ വഴിയെ വരുന്നുണ്ട്). എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ അവരെ മാതൃകാപുരുഷന്മാരായാണ് പരിചയപ്പെടുത്തുന്നത്. അവരെ അവഹേളിക്കുന്നതോ നിസ്സാരന്മാരായി കാണുന്നതോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

ജൂത-ക്രൈസ്തവര്‍ ചില നബിമാരെ അംഗീകരിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തവരാണ്. എന്നാല്‍ അല്ലാഹു ഈ ലോകത്തേക്ക് അയച്ചിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കുവാനും അവരെ ആദരിക്കുവാനുമാണ് ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ വിശ്വസിക്കാതിരുന്നാല്‍ തന്നെ അത് മുഴുവന്‍ ദൂതന്മാരിലുമുള്ള അവിശ്വാസമാകും എന്നാണ് അല്ലാഹു പറയുന്നത്. ചില വചനങ്ങള്‍ കാണുക:

''നൂഹിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി''(26:105).

''ആദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി''(26:123).

''ഥമൂദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി''(26:141).

നൂഹ് നബി(അ)യുടെ ജനത നൂഹ് നബി(അ)യെയും ആദ് സമൂദായം ഹൂദ് നബി(അ)യെയും ഥമൂദ് സമുദായം സ്വാലിഹ് നബി(അ)യെയും നിഷേധിച്ചതായിട്ടേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. പക്ഷേ, ക്വുര്‍ആന്‍ അവരെക്കുറിച്ച് പറഞ്ഞത് അവര്‍ മുര്‍സലുകളെ നിഷേധിച്ചു എന്നാണ്. അല്ലാഹുവിന്റെ ഒരു ദൂതനെ നിഷേധിച്ചാല്‍ മറ്റു നബിമാരെയും നിഷേധിച്ചതിന് തുല്യമാണെന്നര്‍ഥം. പ്രവാചകന്മാരെ നിഷേധിക്കുന്നവര്‍ അവിശ്വാസികളാണെന്നതിന് തെളിവ് നല്‍കുന്ന ഒരു വചനം കാണുക:

''അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസ കാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്''(4:150,151).

 

പ്രവാചകന്മാര്‍ സൃഷ്ടികളില്‍ ശ്രേഷ്ഠര്‍, പ്രവാചകന്മാരില്‍ ശ്രേഷ്ഠര്‍ റസൂലുകള്‍

 

അല്ലാഹുവിന്റെ സൃഷ്ടികളില്‍ എന്ത് തീരുമാനിക്കണമെന്നതും എന്തിന് ശ്രേഷ്ഠത നല്‍കണം എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം അവനില്‍ മാത്രം നിക്ഷിപ്തമാണ്. കാരണം അവനാണല്ലോ സ്രഷ്ടാവ്. അല്ലാഹു പറയുന്നു.

''നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു''(28:68).

അല്ലാഹു ഭൂമിയില്‍ എല്ലാ സ്ഥലത്തെക്കാളും ശ്രേഷ്ഠത മക്ക, മദീന, തുടങ്ങിയ സ്ഥലങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അവയെ ആദരിക്കലും ബഹുമാനിക്കലും നമ്മുടെ മേല്‍ കടമയാക്കപ്പെട്ടതാണ്. ഹറമില്‍ വെച്ച് വേട്ടയാടുന്നതും അക്രമം ചെയ്യുന്നതും പാടില്ലല്ലോ.

''തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെവെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്''(22:25).

ദിവസങ്ങളില്‍ വെള്ളി, ദുല്‍ഹിജ്ജ 9 തുടങ്ങിയ ദിവസങ്ങള്‍ മറ്റു ദിനങ്ങളെക്കാളും, പള്ളികളില്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ്വാ എന്നിവ മറ്റു പള്ളികളെക്കാളും, മാസങ്ങളില്‍ റമദാന്‍ മറ്റു മാസങ്ങളെക്കാളും, രാവുകളില്‍ ലൈലത്തുല്‍ ക്വദ്ര്‍ മറ്റു രാവുകളെക്കാളും ശ്രേഷ്ഠത നല്‍കപ്പെട്ടവയാണ്. മനുഷ്യരില്‍ സ്വിദ്ദീക്വ്, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവര്‍ക്ക് മഹത്തായ സ്ഥാനമുണ്ടെങ്കിലും പ്രവാചകന്മാര്‍ക്ക് ലഭിച്ചിട്ടുള്ള ശ്രഷ്ഠത അവരെക്കാള്‍ ഉയര്‍ന്നതാണ്.

''അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു''(6:86).

അല്ലാഹു ശ്രേഷ്ഠമാക്കിയവരെക്കാള്‍ മറ്റുള്ളവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കാന്‍ പാടില്ല. പ്രവാചകന്മാരെക്കാള്‍ മറ്റുള്ളവര്‍ക്ക് ശ്രേഷ്ഠത നല്‍കുന്ന വഴിപിഴച്ച കക്ഷികളെ നമുക്ക് കാണാം. ശിയാക്കള്‍ ഈ പിഴച്ച വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ അവരുടെ ഇമാമുകളെ പ്രവാചകന്മാരെക്കാളും മലക്കുകളെക്കാളും മഹാന്മാരായി കാണുന്നവരാണ്. അല്ലാഹുവില്‍ ശരണം. ഖുമൈനി തന്റെ അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക:

''നമ്മുടെ വീക്ഷണത്തില്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതില്‍ പെട്ടതാണ്, തീര്‍ച്ചയായും അയക്കപ്പെട്ട നബിയോ (അല്ലാഹുവിലേക്ക്) ഏറ്റവും അടുത്തവരായ മലക്കുകളോ ഇമാമുകളുടെ പദവിയിലേക്ക് എത്തിയിട്ടില്ല എന്നത്.''

മനുഷ്യരില്‍ പ്രവാചകരാണ് ഏറ്റവും വലിയ ശ്രേഷ്ഠര്‍ എന്ന് നാം മനസ്സിലാക്കി. പ്രവാചകന്മാര്‍ എല്ലാവരും ഒരേ പദവിയിലല്ലയെന്നതും ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒന്നാണ്. ക്വുര്‍ആന്‍ തന്നെ ആ കാര്യം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ''തീര്‍ച്ചയായും പ്രവാചകന്മാരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയുണ്ടായി''(17:55).

നബിയും റസൂലും പദവിയിലും ശ്രേഷ്ഠതയിലും തുല്യരല്ല. റസൂല്‍ നബിമാരെക്കാള്‍ ശ്രേഷ്ഠരാണ്. ഇതിലേക്ക് സൂചന നല്‍കുന്ന വചനം കാണുക: ''ആ ദൂതന്മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്കുയര്‍ത്തിയിട്ടുണ്ട്. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടിണ്ട്''(2:253).

എല്ലാ റസൂലുകളും ഒരേ പദവിയിലുള്ളവരല്ല. 'ഉലുല്‍ അസ്മ്'(ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍) എന്ന് അറിയപ്പെടുന്ന അഞ്ച് റസൂലുകള്‍ മറ്റു റസൂലുകളെക്കാള്‍ ശ്രേഷ്ഠരാണ്. അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക: ''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതു പോലെ നീ ക്ഷമിക്കുക''(46:35). ഇവര്‍ക്ക് പ്രത്യേകതയുണ്ടെന്ന് ഈ വചനത്തില്‍ നിന്ന് നമുക്ക് ഗ്രഹിക്കാം. അതിനാലാണ് ഉലുല്‍ അസ്മില്‍ പെട്ട ദൂതന്മാരെ പ്രത്യേകം എടുത്തു പറഞ്ഞത്. ഇവര്‍ അഞ്ചുപേരാണെന്നാണ് ക്വുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്. ഈ അഞ്ച് റസൂലുകള്‍ ആരാണെന്നും വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. നൂഹ് (അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ) എന്നിവരാണവര്‍. ഈ പേരുകള്‍ ഒരേ സ്ഥലത്ത് പറഞ്ഞത് നമുക്ക് വിവിധ സ്ഥലങ്ങളില്‍ കാണാം.

''നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു''(42:13).

''പ്രവാചകന്മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്റെ പക്കല്‍ നിന്നും, നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം)''(33:7).

ഈ അഞ്ച് റസൂലുകളും ഒരേ പദവിയുള്ളവരല്ല. മുഹമ്മദ് നബി(സ്വ)ക്ക് മറ്റു നാലു റസൂലുകളെക്കാളും ശ്രേഷ്ഠതയുണ്ട്.

മുഹമ്മദ് നബി(സ്വ) അവസാനത്തെ നബിയാണെന്നതും ലോകാവസാനം വരെയുള്ളവര്‍ക്കെല്ലാമുള്ള നബിയാണെന്നതും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയാണല്ലോ. മുഹമ്മദ് നബിക്ക് ശേഷം ഇനിയൊരു നബിയുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.

മുപ്പതോളം കള്ളപ്രവാചകന്മാര്‍ നബിയാണെന്ന് വാദിച്ച് രംഗത്ത് വരുമെന്ന് നബി(സ്വ) തന്നെ പ്രവചിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം പലരും പ്രവാചകത്വം വാദിച്ചതായി ചരിത്രത്തില്‍ കാണാം. യമാമയിലെ മൂസൈലിമ, അസ്‌വദുല്‍ അനസി, സജാഹ് എന്ന പേരുള്ള ഒരു സ്ത്രീ... ഇവരെല്ലാം ചില ഉദാഹരണങ്ങളാണ്. അതുപോലെ ബഹാഇകള്‍ ബഹാഉല്ലാ നബിയാണെന്ന് വാദിക്കുന്നവരാണ്.

ഇതു പോലെ രംഗത്തുവന്ന ഒരു വ്യാജ പ്രവാചകനാണ് പഞ്ചാബിലെ ഖാദിയാനില്‍ ജനിച്ച മിര്‍സാ ഗുലാം അഹ്മദ്. എന്നാല്‍ നമ്മള്‍ (അഹ്‌ലുസ്സുന്ന) വിശ്വസിക്കുന്നത് മുഹമ്മദ് നബി(സ്വ)ക്കു ശേഷം ഒരു നബിയും വരില്ല എന്നാണ്. മിര്‍സാ ഗുലാം ഒരു 'നിഴല്‍ നബി'യാണ്, അവസാനമായി വരുന്ന മസീഹാണ് എന്നിങ്ങനെ പലവിധ വാദങ്ങളാണ് അഹ്മദിയാക്കള്‍ക്കുള്ളത്. ഈസാ(അ) വരുന്നത് ഒരു പുതിയ നബിയായിട്ടല്ല. മാത്രവുമല്ല, ഈസാ(അ) പുതിയ ഒരു ശരീഅത്തും കൊണ്ടുവരില്ല. മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്തിലായിട്ടാണ് അദ്ദേഹം വരുന്നത്. അദ്ദേഹം വരുന്ന സ്ഥലവും നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം മഹ്ദി സ്വുബ്ഹി നമസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഈസാ(അ)യെ കാണും, അപ്പോള്‍ മഹ്ദി ഇമാമായി നില്‍ക്കാന്‍ ഈസാ(അ)യോട് ആവശ്യപ്പെടും, ഇസാ(അ) മഹ്ദിയോട് തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടും എന്നെല്ലാം നബി(സ്വ) വിവരിച്ചുതന്നിട്ടുണ്ട്.

പ്രവാചകന്മാര്‍ മുഴുവനും ശ്രേഷ്ഠന്മാരാണല്ലോ. നബിമാരില്‍ ഒരാളെയും മോശമാക്കി സംസാരിക്കാന്‍ പാടില്ല. ഒരു ക്രിസ്ത്യാനി മുസ്‌ലിമായ ഒരാളോട് നിങ്ങളുടെ നബി ഇങ്ങനെയും ഇങ്ങനെയുമൊക്കെയല്ലേ എന്ന് പറഞ്ഞു നിന്ദിച്ചാല്‍ പോലും നിങ്ങളുടെ ഈസാ ഇങ്ങനെയല്ലേ എന്ന് മുസ്‌ലിമിന് തിരിച്ചു ചോദിക്കാന്‍ പാടില്ല. ഏതെങ്കിലും നബിയെ മോശമാക്കി സംസാരിക്കുന്നത് കുഫ്‌റാണ്. ഒരു നബിയെയും മോശമായി അവതരിപ്പിക്കാന്‍ നമുക്ക് പാടില്ല. നബി(സ്വ) പറഞ്ഞു.

''അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിച്ചു സംസാരിക്കരുത്''(ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ''പ്രവാചകന്മാര്‍ക്കിടയില്‍ ശ്രേഷ്ഠത കല്‍പിക്കുന്നത് നബി(സ്വ) വിരോധിച്ചതിനെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: നബി(സ്വ) സ്വന്തം അഭിപ്രായംകൊണ്ട് അങ്ങനെ സംസാരിക്കുന്നവനെയാണ് വിലക്കിയിട്ടുള്ളത്; തെളിവുകൊണ്ട് സംസാരിക്കുന്നവനെയല്ല. അല്ലെങ്കില്‍ ശ്രേഷ്ഠത നല്‍കപ്പെട്ട നബിയുടെ ശ്രേഷ്ഠത കുറക്കുന്നതിലേക്ക് നയിക്കുന്നതോ, തര്‍ക്കത്തിലേക്കും അഭിപ്രായ വ്യത്യാസത്തിലേക്കും എത്തിക്കുന്ന രൂപത്തില്‍ സംസാരിക്കുന്നതോ ആണ് വിലക്കിയിട്ടുള്ളത്.'' ഇതിന് ബലം നല്‍കുന്ന ഒരു ഹദീസ് കാണുക.

അബൂഹുറയ്‌റ(റ്വ) നിവേദനം: ''ഒരു ജൂതന്‍ തന്റെ കച്ചവട വസ്തു വില്‍പനക്ക് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന് ചെറിയ വില നല്‍കപ്പെട്ടു. അത് അയാള്‍ക്ക് ഇഷ്ടമായില്ല. അല്ലെങ്കില്‍ വെറുത്തു. (റിപ്പോര്‍ട്ടര്‍മാരിലെ അബ്ദുല്‍ അസീസ്(റ)വിന്റെ സംശയം). അയാള്‍ പറഞ്ഞു: 'ഇല്ല, (ഈ വിലയ്ക്ക് ഞാനിത് തരികയില്ല). മൂസയെ സകല മനുഷ്യരെക്കാള്‍ ശ്രേഷ്ഠനായി തെരഞ്ഞടുത്തയച്ച അല്ലാഹുവിനെ തന്നെ സത്യം!' അബൂഹുറയ്‌റ(റ്വ) പറയുന്നു: 'ഇത് ഒരു അന്‍സ്വാരി കേട്ട് അയാളുടെ മുഖത്തടിച്ചു. അദ്ദേഹം (അന്‍സ്വാരി) പറഞ്ഞു. സകല മനുഷ്യരെക്കാളും ശ്രേഷ്ഠനായി മൂസയെ തെരഞ്ഞെടുത്ത അഷ്ടാഹുവിനെത്തന്നെ സത്യം എന്ന് നീ പറയുന്നുവോ, റസൂല്‍(സ്വ) ഞങ്ങളില്‍ ഉണ്ടായിരിക്കെ?! അപ്പോള്‍ ആ ജൂതന്‍ പ്രവാചകന്റെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: 'അബുല്‍ ക്വാസിം! എനിക്ക്(ലഭിക്കേണ്ട) സംരക്ഷണ ചുമതലയും (നമ്മള്‍ തമ്മില്‍) കരാറുമുണ്ട്.' പിന്നെ അയാള്‍ പറഞ്ഞു: 'ഇന്നയാള്‍ എന്റെ മുഖത്തടിച്ചു.' റസൂല്‍(സ്വ) ചോദിച്ചു: 'എന്തിനാണ് നീ ഇവന്റെ മുഖത്ത് അടിച്ചത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, മൂസയെ സകല മനുഷ്യരെക്കാളും ശ്രേഷ്ഠനാക്കി തെരഞ്ഞടുത്ത അല്ലാഹുവിനെ തന്നെ സത്യം എന്ന് അവന്‍ പറഞ്ഞു; അങ്ങ് ഞങ്ങളില്‍ ഉണ്ടായിരിക്കെ.' അപ്പോള്‍ റസൂല്‍(സ്വ) ദേഷ്യപ്പെട്ടു. അവിടുത്തെ മുഖത്ത് കോപം പ്രകടമായി. പിന്നീട് അവിടുന്ന് പറഞ്ഞു: 'പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിക്കരുത്. കാരണം, സ്വൂറില്‍ ഊതപ്പെടും. ആകാശഭൂമികളില്‍ ഉള്ളവര്‍ മുഴുവന്‍ ബോധരഹിതരായി വീഴും; അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ. പിന്നെ വീണ്ടും അതില്‍ ഊതപ്പെടും. അപ്പോള്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനാണ്-അല്ലെങ്കില്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനുണ്ട്. അപ്പോഴതാ മൂസാ അര്‍ശിനെ പിടിച്ചുനില്‍ക്കുന്നു. ത്വൂര്‍ പര്‍വതത്തിന്റെ സമീപത്ത് വെച്ച് അദ്ദേഹം ബോധക്ഷയനായി വീണത് കൊണ്ട് മതിയാക്കപ്പെട്ടുവോ അതല്ല എനിക്ക് മുമ്പ് ബോധമുണര്‍ന്നതാണോ എന്ന് എനിക്ക് അറിയില്ല. ഒരാളും തന്നെ യൂനുസ്ബ്‌നു മത്തായെക്കാള്‍ ശ്രേഷ്ഠനാണെന്നു പോലും ഞാന്‍ പറയില്ല'' (മുസ്‌ലിം).

ഈ ഹദീസിനെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നത് കാണുക: ''ഇത് നബി(സ്വ)യുടെ വിനയത്തിന്റെ ഭാഗത്തില്‍ പെട്ടതാണ്. നബി(സ്വ) ലോകരില്‍ ശ്രേഷ്ഠനാണെന്നതില്‍ ഇജ്മാഅ് ഉള്ളതാണല്ലോ. അല്ലെങ്കില്‍ നബി(സ്വ) (ഒരാളെ താഴ്ത്തി മറ്റൊരാളെ) ശ്രേഷ്ഠമാക്കുന്നതിനെ വിരോധിച്ചത് അത് വര്‍ഗീയതയിലേക്ക് എത്തുന്നത് കൊണ്ടാണ്.''

0
0
0
s2sdefault