പ്രവാചകന്മാര്‍ വിശ്വസ്തര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഏപ്രില്‍ 22 1438 റജബ് 25

പ്രവാചകന്മാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് വിശ്വസ്തത (അമാനത്ത്). അതില്‍ ഒരു വീഴ്ചയും വരുത്തുന്നവരായിരുന്നില്ല അവര്‍. ഏല്‍പിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശ്വസ്തതയോടെ അവര്‍ നിറവേറ്റി. പ്രവാചകന്മാര്‍ അത് ജനങ്ങളോട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു; എന്തിന്? അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ പറയുന്നത് ഒരു സംശയവും ഇല്ലാതെ വിശ്വസിക്കാന്‍. ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു''(7:67,68). 

ഏതൊരാളും ഏറ്റവും വലിയ വിശ്വസ്തത കാണിക്കേണ്ടത് അല്ലാഹുവിനോടണല്ലോ. അല്ലാഹുവിന്റെ കാര്യത്തില്‍ വിശ്വാസ വഞ്ചന കാണിക്കുന്നത് വലിയ പാതകമാണ്. പ്രവാചകന്മാരെ ജനങ്ങള്‍ വല്ലതും വിശ്വസിച്ച് ഏല്‍പിച്ചാല്‍ അതില്‍ പൂര്‍ണമായ വിശ്വസ്തത അവര്‍ കാണിച്ചിരിന്നുവെങ്കില്‍ അല്ലാഹു ഏല്‍പിച്ച കാര്യങ്ങളില്‍ വിശ്വസ്തത നിറവേറ്റുന്നതില്‍ എത്രയധികം സൂക്ഷ്മതയും പ്രാധാന്യവും കാണിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പ്രവാചകന്മാരെ അല്ലാഹു ഏല്‍പിച്ചതില്‍ പ്രധാനപ്പെട്ടത് അവന്റെ സന്ദേശം ജനങ്ങളില്‍ മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലോ ഇല്ലാതെ എത്തിക്കലാണ്. ജനങ്ങളുടെ ശത്രുതയോ വെറുപ്പോ പരിഗണിക്കാതെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ഈ വിശ്വസ്തത നിറവേറ്റുന്നവരായിരുന്നു അവര്‍. അല്ലാഹു പറയുന്നു: 

''അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുകയും അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി''(33:39).

 നബി(സ്വ) തന്റെ ദൗത്യം നിര്‍വഹിക്കുമ്പോള്‍ ചെറിയ മാറ്റങ്ങളൊക്കെ അതില്‍ നടത്തിയിരുന്നെങ്കില്‍ ധാരാളം ആളുകളെ കൂടെ ലഭിക്കുമായിരുന്നു. ശത്രുക്കള്‍ നബിയോട് അല്‍പം മയപ്പെടുത്താനെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്കു വായിച്ചുകേള്‍പ്പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും; നീ ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ കൊണ്ടുവരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു''(10:15). 

മുഹമ്മദ് നബി(സ്വ) അടക്കം മുഴുവന്‍ പ്രവാചകരും ജനങ്ങളുടെ ഇഷ്ടമോ, അവരുടെ സൗകര്യമോ ഒന്നും നോക്കാതെ അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ഉണ്ടായ എല്ലാ പ്രതിസന്ധികളും അവര്‍ ക്ഷമയോടെ തരണം ചെയ്തു. ആളുകള്‍ സത്യം മനസ്സിലാക്കി സ്വര്‍ഗപാതയില്‍ എത്തണമെന്ന ഗുണകാംക്ഷയായിരുന്നു അവര്‍ക്ക്. പ്രാവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞ ചില വചനങ്ങള്‍ കാണുക. നൂഹ്ൗ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞു:

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ആകുന്നു. നിങ്ങള്‍ക്കറിഞ്ഞു കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്''(7:61,62).

ഹൂദ്(അ). ''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു''(7:67,68).

ശുഐബ്(അ) അല്ലാഹുവിന്റെ ശിക്ഷക്ക് അര്‍ഹരായി നശിച്ചുപോയ തന്റെ ജനതയെ നോക്കി പറയുന്നത് കാണുക:

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദു8ഖിക്കണം?''(7:93). 

അല്ലാഹുവിന്റെ സന്ദേശം എത്തിക്കുന്നതില്‍ പ്രവാചകന്മാര്‍ക്ക് ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് നാം മനസ്സിലാക്കി. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക:

''ഹേ റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല''(5:67). 

പ്രവാചകന്മാരിലൂടെ അല്ലാഹു നമുക്ക് നല്‍കിയതെല്ലാം അദൃശ്യമായ അറിവുകളാണല്ലോ. ഈ അറിവിലെ ചെറുതോ വലുതോ ആയ ഒന്നും തന്നെ മനുഷ്യരിലേക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പ്രാവാചകന്മാരുടെ വചനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കിയത്. നബി(സ്വ) അനുയായികളോട് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നില്ലയോ എന്ന് ചോദിച്ചപ്പോള്‍ അവരെല്ലാം അതെ എന്ന് പറയുകയും നബി(സ്വ) അതിന് അല്ലാഹുവിനെ സാക്ഷിയാക്കിയതും പ്രസിദ്ധമാണല്ലോ. നബി(സ്വ)യുടെ ഒരു വചനം ഇവിടെ ശ്രദ്ധേയമാണ്:

''അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന യാതൊന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കാതെ ഒഴിവാക്കിയിട്ടില്ല, അല്ലാഹുവില്‍ നിന്ന് നിങ്ങളെ ദൂരെയാക്കുന്ന യാതൊരു കാര്യവും നിങ്ങളോട് വിരോധിക്കാതെയും ഞാന്‍ ഒഴിവാക്കിയിട്ടില്ല'' (ത്വബ്‌റാനി).

മതത്തിന്റെ കാര്യത്തില്‍ നന്മയും തിന്മയും തീരുമാനിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അവന്റെ തീരുമാനം മനുഷ്യരെ അറിയിക്കുന്നത് അവന്റെ ദൂതന്മാരിലൂടെയാണെന്നും നാം മനസ്സിലാക്കി. ആ പ്രവാചകരിലൂടെ അറിയിക്കാത്ത ഒരു നന്മയും തിന്മയും മറ്റൊരാള്‍ക്കും ഉണ്ടാക്കാന്‍ പാടില്ല. എന്നാല്‍ ചിലര്‍ നല്ലതല്ലേയെന്നും പറഞ്ഞ് പലതും മതത്തില്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. നബിദിനാഘോഷം, ജനാസയെ പിന്തുടരുമ്പോഴുള്ള ദിക്‌റ്, മയ്യിത്തിന്റെ അരികിലുള്ള യാസീന്‍ ഓത്ത് മുതലായവ ഉദാഹരണങ്ങളാണ്. യഥാര്‍ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരും ചെയ്യിക്കുന്നവരും പ്രവാചകന്മാര്‍ അവരുടെ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് വിശ്വസിക്കുന്നതിന് സമാനമായ കാര്യമാണ് ചെയ്യുന്നത്. ഇമാം മാലിക്(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

''ആരെങ്കിലും ഇസ്‌ലാമില്‍ പുതിയത് ഉണ്ടാക്കുകയും അതിനെ നന്മയായി കാണുകയും ചെയ്താല്‍, തീര്‍ച്ചയായും അവന്‍ മുഹമ്മദ്(സ്വ) രിസാലത്തില്‍ വഞ്ചനകാണിച്ചവനാണെന്ന് വാദിച്ചിരിക്കുന്നു. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ; 'ഇന്ന്  നാം നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം പൂര്‍ത്തിയാക്കിയിരിക്കുന്നു' എന്ന്. അപ്പോള്‍ അന്ന് മതമല്ലാത്തതൊന്നും ഇന്നും മതമാവുകയില്ല'' (അല്‍ ഇഅ്തിസ്വാം). നോക്കൂ.. എന്തു മാത്രം ഗൗരവമുള്ള വാക്കാണിത്. നബി(സ്വ) പഠിപ്പിക്കാത്ത ഒരു നന്മ ആരെങ്കിലും ഇസ്‌ലാമില്‍ പുതുതായി കൊണ്ടുവന്നാല്‍ അതിനര്‍ഥം നബിയെ അല്ലാഹു ഏല്‍പിച്ച കാര്യങ്ങള്‍ മുഴുവനും നമുക്ക് എത്തിച്ചിട്ടില്ല എന്നാണ്. നബി(സ്വ)യാകട്ടെ രിസാലത്തില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. അല്ലാഹു തന്നെ ആ കാര്യം പറയുന്നത് കാണുക:

''അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്കു കാണിക്കുന്നവനുമല്ല''(81:24). അല്ലാഹു അറിയിക്കുന്ന കാര്യങ്ങള്‍ യാതൊരു പിശുക്കും കാണിക്കാതെ ജനങ്ങള്‍ക്ക് അവിടുന്ന് കൈമാറി. നബി(സ്വ) വല്ലതും സ്വന്തം താല്‍പര്യത്തിനനുസരിച്ച് മറച്ചുവെക്കുമായിരുന്നെങ്കില്‍ അല്ലാഹു അവിടുത്തെ ചില സമീപനങ്ങളെ തിരുത്തിയത് മറച്ചു വെക്കുമായിരുന്നു. ക്വുര്‍ആനില്‍ നബി(സ്വ)യെ ഇപ്രകാരം തിരുത്തിയ സ്ഥലങ്ങള്‍ നമുക്ക് കാണാം. നബി(സ്വ) അസ്വ്ര്‍ നമസ്‌കാര ശേഷം അവിടുത്തെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം സൈനബ(റ)യുടെ അടുത്ത് പോകുകയും അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്തു. മറ്റൊരു ഭാര്യയുടെ അടുത്ത് ചെന്നപ്പോള്‍ നബിയോട് അവര്‍ പറഞ്ഞു: നിങ്ങളെ 'മഗാഫീര്‍' (ഒരു വൃക്ഷത്തിന്റെ കറയാണിത്. അതിന്റെ വാസന സുഖകരമല്ലാത്തതും നല്ല രുചിയുള്ളതുമാണ്) മണക്കുന്നുവല്ലോ. അന്നേരം നബി(സ്വ) 'ഇല്ല. ഞാന്‍ സൈനബയുടെ അടുത്തുനിന്ന് തേന്‍ കുടിച്ചിരുന്നു. ഇനി, അത് ആവര്‍ത്തിക്കുന്നതുമല്ല' എന്നു പറഞ്ഞു ശപഥം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് സൂറഃ തഹ്‌രീമിലെ ആദ്യ വചനങ്ങള്‍ അവതരിക്കുന്നത്. അതിന്റെ തുടക്കത്തില്‍ തന്നെ അല്ലാഹു നബിയോട് ചോദിക്കുന്നത് ഇപ്രകാരമാണ്:

''ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കിയതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(66:1). മറ്റൊരു സന്ദര്‍ഭത്തിലും അല്ലാഹു നബി(സ്വ)യെ തിരുത്തിയിട്ടുണ്ട്. (ഇതിനര്‍ഥം പ്രവാചകന്‍(സ്വ) തെറ്റു ചെയ്യുമെന്നല്ല. അത് നമുക്ക് പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വം വിവരിക്കുന്നിടത്ത് പറയാം(ഇന്‍ ശാ അല്ലാഹ്). നബി(സ്വ) മക്കയിലെ ക്വുറൈശി പ്രമുഖരുമായി സ്വകാര്യ സംഭാഷണത്തിലൂടെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ആദ്യ കാലങ്ങളില്‍ തന്നെ നബി(സ്വ)യില്‍ വിശ്വസിച്ച അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) നബി(സ്വ)യോട് ഉപദേശം തേടി എത്തി. അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ ഈ ക്വുറൈശീ പ്രമാണികള്‍ക്ക് അത് ഇഷ്ടാമാകില്ലെന്ന് കരുതി അദ്ദേഹത്തിന്റെ ആവശ്യത്തെ വേണ്ടത് പോലെ അവിടുന്ന് പരിഗണിച്ചില്ല. ഈ സന്ദര്‍ഭത്തില്‍ സൂറഃ അബസയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള വചനങ്ങള്‍ അവതരിച്ചു. ഇതിന് ശേഷം നബി(സ്വ) അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ)വിനെ കാണുമ്പോള്‍ ഇപ്രകാരം സന്തോഷത്തോടെ പറയാറുമുണ്ടായിരുന്നു: 'എന്റെ രക്ഷിതാവ് എന്നെ ആക്ഷേപിക്കുവാന്‍ ഇടയായ ആള്‍ക്കു സ്വാഗതം'.

ബദ്ര്‍ യുദ്ധത്തില്‍ എഴുപതോളം മുശ്‌രിക്കുകള്‍ കൊല്ലപ്പെടുകയും അത്രതന്നെയാളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ബന്ദികളെ എന്തു ചെയ്യും എന്ന് തീരുമാനിക്കാനായി നബി(സ്വ) സ്വഹാബിമാരോട് ചര്‍ച്ച നടത്തി. അബൂബക്കര്‍(റ), അവരില്‍ നിന്ന് മോചന മൂല്യം വാങ്ങി വിട്ടയക്കാം, ആ മൂല്യം നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. അവിശ്വാസികള്‍ക്കെതിരില്‍ അതു നമുക്ക് ശക്തി നല്‍കുകയും ചെയ്യും എന്നെല്ലാം അഭിപ്രായപ്പെട്ടു. നബി(സ്വ) ആ അഭിപ്രായത്തെ ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഉമര്‍(റ), ശത്രുക്കളുടെ നേതാക്കളടങ്ങുന്ന ഈ ബന്ദികളെ നാം വിട്ടയച്ചാല്‍ ഇനിയും നമുക്കെതിരില്‍ അവര്‍ തിരിയും, അതിനാല്‍ അവരെ വധിച്ചു കളയണം എന്ന് അഭിപ്രായപ്പെട്ടു. നബ(സ്വ) അബൂബക്കര്‍(റ)ന്റെ അഭിപ്രായമാണ് സ്വീകരിച്ചത്. അല്ലാഹു ഈ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് പറയുന്നത് കാണുക.

''ഒരു നബിക്കും (തന്നെ), അദ്ദേഹം ഭൂമിയില്‍ (ശത്രുവെ കീഴടക്കി) ശക്തിയാര്‍ജിക്കുന്നതുവരെ, അദ്ദേഹത്തിനു ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോക വിഭവത്തെ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും അസാധജ്ഞനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നും ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു''(8:67,68). 

നോക്കൂ..! ഈ വചനങ്ങളൊന്നും നബി(സ്വ) മറച്ചുവെച്ചില്ല. എന്താണോ അല്ലാഹു തന്നോട് കല്‍പിക്കുന്നത് അതില്‍ യാതൊരു കുറവും വരുത്താതെ നമുക്ക് അവിടുന്ന് എത്തിച്ചു തന്നു. എന്നിട്ടും ചിലര്‍ നബി(സ്വ) പഠിപ്പിക്കാത്ത പലതും നന്മയാണെന്ന് പറഞ്ഞ് ദീനില്‍ കൂട്ടിച്ചേര്‍ക്കുന്നു! 

0
0
0
s2sdefault