പ്രവാചകന്മാര്‍ സത്യസന്ധര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഏപ്രില്‍ 15 1438 റജബ് 18

പ്രവാചകന്മാര്‍ ഒരിക്കലും കള്ളം പറയില്ലായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോ ശേഷമോ അവരില്‍നിന്ന് മറ്റുള്ളവര്‍ കളവ് കേട്ടിരുന്നില്ല. അവര്‍ കളവ് പറയുന്നവരായിരുന്നെങ്കില്‍ ജനങ്ങള്‍ അവരെ സ്വീകരിക്കില്ലായിരുന്നു. 'കളവ് പറയുന്നവരെ എങ്ങനെ വിശ്വസിക്കും?' എന്ന് അവര്‍ സ്വാഭാവികമായും ചോദിക്കും. ഇപ്രകാരം ഒരു സംസാരം അവരെക്കുറിച്ച് ഉണ്ടാകാതിരിക്കാന്‍ അല്ലാഹു അവരെ സത്യസന്ധരായി വളര്‍ത്തിക്കൊണ്ടുവന്നു. പ്രവാചകത്വം ലഭിച്ചതിന് ശേഷവും അവര്‍ അല്ലാഹുവിന്റെ പേരില്‍ യാതൊന്നും വഹ്‌യ് കൂടാതെ സംസാരിച്ചിട്ടില്ല. മൂസാ(അ) ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് തന്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്നത് കാണുക:

''മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റാഈല്‍ സന്തതികളെ എന്റെ കൂടെ അയക്കൂ'' (7:104,105).

ക്വുര്‍ആന്‍ മുഹമ്മദ്(സ്വ) കെട്ടിയുണ്ടാക്കിയതാണെന്നായിരുന്നല്ലോ ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ നബി(സ്വ) അല്ലാഹുവിന്റെ പേരില്‍ വല്ലതും കെട്ടിച്ചമച്ച് പറയുമോ? ഒരിക്കലുമില്ല. അങ്ങനെ വല്ലതും നബി(സ്വ) പറയുകയാണെങ്കില്‍ അല്ലാഹു സ്വീകരിക്കുന്ന നടപടി എന്തായിരിക്കും എന്ന് ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

''നമ്മുടെ പേരില്‍ (പ്രവാചകന്‍) വല്ല വാക്കുകളും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതു കൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല''(69:44-47).

നബി(സ്വ) സ്വന്തം ഇഷ്ടപ്രകാരം മതകാര്യത്തില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല: ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല; അത് അദ്ദേഹത്തിനു ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ദൈവികബോധനം മാത്രമാകുന്നു'' (53:3,4).

നബി(സ്വ)യുടെ സത്യസന്ധത ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ധാരാളം കാണാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ക്വലിനോട് നബി(സ്വ)യെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍. നബി(സ്വ) ആ കാലത്ത് അബൂസുഫ്‌യാന്റെ ബദ്ധവൈരിയായിരുന്നു. ഹിര്‍ക്വല്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വെച്ച് നബി(സ്വ)യെ ഒന്ന് താഴ്ത്തിക്കെട്ടാമായിരുന്നു. അവര്‍ തമ്മില്‍ നടന്ന ദീര്‍ഘമായ ആ സംഭാഷണം ഇപ്രകാരമാണ്:

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ''അബൂസുഫ്‌യാനുബ്‌നു ഹര്‍ബ്(റ) അദ്ദേഹത്തോട് പറഞ്ഞു: 'ക്വുറൈശികളില്‍പെട്ട ഒരു സംഘത്തില്‍ -അന്ന് അവര്‍ സിറിയയില്‍ കച്ചവടക്കാരായി എത്തിയതായിരുന്നു- ആയിരിക്കെ ഹിര്‍ക്വല്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെയടുത്തേക്ക് ആളെ അയച്ചു. അബൂസുഫ്‌യാനുമായും ക്വുറൈശികളുമായും റസൂല്‍(സ്വ) സന്ധിചെയ്ത കാലഘട്ടത്തിലായിരുന്നു അത്. അങ്ങനെ അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അവര്‍ ഈലിയാഅ് പ്രദേശത്തായിരുന്നു. അപ്പോള്‍ അദ്ദേഹം അവരെ അദ്ദേഹത്തിന്റെ സദസ്സിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ചുറ്റും റോമിലെ പ്രമാണിമാര്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ദ്വിഭാഷിയെയും വിളിച്ചുവരുത്തി. എന്നിട്ട് ചോദിച്ചു: 'പ്രവാചകനാണെന്ന് അവകാശപ്പെടുന്ന ആ മനുഷ്യനോട് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടുംബ ബന്ധമുള്ളത് ആര്‍ക്കാണ്?' അബൂസുഫ്‌യാന്‍ പറയുകയാണ്- അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനാണ് അദ്ദേഹത്തോട് കൂടുതല്‍ ബന്ധമുള്ളവന്‍.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അവനെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ. അയാളുടെ സുഹൃത്തുക്കളെയും അടുത്തേക്ക് കൊണ്ടുവന്ന് അവരെ അയാളുടെ പിറകില്‍ നിര്‍ത്തുക.'

പിന്നെ ദ്വിഭാഷിയോട് പറഞ്ഞു: 'ഇവരോട് പറയുക; ആ മനുഷ്യനെക്കുറിച്ച് ഇയാളോട് ഞാന്‍ ചോദിക്കും. അപ്പോള്‍ എന്നോട് ഇയാള്‍ കളവ് പറഞ്ഞാല്‍ അത് കളവാണെന്ന് നിങ്ങള്‍ പറയണം.' (അബൂസുഫ്‌യാന്‍ പറയുകയാണ്:) 'ഞാന്‍ നുണപറഞ്ഞുവെന്ന് അവര്‍ പറയുമെന്ന ലജ്ജയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നുണപറയുകതന്നെ ചെയ്യുമായിരുന്നു.' എന്നിട്ട് അദ്ദേഹത്തെ (മുഹമ്മദ് നബിയെ)കുറിച്ച് അദ്ദേഹം എന്നോട് ആദ്യമായി ചോദിച്ചത് ഇപ്രകാരമാണ്: 'നിങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കുടുംബസ്ഥിതി എങ്ങിനെയാണ്?' ഞാന്‍ പറഞ്ഞു: 'അദ്ദേഹം ഞങ്ങളിലെ ശ്രേഷ്ഠമായ തറവാടുള്ളവനാണ്.' അദ്ദേഹം ചോദിച്ചു: 'അദ്ദേഹത്തിനുമുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അദ്ദേഹം ചോദിച്ചു: 'അദ്ദേഹത്തിന്റെ പൂര്‍വിക പിതാക്കളില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അദ്ദേഹം ചോദിച്ചു: 'ജനങ്ങളിലെ പ്രമാണിമാരാണോ അതോ ദുര്‍ബലരാണോ അദ്ദേഹത്തെ പിന്തുടരുന്നത്?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അല്ല, അവരിലെ ദുര്‍ബലര്‍.' അദ്ദേഹം ചോദിച്ചു: 'അവര്‍ വര്‍ധിക്കുകയോണോ അതോ കുറയുകയാണോ ചെയ്യുന്നത്?' ഞാന്‍ പറഞ്ഞു: 'വര്‍ധിക്കുകയാണ്.'

അദ്ദേഹം ചോദിച്ചു: 'അദ്ദേഹത്തിന്റെ മതത്തില്‍ പ്രവേശിച്ച ശേഷം അതിനോടുള്ള വെറുപ്പ് നിമിത്തം ആരെങ്കിലും ആ മതത്തില്‍ നിന്ന് പിന്മാറുന്നുണ്ടോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അദ്ദേഹം ചോദിച്ചു: 'ഈ മതകാര്യം പറയുന്നതിന് മുമ്പ് അദ്ദേഹം നുണ പറയുന്നവനായിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'അല്ല.'

അദ്ദേഹം ചോദിച്ചു: 'അദ്ദേഹം വഞ്ചിക്കാറുണ്ടോ?' ഞാന്‍ പറഞ്ഞു: 'ഇല്ല. ഞങ്ങള്‍ അദ്ദേഹവുമായി ഇപ്പോള്‍ ഒരു സന്ധിയിലാണ്. അതില്‍ അദ്ദേഹം എന്താണ് കാണിക്കുകയെന്ന് ഞങ്ങള്‍ക്കറിയില്ല.' (അബൂസുഫ്‌യാന്‍ പറയുന്നു:) 'ഈയൊരു വാക്യമല്ലാതെ അദ്ദേഹത്തെ (മോശപ്പെടുത്തിപ്പറയാന്‍) എനിക്ക് കഴിഞ്ഞില്ല.'

അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ അദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ?' ഞാന്‍ പറഞ്ഞു: 'അതെ, ഉണ്ട്.' അദ്ദേഹം ചോദിച്ചു: 'അദ്ദേഹവുമായുണ്ടായ യുദ്ധങ്ങള്‍ എങ്ങനെയായിരുന്നു?' ഞാന്‍ പറഞ്ഞു: 'ഒന്നിടവിട്ട വിജയങ്ങള്‍ ഞങ്ങള്‍ ഇരുവര്‍ക്കും.'

അദ്ദേഹം ചോദിച്ചു: 'അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നതെന്തൊക്കെയാണ്?' ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നിങ്ങളുടെ പൂര്‍വപിതാക്കള്‍ പറഞ്ഞുണ്ടാക്കിയവ വര്‍ജിക്കുക. നമസ്‌കരിക്കുവാനും സത്യം പറയുവാനും സദാചാരം പുലര്‍ത്താനും കുടുംബബന്ധം ചേര്‍ക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.'

അപ്പോള്‍ അദ്ദേഹം തന്റെ ദ്വിഭാഷിയോട് പറഞ്ഞു: 'അവനോട് പറയുക, അദ്ദേഹത്തിന്റെ (മുഹമ്മദിന്റെ) കുടുംബത്തെ കുറിച്ച് തന്നോട് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങളിലെ ഉയര്‍ന്ന കുടുംബക്കാരനാണെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് ദൈവദൂതന്മാര്‍. അവരിലെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നാണവര്‍ നിയോഗിതരാവുക. ഈ പുതിയ വാദം ഇതിനു മുമ്പ് നിങ്ങളിലാരെങ്കിലും ഉന്നയിച്ചിരുന്നുവോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലയെന്നാണ് ഉത്തരം തന്നത്. അങ്ങനെ ഇതിനുമുമ്പ് നിങ്ങളിലാരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ ഇദ്ദേഹം അതിനെ പിന്തുടരുകയാണെന്ന് പറയാമായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വപിതാക്കളില്‍ രാജാക്കന്മാരാരെങ്കിലും ഉണ്ടായിരുന്നുവോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലയെന്ന് നിങ്ങള്‍ മറുപടി നല്‍കി. ഞാന്‍ പറയട്ടെ, അദ്ദേഹത്തിന്റെ പൂര്‍വികരില്‍ രാജാക്കന്മാരുണ്ടായിരുന്നുവെങ്കില്‍, തന്റെ പിതാവിന്റെ രാജാധിപത്യം തിരിച്ച് ആവശ്യപ്പെടുന്നവനാണദ്ദേഹം എന്ന് എനിക്ക് പറയാമായിരുന്നു. അദ്ദേഹം ഈ പുതിയ മതം പറയുന്നതിനു മുമ്പ് കളവ് പറഞ്ഞിരുന്നുവോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ലയെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. ജനങ്ങളോട് കളവ് പറയാതിരിക്കുകയും അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയും ചെയ്യുക ഉണ്ടാവുകയില്ലെന്ന് എനിക്കറിയാം. ജനങ്ങളിലെ പ്രമാണിമാരാണോ, ദുര്‍ബലരാണോ അദ്ദേഹത്തെ പിന്തുടരുന്നതെന്ന് നിങ്ങളോട് ഞാന്‍ ചോദിച്ചപ്പോള്‍, നിങ്ങള്‍ പറഞ്ഞത് ദുര്‍ബലരാണ് അദ്ദേഹത്തെ പിന്തുടരുന്നതെന്നാണ്. (അതെ) അവര്‍ തന്നെയാണ് ദൈവദൂതന്മാരെ പിന്തുടരുക പതിവ്.

അവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ ചെയ്യുന്നതെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസത്തിന്റെ സ്ഥിതി; അത് പൂര്‍ണത പ്രാപിക്കും വരെ. ആ മതത്തില്‍ പ്രവേശിച്ച ശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോയെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലെയന്നാണ് നിങ്ങള്‍ മറുപടി നല്‍കിയത്. വിശ്വാസത്തിന്റെ തിളക്കം ഹൃദയത്തില്‍ കലര്‍ന്നാല്‍ അതിന്റെ സ്ഥിതി അങ്ങനെത്തന്നെയാണ്. അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോയെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍, ഇല്ലയെന്ന് നിങ്ങള്‍ പറഞ്ഞു. ദൈവദൂതന്മാര്‍ വഞ്ചിക്കുകയില്ല. അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു, അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുവാനുമാണ് അദ്ദേഹം കല്‍പിക്കുന്നതെന്നും വിഗ്രാഹാരാധന വിരോധിക്കുന്നുവെന്നും നമസ്‌കരിക്കുവാനും സത്യം പറയുവാനും സദാചാരം പാലിക്കുവാനും കല്‍പിക്കുന്നുവെന്ന് നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ എന്റെ ഈ രണ്ട് കാലടി ഇരിക്കുന്ന സ്ഥലം വരെ അദ്ദേഹം അധീനപ്പെടുത്തും. ഒരു പ്രവാചകന്റെ പുറപ്പാട് ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം നിങ്ങളില്‍ നിന്നാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്തു പ്രയാസം സഹിച്ചും ഞാനവിടെ എത്തുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കാല്‍പാദം ഞാന്‍ കഴുകുമായിരുന്നു.'

പിന്നീട് ദിഹ്‌യത്തുല്‍ കല്‍ബി(റ)വിന്റെ പക്കല്‍ ബുസ്വ്‌റായിലെ ഭരണ കര്‍ത്താവ് മുഖേന ഹിര്‍ക്വല്‍ ചക്രവര്‍ത്തിക്ക് നബി(സ്വ) കൊടുത്തയച്ച കത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. എന്നിട്ട് ആ കത്ത് വായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു ഉണ്ടായിരുന്നത്: 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം, ദൈവദാസനും അവന്റെ ദൂതനുമായ മുഹമ്മദ്, റോമയുടെ അധിപന്‍ ഹിര്‍ക്വലിന് എഴുതുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക, എങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. ഇനി താങ്കള്‍ പിന്മാറുന്നപക്ഷം അരീസീങ്ങളുടെ (റോമിലെ കര്‍ഷകരുടെ) പാപവും താങ്കള്‍ക്കാണ് ലഭിക്കുക: 'ഓ, വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവീന്‍, അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മില്‍ ചിലര്‍ മറ്റു ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്ത്വത്തിലേക്ക്. എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്നപക്ഷം നിങ്ങള്‍ പറയുക; ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.''

അബൂസുഫ്‌യാന്‍ പറയുന്നു. ഹിര്‍ക്വല്‍ പറഞ്ഞു കഴിയുകയും കത്ത് വായനയില്‍ നിന്ന് വിരമിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെയടുക്കല്‍ ശബ്ദം ഉയരുകയും ബഹളം വര്‍ധിക്കുകയും ചെയ്തു. ഞങ്ങള്‍ അവിടെ നിന്ന് പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു: 'അബൂ കബ്ശയുടെ പുത്രന്റെ (മുഹമ്മദ് നബി) കാര്യം ഗംഭീരം തന്നെ. ബനുല്‍ അസ്ഫര്‍കാരുടെ (റോമക്കാരുടെ) രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അദ്ദേഹത്തിന് വിജയമുണ്ടാകുമെന്ന് അന്നു മുതലേ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അങ്ങിനെ അല്ലാഹു എന്റെ മനസ്സില്‍ ഇസ്‌ലാമിനെ സന്നിവേശിപ്പിച്ചു.''

ഈലിയാഇലെ ഭരണാധികാരിയും ഹിര്‍ക്വലിന്റെ കൂട്ടുകാരനുമായിരുന്ന ഇബ്‌നുന്നാളൂര്‍ സിറിയയിലെ ക്രിസ്തീയ പുരോഹിത നേതാവായിരുന്നു. അദ്ദേഹം പറയുന്നു: ഹിര്‍ക്വല്‍ ചക്രവര്‍ത്തി ഈലിയാഇല്‍ വന്നപ്പോള്‍ ഒരു ദിവസം വലിയ മനഃപ്രയാസത്തിലായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ പാത്രിയാര്‍ക്കീസില്‍പെട്ട ചിലര്‍ ചോദിച്ചു: 'അങ്ങുന്നേ, അവിടുത്തെ സ്ഥിതി ഞങ്ങള്‍ക്കപരിചിതമായ വിധത്തിലാണല്ലോ!' ഇബ്‌നുന്നാളൂര്‍ പറയുന്നു: 'ഹിര്‍ക്വലിന് ജ്യോത്സത്തില്‍ പ്രാവീണ്യമുണ്ടായിരുന്നു. രാജാവിനോടവര്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇന്ന് രാത്രി ഞാന്‍ നക്ഷത്രവീക്ഷണം നടത്തിയപ്പോള്‍ ചേലാകര്‍മം നടത്തുന്നവരുടെ രാജാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കണ്ടെത്തി. ഈ സമൂഹത്തില്‍ ചേലാകര്‍മം നടത്തുന്നതാര്?' അവര്‍ പറഞ്ഞു: 'ജൂതന്മാരാണ് ചേലാകര്‍മം നടത്തുന്നത്.' അവരുടെ കാര്യം അേങ്ങക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ അതുവേണ്ട, താങ്കള്‍ താങ്കളുടെ അധികാരസ്ഥലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും അവിടെയുള്ള ജൂതന്മാരെ വധിക്കാന്‍ എഴുതുക.'

അവര്‍ ഇപ്രകാരം ചര്‍ച്ചയിലായിരിക്കെ, ഗസ്സാനിലെ രാജാവ് നബി(സ്വ)യെ സംബന്ധിച്ച് വിവരമറിയിക്കാന്‍ പറഞ്ഞയച്ച ഒരു ദൂതന്‍ ഹിര്‍ക്വലിന്റെയടുത്ത് കൊണ്ടുവരപ്പെട്ടു. അയാളോട് ഹിര്‍ക്വല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ അയാളെ കൊണ്ടുപോയി അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണോ അല്ലേ എന്ന് പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടു. പരിശോധനാനന്തരം അവര്‍ രാജാവിനെ വിവരമറിയിച്ചു; അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണെന്ന്. അപ്പോള്‍ അറബികളുടെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'ഇവര്‍ ചേലാകര്‍മം നടത്തുന്നവരാണ്.' അപ്പോള്‍ ഹിര്‍ക്വല്‍ പറഞ്ഞു: 'എന്നാല്‍ ഈ സമുദായത്തിന്റെ ആധിപത്യം വെളിവായിട്ടുണ്ട്.' പിന്നെ ഹിര്‍ക്വല്‍ ചക്രവര്‍ത്തി റൂമിയ്യയിലെ അദ്ദേഹത്തിന്റെ കൂട്ടുകാരന് കത്തെഴുതി - അദ്ദേഹവും ഹിര്‍ക്വലിനെ പോലെ പാണ്ഡിത്യത്തില്‍ തുല്യനായിരുന്നു. ഹിര്‍ക്വല്‍ ഹിംസ് പ്രദേശത്തേക്ക് സഞ്ചരിച്ചു. അദ്ദേഹം അവിടേക്ക് എത്തുമ്പോഴേക്കും കൂട്ടുകാരന്റെ മറുപടി ലഭിച്ചു. നബി(സ്വ)യുടെ നിയോഗത്തെ സംബന്ധിച്ച ഹിര്‍ക്വലിന്റെ അഭിപ്രായത്തോട് യോജിക്കുന്നതും അദ്ദേഹം പ്രവാചകന്‍ തന്നെയാണെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ഹിര്‍ക്വല്‍ റോമിലെ പ്രധാന ആളുകള്‍ക്കെല്ലാം ഹിംസിലെ തന്റെ കൊട്ടാരത്തില്‍ പ്രവേശനാനുമതി നല്‍കി. എന്നിട്ട് അതിന്റെ വാതിലുകള്‍ അടക്കാന്‍ ഉത്തരവിട്ടു. വാതിലുകള്‍ അടക്കപ്പെട്ടു. എന്നിട്ട് അവര്‍ക്കു മുമ്പില്‍ ചെന്ന് അവരോട് ഇപ്രകാരം പറഞ്ഞു: 'റോമന്‍ നിവാസികളേ, നിങ്ങള്‍ക്ക് വിജയവും നേര്‍വഴിയും ലഭിക്കണമെന്നും നിങ്ങളുടെ അധികാരം നിലനില്‍ക്കണമെന്നും നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഈ പ്രവാചകന് നിങ്ങള്‍ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുവിന്‍.' അതോടെ അവര്‍ കാട്ടുകഴുതകളെ പോലെ മുരണ്ട് വാതിലുകളുടെ ഭാഗത്തേക്ക് ഓടി. അപ്പോഴത് അടച്ചിട്ടതായവര്‍ കണ്ടു. ഹിര്‍ക്വല്‍ ചക്രവര്‍ത്തി അവരുടെ വെറുപ്പു കാണുകയും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിരാശപ്പെടുകയും ചെയ്തപ്പോള്‍ പറഞ്ഞു: 'അവരെ എന്റെ അടുത്തേക്ക് തിരിച്ചു വിളിക്കുവിന്‍.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഇപ്രകാരം നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ തീവ്രത എത്രയുണ്ടെന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു. ഞാനത് മനസ്സിലാക്കി.' (ഇതു കേട്ട) അവര്‍ അദ്ദേഹത്തെ നമിച്ചു. അവര്‍ അദ്ദേഹത്തില്‍ തൃപ്തിപ്പെടുകയും ചെയ്തു. ഇതായിരുന്നു ഈ വിഷയത്തില്‍ ഹിര്‍ക്വലിന്റെ അവസാന നിലപാട്'' (ബുഖാരി).

0
0
0
s2sdefault