പ്രവാചകന്മാര്‍ ബുദ്ധിശാലികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

അല്ലാഹു മാത്രമാണ് ആരാധ്യനെന്നും അതിനാല്‍ അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്നും തങ്ങള്‍ പ്രവാചകന്മാരാണെന്നും ആരുടെ മുമ്പിലും തെളിയിക്കുവാന്‍ സമര്‍ഥരായിരുന്നു പ്രവാചകന്മാര്‍. ആരാധ്യനായി അല്ലാഹു മാത്രമാണെന്നുള്ള പ്രവാചകന്മാരുടെ സമര്‍ഥനത്തിന് മുന്നില്‍ ശത്രുക്കള്‍ പരാജയപ്പെടലായിരുന്നു പതിവ്. അതിനുള്ള വാചാലതയും ബുദ്ധിവൈഭവവും അവര്‍ക്കുണ്ടായിരുന്നു. ഇബ്‌റാഹീം(അ) നാട്ടിലെ രാജാവായ നംറൂദുമായി നടത്തിയ സംവാദം ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക:

''ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (2:258). 

ശത്രുക്കള്‍ മുരട്ടുവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറാതെ, ധീരമായി യുക്തിയുക്തം നേരിട്ടവരായിരുന്നു പ്രവാചകന്മാര്‍. അതിന് മതിയായ ഉദാഹരണമാണ് മുകളില്‍ നാം കണ്ടത്. അത് അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേകതയാണ്. അല്ലാഹു ഇബ്‌റാഹീം(അ)നെ കുറിച്ച് പറയുന്നത് കാണുക:

''ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ''(6:83).

വിഗ്രഹങ്ങളെ തകര്‍ത്തതിനെ കുറിച്ചുള്ള വിസ്താര സമയത്ത് നെറ്റി ചുളിപ്പിക്കുന്ന രൂപത്തില്‍ ശത്രുക്കള്‍ക്ക് ഇബ്‌റാഹീം(അ) ഉത്തരം കൊടുത്തതും ക്വുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്.

''അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതുപോലെ ചെയ്തത്?'' (21:62).

ഇബ്‌റാഹീം നബി(അ), ജനങ്ങള്‍ ഒരു ഉത്സവത്തിന് പോയ സമയത്ത് അവരുടെ വിഗ്രഹങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. അവര്‍ തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച തങ്ങളുടെ ആരാധ്യരെല്ലാം നിലം പൊത്തിക്കിടക്കുന്നതാണ്. അങ്ങനെയാണ് ചിലര്‍ ഇബ്‌റാഹീമി(അ)നെ കുറിച്ച് പറയുകയും അദ്ദേഹത്തെ പിടികൂടുകയും ചെയ്യുന്നത്. ആ സന്ദര്‍ഭത്തില്‍ അവര്‍ ചോദിച്ചതാണിത്. അദ്ദേഹം അതിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

''അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അതു ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ'' (21:63). 

ഇബ്‌റാഹീം (അ) നല്ല ഒരു യുക്തിയല്ലേ ഇവിടെ പ്രയോഗിച്ചത്? തങ്ങള്‍ ആരാധിക്കുന്നവ തങ്ങളെ വകവരുത്തിയതാരെന്ന് പോലും പറയാന്‍ കഴിയാത്തവരാണ്. എങ്കില്‍ അവര്‍ എങ്ങനെ നമ്മുടെ കാര്യത്തില്‍ സഹായിക്കും, സ്വന്തത്തെ പോലും രക്ഷിക്കാന്‍ കഴിയാത്തവരെങ്ങനെ മറ്റുള്ളവരെ പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നൊക്കെ അവരെ ചിന്തിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. അപ്രകാരം സംഭവിക്കുകയും ചെയ്തു:  

''അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍'' (21:64).

ഒരു നിമിഷത്തേക്ക് തങ്ങളുടെ വിശ്വാസം പ്രമാണങ്ങള്‍ക്കും ബുദ്ധിക്കും നിരക്കാത്ത അന്ധവിശ്വാസമാണെന്നും ഇബ്‌റാഹീം(അ) പറയുന്നതാണ് യാഥാര്‍ഥ്യമെന്നും അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. എന്നാല്‍ പിശാച് അവരെ അവരുടെ ബഹുദൈവ വിശ്വാസത്തില്‍ തന്നെ തളച്ചിടുകയായിരുന്നു. 

''പിന്നെ അവര്‍ തല കുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ'' (21:65). 

ഉത്തരം മുട്ടിയപ്പോള്‍ ഇളിഭ്യരായി അവര്‍ തങ്ങളുടെ അന്ധവിശ്വാസത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് പ്രവാചകന്മാര്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന് എതിര് നില്‍ക്കുന്നവരുടെ പതിവ് രീതിയാണ്. അവര്‍ ഇപ്രകാരം ഇബ്‌റാഹീം നബി(അ)നോട് ചോദിച്ചപ്പോള്‍ വീണ്ടും ഒരു തിരിച്ചടി നല്‍കിക്കൊണ്ട് അദ്ദേഹം അവരോട് പറഞ്ഞു: 

''അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ'' (21:66-67).

അല്ലാഹു അല്ലാതെ ഉപകാരം ചെയ്യുന്നവനോ ഉപദ്രവം തടുക്കുന്നവനോ ആയി വേറെ ആരുമില്ലെന്നും നിങ്ങള്‍ ആരാധിക്കുന്നവ യാതൊരു ഉപകാരവും ഉപദ്രവവും വരുത്തുകയില്ലെന്നും അവരെ യുക്തിപൂര്‍വം ബോധ്യപ്പെടുത്തിയിട്ടും അവര്‍ അദ്ദേഹത്തിനെതിരില്‍ തീരുമാനിച്ചത് ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക'' (21:68).

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കാലങ്ങളായി എതിരാളികള്‍ പുലര്‍ത്തിപ്പോരുന്ന പ്രവണതയാണ് പ്രബോധകരെ പരിഹസിക്കലും കൂക്കിവിളിക്കലും കല്ലെറിയലും കൊലപാതകവുമെല്ലാം! ഇത് ആരാണ് സത്യമാര്‍ഗത്തിലെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള ഒരു മാര്‍ഗമായും നമുക്ക് ഗ്രഹിക്കാം. കാരണം ശത്രുക്കള്‍ അവരുടെ ആദര്‍ശം പ്രബോധനം നടത്തുന്ന വേളയില്‍ പ്രവാചകന്മാര്‍ കൂക്കിവിളിക്കുകയോ കല്ലെറിയുകയോ കൊലചെയ്യുകയോ ചെയ്തിട്ടില്ല; ഒരിക്കലും.  

ഇബ്‌റാഹീം(അ)നെ ശത്രുക്കള്‍ തീയിലിട്ട് കൊല്ലാന്‍ തീരുമാനിച്ചു. പക്ഷേ, അല്ലാഹു അദ്ദേഹത്തെ  അത്ഭുതകരമായി രക്ഷപ്പെടുത്തി:

''നാം പറഞ്ഞു: തീയേ, നീ ഇ്ബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിരിക്കുക''(21:69).

ഈ അത്ഭുതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില ആളുകളുണ്ട്. ഇതെല്ലാം ആലങ്കാരിക പ്രയോഗമാണെന്നു പറഞ്ഞ് ഈ മഹത്തായ സംഭവത്തെ നിഷേധിക്കുന്നവരാണവര്‍. മത്സ്യത്തിന് വെള്ളത്തില്‍ ജീവിക്കുവാനുള്ള കഴിവ് നല്‍കിയ, പറവകള്‍ക്ക് വായുവില്‍ പാറിപ്പറക്കാനുള്ള കഴിവ് നല്‍കിയ അല്ലാഹു... അവന്‍ ഓരോ സൃഷ്ടിക്കും വ്യത്യസ്ത കഴിവുകള്‍ നല്‍കിയവനാണല്ലോ. തീ എന്ന അല്ലാഹുവിന്റെ സൃഷ്ടിക്ക് ചൂടെന്ന പ്രതിഭാസം നല്‍കിയ അല്ലാഹുവിന് അതിന് തണുപ്പ് നല്‍കുവാന്‍ എന്ത് പ്രയാസം? എല്ലാത്തിനും കഴിവുള്ളവനാണ് അല്ലാഹു എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതില്‍  അവിശ്വസനീയമായി യാതൊന്നുമില്ല. 

ശത്രുക്കളുടെ തന്ത്രങ്ങളെ തകര്‍ത്തു കളയാന്‍ അല്ലാഹുവിന് യാതൊരു പ്രയാസവുമില്ല. ഇബ്‌റാഹീം നബി(അ)യുടെ വിഷയത്തില്‍ അതാണ് സംഭവിച്ചത്:

''അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്'' (21:70).

നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം നടത്തിയ വേളയില്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്മാരിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു നീ ഇങ്ങു കൊണ്ടുവരൂ'' (11:32). 

തങ്ങളുടെ പക്കല്‍ ന്യായമില്ലെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ 'നീ തര്‍ക്കിക്കുകയാണ്' എന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്.

0
0
0
s2sdefault