പ്രതിരോധവും പ്രതികരണവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഒക്ടോബര്‍ 07 1438 മുഹറം 16

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കയ്യും കണക്കുമില്ല. ചെറുതും വലുതുമായി ഒട്ടേറെ കുഴപ്പങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്ത കലാപങ്ങളാണ് അധികവും. പലതും തെരുവില്‍ നിന്നാണ് ആരംഭിച്ചത്. ദാദമാരുടെയും തെരുവുചട്ടമ്പികളുടെയും നേതൃത്വത്തില്‍ പണത്തിന്റെയോ പെണ്ണിന്റേയോ പേരില്‍ നടക്കുന്ന അടിപിടികളിലേക്ക് ജാതിയും മതവും വലിച്ചിഴക്കപ്പെടുകയാണ് പലപ്പോഴും സംഭവിച്ചിട്ടുള്ളത്. അവ പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും വോട്ടുകള്‍ക്ക് വേണ്ടിയും ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തു. സാമുദായിക രാഷ്ട്രീയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാചകന്മാരെയും മതാചാര്യന്മാരെയും അവഹേളിച്ചതിന്റെ പേരിലും പലരും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കലാപങ്ങളിലധികവും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കാണ് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. സ്വാഭാവികമായും മുസ്‌ലിം സമൂഹത്തില്‍ കടുത്ത അമര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇത് കാരണമായി. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെയും വിവിധ ഇസ്‌ലാമിക സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പക്വതയും വിവേകവുമുള്ള പണ്ഡിതരും നേതാക്കളും അക്രമത്തിന്റെ പാത വെടിഞ്ഞു ക്ഷമയുടെയും ആത്മസംയമനത്തിന്റെയും മാര്‍ഗം സ്വീകരിക്കാനാണ് ആഹ്വാനം ചെയ്യാറുള്ളത്. 

രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ ആശങ്കകളും പ്രതിഷേധങ്ങളും ശക്തമായി വന്നത് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെയാണ്. ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടു പോലും മസ്ജിദ് തകര്‍ക്കാന്‍ ആര്‍.എസ്.എസ് കര്‍സേവകര്‍ക്ക് സാധിച്ചുവെന്നത് ഇന്ത്യയുടെ മതേതര യശസ്സിനേറ്റ കനത്ത ആഘാതമായിരുന്നു. വ്രണിത ഹൃദയരായ മുസ്‌ലിം ന്യൂനപക്ഷവും രാജ്യത്തെ മതേതര ഭൂരിപക്ഷവും ഒരു പോലെ വിറങ്ങലിച്ചു നിന്ന ദിനമായിരുന്നു ഡിസംബര്‍ ആറ്. ഇന്ത്യ ലോകത്തിനു മുമ്പില്‍ നാണം കെട്ട് തലതാഴ്ത്തിയ ദിവസം. സ്വാഭാവിക പ്രതികരണങ്ങള്‍ അതിരുകടന്നു അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുകയും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തേക്കാവുന്ന ഭീതിതമായ സ്ഥിതിവിശേഷമായിരുന്നു രാജ്യമൊട്ടുക്കും. രാഷ്ട്രശില്‍പികള്‍ നട്ടുവളര്‍ത്തി ഓമനിച്ചു വലുതാക്കിയ ജനാധിപത്യ മതേതര ചിന്തകള്‍ നാടുനീങ്ങുകയാണെന്നു പോലും നിരീക്ഷിക്കപ്പെട്ടു. ഒരു സമുദായമെന്ന നിലക്ക് ഉന്മൂലന ഭീഷണിയാണോ തങ്ങള്‍ നേരിടുന്നതെന്ന ഭയപ്പാടുകള്‍ പൊതുവില്‍ സമുദായത്തില്‍ വളര്‍ന്നുവന്നു. 

ആര്‍.എസ്.എസ്സും വി.എച്ച്.പിയും നേതൃത്വം നല്‍കിയ ബാബരി മസ്ജിദ് ധ്വംസനത്തിനു അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് മറുപടി പറയാന്‍ ബാധ്യസ്ഥരായി. മുറിവേറ്റ മനസ്സുകളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന ഭരണവിരുദ്ധ തരംഗം രാജ്യത്തെ മതേതര ശക്തികള്‍ ദുര്‍ബലമാവാന്‍ കാരണമാവുകയും ചെയ്തു. ബാബരി മസ്ജിദ് പ്രശ്‌നം ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം ഒരു ഹിന്ദു പ്രശ്‌നമായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും ശ്രീരാമ പ്രതീകം ഉപയോഗിച്ച് ഏകോപിപ്പിക്കുന്നതിനും അത് വഴി ഹിന്ദുത്വ രാഷ്ട്രീയം വളര്‍ത്തിയെടുക്കുകയും അതുവഴി അധികാര സോപാനങ്ങളില്‍ കയറിയിരിക്കുകയും ചെയ്യുന്നതിന് വേണ്ടി കാലങ്ങളായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അത്. സ്വാഭാവികമായും മുസ്‌ലിം സമുദായം തെരുവിലിറങ്ങുമെന്നും അവര്‍ ഹിന്ദുക്കള്‍ക്കെതിരെ വലിയ കലാപങ്ങള്‍ അഴിച്ചുവിടുമെന്നുമൊക്കെ അവര്‍ കണക്കുകൂട്ടി. അത് സംഭവിക്കുകയും ചെയ്തു. ബോംബെയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മുസ്‌ലിംകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒരു നേതൃത്വമോ ആലോചനയോ ഇല്ലാത്ത പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. അതിനിടെ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി ഒരുമിച്ച് കൂടിയ കര്‍സേവകരെ പോലീസ് വെടിവെച്ചുവെന്നും രാമഭക്തരായ ധാരാളം കര്‍സേവകര്‍ കൊല്ലപ്പെട്ടുവെന്നുമൊക്കെയുള്ള കള്ളപ്രചരണങ്ങള്‍ ആര്‍.എസ്.എസ് രാജ്യവ്യാപകമായി അഴിച്ചുവിട്ടു. അതുവഴി ഹൈന്ദവസമൂഹത്തെ ഇളക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടി. ഹിന്ദു ദിനപത്രവും ഫ്രണ്ട്‌ലൈന്‍ വാരികയും ആര്‍.എസ്.എസ്സിന്റെ കളവുകള്‍ പൊളിച്ചടക്കിയെങ്കിലും രാജ്യമാകമാനം ഒരു ഹൈന്ദവ വികാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. ഹിന്ദു മുസ്‌ലിം സമൂഹത്തെ ഒരുപോലെ ഇളക്കിവിട്ടു ഈ വര്‍ഗീയ കലാപങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണു. ബോംബെയില്‍ മാത്രം മൂന്നുമാസത്തോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ തൊള്ളായിരം പേര്‍ മരിച്ചുവെന്നാണ് ഔദേ്യാഗിക കണക്ക്. 

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം സമുദായം വളരെ ന്യൂനപക്ഷമാണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ മതേതര മനസ്സ് ഒരിക്കലും അക്രമോല്‍സുകമായി പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ലക്ഷ്യം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്‌ലിം സമുദായത്തെ രാജ്യത്തിന്റെ ശത്രുപക്ഷത്ത് നിര്‍ത്തി ആശയപരമായും കായികമായും യുദ്ധം ചെയ്യാനാണ് ആര്‍.എസ്.എസ് ശ്രമിച്ചുവന്നത്. എന്നാല്‍ ആര്‍.എസ്.എസ്സിന്റെ ഈ ശ്രമങ്ങള്‍ വിജയം കണ്ടില്ല. അതിനുള്ള പ്രധാന കാരണം സ്വാതന്ത്ര്യസമരത്തിന്റെയും വിഭജനത്തിന്റെയും നോവുകള്‍ അറിഞ്ഞ മുസ്‌ലിം സമുദായത്തിലെ പരിചയസമ്പന്നരും പരിണിത പ്രജ്ഞരും ധിഷണാശാലികളുമായ നേതാക്കള്‍ സമുദായത്തിന് ദിശാബോധം നല്‍കിയത് കൊണ്ടായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും ദേശീയോദ്ഗ്രഥനത്തിലും അഖണ്ഡ ഭാരതത്തിന്റെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിംകളോട് അവര്‍ ആഹ്വനം ചെയ്തു. മതേതര പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ സമുദായത്തെ ഉപദേശിച്ചു. ജനാധിപത്യം ശിര്‍ക്കും കുഫ്‌റുമാണെന്ന് പ്രചരിപ്പിച്ചിരുന്ന തീവ്രവാദികളില്‍ നിന്നും അവര്‍ സമുദായത്തെ സംരക്ഷിച്ചു. 

ബുദ്ധിപരവും പ്രായോഗികവുമായ ഈ നിലപാടിന് കരുത്ത് പകര്‍ന്നത് ഇസ്വ്‌ലാഹി ദര്‍ശനമായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ എല്ലാ മേഖലകളിലുമുള്ള പുരോഗതി ലാക്കാക്കി പ്രവര്‍ത്തിച്ചിരുന്ന ഇസ്വ്‌ലാഹി നേതാക്കള്‍ക്ക് സമുദായത്തിന് നേരെ ഉയര്‍ന്നു വരുന്ന അതിക്രമങ്ങളെ എങ്ങിനെയാണ് നേരിടേണ്ടതെന്ന സുചിന്തിതമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇന്ത്യ ശക്തമായ ഒരു ഭരണഘടനയും നിയമനിര്‍മാണ സഭകളും നീതിന്യായവ്യവസ്ഥയും നിയമപാലന സംവിധാനവുമുള്ള രാജ്യമാണ്. ഈ സംവിധാനങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശീലിച്ച സമുദായത്തിന് ഇതേ വ്യവസ്ഥിതികളിലൂടെ തന്നെ തങ്ങള്‍ക്കുനേരെ വരുന്ന മുഴുവന്‍ അതിക്രമങ്ങളെയും ചെറുക്കാന്‍ സാധിക്കുമെന്ന് ഇസ്വ്‌ലാഹി പണ്ഡിതരും നേതാക്കളും മനസ്സിലാക്കിയിരുന്നു. മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയ നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം നേതാക്കള്‍ക്കും ഇന്ത്യയുടെ സാഹചര്യത്തില്‍ പാലിക്കേണ്ട പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും അറിവുകള്‍ അവര്‍ പകര്‍ന്നുകൊടുത്തു. പ്രതിരോധത്തിന്റെ മറവില്‍ വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാവുന്ന ശൈലി ഇസ്‌ലാമിക വിരുദ്ധമാണെന്നും രാജ്യത്തിന്റെ പൊതുവായ നിയമസംവിധാനങ്ങളും രാഷ്ട്രീയസ്വഭാവവും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനാല്‍ കായികമായോ ആള്‍ക്കൂട്ടമായോ നേരിടുന്നതിന് പകരം ജനാധിപത്യമാര്‍ഗങ്ങളിലൂടെയും ബാലറ്റുകള്‍ ഉപയോഗിച്ചുമാണ് പ്രതിരോധം തീര്‍ക്കേണ്ടതെന്ന് അവര്‍ മുസ്‌ലിം സാമാന്യ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും മാര്‍ഗമായി ഇന്ത്യയിലെ സര്‍ക്കാര്‍ വ്യവസ്ഥിതിയില്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അടിത്തറകള്‍ ആരോപിച്ച് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ചും ജനാധിപത്യ പ്രക്രിയകളില്‍ നിന്ന് മാറിനിന്നും നിയമനിര്‍മാണസഭകളെ ഇസ്‌ലാമിക വിരുദ്ധമായി പ്രഖ്യാപിച്ചും ചിലര്‍ നടത്തിയ പ്രചാരണങ്ങളെ മുസ്‌ലിം ബഹുജനങ്ങളില്‍ സ്വാധീനിക്കാതെ പിടിച്ച് നിര്‍ത്തിയത് ഇസ്വ്‌ലാഹി ആദര്‍ശത്തിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രമായിരുന്നു. മുസ്‌ലിംകള്‍ അധിവസിക്കുന്ന വിവിധ രാജ്യങ്ങളില്‍ മറ്റുള്ളവരാല്‍ ദുര്‍ബലരാക്കപ്പെട്ട് ദൈന്യതയുടെയും പീഡനങ്ങളുടെയും കഥകള്‍ ലോകമെങ്ങും പ്രചരിച്ചപ്പോഴും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആത്മാഭിമാനത്തോടെ രാഷ്ട്രത്തിന്റെ കുഞ്ചികസ്ഥാനങ്ങളില്‍ നിലയിറപ്പിക്കാന്‍ സാധിച്ചു. 

വിശ്വ ഹിന്ദുപരിഷത്തിനെ മുന്നില്‍ നിര്‍ത്തി ആര്‍.എസ്.എസ് ബാബരി കാമ്പയിനുകള്‍ക്ക് 1984 മുതല്‍ തുടക്കം കുറിക്കുകയും രഥയാത്രകള്‍ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1986 ജനുവരി 25ന് ഹിന്ദുക്കള്‍ക്ക് ആരാധന നടത്തുന്നതിനായി 'മസ്ജിദ്' തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി അവര്‍ കോടതിയെ സമീപിച്ചു. ഹിന്ദുക്കള്‍ക്ക് 'തര്‍ക്കസ്ഥലം' തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവായി. കോടതിവിധി വലിയ കോളിളക്കം സൃഷ്ടിച്ചു. 1989ല്‍ ശിലാന്യാസം നടത്തി. ഇത് മുസ്‌ലിം സമുദായത്തിനകത്ത് പ്രതിരോധത്തെ കുറിച്ചും പ്രതികരണത്തെ കുറിച്ചുമുള്ള വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. അതേ വര്‍ഷം തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് ബദലായി ഇസ്‌ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) എന്ന സംഘടന രൂപംകൊണ്ടു. കേരളത്തില്‍ ജന്മം കൊണ്ട ഈ സംഘടന മുസ്‌ലിം സമുദായത്തില്‍ കായികപ്രതിരോധത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഈ ആശയത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചു. ഇത്തരം ആശയങ്ങള്‍ മുസ്‌ലിം സമുദായത്തെ ദുര്‍ബലപ്പെടുത്താനും അന്യ സമുദായങ്ങള്‍ക്കിടയിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയിലും സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനും മാത്രമേ കാരണമാകൂ എന്നും അവര്‍ നിരീക്ഷിച്ചു. 1992ല്‍ ഐ.എസ്.എസ് നിരോധിക്കപ്പെട്ടു. 

1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം സ്ഥിതിഗതികള്‍ ഒന്നുകൂടി വഷളായി. പ്രതിരോധത്തിലും പ്രതികരണത്തിലും ന്യൂനപക്ഷങ്ങള്‍ പക്വത പുലര്‍ത്തിയില്ലെങ്കില്‍ വലിയൊരു കലാപമായിരിക്കും ക്ഷണിച്ചു വരുത്തുകയെന്ന് മുജാഹിദ് പ്രസ്ഥാനം സമുദായത്തെ ഉദ്‌ബോധിപ്പിച്ചു. 1992 ഡിസംബറില്‍ പാലക്കാട് നടത്താന്‍ നിശ്ചയിച്ച മുജാഹിദ് സംസ്ഥാന സമ്മേളനം നിര്‍ത്തിവെച്ച് ബാബരി ധ്വംസനത്തിനെതിരെ പ്രതിഷേധാഗ്‌നി പടര്‍ത്തണമെന്ന് തീവ്രമായി ചിന്തിച്ചിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. പക്ഷെ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനുള്ള ആര്‍.എസ്.എസ്സിന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മാത്രമേ അത് ഉപകരിക്കുവെന്ന് മുജാഹിദുകള്‍ മനസ്സിലാക്കി സമ്മേളനവുമായി മുമ്പോട്ടുപോയി. ഒരു രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയും ഭരണകൂടവും മുസ്‌ലിംകള്‍ക്ക് മേല്‍ പീഡനം നടത്തുന്നില്ല എന്ന് പറഞ്ഞതിനെ ഇന്ത്യയില്‍ മുസ്‌ലിം പീഡനമില്ലെന്ന് മുജാഹിദുകള്‍ പറഞ്ഞതായി ചില പത്രങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചു. കേരളത്തിലെ മുഖ്യധാരാ മുസ്‌ലിംസംഘടനകള്‍ അവരത്രയും കാലം കാത്തു സൂക്ഷിച്ചു പോന്ന മതേതര പാരമ്പര്യവും വര്‍ഗീയവിരുദ്ധ പൈതൃകവും ഉയര്‍ത്തിപ്പിടിച്ചു. 

നേരത്തെ തന്നെ അതിതീവ്രമായി ചിന്തിച്ചിരുന്ന പലരും മുഖ്യധാരാ സംഘടനകളുടെ 'ആത്മസംയമന താരാട്ടില്‍' ക്ഷുഭിതരായിരുന്നു. ആയുധമെടുത്ത് പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സമുദായത്തെ ഉറക്കിക്കിടത്തുകയാണ് നേതാക്കളും പണ്ഡിതരുമെന്ന ആക്ഷേപം ഇവരുന്നയിച്ചു. 'നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫ്രണ്ട്' (എന്‍.ഡി.എഫ്) എന്ന സംഘടനയുടെ പിറവി ഇങ്ങനെയായിരുന്നു. 

മുഖ്യധാരാ മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി അവിടെയുള്ള ചെറുപ്പക്കാരെ എന്‍.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ ശ്രമിച്ചു. പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ യുവാക്കളുടെ മനസ്സുകളില്‍ ഇട്ടുകൊടുത്ത് അവരെ തീവ്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു അവര്‍. ഭീതി ജനിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നുകഴിഞ്ഞാല്‍ അതിനെ അപഗ്രഥിക്കാന്‍ സാധിക്കുന്ന പണ്ഡിതന്മാരിലേക്കും നേതാക്കളിലേക്കും മടക്കി വിവേകപൂര്‍ണമായ തീരുമാനത്തിന് വേണ്ടി കാതോര്‍ക്കുകയാണ് വേണ്ടതെന്ന വിശുദ്ധ ക്വുര്‍ആന്‍, സൂറത്തുന്നിസാഇലെ 84ാം വചനം ഉദ്ധരിച്ചുകൊണ്ട് ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ ചെറുപ്പക്കാര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ചില കൈവെട്ടലുകള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും നേതൃത്വം നല്‍കാന്‍ സാധിച്ചുവെന്നല്ലാതെ പ്രായോഗികമായ പരിഹാരങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മതേതരപ്രസ്ഥാനങ്ങളുടെ ശാക്തീകരണം വഴി രാഷ്ട്രീയമായ പ്രതിരോധം ശക്തമാക്കേണ്ടിയിരുന്ന സാഹചര്യത്തില്‍ ചെറു ചെറു പാര്‍ട്ടികളുണ്ടാക്കി സമുദായവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ ഇവരുടെ നിലപാടുകള്‍ സഹായകമായുള്ളൂ. ചില മാധ്യമങ്ങള്‍ അവരുടേതായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് തീവ്രവാദസംഘങ്ങളെ വഴിവിട്ടു പ്രോത്സാഹിപ്പിച്ചു. ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയമായി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളോടും ജനാധിപത്യ സങ്കേതങ്ങളോടും 'ഫോബിയ' വെച്ചുപുലര്‍ത്തുന്ന ഒരുപറ്റം ക്ഷുഭിതയൗവനങ്ങളെ സൃഷ്ട്ടിക്കാന്‍ സാധിച്ചുവെന്നത് സത്യമാണ്. ധിഷണാശാലികളും ദീര്‍ഘവീക്ഷണമുള്ളവരുമായ മുന്‍കാല നേതാക്കള്‍ കാണിച്ചുതന്ന പാതയില്‍ നിന്നും വഴിതെറ്റിപ്പോയി കൂട്ടം തെറ്റിയ കുഞ്ഞാടുകളായി മാറുന്ന ഇക്കൂട്ടര്‍ കാണിക്കുന്ന അവിവേകങ്ങള്‍ക്കും ഇസ്‌ലാഹി പ്രസ്ഥാനം പോലെയുള്ള ഉത്തരവാദപ്പെട്ട കൂട്ടായ്മകള്‍ മറുപടി പറയേണ്ട സ്ഥിതിവിശേഷമാണുള്ളത്.

രാജ്യവും രാജ്യത്തെ ന്യൂനപക്ഷവും വലിയ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. സംഘപരിവാര്‍ അധികാരത്തിലെത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ ചെറുക്കുന്ന കാര്യത്തില്‍ വലിയ ചിന്തകളാണാവശ്യം. വളരെപ്പെട്ടെന്നുള്ള പ്രതികരണങ്ങള്‍ പിന്നീട് വലിയ ദോഷമായി ഭവിച്ച എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിനുള്ള പരിഹാരമാണാവശ്യം. പക്ഷേ, പലപ്പോഴും പരിഹാരങ്ങളെക്കാള്‍ വലിയ വായില്‍ വരുന്ന പ്രതികരണങ്ങള്‍ നടത്താനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. 'കുരക്കും നായ കടിക്കില്ല' എന്ന് പറയുന്ന പോലെ പ്രതികരണങ്ങള്‍ വലിയ കുരകളായി അന്തരീക്ഷങ്ങളില്‍ ലയിക്കുകയും പിന്നീടവ വലിയ ദോഷമായി ഭവിക്കുകയും ചെയ്യുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. പരിഹാരങ്ങള്‍ക്ക് ഒരു പക്ഷേ, കാലതാമസമുണ്ടാവും. അതുവരെ ക്ഷമിക്കുകയെന്ന ഇസ്‌ലാമികരീതിയാണ് അഭികാമ്യം. ഇരുട്ടിന്റെ മറവില്‍ പ്രതിരോധ സംഘങ്ങള്‍ക്ക് രൂപംകൊടുത്തും കോടതികളിലേക്കും മറ്റും മാര്‍ച്ച് നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പൊതുമുതല്‍ നശിപ്പിച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് പരിഹാരമുണ്ടാവില്ല. പകരം ജനാധിപത്യമാര്‍ഗത്തില്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയും അവരുടെ പിന്തുണകൂടി നേടിയെടുത്തതും നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിച്ചും മാത്രമായിരിക്കണം നമ്മുടെ പ്രതിരോധങ്ങളും പ്രതികരണങ്ങളും.

മുജാഹിദ് പണ്ഡിതന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ഒട്ടനവധി അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള പ്രതിഷേധങ്ങളല്ലാത്ത ആള്‍ക്കൂട്ട മര്‍ദനങ്ങളോ പതിയിരുന്നുള്ള അക്രമങ്ങളോ കൊലപാതകങ്ങളോ മുജാഹിദ് പ്രസ്ഥാനം ഇതുവരെ നടത്തിയിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടും പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചു കൊണ്ടും കോടതികളിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടുമുള്ള പ്രവര്‍ത്തനരീതികളൊന്നും തന്നെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് പരിചയമില്ല. 1991 നവംബര്‍ 21നു കോഴിക്കോട്ടെ മുജാഹിദ് സെന്റര്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളി ആക്രമിക്കപ്പെട്ടപ്പോഴും പൂനൂരിലെ വയോധികനായ മുജാഹിദ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ ഹാജിയെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ചപ്പോഴും... അങ്ങനെ പല സന്ദര്‍ഭങ്ങളില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനെതിരെ ശത്രുക്കള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴുമൊക്കെ ഇസ്വ്‌ലാഹി പ്രവര്‍ത്തകര്‍ നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ മാത്രമെ പ്രതികരിച്ചുള്ളൂ. ഒടുവില്‍ പറവൂരില്‍ ആക്രമിക്കപ്പെട്ട പ്രബോധകരുടെ കാര്യത്തിലും മുജാഹിദുകള്‍ നിയമം കയ്യിലെടുത്ത് പ്രതിഷേധിച്ചില്ല. അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കോടതിയുടെ പരാമര്‍ശം പോലുമുണ്ടായി. 

അല്ലാഹുവിന്റെ സഹായം ലഭ്യമാകുന്നവര്‍ക്കാണ് അന്തിമവിജയമെന്ന ദൃഢമായ വിശ്വാസമുള്ളവരാണ് മുജാഹിദുകള്‍. വിശ്വാസികള്‍ പരീക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അവിടെ ക്ഷമയുടെ മാര്‍ഗം സ്വീകരിക്കുകയും അവിവേകം പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക വിശ്വാസിയുടെ ബാധ്യതയാണ്. അന്യായമായി അക്രമിക്കപ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാവുമെന്നത് തീര്‍ച്ചയാണ്. അപരാധികള്‍ എത്രതന്നെ രക്ഷപ്പെട്ടാലും അവര്‍ അല്ലാഹുവിന്റെ കോടതിയില്‍ വിചാരണക്കെത്താതിരിക്കില്ല. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ ഏതെങ്കിലുമൊരു നിരപരാധിക്കുനേരെ അതിക്രമം കാണിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് അത് കാരണമായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ സഹായം അന്യമാവുന്ന രീതിയിലുള്ള പ്രതികരണങ്ങളും പ്രതിരോധങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ച് നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

0
0
0
s2sdefault