പ്രമാണങ്ങള്‍ കയ്യൊഴിച്ചാല്‍...

പത്രാധിപർ

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

മനുഷ്യരായ നാം ഈ ലോകത്തേക്കു വന്നത് നമ്മുടെ അനുവാദത്തോടുകൂടിയല്ല. ഇന്നോ നാളെയോ നാം ഈ ലോകത്തോടു യാത്ര പറയേണ്ടിവരും. അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ ആകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മരണവും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങളും നിര്‍ദേങ്ങളും കല്‍പനകളും അനുസരിച്ചു ജീവിക്കുവാന്‍ നാം തയാറായില്ലെങ്കില്‍ കത്തിയാളുന്ന നരകാഗ്‌നിയുടെ അവകാശികളായി നാം മാറും. 

അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മനുഷ്യര്‍. അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍...'' (ക്വുര്‍ആന്‍ 2: 21).

അതുകൊണ്ടുതന്നെ ആരാധനയുടെ പരിധിയില്‍ വരുന്ന യാതൊന്നും അല്ലാഹുവിനല്ലാതെ അര്‍പ്പിക്കാന്‍ പാടില്ല. പ്രാര്‍ഥനയാകുന്നു ആരാധനയുടെ ആത്മസത്ത. ഒരു സത്യവിശ്വാസി അല്ലാഹുവിനോടല്ലാതെ ഏതു ഘട്ടത്തിലും പ്രാര്‍ഥിക്കാന്‍ പാടില്ല. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിച്ചാല്‍-അമ്പിയാക്കളോടായാലും ഔലിയാക്കളോടായാലും ശരി- അത് വമ്പിച്ച തെറ്റാണെന്നും അത്തരത്തില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് (ശിര്‍ക്ക് ചെയ്യുന്നത്) അല്ലാഹു ഒരിക്കലും പൊറുക്കില്ലെന്നും അവര്‍ക്ക് നരകം ഉറപ്പാണെന്നും അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്:

''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് എറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്...'' (2:186).

''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്...'' (4:48).

''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65).

വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത് അഥവാ നബിചര്യ. നബി(സ്വ)യെ അനുസരിക്കല്‍ നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: 

''പറയുക; നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍..'' (3:32).

''ആര്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരഗാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്'' (4:14).

നബി(സ്വ) പഠിപ്പിക്കാത്ത യാതൊന്നും ദീനിന്റെ കാര്യമായി പരിഗണിക്കാനും ആചരിക്കാനും പാടില്ല. അത് മതത്തില്‍ കടത്തിക്കൂട്ടലാണ്. അതിനാണ് ബിദ്അത്ത് എന്ന് പറയുന്നത്. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും നരകത്തില്‍നിന്ന് നമ്മെ അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും നബി(സ്വ) നമ്മെ അറിയിച്ചു തന്നിട്ടുണ്ട്. അവ ഏതെന്ന് പഠിച്ചു മനസ്സിലാക്കി ജീവിക്കലാണ് നമ്മുടെ ബാധ്യത. നല്ലതല്ലേ എന്നു പറഞ്ഞ് പുതിയ ആരാധനകള്‍ മതത്തില്‍ കടത്തിക്കൂട്ടിയാല്‍ നമ്മള്‍ നരകാവകാശികളായി മാറും. 

മരണം ഉറപ്പാണ്. നരകം യാഥാര്‍ഥ്യമാണ്. നമ്മുടെ ക്വബ്‌റിലും പരലോകത്തും നമുക്ക് തുണയായുണ്ടാകുക നമ്മുടെ സല്‍കര്‍മങ്ങള്‍ മാത്രമാണ്. ഉറ്റവരും ഉടയവരും നേതാക്കളുമൊന്നും അവിടെ നമ്മെ സഹായിക്കാനെത്തില്ല. അതുകൊണ്ട് പ്രമാണങ്ങളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുക. ഒരുപാട് ആളുകള്‍ ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ കാക്കകാരണവന്മാരൊക്കെ ചെയ്തതാണ് എന്നതൊന്നും മതത്തില്‍ തെളിവല്ല. മതം പഠിപ്പിക്കുവാന്‍ അല്ലാഹു നിയോഗിച്ച മുഹമ്മദ് നബി(സ്വ)യിലാണ് നമുക്ക് മാതൃകയുള്ളത്. ആ മാതൃക പിന്‍പറ്റി ജീവിച്ചാല്‍ നാം രക്ഷപ്പെടും. അല്ലെങ്കില്‍ പരാജയപ്പെടും. അല്ലാഹു നമ്മെ ഇരുലോക വിജയം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ- ആമീന്‍.

0
0
0
s2sdefault