പ്രബോധന വീഥിയില്‍ പതറാതെ

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

(നൂഹ് നബി(അ), ഭാഗം: 5)

നൂഹ് നബി(അ)യെ ഇനി ഒരാളും ഈ ജനതയില്‍ നിന്ന് വിശ്വസിക്കില്ലെന്ന് അല്ലാഹു അറിയിക്കുന്നത് വരെ അദ്ദേഹത്തിന് സമൂഹത്തെപ്പറ്റി പ്രതീക്ഷയുണ്ടായിരുന്നു. അതിനാല്‍ രാവും പകലും, രഹസ്യമായും പരസ്യമായും അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നാല്‍ അല്ലാഹു നൂഹ്(അ)യെ അറിയിച്ചു. 'നൂഹേ, ഇനിയാരും വിശ്വസിക്കില്ല. അവരുടെ പ്രവര്‍ത്തനത്തില്‍ നീ നിരാശപ്പെടേണ്ടതില്ല.' ഇത് അല്ലാഹുവില്‍ നിന്നുള്ള അറിയിപ്പാണ്. അല്ലാഹുവിനാണല്ലോ ആരെല്ലാം വിശ്വസിക്കും ആരെല്ലാം അവിശ്വസിക്കും എന്നെല്ലാം അറിയുക. അതിനാല്‍ അല്ലാഹുവില്‍ നിന്നുള്ള ഈ വിവരം ലഭിച്ച നൂഹ്(അ) അവസാനം അല്ലാഹുവിനോട് ദൂആ ചെയ്തു:

''നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല'' (71:26,27).

തന്റെ ജനതക്കെതിരില്‍ നടത്തിയ ഈ പ്രാര്‍ഥന കൊണ്ട് അദ്ദേഹത്തിന് അല്ലാഹു തന്നെ പിടികൂടുമോയെന്ന പേടിയുണ്ടായിരുന്നു. മഹ്ശറില്‍ ജനകോടികള്‍ ശുപാര്‍ശക്കായി ആദമി(അ)നെ സമീപിക്കുമ്പോള്‍ അദ്ദേഹം നൂഹ്(അ)യുടെ അടുത്തേക്ക് പറഞ്ഞയക്കും. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറയും:

'ഓ, നൂഹ്! ഭൂമിയിലേക്ക് അയക്കപ്പെട്ട ആദ്യത്തെ ദൂതനാണല്ലോ താങ്കള്‍. നന്ദിയുള്ള അടിമയെന്ന് അങ്ങയെ കുറിച്ച് അല്ലാഹു പേര് വിളിക്കുകയും ചെയ്തിട്ടുണ്ട്. (അതിനാല്‍) താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തണം. ഞങ്ങള്‍ ഏതൊരു അവസ്ഥയിലാണ് ഉള്ളതെന്ന് താങ്കള്‍ കാണുന്നില്ലേ.?' അപ്പോള്‍ അദ്ദേഹം പറയും: 'ഇന്ന് എന്റെ രക്ഷിതാവ് ഇതിന് മുമ്പൊരിക്കലും കോപിക്കാത്ത വിധം കോപിച്ചിട്ടുണ്ട്. ഇതിന് ശേഷവും ഇതുപോലെ കോപിക്കുകയില്ല. നിശ്ചയമായും എനിക്ക് (ഉത്തരം ലഭിക്കുന്ന) ഒരു പ്രാര്‍ഥനയുണ്ടായിരുന്നു. അത് ഞാന്‍ എന്റെ ജനതക്കെതിരില്‍ പ്രാര്‍ഥിച്ചു. എന്റെ കാര്യം എന്റെ കാര്യം... നിങ്ങള്‍ ഞാനല്ലാത്ത ഒരാളിലേക്ക് പോകുക. നിങ്ങള്‍ ഇബ്‌റാഹീമിന്റെ അടുക്കലേക്ക് പോകുക...' (ബുഖാരി, മുസ്‌ലിം). 

തന്റെ ജനതക്കെതിരില്‍ നടത്തിയ പ്രാര്‍ഥന മുഖേന രക്ഷിതാവ് എന്നെ പിടികൂടുമോ എന്ന ഭയപ്പാടിലാണ് നൂഹ്(അ)!

നൂഹ്(അ) അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാനുള്ള കാരണം, അവര്‍ക്ക് എത്ര സത്യം ബോധ്യപ്പെടുത്തിയിട്ടും അവര്‍ അവരുടെ ശിര്‍ക്കിന്റെ വാദത്തില്‍ തന്നെ ഉറച്ചുനിന്ന് അദ്ദേഹത്തിനെതിരില്‍ തന്ത്രം മെനഞ്ഞതാണ്. അന്നേരമാണ് അല്ലാഹു നൂഹ്(അ)നോട് ഇനി ഇവരില്‍ ആരും വിശ്വസിക്കില്ലെന്ന് അറിയിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ കാണാം: 

''നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക് (പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്) സ്വത്തും സന്താനവും മൂലം (ആത്മീയവും പാരത്രികവുമായ) നഷ്ടം കൂടുക മാത്രമാണുണ്ടായത്. (പുറമെ) അവര്‍ (നേതാക്കള്‍) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു'' (71:21,22). നൂഹ്(അ) അവര്‍ക്കെതിരില്‍ നടത്തിയ പ്രാര്‍ഥനയുടെ മറ്റു രൂപങ്ങള്‍ കാണുക:

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ! തീര്‍ച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ'' (26:117,118). 

''അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ'' (54:10). 

''നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!'' (37:75). 

എങ്ങനെയായിരുന്നു അല്ലാഹു നൂഹ്(അ)ന് പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത് എന്നും ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്:

''നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്. അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടവും അദ്ദേഹത്തിന്റെ അടുത്ത് കൂടി കടന്ന് പോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്. അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക് വഴിയെ അറിയാം'' (11:37-39).

അല്ലാഹു നൂഹ്(അ)നോട് ഒരു കപ്പല്‍ നിര്‍മിക്കാന്‍ വേണ്ടി കല്‍പിക്കുന്നു. കപ്പല്‍ എങ്ങനെ നിര്‍മിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതിനാല്‍ അല്ലാഹു അദ്ദേഹത്തോട് നാം നല്‍കുന്ന ബോധനത്തിന്നടിസ്ഥാനത്തില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആ കല്‍പനക്ക് കീഴൊതുങ്ങി. എന്താണ് അല്ലാഹു കല്‍പിക്കുന്നത്, ഈ മരുഭൂമിയില്‍ കപ്പല്‍ ഉണ്ടാക്കിയിട്ട് എന്ത് ഉപകാരമാണ് ഉള്ളത് എന്നൊന്നും അദ്ദേഹം ആലോചിച്ചില്ല. അല്ലാഹുവിന്റെ വഹ്‌യ് ചിലപ്പോള്‍ മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നിരുന്നാലും ആ ബോധനത്തിന് കീഴ്‌പെടുക വഴി വന്‍ വിജയമാണ് അവര്‍ക്ക് വന്നുഭവിക്കുക എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  

നൂഹ്(അ) കപ്പല്‍ നിര്‍മാണം തുടങ്ങി. അതും ശത്രുക്കള്‍ക്ക് അദ്ദേഹത്തിനെതിരില്‍ തിരിയാനുള്ള ഒരു അവസരമായി. അതവര്‍ മുതലെടുക്കുകയും ചെയ്തു. അദ്ദേഹം നിര്‍മിക്കുന്നത് കണ്ട് അവര്‍ പരിഹാസത്തോടെ ചോദിച്ചു; അല്ല നൂഹേ, ഇപ്പോള്‍ നബിയാണെന്ന് പറഞ്ഞ് അതൊക്കെ അവസാനിപ്പിച്ച് ആശാരിപ്പണി തുടങ്ങിയോ? ഈ മരുഭൂമിയില്‍ എന്തിനാണ് കപ്പല്‍? അത് സഞ്ചരിക്കാന്‍ എവിടെയാണ് വെള്ളം? അല്ലാഹുവിന്റെ ബോധനം സത്യമാണെന്ന് ഉറച്ച അറിവുള്ളവരാണല്ലോ പ്രവാചകന്മാര്‍. അതിനാല്‍ നൂഹ്(അ) അവരുടെ പരിഹാസത്തോട് ഇപ്രകാരം പ്രതികരിച്ചു; നിങ്ങള്‍ പരിഹസിച്ചോളൂ. നിങ്ങള്‍ പരിഹസിക്കുന്നതിന് പകരം ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും, അധികം താമസിയാതെ. 

ഇസ്‌ലാമിക പ്രബോധന വീഥിയില്‍ നിലകൊള്ളുന്ന ആര്‍ക്കും എതിരാളികളില്‍ നിന്നുള്ള പരിഹാസം നേരിടേണ്ടി വരും. അതില്‍ പതറാതെ, ദൃഢ നിശ്ചയത്തോടെ, സഹനത്തോടെ അതിനെ നേരിടാന്‍ തയ്യാറാകണം. പരിഹാസം വിശ്വാസികള്‍ക്ക് നേരിടേണ്ടി വരുമെന്ന് ക്വുര്‍ആന്‍ നമ്മെ അറിയിച്ചിട്ടുമുണ്ട്.

''തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചുകൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ)മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. എന്നാല്‍ അന്ന് (അന്ത്യനാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്'' (83:29-34). 

താടിവെച്ച കാരണത്താലും വസ്ത്രം നെരിയാണിക്ക് താഴെ ഇറങ്ങാത്തതിനാലും പരിഹസിക്കപ്പെടുന്ന പുരുഷന്മാരുണ്ട്. നഗ്‌നത മറക്കാനായി സ്ത്രീകള്‍ അയവുള്ളതും കട്ടിയുള്ളതുമായ, പുരുഷന്റെ ആകര്‍ഷണത്തിന് കാരണമാകാതിരിക്കാന്‍ പര്‍ദ പോലെയുള്ള വസ്ത്രം ധരിച്ചാലും സൂക്ഷ്മതക്കായി മുഖം മറച്ചാലും പരിഹസിക്കുന്നവരുണ്ട്. ഈ പരിഹാസത്തില്‍ വ്യസനമോ ദുഃഖമോ ഉണ്ടാകേണ്ടതില്ല. അല്ലാഹുവിന്റെ പൊരുത്തം ലഭിക്കാനായി സഹനത്തോടെ വിശ്വാസികള്‍ മുന്നേറുക. അല്ലാഹുവിന്റെ മതം സ്വീകരിച്ചതിന്റെ പേരില്‍ പരിഹസിക്കുന്നവര്‍ക്ക് താക്കീതായും പരിഹസിക്കപ്പെട്ടവര്‍ക്ക് സന്തോഷ വാര്‍ത്തയായും ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക:

''തീര്‍ച്ചയായും എന്റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ. അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍'' (23:109-111).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടവര്‍ പ്രവാചകന്മാരാണ്. അല്ലാഹു ഏതൊരു ജനതയിലേക്ക് പ്രവാചകനെ അയച്ചാലും അവര്‍ ആ പ്രവാചകനെ പരിഹസിക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നത് കാണുക: ''ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല'' (43:7). 

സത്യവിശ്വാസികളുടെ വിശ്വാസത്തെയും സ്വഭാവത്തെയും ഇടപാടുകളെയും മര്യാദകളെയും സംസ്‌കാരത്തെയും പരിഹസിക്കുകയെന്നത് സത്യനിഷേധികള്‍ക്ക് ഒരുതരം സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഈ പരിഹസിക്കപ്പെടുന്നവര്‍ നാളെ ഉന്നത പദവികളിലായിരിക്കും: 

''സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്'' (2:212). 

കപട വിശ്വാസികളിലും ഇത്തരം സ്വഭാവം കാണാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരെ അതില്‍ നിന്ന് പലതും പറഞ്ഞ് അവര്‍ പിന്തിരിപ്പിക്കും. അവരാകട്ടെ ആര്‍ക്കും ഒന്നും നല്‍കുകയുമില്ല. 

''സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്'' (9:79). 

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍(റ) പറയുന്നത് കാണുക: ''ഇതും കപട വിശ്വാസികളുടെ വിശേഷണങ്ങളില്‍ പെട്ടതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് ഒരാളും സുരക്ഷിതരാവില്ല. ഏത് സാഹചര്യത്തിലും (അവരുടെ കുറ്റത്തില്‍ നിന്ന് ഒരാളും സുരക്ഷിതരാവില്ല). അവരില്‍ ഒരാള്‍ ധനം ധാരാളം (ചെലവഴിക്കാനായി) കൊണ്ടുവന്നാല്‍ അവര്‍ പറയും; ഇത് ആളുകളെ കാണിക്കാനാണെന്ന്. എന്നാല്‍ ഒരാള്‍ കുറച്ച് എന്തെങ്കിലും കൊണ്ടുവന്നാലോ അവര്‍ പറയും; ഈ ദാനത്തില്‍ നിന്ന് അല്ലാഹു തീര്‍ച്ചയായും ഐശ്വര്യവാനാകുന്നു എന്ന്. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തത് പോലെ: അബൂ മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 'സ്വദക്വയുടെ (ദാനത്തിന്റെ) സൂക്തം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ മുതുകുകളില്‍ വഹിക്കുമായിരുന്നു. അങ്ങനെ ഒരാള്‍ വന്നു. അദ്ദേഹം ധാരാളം വസ്തുക്കള്‍ സ്വദക്വ ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: അത് ആളുകളെ കാണിക്കുവാനായിട്ടാണ്. വേറെ ഒരാള്‍ വന്നു. എന്നിട്ട് ഒരു സ്വാഅ് ധര്‍മം ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഈ ദാനധര്‍മത്തില്‍ നിന്ന് ധന്യവാനാണ്. അപ്പോള്‍ ഈ സൂക്തം ആയത്ത് അവതരിച്ചു.''

ഏതൊരു മനുഷ്യന്‍ നന്മ ചെയ്യാന്‍ തീരുമാനിച്ചാലും അവനെ ആക്ഷേപിച്ചും പരിഹസിച്ചും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാം. ഒരു പള്ളി നിര്‍മാണത്തിനായി സമ്പത്ത് സ്വരൂപിക്കുമ്പോള്‍ ഓരോരുത്തരും അവരാല്‍ കഴിയുന്നത് ചെലവഴിക്കും. ധാരാളം ചെലവഴിക്കുമ്പോള്‍ അവരെക്കുറിച്ച് 'ഇതെല്ലാം ആളുകളുടെ കയ്യടി കിട്ടാനും ജനങ്ങളെ കാണിക്കാനും വേണ്ടിയാണെ'ന്ന് ചിലര്‍ പറയും. കുറച്ച് ചെലവഴിക്കുകയാണെങ്കില്‍ 'ഹും! ഇത്രയെല്ലാം ഉണ്ടായിട്ടും ഇത്ര കുറച്ചാണോ ഇയാള്‍ ദാനം ചെയ്യുന്നത്' എന്നായിരിക്കും പറയുക. ഇത്തരക്കാര്‍ അഭിപ്രായം പറയാനേ ഉണ്ടാകൂ. ചെയ്യാനോ ചെയ്യിപ്പിക്കാനോ ഇവരെ കിട്ടില്ല.

നൂഹ്(അ) അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കാനായി രാപകലുകള്‍ വിനിയോഗിച്ചത് നാം മനസ്സിലാക്കി. പരിഹാസവും ഒറ്റപ്പെടുത്തലും ആക്ഷേപങ്ങളുമാണ് പ്രബോധിതരില്‍ നിന്നും അദ്ദേഹത്തിന് കിട്ടിയത്. എല്ലാ ദൂതന്മാരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. അവരാരും അക്കാരണത്താല്‍ ദൗത്യത്തില്‍ നിന്ന് പിന്മാറിയിട്ടുമില്ല. അല്ലാഹു പറയുന്നു:

''അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ. നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ  അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ? നരകവാസികള്‍ തമ്മിലുള്ള വഴക്ക്, തീര്‍ച്ചയായും അതൊരു യാഥാര്‍ഥ്യം തന്നെയാണ്'' (38:6264).

രാവും പകലും വ്യത്യാസമില്ലാതെ 950 വര്‍ഷം ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ടും അല്‍പം ആളുകള്‍ മാത്രമെ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ. എണ്‍പത് പേര്‍ എന്നും എണ്‍പത്തി മൂന്ന് എന്നും നാല്‍പത് എന്നുമൊക്കെ വിവിധ അഭിപ്രായങ്ങള്‍ പറയപ്പെട്ടതായി കാണാം. 

''അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല'' (11:40).

950 വര്‍ഷം അവരെ നേരിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ടും അദ്ദേഹത്തില്‍ ആളുകള്‍ വിശ്വസിക്കാത്ത കാരണത്താല്‍ പ്രബോധന മാര്‍ഗത്തില്‍ നിന്ന് അദ്ദേഹം മാറി നിന്നില്ല. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവര്‍ ഒരിക്കലും നിരാശരാകാതെ നൂഹ്(അ) കാണിച്ച സഹനവും അല്ലാഹുവിലുള്ള അര്‍പ്പണ ബോധവും മാതൃകയാക്കി കഴിയും വിധം ജനങ്ങളെ ക്ഷണിക്കുക. പരിഹാസത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഭീഷണിയുടെയും കാരണം പറഞ്ഞ് മാറി നില്‍ക്കാവതല്ല. അന്ത്യനാളില്‍ നാം നേടിയ അറിവും അത് അനുസരിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നേടിയ അറിവില്‍ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാണ്. എല്ലാം തികഞ്ഞിട്ടേ ദഅ്‌വത്ത് പാടുള്ളൂ എന്ന വാദം പൊള്ളയാണ്. പ്രബോധനം ചെയ്യുന്ന വിഷയം ഏതാണോ അതിനെ സംബന്ധിച്ച് കൃത്യമായ അറിവ് നിര്‍ബന്ധവുമാണ്. അറിവില്ലാത്തത് പറയല്‍ അതീവ ഗുരുതരമാണെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. ഇസ്‌ലാമിക പ്രബോധനം ഏതൊരാളുടെയും ബാധ്യതയാണ്. വയലില്‍ പണിയെടുക്കുന്ന കര്‍ഷകനാണെങ്കിലും ശരി കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. 

0
0
0
s2sdefault