പ്രബോധന വീഥിയില്‍ തളരാതെ...

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

(നൂഹ്(അ): 4)

അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണെങ്കില്‍ ചിലര്‍ക്കത് പിഴച്ച വാദമായി തോന്നും. 'ഞങ്ങള്‍ക്കിതൊന്നും കാണുകയോ കേള്‍ക്കുകയോ വേണ്ട' എന്ന് അവര്‍ ഉറപ്പിച്ചു പറയും. 'ഇതൊന്നും ഇക്കാലത്ത് ജനങ്ങളോട് പറയാന്‍ പറ്റുന്നതല്ല' എന്നായിരിക്കും മറ്റു ചിലരുടെ ചിന്ത. ചിലരാകട്ടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യാഖ്യാനങ്ങള്‍ അതിന് നല്‍കും. അതിന് സാധിക്കില്ലെങ്കില്‍ അതിനെ നിഷേധിക്കുകയും അത് അംഗീകരിക്കുന്നവരെ പിഴച്ചവരായി മുദ്ര കുത്തുകയും ചെയ്യും.

തന്നെ ജനങ്ങള്‍ പിഴച്ചവനായി മുദ്രകുത്തിയപ്പോഴും ഗുണകാംക്ഷയോടെ അവരെ നൂഹ്(അ) ഉപദേശിച്ചു. പക്ഷേ, കുറ്റപ്പെടുത്തലുകളും പരിഹാസവും തുടര്‍ന്നു:                                                                              

''അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമെ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ?  ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് (അത് കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത് ചെയ്യും). നിങ്ങള്‍ അത് ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന് നിര്‍ബന്ധം ചെലുത്തുകയോ?'' (11:27,28).

“നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്, നിന്നെ പിന്‍പറ്റുന്നവരാകട്ടെ ഞങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലന്മാരും. മാത്രമല്ല നീ കളവ് പറയുന്നവനാണ്...’ ഇതൊക്കെയാണ് ജനങ്ങളുടെ പ്രതികരണം! അദ്ദേഹം പ്രകോപിതനാകാതെ സംസാരിച്ചു. 'ഇല്ല, ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയാണ് സംസാരിക്കുന്നത്. നിങ്ങള്‍ അന്ധത നടിക്കുകയാണ്. നിങ്ങളോട് ഞാന്‍ പറയുന്നത് അടിച്ചേല്‍പിക്കുന്നില്ല.'

സത്യം എന്തെന്നും ആരാണ് സത്യത്തിന്റെ കക്ഷിയെന്നും ആളുകളുടെ എണ്ണം നോക്കിയല്ല നാം തീരുമാനിക്കേണ്ടത്. ജനങ്ങളില്‍ ഭൂരിപക്ഷവും നരകത്തിലായിരിക്കും എന്നാണല്ലോ. പിന്നെ എങ്ങനെ നാം ആളുകളുടെ എണ്ണം നോക്കി സത്യം തീരുമാനിക്കും?  ഈ സമുദായം 73 കക്ഷികളാകുമെന്നും അതില്‍ ഒന്നാണ് സ്വര്‍ഗത്തില്‍ പോകുക എന്നും നബി(സ്വ) പറഞ്ഞിരിക്കെ, എങ്ങനെ നാം ആളുകളുടെ എണ്ണം നോക്കി സത്യം തീരുമാനിക്കും? ചിലര്‍ താന്‍ ഏത് വിഭാഗത്തില്‍ നില്‍ക്കണം എന്ന് തീരുമാനിക്കാറുള്ളത് ആരെല്ലാമാണ് ആ വിഭാഗത്തിലുള്ളതെന്ന് നോക്കിയാണ്. നല്ല അറിവുള്ളവരുണ്ടോ, നല്ല പ്രഭാഷകരുണ്ടോ, നല്ല എഴുത്തുകാരുണ്ടോ, പ്രശസ്തരുണ്ടോ, അവര്‍ക്ക് സമുദായത്തില്‍ എത്ര സ്വീകാര്യതയുണ്ട്... എന്നെല്ലാം നോക്കിയാണ്. ഇതൊന്നും സത്യവും അസത്യവും വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡമല്ല. അതുകൊണ്ടാണ് നൂഹ്(അ) അവരോട് 'ഞാന്‍ പറയുന്നത് എന്റെ റബ്ബില്‍ നിന്നുള്ള തെളിവിന്നടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞത്. നിലപാട് സ്വീകരിക്കേണ്ടത് അല്ലാഹുവിങ്കല്‍ നിന്നും ഉള്ളതാണോ പറയുന്നത് എന്ന് നോക്കിയാണ്. ഇതെല്ലാം നൂഹ്(അ) ജനങ്ങളോട് പറഞ്ഞതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

വ്യക്തമായ തെളിവുകള്‍ സഹിതം 'അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ' എന്നും 'അല്ലാഹുവിന് പുറമെ യാതൊരു വസ്തുവിനെയും ആരാധിക്കരുത്' എന്നും നുഹ്(അ) ജനങ്ങളോട് പറഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിച്ചു. 'നൂഹേ, ഞങ്ങളുടെ പൂര്‍വികരെല്ലാം ഈ മഹാന്മാരോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. നിന്റെ പുതിയ വാദം അവര്‍ക്കാര്‍ക്കും പരിചയമില്ലാത്തതായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളുടെ മാര്‍ഗത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. നീ പറയുന്നതാണ് ശരിയെങ്കില്‍ അല്ലാഹു ഞങ്ങളിലേക്ക് മലക്കുകളെ അയക്കുമായിരുന്നു. നിനക്ക് ഭ്രാന്താണ്' എന്നെല്ലാം പറഞ്ഞ് പരിഹസിക്കുകയും അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിഷേധിക്കുകയും ചെയ്തു.

''അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളെക്കാളുപരിയായി അവന്‍ മഹത്ത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല. ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍'' (23:24,25). 

''അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു''(54:9).

ഇങ്ങനെയെല്ലാം അദ്ദേഹത്തോട് അവര്‍ പറഞ്ഞിട്ടും കൂടെയുള്ളവരെ മാറ്റി നിര്‍ത്താനോ തൗഹീദിന്റെ മാര്‍ഗത്തില്‍ നിന്ന് ഒരു ഇഞ്ച് പിന്നോട്ട് നില്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം അവരോട് പറഞ്ഞു: 

''എന്റെ ജനങ്ങളേ, ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്. എന്റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്? നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ? അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും'' (11:29-31).

നൂഹ്(അ)നോട് അവര്‍ 'നൂഹേ, നിന്റെ കൂടെയുള്ളവരെല്ലാം ദുര്‍ബലരും യാതൊരു പ്രശസ്തിയുമില്ലാത്തവരാണ്' എന്ന് പറഞ്ഞല്ലോ. ഒരു പക്ഷേ, അവര്‍ അങ്ങനെ പറഞ്ഞതിന്റെ താല്‍പര്യം അവരെയൊക്കെ മാറ്റി നിര്‍ത്തിയാല്‍ നിന്റെ വാക്കുകളെ ഞങ്ങള്‍ കേള്‍ക്കാം എന്നാവാം. അതുകൊണ്ടാണ് അദ്ദേഹം  'ഞാന്‍ അവരെ എന്നില്‍ നിന്ന് ആട്ടിയോടിക്കില്ല. ഞാന്‍ അപ്രകാരം ചെയ്യുന്ന പക്ഷം എനിക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ബാധിക്കും' എന്ന് പറഞ്ഞത്. കൂടെയുള്ളവര്‍ വിശ്വാസികളാണെങ്കില്‍ അവരെ മാറ്റി നര്‍ത്തി അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കളുടെ ഇഷ്ടത്തിനനുസരിച്ച് ചലിക്കേണ്ടവരല്ലല്ലോ വിശ്വാസികള്‍. വിശ്വാസികള്‍ സാധുക്കളായി എന്നതിനാല്‍ അല്ലാഹു അവര്‍ക്ക് പദവിയില്‍ കുറവ് വരുത്തുകയില്ല. അതിനാല്‍ അവരെ വേദനിപ്പിച്ച് പ്രമാണിമാരെ സന്തോഷിപ്പിക്കലല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട്. 

നൂഹ് നബി(അ)യുടെ ജനത അദ്ദേഹത്തോട് പല രൂപത്തിലും തര്‍ക്കിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെല്ലാം മറുപടി യുക്തി യുക്തം നല്‍കിയപ്പോള്‍ മറിച്ചൊന്നും പറയാന്‍ സാധിക്കാതെ വന്നപ്പോള്‍ 'നൂഹേ, നിന്നോട് തര്‍ക്കിക്കാന്‍ ഞങ്ങളില്ല. നീ നന്നായി തര്‍ക്കിക്കുകയാണ്' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അവര്‍ ചെയ്തത്. ഇത് എല്ലാ കാലത്തും ഇസ്‌ലാമിന്റെ എതിരാളികള്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്. തങ്ങളുടെ വാദങ്ങള്‍ക്ക് ഇസ്‌ലാമിക പ്രബോധകരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എതിരാളികള്‍ അവസാനം മുട്ടുമടക്കി തര്‍ക്കമാണെന്ന് പറഞ്ഞ് ഒഴിവാവുകയാണ് ചെയ്യാറുള്ളത്. അവരും അപ്രകാരം ചെയ്തു. ഈ തന്ത്രത്തിന് നൂഹ് നബി(അ)യുടെ കാലത്തോളം പഴക്കമുണ്ടെന്നര്‍ഥം.  

നൂഹ്(അ) അവരോട് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്ത പക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുമെന്നും പറഞ്ഞിരുന്നല്ലോ. അവസാനം ആ ശിക്ഷ കൊണ്ടുവരാനായി അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണെന്നും, അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവരാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍ എനിക്ക് സാധിക്കില്ലെന്നും അവന്റെ ശിക്ഷ ഇറങ്ങിയാലോ അതില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം തരുമ്പോള്‍ നിങ്ങള്‍ക്കത് ഉപകാരപ്പെടുന്നില്ലെന്നും അതും ഞാന്‍ ഉദ്ദേശിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം അവരോട് സ്‌നേഹത്തേടെ പറഞ്ഞു നോക്കി. പ്രതികരണം അപ്രതീക്ഷിത രൂപത്തിലുള്ളതായിരുന്നു: 'നൂഹേ, നീ ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലും!'

''അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ. അദ്ദേഹം  പറഞ്ഞു: അല്ലാഹു മാത്രമാണ് നിങ്ങള്‍ക്കത് കൊണ്ട് വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക് (അവനെ) തോല്‍പിച്ച് കളയാനാവില്ല. അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്'' (11:32,34).

''അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (26:116). 

പ്രബോധന വീഥിയില്‍ നില്‍ക്കുമ്പോള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണിയും ഒറ്റപ്പെടുത്തലുകളും പരിഹാസവും എല്ലാം നേരിടേണ്ടി വരും. അപ്പോള്‍ എന്ത് ചെയ്യണം? എല്ലാം നിറുത്തി വീട്ടില്‍ ചടഞ്ഞിരിക്കാനാണോ മുതിരേണ്ടത്? അല്ല! നൂഹ്(അ)ന്റെ ചരിത്രം നമ്മോട് പറയുന്നത് അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നേറുകയാണ് വേണ്ടത് എന്നാണ്. നൂഹ്(അ) അവരോട് അവരുടെ ഭീഷണിക്ക് മറുപടി പറയുന്നത് കാണുക.

''(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട'' (10:71).

ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതും നിങ്ങള്‍ക്ക് ഭാരമുണ്ടാക്കുന്നവയുമാണെങ്കില്‍ നിങ്ങള്‍ എനിക്കെതിരില്‍ എന്താണോ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത് അത് ചെയ്തുകൊള്ളുക എന്ന് ആ ജനതയോട് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് നൂഹ്(അ) പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അല്ലാഹുവിലുള്ള അര്‍പ്പണ ബോധത്തിന്റെയും ജനങ്ങളോടുള്ള ഗുണകാംക്ഷയുടെയും  പൂര്‍ണതയാണ് നമുക്കിതില്‍ കാണാന്‍ കഴിയുന്നത്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സഹനത്തോടെ മുന്നേറി. എന്നാല്‍ ആ ജനത അവരുടെ അഹങ്കാരത്തില്‍ തന്നെ ഉറച്ചു നിന്നു. 

''അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്വ്ര്‍  എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്'' (71:23). 

'നൂഹിന്റെ ഈ പുത്തന്‍ വാദങ്ങളൊന്നും നമുക്ക് വേണ്ട. നമുക്ക് നമ്മുടെ പൂര്‍വ പിതാക്കളെ പിന്തുടരാം' എന്നായിരുന്നു അവരുടെ ഉറച്ച നിലപാട്. പൂര്‍വികര്‍ ഇൗ വിഗ്രഹങ്ങളോട് സങ്കടം ബോധിപ്പിക്കുന്നവരും അവയുടെ മുന്നില്‍ ഭജനമിരിക്കുന്നവരുമായിരുന്നല്ലോ. അവരാരും നൂഹ്(അ) പറയുന്ന വിശ്വാസക്കാരായിരുന്നില്ല. അതിനാല്‍ നൂഹിന്റെ വാദം 'തോട്ടിലെറിയാം.' പൂര്‍വ പിതാക്കളും കാരണവന്മാരും ആരാധിച്ച വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്വ്ര്‍ എന്നിവരെ ഒഴിവാക്കേണ്ട!

നൂഹ്(അ)നെ അവരുടെ ഈ തീരുമാനങ്ങളെല്ലാം വ്യസനപ്പിച്ചെങ്കിലും 950 കൊല്ലം സഹനത്തോടെ അവരെ ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചു. അവരാകട്ടെ അവരുടെ ശാഠ്യം ഒഴിവാക്കാതെ ശിര്‍ക്കില്‍ തന്നെ ഉറച്ചുനിന്നു. അവസാനം അല്ലാഹു നൂഹ്(അ)നോട് പറഞ്ഞു:

''നിന്റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു'' (11:36).

0
0
0
s2sdefault