പ്രബോധനം ബാധ്യതയും നിര്‍വഹണവും

സജ്ജാദ്ബിന്‍ അബ്ദുറസാഖ് 

2017 ഏപ്രില്‍ 01 1438 റജബ് 04

'ദഅ്‌വത്ത്' എന്ന പദത്തിന്റെ ഭാഷാര്‍ഥം 'ഭക്ഷണത്തിലേക്കോ മറ്റോ ആളുകളെ ക്ഷണിക്കുക, വിളിക്കുക' എന്നൊക്കെയാണ്. എന്നാല്‍ അതിന്റെ സാങ്കേതികാര്‍ഥം 'അല്ലാഹു തൃപ്തിപ്പെട്ട മതത്തിലേക്ക് ആളുകളെ ക്ഷണിക്കുക, വിളിക്കുക' എന്നതാണ്.

നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹമായ 'ഹിദായത്ത്' നുകരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മളെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഈ ഹിദായത്തിന്റെ വെളിച്ചം ലഭിക്കാന്‍ അവരിലേക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:

''ഹേ റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ച് കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്...'' (5/67).

മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു കര്‍മമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രബോധനം. സഹ്‌ലുബ്‌നു സഅദ്(റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില്‍ കാണാം: ''നബി (സ്വ) പറഞ്ഞു: 'അല്ലാഹു തന്നെയാണ് സത്യം! നീ വഴി ഒരാളെ അല്ലാഹു ഹിദായത്തിലാക്കുക എന്നത് ചുവന്ന ഒട്ടകങ്ങള്‍ കിട്ടുന്നതിനെക്കാള്‍ നിനക്കുത്തമമാണ്'' (ബുഖാരി, മുസ്‌ലിം).

അബൂമസ്ഊദുല്‍ അന്‍സ്വാരി(റ) വില്‍ നിന്ന്: ''നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും ഒരു നന്മ മറ്റാര്‍ക്കെങ്കിലും അറിയിച്ച് കൊടുത്താല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെതിനു സമാനമായ പ്രതിഫലം ആ നന്മ അറിയിച്ച ആള്‍ക്കുമുണ്ട്'' (മുസ്‌ലിം).

അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തെക്കാള്‍ ഉത്തമമായ ഒരു കാര്യം വേറെയുണ്ടോ എന്ന അല്ലാഹുവിന്റെ ചോദ്യം ദഅ്‌വഃ രംഗത്ത് സജീവമായ സാന്നിധ്യം രേഖപ്പെടുത്താന്‍ ഒരു സത്യവിശ്വാസിയെ കൂടുതല്‍ പ്രേരിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ ഉത്തമമായ വാക്ക് പറയുന്നവന്‍ ആരുണ്ട്?'' (41/33).

മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അക്വ്‌സയിലും നമസ്‌കരിച്ചാല്‍ വലിയ പ്രതിഫലമുണ്ടെന്നറിഞ്ഞിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി(സ്വ) 'ഇവിടെ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കട്ടെ' എന്ന് പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാടും വീടും വിട്ട് മസ്ജിദുല്‍ ഹറമിനോടും മസ്ജിദുന്നബവിയോടും മസ്ജിദുല്‍ അക്വ്‌സയോടും വിടചൊല്ലി തങ്ങളുടെ കുതിരകളും ഒട്ടകങ്ങളും കഴുതകളും എവിടേക്കാണോ തിരിഞ്ഞ് നില്‍ക്കുന്നത് അവിടേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി അവര്‍ പോയത് എന്തിനാണ്? ദഅ്‌വത്തിന്റെ ബാധ്യതയും ഉത്തരവാദിത്തവും അതിന്റെ പ്രതിഫലവും കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്‌കൊണ്ട് തന്നെയാണ് അത് എന്ന് ചരിത്രം നമ്മോട് വിളിച്ചുപറയുന്നു.

ദഅ്‌വത്തിന്റെ രീതി ശാസ്ത്രം

ദഅ്‌വത്ത് ഒരു നിര്‍ബന്ധ ബാധ്യതയാണ് എന്നും പ്രസ്തുത കര്‍മത്തിന് മഹത്തായ പ്രതിഫലമുണ്ട് എന്നും പഠിപ്പിച്ച ഇസ്‌ലാം പ്രബോധനം ചെയ്യേണ്ടതിന്റെ രീതിശാസ്ത്രവും പഠിപ്പിച്ച് തന്നിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''യുക്തി ദീക്ഷയോട് കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക'' (16/125).

ഇവിടെ 'യുക്തിദീക്ഷ' എന്നത് കൊണ്ട് ഉദ്ദേശിച്ചത് 'ഹിക്മത്ത്' ആണ്. എന്താണ് 'ഹിക്മത്ത്'? ശൈഖ് ഇബ്‌നുബാസ് (റ) പറഞ്ഞു: 'സത്യത്തെ വെളിപ്പെടുത്തുകയും അസത്യത്തെ തകര്‍ത്ത് കളയുകയും ചെയ്യുന്ന സുവ്യക്തമായ തെളിവാണ്' ഇവിടെ ഹിക്മത്ത് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.

തെളിവുകള്‍ മുന്നില്‍ വെച്ച് കൊണ്ടുള്ള പ്രമാണബദ്ധമായ പ്രബോധനത്തിന്റെ രീതിശാസ്ത്രത്തെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് എന്നര്‍ഥം.

പ്രബോധിത സമൂഹത്തിന്റെ പള്‍സ് അറിയാത്ത ദഅ്‌വത്ത് നിരര്‍ഥകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രബോധിത സമൂഹം അജ്ഞരായതിനാല്‍ ഒരു ഉപ്പ മകനെ ഉപദേശിക്കുന്ന രൂപത്തില്‍ ക്വുര്‍ആനും സുന്നത്തും ഉപയോഗിച്ച് പ്രസ്തുത സമൂഹത്തോട് സദുപദേശം എന്ന രീതിയാണ് സ്വീകരിക്കേണ്ടത് എന്നും അല്ലാഹു പഠിപ്പിച്ച് തന്നു. വ്യക്തിബാധ്യത എന്നതിലുപരി ഒരു സമൂഹത്തിന്റെ ബാധ്യതകൂടിയാണ് ദഅ്‌വാ നിര്‍വഹണം. അല്ലാഹു പറയുന്നു: ''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന 'ഒരു സമുദായം' നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (3/104).

ശൈഖ് ഇബ്‌നുബാസ്(റഹി) പറയുന്നു: ''ഓരോരുത്തരും അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ ഉപയോഗിച്ച് കൊണ്ട് ദഅ്‌വത്ത് നിര്‍വഹിക്കല്‍ അനിവാര്യമാണ്. ഒരു നാട്ടിലേക്ക് മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവിടെ ഒരു 'കൂട്ടായ്മ' ഉണ്ടാവുകയാണ് വേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ ദഅ്‌വത്ത് ഒരു ഒഴിച്ചുകൂടാനാവാത്ത വ്യക്തി ബാധ്യതയായിത്തീരും. ഉദാഹരണത്തിന് ഒരു പ്രദേശത്ത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലൂടെ ആ ബാധ്യത നിര്‍വഹിക്കാന്‍ നീയല്ലാതെ മറ്റാരുമില്ലെങ്കില്‍ നിനക്കത് നിര്‍ബന്ധ ബാധ്യതയാണ്.''

കാരാഗൃഹത്തില്‍ അടക്കപ്പെട്ട സമയത്ത് പോലും കിട്ടിയ അവസരത്തെ മുതല്‍കൂട്ടായി സ്വീകരിച്ച് സ്വപ്‌നവ്യാഖ്യാനം ചോദിക്കാന്‍ വന്ന സഹോദരങ്ങളോട് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും പറഞ്ഞ് കൊടുത്ത മഹാനായ യൂസുഫ് നബി ൗ ഏത് അവസരങ്ങളെയും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മാതൃകയാണെന്ന് പറയാം.

പ്രബോധനം: ലക്ഷ്യങ്ങള്‍

ഇസ്‌ലാമിക പ്രബോധനം കൊണ്ട് ഒരു പ്രബോധകന്‍ ലക്ഷ്യംവെക്കേണ്ട ഒന്നാമത്തെ കാര്യം പരലോക മോക്ഷമാണ്. അല്ലാഹു പറയുന്നു: ''ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നിറവേറ്റി കൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞ് പോയിരിക്കുന്നു. അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ'' (11/15,16).

രണ്ടാമത്തെ കാര്യം, ജനങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ''അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരുന്ന ഒരു ദൂതനെനിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി...'' (65/11).

ഇതില്‍ നിന്ന് മാറി ഇഹലോകത്തെ ജനപിന്തുണയും 'കയ്യടിയും' പത്രമാധ്യമങ്ങളില്‍ ഫോട്ടോ വരലുമാണ് ലക്ഷ്യമെങ്കില്‍ പരലോകത്ത് സ്വര്‍ഗപ്രവേശനം സാധ്യമാവുന്ന സത്യവിശ്വാസികള്‍ക്ക് ലഭിക്കപ്പെടുന്ന മംഗളാഭിവാദ്യങ്ങള്‍ നമുക്ക് ലഭിക്കാതെ പോവും എന്ന കാര്യം സഗൗരവം ഓര്‍ക്കണം.

ഇസ്‌ലാമിന്റെ സന്ദേശം ആര്‍ജവത്തോടെ സമൂഹത്തിന് പകര്‍ന്ന് കൊടുക്കാന്‍ കഴിയുന്ന, ഇസ്‌ലാമിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും നാവുകൊണ്ടും പേനകൊണ്ടും വസ്തുനിഷ്ഠമായും പ്രമാണബദ്ധമായും ഉത്തരം പറയാന്‍ കഴിയുന്ന പ്രബോധകന്മാര്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

0
0
0
s2sdefault