പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ഓരോ സത്യവിശ്വാസിയും ദിനേന അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍പതിനേഴ് തവണ'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു' എന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. കൂടാതെ ഐഛിക നമസ്‌കാരങ്ങില്‍ ധാരാളം തവണയും. ഇതിന്റെ ആശയം അല്ലാഹുവിന്ന് മാത്രമെ നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരാന്‍ സാധിക്കുകയുള്ളൂവെന്നും അവന്‍ മാത്രമാണ് പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹനെന്നുമാണ്.

പ്രവാചകന്‍(സ) പറഞ്ഞു:''പ്രാര്‍ഥന, അത് തന്നെയാണ് ആരാധന.''എന്നിട്ട് പ്രവാചകന്‍(സ) ഈ ആയത്ത് ഓതി: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്).

ഇവിടെ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. അതിനാല്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. ആയതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്''(72:18).

പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവനോട് മാത്രം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് തരാത്ത പാപമാണ്. അത് അവനില്‍ പങ്കുചേര്‍ക്കലകണ് അഥവാ ശിര്‍ക്കാണ്. അത് അല്ലാഹുവിന്റെ പ്രവാചകനാവട്ടെ, വലിയ്യാവട്ടെ, ജാറത്തില്‍ കിടക്കുന്ന ഔലിയാക്കളോ, ബീവിമാരോ ആരുമാവട്ടെ അവരോടൊന്നും പ്രാര്‍ഥിക്കാന്‍ പാടില്ല. അത്തരത്തില്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു പറയുന്നു: ''തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്, ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവന്‍ ബഹുദൂരം പിഴച്ച് പോയിരിക്കുന്നു'' (നിസാഅ്:116).

''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപെട്ടിട്ടുള്ളത് ഇതത്രെ, (അല്ലാഹുവിന്ന്) നീ പങ്കാളിയേ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായി പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (സുമര്‍:65).

ശിര്‍ക്ക് ചെയ്താല്‍ പ്രവാചകന്മാര്‍ക്ക് പോലും രക്ഷയില്ല എങ്കില്‍ നമ്മുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ടോ?

 

മരണപ്പെട്ടവര്‍ കേള്‍ക്കുമോ?

 

മരിച്ച് പോയവര്‍പ്രാര്‍ഥന കേള്‍ക്കുമോ? അല്ലാഹു പറയുന്നു: ''നിങ്ങള്‍ അവരോട് പ്രാര്‍ഥന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവിനെ) പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല''(ഫാത്വിര്‍:14).

ഇവിടെ അല്ലാഹു പറയുന്നത് മരിച്ച് മണ്‍മറഞ്ഞ് പോയവര്‍ കേള്‍ക്കില്ലെന്നാണ്. ഇനി വാദത്തിന് കേള്‍ക്കുമെന്ന് സമ്മതിച്ചാല്‍ തന്നെ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയില്ലെന്നും പറയുന്നു. പിന്നെ എന്തിന് നാം ഈ പാഴ്‌വേല ചെയ്യണം? അല്ലാഹു ഉത്തരം തരാം എന്ന് പറയുമ്പോള്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ പോരേ?

പ്രവാചകന്(സ) ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്ന് മുന്‍കഴിഞ്ഞ പ്രവാചകന്മാരെ വിളിച്ചോ, ഔലിയാക്കളെ വിളിച്ചോ,ക്വബ്‌റിന്നരികില്‍ പോയിട്ടോ, ജാറത്തില്‍ പോയിട്ടോ പ്രാര്‍ഥിച്ചതായി കാണുന്നില്ല. മുഹമ്മദ്(സ) മാത്രമല്ല മുന്‍കഴിഞ്ഞ പ്രവാചകന്മാരാരും അങ്ങനെ ചെയ്തിട്ടില്ല. വിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാണാനാവും. അതിലൊന്നും തന്നെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയില്ല. പിന്നെ എന്തിന് നാം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കണം?

പ്രവാചകന്ന് ശേഷം സ്വഹാബികളുടെ ഇടയില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. പ്രവാചകനെ എവിടെ മറമാടണം, ആരാണ് ഖലീഫയാകേണ്ടത്, സിഫ്ഫീന്‍, ജമല്‍ പോലെയുള്ള യുദ്ധങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അപ്പോഴൊന്നും ഒരൊറ്റ സ്വഹാബി പോലും ലോകം കണ്ട ഏറ്റവും വലിയ വലിയ്യായ പ്രവാചകന്റെ ക്വബ്‌റിടത്തില്‍ പോയിട്ടോ അല്ലാതെയോ സഹായം തേടുകയോ പ്രാര്‍ഥിക്കുകയോ ചെയ്തതായി നമുക്ക് കാണാന്‍ സാധ്യമല്ല.

ഒരിക്കല്‍ ഖലീഫയായ ഉമര്‍(റ)ന്റെ കാലത്ത് കടുത്ത വരള്‍ച്ചയുണ്ടായി. ഉമര്‍(റ) അപ്പോള്‍ പ്രവാചകന്റെ ക്വബ്‌റിങ്കല്‍ പോയി സഹായം തേടുകയല്ല ചെയ്തത്, മറിച്ച് അല്ലാഹുവിലേക്ക് ഇരുകരങ്ങളും നീട്ടി മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇത് ഹദീഥില്‍ ഇപ്രകാരം കാണാം:

ഉമര്‍(റ)വിന്റെ കാലത്ത് അവര്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ (മഴ ഇല്ലാതിരുന്നപ്പോള്‍) അവര്‍ ഉമര്‍(റ)വിന്റെയടുത്ത് പോയി പറഞ്ഞു. ഉമര്‍(റ) അവരെയും കൂട്ടി പുറപ്പെട്ട് മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിച്ചു. തന്റെ രണ്ട് കൈകളും മേല്‍പോട്ടുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവേ, പ്രവാചകന്റെ കാലത്ത് ഞങ്ങള്‍ക്ക് ക്ഷാമം പിടിപെട്ടാല്‍ ഞങ്ങള്‍ നബി(സ)യോട് പ്രാര്‍ഥിക്കുവാന്‍ പറയുകയും, അവിടുന്ന് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ആയതിനാല്‍ ഞങ്ങളിതാ പ്രവാചകന്റെ എളാപ്പയായ അബ്ബാസ്(റ)നോട് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുന്നു.' എന്നിട്ട് പറഞ്ഞു: 'അല്ലയോ അബ്ബാസ്! എഴുന്നേല്‍ക്കുക, മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക.'അബ്ബാസ്(റ) എഴുന്നേറ്റ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ജനങ്ങളെല്ലാം തന്നെ ആമീന്‍ പറയുകയും ചെയ്തു. അവര്‍ കരയുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. അവരുടെ മുകളില്‍ കാര്‍മേഘം ഉരുണ്ട് കൂടുകയും മഴ വര്‍ഷിക്കുകയും ചെയ്യുന്നത് വരെ അവര്‍ പ്രാര്‍ഥിച്ചു.

ഒന്നുകൂടി നാം സ്വഹാബികളിലേക്ക് നോക്കുക, അവരാണ് നമ്മെക്കാള്‍ മതത്തില്‍ കൂടുതല്‍ അവഗാഹം നേടിയവര്‍. നബി(സ)യെ നമ്മെക്കാള്‍ കൂടുതല്‍ സേനഹിച്ചവര്‍ അവരാണ്. എന്നാല്‍ അവര്‍ക്ക് ആവശ്യങ്ങള്‍ നേരിട്ടപ്പോഴും പ്രയാസങ്ങളുണ്ടായപ്പോഴും അവരാരും പ്രവാചകന്റെ ക്വബ്‌റിന്നരികില്‍ പോയി അദ്ദേഹത്തെ വിളിച്ച് പ്രാര്‍ഥിച്ചിട്ടില്ല. കാരണം അവര്‍ക്കറിയാമായിരുന്നു മരിച്ചവരോടുള്ള പ്രാര്‍ഥന അനുവദനീയമല്ലായെന്ന്; അത് പ്രവാചകനാകട്ടെ, ഔലിയാക്കളാകട്ടെ, ആരുമാകട്ടെ.

 

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തിയോ?

 

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തി ജാറമാക്കിയിട്ടുണ്ടെന്ന് ചില തല്‍പര കക്ഷികള്‍ പാമരജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. നബി(സ) മരിച്ച സ്ഥലത്ത് തന്നെയാണ് മറമാടപ്പെട്ടതും. ഹദീഥില്‍ വന്നപ്രകാരം പ്രവാചകന്മാര്‍ മരണപ്പെടുന്ന സ്ഥലത്ത്തന്നെ അവരെ മറമാടണം. ക്വബ്‌റിനെ പള്ളിയാക്കാതിരിക്കുവാന്‍ വേണ്ടി ആഇശ(റ)ന്റെ റൂമിലായിരുന്നു നബി(സ)യെ മറമാടിയത്. ഇതാണ് യഥാര്‍ഥ്യം.

ആഇശ(റ)യുടെ ഹദീഥില്‍ നമുക്ക് ഇപ്രകാരം കാണാം: ''നബി(സ) മരിക്കുന്നതിന്റെ തൊട്ട് മുമ്പ് രോഗശയ്യയില്‍ കിടന്ന് പറഞ്ഞു: 'ജൂത-ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകളെ പള്ളികളാക്കിയിരിക്കുന്നു.' ആഇശ(റ) പറയുന്നു: 'ഇത് ഭയപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ നബി(സ)യുടെ ക്വബ്‌റിനെ മറയ്ക്കാതെ തുറന്നിടുമായിരുന്നു'''(ബുഖാരി, മുസ്‌ലിം).

അതെ, നബി(സ)യെ മറമാടിയത് ആഇശാ(റ)യുടെ വീട്ടിലാണ്. ആ വീട് കിഴക്ക് ഭാഗത്ത് പള്ളിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കാലം കടന്ന് പോയി,ജനങ്ങള്‍ വര്‍ധിച്ച് കൊണ്ടേയിരുന്നു. സ്വഹാബികള്‍ പള്ളി പല ഭാഗങ്ങളിലേക്കും വികസിപ്പിച്ചു. ക്വബ്‌റുള്ള ഭാഗം മാത്രം വികസിപ്പിച്ചില്ല. പടിഞ്ഞാറും തെക്കും വടക്കും പള്ളി വികസിപ്പിച്ചു. കിഴക്ക് മാത്രം വികസിപ്പിച്ചില്ല. കാരണം ക്വബ്ര്‍ അവര്‍ക്കതിന് തടസ്സമായിരുന്നു.ഹിജ്‌റ 88 ല്‍ (നബി(സ) മരിച്ച് 77 വര്‍ഷത്തിന് ശേഷം) മദീനയിലുണ്ടായിരുന്ന അധിക സ്വഹാബികളും മരിച്ച് കഴിഞ്ഞതിന് ശേഷം, ഖലീഫ 'വലീദ്ബ്‌നുഅബ്ദുല്‍ മലിക്'പള്ളിയുടെ വികസനത്തിന് വേണ്ടി പള്ളി പൊളിക്കാനും എല്ലാ ഭാഗത്തും പള്ളി വികസിപ്പിക്കാനും നബി(സ)യുടെ ഭാര്യമാരുടെ വീടുകളും പള്ളിയിലേക്ക്കൂട്ടിച്ചേര്‍ക്കാനും കല്‍പിച്ചു. കിഴക്ക് ഭാഗത്ത് വികസിപ്പിച്ചപ്പോള്‍ആഇശ(റ)യുടെ റൂമായിരുന്ന, നബി(സ)യുടെ ക്വബ്‌റുള്ള സ്ഥലവും പള്ളിക്കുള്ളില്‍ വന്നു'' (അര്‍റദ്ദ് അല്‍അഖ്‌നാഇ, പേജ്: 184; മജ്മൂഉല്‍ഫതാവ, വാള്യം 27, പേജ്: 323; താരീഖ് ഇബ്‌നുകഥീര്‍ വാള്യം: 9 പേജ്: 74).

'ഇതാണ് പള്ളിയുടെയും ക്വബ്‌റിന്റെയും അവസ്ഥയും യാഥാര്‍ഥ്യവും.'സ്വഹാബികള്‍ക്ക് ശേഷം സംഭവിച്ച ഒരു കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ട് തെളിവ് പിടിക്കാന്‍ ആര്‍ക്കും തന്നെ ഇസ്‌ലാമില്‍ അധി കാരമില്ല. കാരണം ക്വബ്ര്‍ പള്ളിയില്‍ കുട്ടിച്ചേര്‍ത്തത് ശരിയായ ഹദീഥിനും സലഫുസ്സ്വാലിഹുകളുടെ ചര്യക്കെതിരുമാണ്. 'വലിദ്ബ്‌നു അബ്ദുല്‍ മലികിന് തെറ്റ് സംഭവിച്ചു (അല്ലാഹു അദ്ദേഹത്തിനത് പൊറുത്ത് കൊടുക്കുമാറാവട്ടെ).കാരണം നബി(സ) അത് വിലക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്വഹാബികള്‍ ചെയ്തത് പോലെ ക്വബ്‌റില്ലാത്ത ഭാഗം മാത്രമെ വികസിപ്പിക്കുവാന്‍ പാടുണ്ടായിരുന്നുള്ളൂ. ക്വബ്‌റിന് മുകളിലുള്ള ഖുബ്ബയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അത് നിര്‍മിച്ചത് നബി(സ)യോ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ ആയിരുന്നില്ല. ഹിജ്‌റ 678 ല്‍തുര്‍ക്കീ രാജാക്കന്മാരില്‍ പെട്ട മന്‍സൂര്‍ രാജാവെന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച 'ഖാലവൂന്‍ സ്വാലിഹി' ആണ് ഖുബ്ബ ഉണ്ടാക്കിയത്. (തഹ്ദീറുസ്സാജിദ്- അല്‍ബാനി, പേജ്: 93; സ്വറാഉന്‍ ബൈനല്‍ ഹക്ക്വി വല്‍ ബാത്വില്‍- സഅ്ദ് സ്വാദിഖ്, പേജ്: 106; തത്വ്ഹീറുല്‍ ഇഹ്തിക്വാദ്- പേജ്: 43).

നമ്മുടെ നാട്ടില്‍ ഏറെ അറിയപ്പെടുന്ന പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദും എഴുതിയ, പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ഫത്ഉല്‍ മുഈനില്‍ എഴുതിവെച്ചിട്ടുള്ളത് ക്വബ്ര്‍ ഒരു ചാണിലധികം കെട്ടിപ്പൊക്കാന്‍ പാടില്ല എന്നാണ്. എന്നിട്ടും ഇതിന് വിരുദ്ധമായി ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും ആരാധനാ കേന്ദ്രമാക്കുന്നതും എന്തിനാണെന്ന് ചിന്തിക്കുക. നാം അല്ലാഹുവില്‍ അഭയം പ്രാപിക്കുക. 'സ്വഹീഹ് മുസ്‌ലിമിന്റെ'വിശദീകരണത്തില്‍ ഇമാം നവവി(റഹി) പറയുന്നു: ''ക്വബ്ര്‍ കുമ്മായമിടാനോ, അവിടെ വിളക്ക് കത്തിക്കാനോ പാടില്ല''(ശറഹ് മുസ്‌ലിം).

മുസ്‌ലിം സമൂഹമേ! അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുക. അവനില്‍ പൂര്‍ണമായി വിശ്വസിക്കുക. സലഫുസ്സ്വാലിഹുകളില്‍ ആരെങ്കിലും, നാല് ഇമാമുകളില്‍ പെട്ട ആരെങ്കിലും ക്വബ്ര്‍ കെട്ടിപ്പൊക്കാമെന്നും കുമ്മായം പൂശാമെന്നും പറഞ്ഞതായി തെളിയിക്കാന്‍ സാധ്യമല്ല. ക്വബ്‌റാളികളോട് അവര്‍ ഇസ്തിഗാഥ നടത്തിയതിനും ശുപാര്‍ തേടിയതിനും യാതൊരുതെളിവുമില്ല.

സലഫുസ്സ്വാലിഹുകള്‍ പ്രവാചകന്റെയോ അഹ്‌ലുബൈതിന്റെയോ സ്വഹാബിമാരുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയുടെയോ ക്വബ്‌റിന്നരികില്‍ പോയി തങ്ങളുടെ പ്രയാസങ്ങള്‍ നീക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി ആവശ്യപ്പെട്ടതായി കാണാന്‍ സാധ്യമല്ല. പ്രവാചകന്‍(സ)യെക്കാളും സ്വഹാബികളെക്കാളും വലിയവരാണോ ഇന്ന് വിൡച്ചു തേടപ്പെടുന്ന രിഫാഈ ശൈഖും മുഹ്‌യുദ്ദീന്‍ ശൈഖും മുനമ്പത്തെ ബിവിയും മമ്പുറം തങ്ങളും ഏര്‍വാടി ശൈഖും ഓമാനൂര്‍ ശുഹദാക്കളും മറ്റും..?

 

ക്വബ്ര്‍ സന്ദര്‍ശനം

 

ക്വബ്ര്‍ സിയാറത്ത് സുന്നത്താണ്. പ്രവാചക തിരുമേനി(സ) ക്വബ്ര്‍ സ്വിയാറത്ത് ചെയ്യുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ അതിന്റെ ലക്ഷ്യവും വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്‍(സ) പറയുന്നു: ''നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക. അത് നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്'' (മുസ്‌ലിം).

''ഞാന്‍ നിങ്ങള്‍ക്ക് ആദ്യകാലത്ത് ക്വബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക'' (മുസ്‌ലിം).

നബി(സ) ക്വബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ''വിശ്വാസികളിലും മുസ്‌ലിംകൡലും പെട്ടവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികളാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാണ്. നിങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നവരും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റുന്നവരുമാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു'' (മുസ്‌ലിം).

 

ക്വബ്ര്‍ സന്ദര്‍ശനത്തിന്റെ ഗുണങ്ങള്‍

 

അത് മരണത്തെ ഓര്‍മിപ്പിക്കും. അമിതമായ പ്രതീക്ഷ ഇല്ലാതാക്കും. ദുന്‍യാവില്‍ വിരക്തിയുണ്ടാക്കും. അതിലൂടെ ഹൃദയം ലോലമാവും. ഭയത്താല്‍ കണ്ണീര്‍ പൊഴിക്കാന്‍ കാരണമാകും. അശ്രദ്ധ ഇല്ലാതാവും... എന്നാല്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം മുസ്‌ലിംകളും ക്വബ്ര്‍ സിയാറത്ത് നടത്തുന്നത് എന്തിനാണ്? രോഗശമനത്തിന്, സന്താന സൗഭാഗ്യത്തിന്, കുട്ടികളെ കെട്ടിച്ചയക്കുവാന്‍, ആഗ്രഹ സഫലീകരണത്തിന് തുടങ്ങിയവക്ക്! മരണത്തെ ഓര്‍ക്കുവാന്‍ വേണ്ടി ഇക്കൂട്ടര്‍ ക്വബ്ര്‍ സന്ദര്‍ശിക്കാറുണ്ടോ? പ്രവാചകന്‍(സ) ക്വബ്ര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചിരുന്നോ? കാണിക്ക അര്‍പ്പിച്ചിരുന്നോ?

''അല്ലാഹു തന്റെ ദാസന്ന് മതിയായവനല്ലയോ?'''(സുമര്‍:36).

0
0
0
s2sdefault