പ്രാണവായുവും പാരതന്ത്ര്യവും

ഡോ. സി.എം സാബിര്‍ നവാസ്

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

പ്രപിതാക്കന്‍മാര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം പിടിവിട്ടു പോകാതിരിക്കാന്‍ പുതിയ ഒരു സ്വാതന്ത്ര്യ സമരത്തിന്റെ പാതയെ കുറിച്ച് ഗൗരവപരമായ ആലോചനകള്‍ നടക്കേണ്ട സമയത്താണ് വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയത്.

രാജ്യം ഒന്നടങ്കം സ്വാതന്ത്ര്യസമരത്തില്‍ ഒന്നിച്ചണിചേര്‍ന്നപ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറി നിന്നവരുടെ പാരമ്പര്യമുള്ളവര്‍ ഇന്ന് രാജ്യകിരീടവും ചൂടി കപട രാജ്യസ്‌നേഹത്തിന്റെ കുഴലൂത്തുകാരായി മാറിയ കാഴ്ചയില്‍ കണ്ണുതള്ളി നില്‍ക്കുകയാണ് നാം.

 രാജ്യത്തിന്റെ പരമാധികാരവും പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട തുല്യനീതിയും കാറ്റില്‍ പറത്തി, ജനാധിപത്യ മതേതര ചിഹ്നങ്ങളെ പുച്ഛിച്ചു തള്ളി അധികാരക്കസേരയിലുള്ളവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സ്വാതന്ത്ര്യ പുലരിയില്‍ സന്തോഷം പങ്കിടുന്നതിന് പകരം ലോകത്ത് ഏറ്റവും വലിയ പരമാധികാര രാജ്യം അനര്‍ഹരുടെ കയ്യിലകപ്പെട്ടതിന്റെ ആവലാതികള്‍ പങ്കുവെക്കേണ്ടി വരുന്ന ഗതികേടാണിലാണ് നാമുള്ളത്.

ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ്. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 70 പൈതങ്ങള്‍ക്ക് പ്രാണവായു നിഷേധിച്ച് പരലോകത്തേക്ക് പറഞ്ഞയച്ചവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നുമല്ല, നൂറുകണക്കിന് മനുഷ്യരെ ഗ്യാസ് ചേമ്പറിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന ഹിറ്റ്‌ലറുടെ താവഴി താഴ്മയോടെ തുടര്‍ന്നു വരാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന പ്രഖ്യാപനം കൂടിയാണിത്.

മുസ്‌ലിംകളും ദലിതരുമടക്കമുള്ള പരശ്ശതം പൗരന്‍മാരുടെ ജീവന്‍ എടുത്തു കൊണ്ടാണ് പരിവാര്‍ പ്രതിനിധികള്‍ സ്വാതന്ത്ര്യത്തിന് നേരെ ത്രിശൂലം ഉയര്‍ത്തുന്നത്. ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു നേരെയാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഹിംസയുമായി ഹിന്ദുത്വ ഭീകരര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

പൗരന്‍മാര്‍ക്ക് നേരെ പാരതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരിവാര്‍ ഇന്ത്യന്‍ തെരുവുകളില്‍ തീക്കളി നടത്തുന്നത്. ശക്തമായ ഭരണഘടനയും കരുത്തുറ്റ ഫെഡറല്‍ സംവിധാനവും സ്വന്തമായുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ദുഷ്‌കൃത്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. ബ്രിട്ടീഷുകാരുടെ പീരങ്കികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ധീരദേശാഭിമാനികളായ പിതാക്കന്മാര്‍ നമ്മുടെ ഊര്‍ജമാണെങ്കില്‍ സംഘ്പരിവാര്‍ ഭീഷണിക്ക് മുന്നില്‍ സമചിത്തത കൈവിടാതെ മുന്നേറാന്‍ നമുക്ക് സാധിക്കണം. വികാരത്തള്ളിച്ചയില്‍ വീണ്ടുവിചാരം നഷ്ടപ്പെടുന്നതിന് പകരം വിവേകം മുന്നില്‍ നടക്കുന്ന ബുദ്ധിപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രയോഗവല്‍ക്കരിക്കണം.

ശത്രുക്കള്‍ക്ക് ആത്മവീര്യം തിരിച്ചു കിട്ടാനുതകുന്ന കേവല കലാപരിപാടികള്‍ക്ക് പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബൗദ്ധിക പദ്ധതികള്‍ക്ക് രൂപം നല്‍കണം.

ജാതി മതഭേദങ്ങള്‍ക്കതീതമായി അധിനിവേശ കാലത്ത് രൂപപ്പെട്ടത് പോലുള്ള ശക്തമായ സമരനിര പുനരാനയിക്കേണ്ട കാലമാണിത്.    ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തോളോടു തോളു ചേര്‍ന്ന ശക്തമായ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.

0
0
0
s2sdefault