പിതാവിന്റെ പുനര്‍വിവാഹം ഇഷ്ടപ്പെടാത്ത മക്കള്‍

ഹാരിസ്ബിന്‍ സലീം  

2017 ഏപ്രില്‍ 08 1438 റജബ് 11
മുതിര്‍ന്ന മക്കളുള്ള ഒരാളുടെ ഭാര്യ മരണപ്പെട്ടു. പിന്നീട് അയാള്‍ വിവാഹം കഴിച്ചത് പ്രായം കുറഞ്ഞ എന്നെയാണ്. നിലവിലുള്ള മക്കളോട് ഞാന്‍ എങ്ങനെ പെരുമാറണം? അവര്‍ തിരിച്ച് എന്നോട് പെരുമാണേണ്ടതും എങ്ങനെയാണ്? പരസ്പരം അത്ര ഇഷ്ടമില്ലാതെ ജീവിക്കുന്ന ഇരുകൂട്ടര്‍ക്കുമിടയില്‍ രമ്യതയുണ്ടാക്കാന്‍, പരലോകം നഷ്ടപ്പെടാതിരിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമോ?

നിങ്ങളെ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മക്കള്‍ നിങ്ങള്‍ക്കു മഹ്‌റം (വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍) ആണ്. അല്ലാഹു പറയുന്നു: ''നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്...'' (4:22).

ഈ വചനത്തില്‍ നിന്നും മനസ്സിലാകുന്നത് പിതാവോ പിതാവിന്റെ പിതാവോ വിവാഹം ചെയ്തവരെ മക്കള്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലെന്നതാണ്. ഒരാള്‍ ഒരു സ്ത്രീയെ മതപരമായ നിലയില്‍ വിവാഹം ചെയ്താല്‍, അയാളുടെ മക്കള്‍, മക്കളുടെ മക്കള്‍, പെണ്‍മക്കളുടെ മക്കള്‍ എന്നിവര്‍ക്ക് ആ സ്ത്രീയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. (അല്‍ ഫതാവാ ജാമിഅ്, അശ്ശൈഖ് സ്വാലിഹ് ബ്‌നു ഉസൈമീന്‍). അതുകൊണ്ട് തന്നെ അവരോടൊപ്പം ജീവിക്കുന്നതിനോ പെരുമാറുന്നതിനോ മതപരമായി തടസ്സമില്ല.

എന്നാല്‍ സഹോദരി ഇവിടെ ചില ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിന് ചില പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.

ഒന്ന്: ഭര്‍ത്താവിന്റെ നിലവിലുള്ള മക്കള്‍ മുതിര്‍ന്നവരായതു കൊണ്ട് പ്രായം കുറഞ്ഞ ഒരു സ്ത്രീയെ ഉമ്മയുടെ സ്ഥാനത്ത് കണ്ട് പെരുമാറാന്‍ അവര്‍ക്കുള്ള വിഷമം ഒരുവശത്ത്. ഏകദേശം തന്നോളം പ്രായം വരുന്നവരെ മക്കളെ പോലെ കണ്ട് പെരുമാറാനുള്ള താങ്കളുടെ പ്രയാസം മറുവശത്ത്. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമേ ഇല്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പാകതയും പക്വതയുമെത്തിയവരെ ചെറിയ കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ആവശ്യമെന്ത്? സ്വന്തം ഉമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പോലും മുതിര്‍ന്ന മക്കള്‍ വളരുന്നതിനനുസരിച്ച് അകലമുണ്ടാകും. അതുപോലെ മാത്രമെ ഇവിടെയും വിചാരിക്കേണ്ടതുള്ളൂ. അവരുടെ വസ്ത്രം അലക്കിക്കൊടുക്കുകയോ അവര്‍ താമസിക്കുന്ന മുറി വൃത്തിയാക്കുകയോ ചെയ്യേണ്ട അനിവാര്യതയുണ്ടെങ്കില്‍ ചെയ്യുക. കഴിയുന്നതും അത് അവര്‍ സ്വന്തം നിര്‍വഹിക്കുന്നതാണ് നല്ലത്. വിവാഹിതരാകുന്നതോടൊപ്പം അതെല്ലാം അവരുടെ ഭാര്യമാര്‍ നിര്‍വഹിക്കും. മാത്രവുമല്ല, അവര്‍ അതോടെ പുതിയൊരു കുടുംബമായി മാറുകയും ചെയ്യും.

രണ്ട്: ഈ മുതിര്‍ന്ന മക്കളുടെ കാര്യത്തില്‍ സ്വന്തം മക്കളെപ്പോലെ പെരുമാറാനും പരിചരിക്കാനും സാധിക്കാതെ വന്നാല്‍ പരലോകം നഷ്ടപ്പെടുമല്ലോ എന്നതാണ് സഹോദരിയുടെ ആശങ്ക. ഉപകാരങ്ങളും സേവനങ്ങളും ചെയ്യുന്നതിലുപരി അവരുടെ വീട്ടില്‍ അവര്‍ക്ക് വിഷമകരമായ അവസ്ഥ സൃഷ്ടിക്കുന്ന രൂപത്തില്‍ പെരുമാറാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോരുത്തരോടും അവരവരുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാനേ അല്ലാഹു നിര്‍ദേശിച്ചിട്ടുള്ളൂ. അതിനാല്‍ സാധ്യമല്ലാത്ത കാര്യങ്ങളില്‍ വെറുതെ ആശങ്കപ്പെടേണ്ടതില്ല.

മൂന്ന്: പരസ്പരം ഇഷ്ടമില്ലാതെ ജീവിക്കുന്നവര്‍ക്കിടയില്‍ രമ്യത ഉണ്ടാക്കുവാന്‍ കഴിയാതെ പോകുന്നു എന്നതാണ് മറ്റൊരു ആശങ്ക. പിതാവിന്റെ പുനര്‍ വിവാഹത്തെ മക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇതിന്റെ കാരണം തങ്ങളുടെ മാതാവിന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാവാം. ഇത് സ്വാഭാവികം മാത്രമാണ്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആ സ്ഥാനത്ത് ഞാനാണെങ്കിലും ഒരുപക്ഷേ, ഇതേ നിലപാടായിരിക്കും സ്വീകരിക്കുകഎന്ന് കരുതി സമാധാനിക്കുക.

ചിലരെങ്കിലും പിതാവിന്റെ പുനര്‍ വിവാഹം തങ്ങളുടെ അനന്തര സ്വത്തിനെ ബാധിക്കുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. അത്തരം സ്വാര്‍ഥതകളെ ഒരു നിലക്കും പരിഗണിക്കേണ്ടതില്ല. ഭാര്യയില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ വളരെ പ്രയാസമാണ്. പ്രത്യേകിച്ചും പ്രായമായവര്‍ക്ക്. തങ്ങളടെ ഉമ്മക്ക് ഉപ്പയില്‍ നിന്നും ഇത്രയും നല്ലൊരു ജീവിതം ലഭിച്ചില്ലല്ലോ എന്ന് ചിന്തിക്കുന്നവരും മക്കളിലുണ്ടാകാം. ഇത്തരം മനോഗതികളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ പരിഹാരമില്ല. ക്ഷമിച്ച് പ്രതിഫലം നേടാന്‍ ശ്രമിക്കുക മാത്രമെ വഴിയുള്ളൂ.

തിന്മയെ നന്മ കൊണ്ട് പ്രതിരോധിച്ചാല്‍ ഏതൊരാളും ആത്മ മിത്രമാകും എന്ന ക്വുര്‍ആന്‍ വാക്യം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുക. അല്ലാഹു സഹായിക്കട്ടെ.

0
0
0
s2sdefault