പെരുന്നാള്‍: ആഘോഷവും ആരാധനയും

ആശിഖ് ഷൗക്കത്ത് 

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

ഈദിന്റെ കടന്നുവരവ് വിശ്വാസിയില്‍ സന്തോഷമുളവാക്കുന്നതാണ്. കാരണം ഈദ് മുസ്‌ലിമിന് അല്ലാഹു നിശ്ചയിച്ച ആഘോഷമാണ്. എന്നാല്‍ ആധുനിക സങ്കല്‍പത്തിലെ ആഘോഷത്തില്‍ നിന്നും വളരെ വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്‌ലാമിലെ ആഘോഷം. മനുഷ്യ സൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും ലക്ഷ്യമായി ഇസ്‌ലാം പഠിപ്പിക്കുന്ന 'ആരാധന' (ക്വുര്‍ആന്‍ 51:56) ആഘോഷത്തിലും പ്രകടമാണ്. രണ്ടു മാസം മുമ്പ് ആഘോഷിച്ച ഈദുല്‍ ഫിത്വ്ര്‍ (ചെറിയ പെരുന്നാള്‍) അല്ലാഹു ഏറെ ശ്രേഷ്ഠമായി പ്രഖ്യാപിച്ച റമദാനില്‍ പൂര്‍ണമായി സഹവസിക്കാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദി (ശുക്ര്‍) പ്രകടിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണ്. 
 

ഇനി വരാന്‍ പോകുന്നതാകട്ടെ, വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി നടക്കുന്ന ബലികര്‍മത്തിന്റെ ദിനത്തില്‍ അഥവാ ദുല്‍ഹിജ്ജ പത്തിലുള്ള ആഘോഷമാണ്. ഇബ്‌റാഹീം നബി(സ്വ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(സ്വ)യുടെയുമൊക്ക ത്യാഗസ്മരണകളുമായി കടന്നുവരുന്ന ആഘോഷം. 

ഈദുല്‍ ഫിത്വ്‌റിന് മുന്നോടിയായി, ഫിത്വ്ര്‍ സകാത്ത് നല്‍കി റമദാനില്‍ വന്ന പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അങ്ങനെ ആത്മീയ സംസ്‌കരണം നേടുന്നതോടൊപ്പം സമൂഹത്തോടുള്ള ബാധ്യതകൂടി നിര്‍വഹിക്കപ്പെടുന്നു. അന്നേ ദിവസം ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍. ബലിപെരുന്നാള്‍ ദിവസം ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യാനുള്ള കല്‍പനയിലും ഈ സാമൂഹ്യമാനം പ്രകടമാണ്. 

'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' (മുസ്‌ലിം) എന്ന് പഠിപ്പിച്ച നബി(സ്വ) പെരുന്നാള്‍ ദിനത്തില്‍നമസ്‌കാരത്തിന് മുമ്പായി കുളിക്കുന്നത് പ്രത്യേകം പ്രോത്സാഹിപ്പിച്ചതായി കാണാം. അന്നേ ദിവസം പുതു വസ്ത്രം ധരിക്കുന്നതും പുരുഷന്മാര്‍ സുഗന്ധം പൂശുന്നതും സുന്നത്തായി പഠിപ്പിക്കുന്നുണ്ട്. നബി(സ്വ)ക്ക് ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നു എന്ന് ഇബ്‌നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം. 

എന്നാല്‍ ഇസ്‌ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഉമര്‍(റ) നബി(സ്വ)ക്ക് വേണ്ടി ഇസ്തബ്‌റകിന്റെ (ഒരുതരം പട്ടു വസ്ത്രം) വസ്ത്രം അങ്ങാടിയില്‍ നിന്ന് വാങ്ങി നല്‍കി ഈദിന് ഉപയോഗിക്കാം എന്ന് പറഞ്ഞതായും 'ഈ വസ്ത്രം (സൂക്ഷ്മതയിലും പരലോകത്തിലും) യാതൊരു പങ്കുമില്ലാത്തവരുടെയാണ്' എന്ന് നബി(സ്വ) പ്രതികരിച്ചതായും കാണാം. 

ഈദ് ആഘോഷത്തിന്റെ ഭാഗമായോ അതല്ലാത്ത അവസരത്തിലോ സ്ത്രീകള്‍ വസ്ത്രം ധരിക്കുമ്പോള്‍ തങ്ങളുടെ ഭംഗി 'പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുന്ന' (ക്വുര്‍ആന്‍ 24:31) പരിമിതിയില്‍ നിലനിര്‍ത്തിയായിരിക്കണം. വിനയം, ലജ്ജ തുടങ്ങിയ ഗുണങ്ങള്‍ പ്രകടമാകുന്നതായിരിക്കണം വസ്ത്രധരണ രീതി. പുരുഷനില്‍ നിന്ന് വിഭിന്നമായി പട്ടു വസ്ത്രം സ്ത്രീക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം ഉപയോഗിക്കല്‍ പുറത്തിറങ്ങുമ്പോള്‍ സ്ത്രീക്ക് നിഷിദ്ധമാണ്. 

ധൂര്‍ത്ത്, അഹങ്കാരം, പൊങ്ങച്ചം മുതലായവ പ്രകടിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുവാന്‍ പാടില്ല. വസ്ത്രത്തിന്റെ കാര്യത്തിലും സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. തന്റെ മക്കള്‍ക്ക് മുന്തിയ പുതുവസ്ത്രം വാങ്ങിക്കൊടുക്കുമ്പോള്‍ അയല്‍പക്കത്തുള്ള പാവപ്പെട്ടവന്റെ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് നടക്കുന്ന കുട്ടികള്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കാന്‍ സമ്പന്നനായ മുസ്‌ലിം സന്മനസ്സ് കാണിക്കേണ്ടതുണ്ട്. 

ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരത്തിന് മുമ്പ് എന്തെകിലും ഭക്ഷിക്കല്‍ പ്രവാചക ചര്യയില്‍ പെട്ടതാണ്. എന്നാല്‍ ബലിപെരുന്നാള്‍ ദിനം ഭക്ഷണം കഴിക്കാതെയാണ് റസൂല്‍(സ്വ) ഈദ് നമസ്‌കാരത്തിനായി പോയിരുന്നത്.

തക്ബീറിന്റെ അകമ്പടിയോടു കൂടി നമസ്‌കാരത്തിനായി പുറപ്പെടണം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്‌ബോധനം ശ്രവിക്കലുമാണ് എന്നത് ഇസ്‌ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഉദാത്തമായ കാര്യം നിര്‍വഹിക്കുക വഴി ആഘോഷം എന്ന പൊതു സങ്കല്‍പത്തിന് ഇസ്‌ലാം സവിവേശഷമായ ഒരു മുഖം നല്‍കുകയാണ്. 

നമസ്‌കാര സ്ഥലത്തേക്ക് കുടുംബത്തിലെ എല്ലാവരും കൂടിയാണ് പോകേണ്ടത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ പോലും അതില്‍നിന്ന് ഒഴിവാകേണ്ടതില്ല. പള്ളികളില്‍ വെച്ചല്ല, പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ വെച്ചാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കുക എന്നതിനാല്‍ അവര്‍ക്കത് സാധ്യമാവുകയും ചെയ്യും. ഈദിന്റെ സന്തോഷത്തില്‍നിന്നും ഉദ്‌ബോധനം ശ്രവിക്കുന്നതില്‍ നിന്നും അവര്‍ മാറിനില്‍ക്കേണ്ടതില്ല എന്നര്‍ഥം. നമസ്‌കാര സമയത്ത് അവര്‍ മാറി നിന്നാല്‍ മതി. നബി(സ്വ) അങ്ങനെ നിര്‍ദേശിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മുസ്‌ലിം സമുദായത്തിന്റെ ഐക്യം വിളിച്ചോതുന്നതാണ് പെരുന്നാള്‍ നമസ്‌കാരവും അനുബന്ധ സാമൂഹ്യ ഇടപാടുകളും. പരസ്പരം കാരുണ്യത്തിലും ഗുണകാംക്ഷയിലും വര്‍ത്തിക്കേണ്ടവരാണ് മുസ്‌ലിംകള്‍ എന്ന സന്ദേശമാണ് ഈദ് നല്‍കുന്നത്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ചെയ്യുന്നതിനാല്‍ അത് പ്രതിഫലാര്‍ഹമായ ആരാധനയായി മാറുന്നു. 

ഈദിന്റെ സന്തോഷം കൂടുതല്‍ പേരുമായി പങ്കുവെക്കുവാനും ആശംസകള്‍ കൈമാറുവാനും വേണ്ടി റസൂല്‍(സ്വ) ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. രണ്ടു വഴികള്‍ ഉയിര്‍ത്തെഴുനേല്‍പ്പ് നാളില്‍ വിശ്വാസിക്ക് വേണ്ടി സാക്ഷിപറയും എന്ന ഗുണം കൂടി ഇതുവഴി ലഭിക്കും.  

ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍(സ്വ) പ്രത്യേകം ഓര്‍മപ്പെടുത്തിയ കാര്യമാണ്. തശ്‌രീക്വിന്റെ ദിനങ്ങള്‍ 'ഭക്ഷിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുന്നതിന്റെയും ദിനമാണ്' എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ കാണാം. 

തിന്നുവാനും കുടിക്കുവാനും പറഞ്ഞതിന്റെ കൂടെ അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കാന്‍ ഓര്‍മപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഭക്ഷണത്തിലും പാനീയങ്ങളിലും വിശ്വാസി പാലിക്കേണ്ട മിതത്വം പോലുള്ള നന്മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, അതിലുണ്ടായേക്കാവുന്ന തിന്മകളെക്കുറിച്ചുള്ള താക്കീത്, ഇതെല്ലാം ഇതിലടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാവാം.  ജീവിത ലക്ഷ്യം മറക്കാതെയും അല്ലാഹുവിന്റ നിയമനിര്‍ദേശങ്ങള്‍ക്ക് എതിരാകാതെയുമാകണം വിനോദങ്ങളില്‍ ഏര്‍പടുന്നത്.  കുടുംബനാഥന്‍ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തമുള്ള വ്യക്തി എന്ന നിലയില്‍ അനുവദിക്കപ്പെട്ട വിനോദങ്ങളില്‍നിന്ന് കുടുംബാംഗങ്ങളെ തടഞ്ഞുകൂടാ. നിഷിദ്ധമായതിനെ അയാള്‍ വിലക്കുകയും വേണം. 

ഈദ് ദിനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടികള്‍ പാട്ട് പാടുകയും നബി(സ്വ) അത് കേള്‍ക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ) ആഇശ(റ)യെ പള്ളിയില്‍ നടക്കുന്ന വാള്‍പയറ്റു മത്സരം കാണിച്ചതും പ്രസിദ്ധമാണ്. ഇതേ സംഭവം ഉദ്ധരിക്കുന്ന ഇമാം അഹ്മദ് (മുസ്‌നദ്) നിവേദനത്തിന്റെ അവസാനത്തില്‍ റസൂല്‍(സ്വ)യുടെ വാചകങ്ങള്‍ ഇങ്ങനെയാണ് ഉദ്ധരിക്കുന്നത്: 'നമ്മുടെ മതത്തില്‍ വിനോദമുണ്ടെന്നറിയട്ടെ. തീര്‍ച്ചയായും ഞാന്‍ അയക്കപ്പെട്ടിട്ടുള്ളത് ദയാര്‍ദ്രവും ചൊവ്വായതുമായ മതവുമായിട്ടാണ്.'

സൂക്ഷ്മതയുടെയും ഭൗതിക വിരക്തിയുടെയും പേരില്‍ അനുവദനീയമായ വിനോദങ്ങള്‍ പാടെ നിരാകരിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. വിനോദം അതിയായി ആഗ്രഹിക്കുന്നവര്‍ക്ക് അത് വിലക്കുന്നത് ദോഷമാണ് വരുത്തുക. 

ആഘോഷ ദിനങ്ങളില്‍ ആയാലും അല്ലെങ്കിലും വിനോദങ്ങള്‍ അനുവദനീയമാണെന്ന് വ്യക്തമാകുന്നതോടൊപ്പം അവ അനുവദനീയമാണ് എന്നതിനുള്ള കാരണമായി അവ നല്‍കുന്ന ആനന്ദവും ജീവിതത്തില്‍ അനുഭവിക്കേണ്ട അയവും മതത്തിന്റെ എളുപ്പവുമൊക്കെ കാണാവുന്നതാണ്. വിശ്വാസി ആരാധനകളാല്‍ ക്ഷീണിക്കേണ്ടവനാണ് എന്ന തത്ത്വം കൂടി മുന്നില്‍ വച്ച് കൊണ്ടായിരിക്കണം മുകളില്‍ പറഞ്ഞ ആശയം മനസ്സിലാക്കേണ്ടത്. ആരാധനക്ക് വിഘാതം വരുന്ന രൂപത്തിലാകരുത് വിനോദങ്ങളൊന്നും.  

കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. അതിനെക്കാള്‍ ആനന്ദം നല്‍കുവാന്‍ ഒരു വിനോദത്തിനുമാകില്ല. 

0
0
0
s2sdefault