പെരുമാറ്റത്തിന്റെ രീതിശാസ്ത്രം

അഷ്‌റഫ്‌ എകരൂൽ

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

പാരന്റിംഗിൽ മികവ്‌ തേടുന്ന വിശ്വാസികൾ സ്വായം സാംശീകരിച്ച നിലനിർത്തേണ്ട ഗുണങ്ങളും ശീലങ്ങളുമാണ്‌ നാം കഴിഞ്ഞ ലക്കത്തിൽ വായിച്ചത്‌. മറ്റ്‌ ചിലത്‌ കൂടി നമുക്ക്‌ അതിനോട്‌ ചേർത്ത്‌ വായിക്കാം.

3. രണ്ട്‌ കാര്യങ്ങൾക്കിടയിൽ ഏറ്റവും എളുപ്പമുള്ളത്‌ തെരഞ്ഞെടുക്കാൻ അവകാശം നൽകൽ (പാപകരമായ ഒന്നുമില്ലാത്ത അവസ്ഥയിൽ): അധിക രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്‌. നാം നിർദേശിക്കുകയോ താൽപര്യപ്പെടുകയോ ചെയ്യുന്ന കാര്യം പൂർത്തീകരിക്കാൻ കുറ്റകരമല്ലാത്ത ഒരു ചോയ്സ്‌ മക്കളുടെ അടുത്ത്‌ നിന്ന്‌ വന്നാൽ, നാം അത്‌ അനുവദിക്കുന്നതിലൂടെ മക്കൾക്കു സ്വന്തം അസ്തിത്വം അനുഭവിക്കാൻ സാധിക്കും. `ഞാൻ പറഞ്ഞ പോലെത്തന്നെ` ചെയ്താൽ മതിയെന്ന വാശിയാണ്‌ പലപ്പോഴും രക്ഷിതാക്കളുടെയും മക്കളുടെയും ഇടയിൽ വിടവ്‌ സൃഷ്ടിക്കുന്നത്‌. അതിൽനിന്നാണ്‌ അനുസരണക്കുറവ്‌ ജന്മമെടുക്കുന്നത്‌.

ആഇശ(റ) നബി(സ്വ)യെ കുറിച്ച്‌ പറഞ്ഞു: `രണ്ടു കാര്യങ്ങൾക്കിടയിൽ നബിക്ക്‌ തെരഞ്ഞടുപ്പിന്‌ അവകാശം നൽകപ്പെട്ടാൽ അതിൽ ഏറ്റവും എളുപ്പമുള്ളതാണ്‌ അദ്ദേഹം തെരഞ്ഞെടുക്കുക. അതിൽ കുറ്റകരമായത്‌ ഒന്നുമില്ലെങ്കിൽ...“ (ബുഖാരി, മുസ്ലിം).

ഇത്‌ പാരന്റിംഗിൽ ഒരു ടിപ്സായി എടുത്താൽ അതിന്റെ ഫലം നമുക്ക്‌ അനുഭവിക്കാം. ഒരു ഉദാഹരണം പറയാം: നമ്മുടെ മകനോട്‌ അൽപം അകലെയുള്ള കടയിൽ പോയി ഒരു സാധനം വാങ്ങിക്കൊണ്ടുവരാൻ നാം നിർദേശിക്കുന്നു. ഉടനെ അവൻ `സൈക്കിൾ എടുത്ത്‌ പോകട്ടേ?` എന്ന്‌ ചോദിക്കുന്നു. ഈ സമയം പ്രത്യേകിച്ച്‌ അപകടങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ `വേണ്ട,നടന്നു പോയാൽ മതി` എന്ന്‌ നാം വാശി പിടിക്കതിരുന്നാൽ രണ്ടു ഉപകാരമുണ്ട്‌. ഒന്ന്‌, സമയ ലാഭം. മറ്റൊന്ന്‌ അവന്റെ താൽപര്യത്തെ പരിഗണിച്ചതിൽ അവനുണ്ടാകുന്ന ഒരു മാനസിക ഔന്നിത്യ ബോധം.

4. കാരുണ്യം നിറഞ്ഞ ഹൃദയം: ഏതൊരു രക്ഷിതാവിന്നും അനിവാര്യമായ ഒന്നാണിത്‌. കാരുണ്യത്തിന്റെ നനവുള്ളതാകണം നമ്മുടെ കൽപനകളും തീരുമാനങ്ങളും. അത്‌ മക്കൾക്ക്‌ അനുഭവഭേദ്യമായാൽ നമ്മെ അനുസരിക്കുന്നതിൽ വേഗതയും ആത്മാർഥതയും നാമ്പെടുത്തു തുടങ്ങും. നബി തിരുമേനി(സ്വ)യുടെ കൂടെയുള്ളവർക്ക്‌ അദ്ദേഹത്തിന്റെ ഹൃദയകാരുണ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു.

മാലിക്‌ ബിൻ ഹുവാരിസ്‌ (റ) പറയുകയാണ്‌: `ഞങ്ങൾ സമ പ്രായക്കാരായ ഒരു കൂട്ടം യുവാക്കൾ നബി(സ്വ)യുടെ അടുക്കൽ ചെന്ന്‌ എകദേശം ഇരുപതോളം രാത്രി (പഠിക്കാനായി) താമസിച്ചു. നബി(സ) കാരുണ്യവാനും ദയാലുവുമായിരുന്നു. ഞങ്ങൾക്ക്‌ ഞങ്ങളുടെ കുടുംബത്തിലേക്കെത്താൻ കൊതിയായി തുടങ്ങിയെന്ന്‌ അദ്ദേഹം ഊഹിച്ചെടുത്തു. അദ്ദേഹം ഞങ്ങളോട്‌ ഞങ്ങൾ വിട്ടുപോന്ന കുടുംബത്തെ കുറിച്ച്‌ ചോദിച്ചറിഞ്ഞു. തുടർന്ന്‌ അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു: നിങ്ങൾ വീട്ടിലിലേക്ക്‌ മടങ്ങി അവരോടൊപ്പം താമസിച്ചു കൊള്ളുക. അവരെ പഠിപ്പിക്കുകയും അവരോട്‌ പുണ്യം ചെയ്യുകയും ചെയ്യുക. ഇന്നിന്ന രീതിയിൽ ഇന്നിന്ന സമയങ്ങളിൽ നമസ്കരിക്കുക. സമയമായാൽ നിങ്ങളിൽ ഒരാൾ ബാങ്ക്‌ വിളിക്കുകയും മുതിർന്നവർ നമസ്കാരത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുക“ (ബുഖാരി, മുസ്ലിം).

5. അയവും വഴക്കവും: കുട്ടികളോട്‌ ഇടപെടുമ്പോൾ അൽപം അയവുള്ള സമീപനം വേണം. ഉറച്ച ഒരു ശിലാരൂപ രീതി മുറുകെ പിടിക്കരുത്‌. അയവും വഴക്കവും കൊണ്ടു ഉദ്ദേശിക്കുന്നത്‌, മതം അനുവദിച്ച വിശാലതയിലും അനുവാദങ്ങളിലും നാം സ്വയം വേലി കെട്ടി കുടുസ്സാമാക്കരുതെന്നാണ്‌. ഇബ്നു മസ്ഊദ്‌(റ) പറയുകയാണ്‌: നബി(സ) പറഞ്ഞു: നരകം തടയപ്പെടുന്നവനെ കുറിച്ച്‌ ഞാൻ നിങ്ങൾക്ക്‌ അറിയിച്ചു തരട്ടെയോ? വഴക്കമുള്ള, വിനയമുള്ള, ലാളിത്യമുള്ള, സുമനസ്കരായ എല്ലാവർക്കുമാണ്‌ നരകം തടയപ്പെടുന്നത്‌” (തിർമിദി).

മതത്തിന്റെ അനുവാദ പരിധിയിൽ നിന്നുകൊണ്ട്‌ `മതം പിരിമുറുക്കമല്ലെ`ന്ന അനുഭവത്തിൽ വളർന്നു വലുതാകുന്ന വിശ്വാസികളുടെ തലമുറയെയാണ്‌ നാം ലക്ഷ്യം വെക്കുന്നത്‌.

6. കോപം നിയന്ത്രിക്കുക: ആവർത്തിക്കപ്പെടുന്ന ദേഷ്യപ്പെടലും ഭ്രാന്തമായ വാശിപിടിക്കലും സന്താന പരിപാലനത്തിൽ വിപരീത ഫലമുളവാക്കുന്ന ദുഃസ്വഭാവങ്ങളാണ്‌.നബി(സ) തന്റെ സമുദായത്തെ ആവർത്തിച്ച താക്കീത്‌ നൽകിയ കാര്യമാണിത്‌. സന്താന പരിപാലന ദൗത്യം ഒരു നീണ്ട യാത്രയാണല്ലോ. സുഖകരമാവേണ്ട ഈ യാത്രയിലെ വഴിമുടക്കികളാണ്‌ ഇവ രണ്ടും. തന്റെ അടുക്കൽ ഉപദേശം തേടി വന്ന ഒരു അനുചരനോട്‌ മൂന്ന്‌ പ്രാവശ്യം നബി(സ) ആവർത്തിച്ചത്‌ `നീ കോപിക്കരുത്‌` എന്നാണ്‌ (ബുഖാരി).

നമ്മുടെ ശക്തിയും ധീരതയും അളക്കുന്ന മാനദണ്ഡം കൂടിയാണ്‌ കോപത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവ്‌ എന്നാണല്ലോ നബി(സ) പഠിപ്പിച്ചത്‌. അബൂഹുറയ്‌റ(റ )യിൽ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു ഇപ്രകാരമാണ്‌: `മൽപിടുത്തതിൽ (കീഴ്പെടുത്തുന്നവൻ) അല്ല ശക്തൻ. മറിച്ച,​‍്‌ കോപം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ്‌` (ബുഖാരി).

മക്കളുമായി നിരന്തരം ഇടപെടേണ്ടി വരുന്ന രക്ഷിതാക്കൾ ഇക്കാര്യം എപ്പോഴും ഓർക്കണം.

7. മധ്യമ നിലപാട്‌ കൈവിടാതിരിക്കൽ: ഏതൊരു മേഖലയിലുമെന്ന പോലെ ഇസ്ലാം പഠിപ്പിക്കുന്ന മധ്യമ നിലപാട്‌ സ്വീകരിക്കൽ സന്താന പരിപാലനത്തിലും അത്യാവശ്യമാണ്‌. പാരന്റിംഗിൽ അനിവാര്യമായ ഒരു ഗുണമാണിത്‌. തീവ്രതയും അവഗണനയും ഒരുപോലെ നാശം കൊണ്ടുവരും. അരുതെന്ന്‌ പറയുമ്പോഴും ചെയ്യാൻ കൽപിക്കുമ്പോഴും സ്നേഹം പ്രകടിക്കുമ്പോഴുമെല്ലാം മധ്യമ സമീപനം കാത്തുസൂക്ഷിക്കണം.

പ്രഭാത നമസ്കാരത്തിന്‌ നേതൃത്വം നൽകുന്നയാൾ നമസ്കാരം ദീർഘിപ്പിക്കുന്നതിനാൽ ഞാൻ ഇനി നമസ്കാരത്തിന്‌വൈകിയേ പള്ളിയിൽ വരൂ എന്ന്‌ ഒരു അനുചരൻ പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടുകൊണ്ട്‌ നബി(സ്വ) പറഞ്ഞത്‌ ഇപ്രകാരമാണ്‌: `മനുഷ്യരേ! നിങ്ങളുടെ കൂട്ടത്തിൽ മനുഷ്യരെ വെറുപ്പിച്ച്‌ അകറ്റുന്നവരുണ്ട്‌. നിങ്ങളാരെങ്കിലും നമസ്കാരത്തിന്‌ നേതൃത്വം നൽകുകയാണെങ്കിൽ ഹ്രസ്വമാക്കുക. കാരണം നിങ്ങളുടെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റ്‌ ആവശ്യങ്ങൾ ഉള്ളവരും ഉണ്ടാകും` (ബുഖാരി, മുസ്ലിം).

കുട്ടികളെ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങളിലും അനുവദിക്കുന്ന വിനോദങ്ങളിലും ഊണ്‌, ഉറക്കം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലുമെല്ലാം ഈ നിലപാട്‌ പരിഗണിക്കാൻ നാം മറന്ന്‌ പോകരുത്‌.

0
0
0
s2sdefault