പേര് പരതുമ്പോള്‍...

അശ്‌റഫ് എകരൂല്‍

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ഇസ്‌ലാമിക് പാരന്റിംഗ്: 8

ഒരു കുഞ്ഞ് ജനിച്ചാല്‍ ഏത് രക്ഷിതാവും തേടി നടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല പേര്. ഇസ്‌ലാമിക് പാരന്റിംഗില്‍ പേരിന് പൊരുളും പ്രാധാന്യവും ഉണ്ട്. കുഞ്ഞിന് നല്ല പേരിടുക എന്നത് മതപരമായ നിര്‍ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പേര് അവന്റെ മരണം വരെയും പരലോകത്തും വിളിക്കപ്പെടാനുള്ളതാണ്.

'നല്ല പേര്' എന്നത് മറക്കാവതല്ല. അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നേടത്ത് 'നല്ല നാമങ്ങള്‍' എന്ന പ്രയോഗം കാണാം. ഈ സുന്ദരനാമങ്ങള്‍ ഉപയോഗിച്ചാവണം അവനെ വിളിച്ച് പ്രാര്‍ഥിക്കേണ്ടതെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്. അതിനാല്‍ ആ പേരുകളില്‍ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും'' (7/180).

''നബിയേ; പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏത് തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഉത്കൃഷ്ടനാമങ്ങള്‍'' (17/110).

സകരിയ്യാ നബിൗക്ക് ലഭിച്ച മകന് 'യഹ്‌യ' എന്ന പേര് നല്‍കിയത് അല്ലാഹുവാണെന്ന് മാത്രമല്ല, അതിനെ അല്ലാഹു പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം പേരിടല്‍ ശ്രദ്ധിച്ച് വേണമെന്നതിലേക്കുള്ള സൂചനകളാണ്. അതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരിലായിരിക്കും. ആയതിനാല്‍ നിങ്ങളുടെ പേരുകള്‍ നന്നാക്കുക'' (അബൂദാവൂദ്).

അബ്ദുല്ലാഹ്ബ്‌നു ഉമര്‍(റ) വില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ''നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ലലഹ്, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പേരുകളാണ്.''

ചിലപ്പോള്‍ മാതാപിതാക്കളുടെ അജ്ഞത നിമിത്തമോ അശ്രദ്ധനിമിത്തമോ മോശം പേരുകള്‍ നല്‍കപ്പെട്ടാല്‍ വിവേകമതികളും പണ്ഡിതന്മാരുമായവരുടെ ഇടപെടല്‍ മൂലമോ സ്വയം ബോധ്യത്താലോ അവ മാറ്റാവുന്നതാണ്. പ്രവാചകന്‍ (സ്വ) അപ്രകാരം ചെയ്യാറുണ്ടായിരുന്നതായി ആഇശ(റ) പറഞ്ഞതായി ഇമാം തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍ (റ) പറയുന്നു: ''ഉമര്‍(റ) വിന് 'ധിക്കാരി' എന്ന് അര്‍ഥമുള്ള 'ആസ്വിയ' എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അല്ലാഹുവിന്റെ ദൂതര്‍ അവര്‍ക്ക് 'സുന്ദരി' എന്നര്‍ഥമുള്ള 'ജമീല' എന്ന് പേര് നല്‍കി.''

കുഞ്ഞിന് ലഭിക്കേണ്ട ആദ്യത്തെ ആദരവാണ് അവന്റെ/അവളുടെ പേര്. പ്രവാചകന്മാരുടെയും സച്ചരിതരായ മഹാന്മാരുടെയുമൊക്കെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകമാണ്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ''ഇന്ന് രാത്രിയില്‍ എനിക്ക് ഒരു മകന്‍ ജനിച്ചു. ഞാനവന് എന്റെ (പൂര്‍വ) പിതാവായ ഇബ്‌റാഹീമിന്റെ പേര് നല്‍കി'' (മുസ്‌ലിം).

മുസ്‌ലിംകള്‍ക്കിടയില്‍ മുഹമ്മദ് എന്ന് പേരിടുന്നതിലുള്ള താല്‍പര്യം ഒരു പക്ഷേ, ഈ വികാരത്തില്‍ നിന്നുണ്ടായതാവണം. മുഹമ്മദ് നബി(സ്വ)യുടെ പേരിടുന്നതും പ്രവാചകന്‍(സ്വ)യുടെ വിളിപ്പേരായ അബുല്‍ക്വാസിം എന്ന് വിളിക്കുന്നതും പ്രവാചകനോടുള്ള അനാദരവാകുമോ എന്ന് സ്വഹാബിമാര്‍ ഭയപ്പെട്ടിരുന്നു. ഒരിക്കല്‍ ജാബിര്‍(റ) പറഞ്ഞു: ''ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും മുഹമ്മദ് എന്ന് പേരു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു: 'നിന്നെ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പേര് പറഞ്ഞ് വിളിക്കില്ല.' (മുഹമ്മദ് എന്ന് ഒറ്റക്ക് വിളിക്കുന്നത് ഒരു അനാദരവായി അവര്‍ കണ്ടു. അവര്‍ പ്രവാചകരേ, ദൈവദൂതരേ എന്നൊക്കെയാണ് നബിയെ അഭിസംബോധന ചെയ്തിരുന്നത്). അപ്പോള്‍ അദ്ദേഹം കുട്ടിയെയും എടുത്തുകൊണ്ട് നബിസന്നിധിയില്‍ വന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. അപ്പോള്‍ എന്റെ ജനത പറയുന്നു, അല്ലാഹുവിന്റെ ദൂതരുടെ പേര് വെച്ച് നിന്നെ ഞങ്ങള്‍ വിളിക്കില്ല എന്ന്.' അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: 'എന്റെ പേര് കൊണ്ട് നിങ്ങള്‍ പേരിടുക. എന്റെ വിളിപ്പേര് നല്‍കാതിരിക്കുകയും ചെയ്യുക (അബുല്‍ക്വാസിം). തീര്‍ച്ചയായും ഞാന്‍ വീതംവെക്കുന്നവന്‍ (ക്വാസിം) ആണ്. നിങ്ങള്‍ക്ക് ഞാന്‍ വീതിച്ച് നല്‍കുന്നു'' (മുസ്‌ലിം).

ഒരു കുഞ്ഞിന് ജനിച്ച ഉടനെ തന്നെ പേര് നല്‍കാവുന്നതാണ്. എന്നാല്‍ ഏഴാം നാളില്‍ പേരിടുന്നതാണ് ഉത്തമം. നബി(സ്വ) മകന്‍ ഇബ്‌റാഹീമിന് പേരിട്ടത് ജനിച്ച അതേ രാത്രിയില്‍ തന്നെയാണ്. ഏഴാം നാളില്‍ പേര് നല്‍കണമെന്ന നബി വചനങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത് പേര് പരമാവധി നേരത്തെ നല്‍കുകയാണ് ഉത്തമമെന്നും മുടിയെടുക്കുകയും അക്വീക്വ അറുക്കുകയും ചെയ്യുന്ന ദിവസം പേരിടല്‍ കൂടി നടക്കേണ്ടതുണ്ടെന്നുമാണ്.

ചില പേരുകളെ ഇസ്‌ലാം നിഷിദ്ധവും വെറുക്കപ്പെട്ടതും ആക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരുടെ അടിമ, ദാസന്‍ എന്നര്‍ഥം വരുന്ന പേരുകള്‍ നബി(സ്വ) മാറ്റിയിട്ടുണ്ട്. ഒരിക്കല്‍ അബ്ദുല്‍ ഹജര്‍ എന്നുപേരുള്ള ഒരു വ്യക്തി നബിയുടെ അടുക്കല്‍ വരികയും പേര് ചോദിച്ചപ്പോള്‍ അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍) എന്ന് മറപടി പറയുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'താങ്കള്‍ അബ്ദുല്ലയാണ്' (അദബുല്‍ മുഫ്‌റദ്). സത്യത്തില്‍ അബ്ദുല്‍ മനാഫ്, അബ്ദുല്‍ മുത്ത്വലിബ് തുടങ്ങി അല്ലാഹുവിന്റെ നാമവിശേഷണങ്ങളല്ലാത്തതിലേക്ക് അബ്ദ് (അടിമ) എന്ന പദം ചേര്‍ത്ത പേരുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത് പേരിടുമ്പോള്‍ സൂക്ഷ്മത കാണിക്കാത്തിനാലാണ്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പേരുകള്‍ സ്വീകരിക്കുന്നതും തെറ്റാണ്. നബി(സ്വ) പറഞ്ഞു: ''അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും അപകടകരമായ പേര് ഒരാള്‍ രാജാക്കന്മാരുടെ രാജാവ് എന്ന് പേരിടലാണ്'' (മുസ്‌ലിം).

ഇന്റര്‍നെറ്റില്‍ പരതി ചില അക്ഷരങ്ങളുടെ കൂട്ടായ്മയില്‍, അധികമറിയപ്പെടാത്ത ഒന്ന് രണ്ട് പദങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ അര്‍ഥം തേടിപ്പിടിക്കാന്‍ ഉസ്താദുമാരെ ഏല്‍പിച്ച് സായൂജ്യമടയുന്നവരാണിന്ന് വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ പോലും. പലപ്പോഴും അതാത് കാലത്തെ കളിരംഗത്തോ, കലാരംഗത്തോ, ഫാഷന്‍ രംഗത്തോ ചായക്കോപ്പയിലെ ആവിയുടെ ആയുസ്സില്‍ പ്രശസ്തരായവരുടെ മുറിപ്പേരുകള്‍ ചാര്‍ത്തി നല്‍കുന്നു. ആണെന്നോ പെണ്ണെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പേരുകള്‍! നല്ല ഗൃഹപാഠം ചെയ്ത് തിരഞ്ഞെടുക്കേണ്ട ദൗത്യമാണ് പേരിടല്‍ എന്നതാണ് പ്രവാചകാധ്യാപനങ്ങള്‍ മുസ്‌ലിമിനെ പഠിപ്പിക്കുന്നത്.

മക്കളുടെ പേരുകള്‍ പിതാവിന്റെ പേരിലേക്ക് ചേര്‍ത്തു വിളിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭാര്യയുടെ പേരിലേക്ക് ഭര്‍ത്താവിന്റെ പേര് ചേര്‍ത്തു വിളിക്കുന്ന പതിവാണ് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത്. സ്വാബിറ നൗഷാദ് എന്ന പേര് കണ്ടാല്‍ നൗഷാദിന്റെ ഭാര്യയെന്ന് ഉറപ്പ്. എന്നാല്‍ സ്വാബിറയുടെ പിതാവിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ സ്വാബിറ മുഹമ്മദ് അഥവാ സ്വാബിറ ബിന്‍ത് മുഹമ്മദ് എന്നാണ് വിളിക്കേണ്ടത്. ദത്ത് പുത്രന്മാരെപ്പോലും അവരുടെ പിതാക്കന്മാരിലേക്ക് ചേര്‍ത്ത് വിളിക്കണമെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അപ്പോള്‍ സ്വന്തം മക്കളെയോ? അല്ലാഹു പറയുന്നു: ''നിങ്ങള്‍ അവരെ (ദത്ത് പുത്രന്മാരെ) അവരുടെ പിതാക്കന്മാരിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ നീതിപൂര്‍വകമായിട്ടുള്ളത്'' (അല്‍അഹ്‌സാബ്: 5).

പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സ്വന്തം നാടുവിട്ട് ലോകത്തെവിടെയും പോയി ജീവിക്കുന്ന സാഹചര്യം വര്‍ധിച്ച് വരുന്ന ഇന്ന് പേരിന്റെ കൂടെ വീട്ടുപേര് ചേര്‍ക്കുന്നത് വലിയ പ്രയോജനം ചെയ്യില്ല. പിതാവിന്റെ പേര് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമം. വ്യക്തിയുടെ യഥാര്‍ഥ പേര്, പിതാവിന്റെ പേര്, കുടുംബ പേര്/വല്ല്യുപ്പയുടെ പേര്... എന്നിങ്ങനെയാണ് ലോകത്ത് പൊതുവെ പേരുകള്‍ ചേര്‍ക്കപ്പെടുന്നത്. ഒന്നിലധികം പേരുകള്‍ കണ്ടാല്‍തന്നെ അത് മനസ്സിലാക്കപ്പെടുന്നത് ഈ ക്രമത്തിലാണെന്ന് കൂടി നാം അറിയണം. പ്രത്യേകിച്ച് അറബ് ലോകത്ത്. ഉദാഹരണത്തിന് എന്റെ ഒരു കുട്ടിയുടെ പേര് ആമിര്‍ എന്നാണ്. അവന്റെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ മുഴുവന്‍ റിക്കോര്‍ഡുകളിലും ആമിര്‍ മുഹമ്മദ് അഷ്‌റഫ് എന്നാണ്. എന്നാല്‍ എന്റെ പേര് റിക്കാര്‍ഡിലുള്ളത് മുഹമ്മദ് അഷ്‌റഫ് തയ്യുള്ളതില്‍ എന്നാണ്. ഈ തയ്യുള്ളതില്‍ എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രയാസം എന്റെ മക്കള്‍ക്കുണ്ടാവില്ലെന്നര്‍ഥം.

ഇതര ഭാഷയിലെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ അര്‍ഥവ്യത്യാസം വരാന്‍ സാധ്യതയില്ലാത്തതാകണം. ഉദാഹരണം, ഫള്‌ലുര്‍റഹ്മാന്‍ എന്ന് നാം പേരിടാറുണ്ട്. കാരുണ്യവാന്റെ ഔദാര്യം എന്നാണര്‍ഥം. ഈ അറബി നാമം മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം പലപ്പോഴും എഴുതുകയും പറയുകയും ചെയ്യുന്നത് ഫസ്‌ലുര്‍റഹ്മാന്‍ എന്നാണ്. ഫസ്വ്ല്‍ എന്നാല്‍ വേര്‍പെടുത്തുക എന്നാണര്‍ഥം. അപ്പോള്‍ കാരുണ്യവാന്റെ വേര്‍പെടുത്തല്‍ എന്നാവും. ഇങ്ങനെ മാറാന്‍ സാധ്യതയുള്ള പേരുകള്‍ ഒഴിവാക്കണം.

മൂത്ത ആണ്‍കുട്ടിയുടെ പേര് ചേര്‍ത്ത് പിതാവിനെ വിളിക്കുന്ന സമ്പ്രദായം പലസമൂഹങ്ങളിലും പണ്ടുമുതലേ നിലവിലുണ്ട്. അതനുസരിച്ച് നബി(സ്വ)യെ അബുല്‍ ക്വാസിം എന്നായിരുന്നവല്ലോ വിളിച്ചിരുന്നത്. ഇത് പ്രവാചകന്‍ വിലക്കിയില്ലെന്ന് മാത്രമല്ല, ഒരിക്കല്‍ ആഇശ(റ) നബി(സ്വ)യോട് പറഞ്ഞു: ''ഞാനല്ലാത്ത താങ്കളുടെ എല്ലാ ഭാര്യമാര്‍ക്കും താങ്കള്‍ കുന്‍യത്ത് (വിളിപ്പേര്) നല്‍കി.'' അപ്പോള്‍ നബി (സ്വ) പറഞ്ഞു: ''നീ ഉമ്മു അബ്ദില്ലയാണ്'' (ഇബ്‌നുമാജ). ആദരവായും പുകഴ്ത്തലായും വിളിപ്പേര് നല്‍കാറുണ്ട്. ഉദാഹരണത്തിന് നബി(സ്വ) അബൂബക്കര്‍(റ) വിന് 'സ്വിദ്ദീക്വ്' (സത്യപ്പെടുത്തുന്നവന്‍) എന്ന അധികപ്പേര് നല്‍കി. അതുപോലെ ഓമനപ്പേര് വിളിക്കാവുന്നതാണ്. നബി(സ്വ) കുട്ടികളെ അങ്ങനെ വിളിക്കാറുണ്ടായിരുന്നു.

കുഞ്ഞിന് പേരിടല്‍ നിസ്സാരമായി എടുക്കേണ്ട ഒരു വിഷയമല്ല എന്ന് ചുരുക്കം. മരണം വരെയും മരണാനന്തരം പരലോകത്തും ഒരു മനുഷ്യനെ വിട്ടുപിരിയാത്ത ഒന്നാണ് അവന്റെ പേര്. അതിനാല്‍ തന്നെ സ്രഷ്ടാവിന്റെ ദൈവികദര്‍ശനത്തിന്റെ വെളിച്ചത്തിലാവണം ഒരു മുസ്‌ലിം കുഞ്ഞിന്റെ പേര് പരതുന്നത്.

0
0
0
s2sdefault