പെണ്‍കുട്ടികളുള്ള മാതാപിതാക്കളറിയാന്‍

ഹാഷിം കാക്കയങ്ങാട്

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

(കുടുംബം: അപചയവും പ്രതിവിധിയും: 2)

ആണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം വിശദീകരിച്ചു. പെണ്‍മക്കളുടെ സഞ്ചാരമാകട്ടെ അതിലേറെ അപകടം പിടിച്ച വഴിയിലൂടെയാണ്. അതില്‍ ഏറ്റവും ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത് പ്രേമം തന്നെയാണ്. തങ്ങളാരാണെന്നും തങ്ങളൂടെ ജീവിത ലക്ഷ്യമെന്താണെന്നും മാതാപിതാക്കളും സമൂഹവും തങ്ങൡലര്‍പ്പിച്ച പ്രതീക്ഷകള്‍ എത്ര മാത്രമാണെന്നുമൊക്കെ അവര്‍ മറന്ന് പോകുന്നു. സ്ഥിരമായി പോകുന്ന ബസ്സിലെ ജീവനക്കാരനെ മുതല്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന സഹപാഠിയെ വരെ അവര്‍ പ്രേമിക്കുന്നു. പ്രേമിക്കുന്നവരുടെ മതവും പ്രായവുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. കൊച്ച് കൊച്ച് വര്‍ത്തമാനങ്ങളില്‍ തുടങ്ങി അവസാനം വേര്‍പിരിയാനാവാത്ത വിധം സകലതും കൈമാറിക്കഴിഞ്ഞ ശേഷമാണ് പലപ്പോഴും ഇതിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലാവുക. വീട്ടുകാരാവട്ടെ പലപ്പോഴും പ്രായോഗിക വഴികള്‍ സ്വീകരിക്കുന്നതിന് പകരം സംഭവം മൂടിവച്ച് നാണക്കേടില്‍ നിന്നൊഴിവാകാന്‍ സ്വീകരിക്കുന്ന കുറുക്ക് വഴികള്‍ കുട്ടിയെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിലേക്കെത്തിക്കുകയും ചെയ്യുന്നു. പിന്‍മാറിയാല്‍ സകലതും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണി കാരണം കല്യാണത്തിന് നിര്‍ബന്ധിതരാകുന്ന കുട്ടികളുമുണ്ട്. അവസാനം കോടതി മുറികളിലെ പൊട്ടിക്കരച്ചിലുകള്‍ക്കും മാതാപിതാക്കളുടെ നെഞ്ച് തകര്‍ന്നുള്ള നിലവിളികള്‍ക്കും യാതൊരു വിലയും കല്‍പിക്കാതെ ഇന്നലെ പരിചയപ്പെട്ടവന്റെ കൂടെ അവള്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്നു. 

ആരാണ് കുറ്റക്കാര്‍?

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും  കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ നമ്മെ നിരന്തരം ഉണര്‍ത്തുന്നുണ്ട്. കത്തിയാളുന്ന നരകശിക്ഷയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ നാം പണിയെടുക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക...'' (ക്വുര്‍ആന്‍ 66:6).

ഇവിടെ ചെയ്യേണ്ടത് ഇവിടെ വച്ച് തന്നെ ചെയ്യണം. പിന്നീടുള്ള വിലാപങ്ങള്‍ വ്യര്‍ഥമായിരിക്കും എന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.

മക്കളുടെ അപഥ സഞ്ചാരത്തില്‍ പലപ്പോഴും രക്ഷിതാക്കള്‍ തന്നെയാണ് ഒന്നാം പ്രതികള്‍ എന്ന് കാണാന്‍ കഴിയും. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായി ഇടപെടല്‍ നടത്തേണ്ടവരാണ് രക്ഷിതാക്കള്‍. 20 വയസ്സാകുമ്പോഴല്ല, ചെറുപ്പത്തില്‍ തന്നെ തുടങ്ങണം ഈ ഇടപെടല്‍. അവന്റെയും അവളുടെയും ഹൃദയത്തില്‍ അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ മാതാപിതാക്കളെക്കാള്‍ വലുതായി ഒരു സൃഷ്ടിയുമില്ല എന്ന ഉറപ്പ് നമുക്കുണ്ടാക്കാന്‍ സാധിക്കണം. അതിന് വേണ്ടത് കൃത്യമായ വഴി കാണിച്ച് കൊടുക്കലാണ്. ധര്‍മവും അധര്‍മവും നന്മയും തിന്മയുമൊക്കെ കുട്ടിക്ക് കൃത്യമായി പറഞ്ഞ് കൊടുക്കണം. മാതാപിതാക്കള്‍ കാണാമറയത്താണെങ്കിലും സദാസമയവും നമ്മെ നിരീക്ഷിക്കുന്ന സ്രഷ്ടാവുണ്ടെന്ന ബോധം ചെറുപ്പത്തിലേ അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. ഇഹലോകജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ക്കപ്പുറം ശാശ്വതമായ സ്വര്‍ഗീയ ഭവനമാണ് നമ്മുടെ മുഖ്യ ലക്ഷ്യമെന്ന് അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. നിഷിദ്ധമായ ഒരു നോട്ടമോ ചലനമോ സംസാരമോ പോലും ഏറ്റവും വലിയ പാപങ്ങളില്‍ പെട്ട വ്യഭിചാരത്തിന്റെ കൂട്ടത്തിലാണ് പ്രവാചകര്‍(സ്വ) എണ്ണിയിട്ടുള്ളതെന്ന് അവര്‍ക്ക് പഠിപ്പിക്കണം. ലുക്വ്മാന്‍ൗ തന്റെ മകന് കൊടുത്ത ഉപദേശങ്ങളുടെ പ്രസക്തി അവരുടെ മനസ്സകങ്ങളില്‍ ഒരു ജ്വാലയായി കത്തിച്ച് വെക്കണം. അതോടൊപ്പം തങ്ങളുടെ ഏത് കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയുന്ന രീതിയില്‍ ഒരാത്മബന്ധം മക്കളും മാതാപിതാക്കളും തമ്മിലുണ്ടായിരിക്കണം.

നമ്മളില്‍ ചിലര്‍ ചെയ്യുന്നതോ?! 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എത്ര സമയവും പണവും ചെലവഴിക്കാന്‍ യാതൊരു മടിയുമില്ലാത്ത നമ്മള്‍ ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂറെങ്കിലും അവരെ ധാര്‍മികവിദ്യ നുകരുന്നതിന് വിട്ട് തരണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നൂറുകൂട്ടം ഒഴിവ് കഴിവുകള്‍ പറഞ്ഞ് അതിനെ മുടക്കും. സ്റ്റഡി ടൂറെന്ന പേരില്‍ പ്രായപൂര്‍ത്തിയായ ആണും പെണ്ണുമടങ്ങുന്ന ടീമില്‍ ഒന്നും രണ്ടും ദിവസം നീണ്ട്  നില്‍ക്കുന്ന വിനോദയാത്രക്ക് മക്കളെ പറഞ്ഞയക്കുമ്പോഴും പലരും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കുന്നേയില്ല.

കുട്ടികളുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നോ കലാലയങ്ങളില്‍ അവരുടെ പെരുമാറ്റമെങ്ങനെയാണെന്നോ നാം അന്വേഷിക്കാറുണ്ടോ? സ്‌പെഷ്യല്‍ ക്ലാസുകളുടെ പേര് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടി ക്ലാസിന് തന്നെയാണോ പോയിട്ടുള്ളത് എന്ന് ഒരിക്കലെങ്കിലും വിളിച്ച് ചോദിച്ചിട്ടുണ്ടോ നമ്മള്‍? 

വില കൂടിയ മൊബൈല്‍ ഫോണും അതില്‍ നെറ്റ് കണക്ഷനും ഉപയോഗിക്കാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുത്ത് സകല വൃത്തികേടുകളുടെയും വാതില്‍ മക്കള്‍ക്ക് തുറന്ന് കൊടുക്കുന്നവര്‍ പിന്നീട് വിലപിച്ചിട്ട് ഒരു കാര്യവുമുണ്ടാവുകയില്ല. പുതപ്പിനടിയില്‍ ചുരുണ്ട് കൂടി രാത്രി പുലരുവോളം തീര്‍ത്തും അന്യരും നിഷിദ്ധരുമായ ആള്‍ക്കാരുമായി നമ്മുടെ മക്കള്‍ ചാറ്റിംഗ് നടത്തുന്നത് നാമറിയുന്നേയില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അതിന് കടിഞ്ഞാണിടാന്‍ പലപ്പോഴും നാം അശക്തരായിരിക്കും. അത്രത്തോളം ലാളിച്ച് വഷളാക്കിയിട്ടുണ്ടാകും നാമവരെ!

പെണ്‍മക്കളുടെ വസ്ത്രധാരണവും അവരുടെ അപചയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. ഇസ്‌ലാം കര്‍ശനമായി വിലക്കിയ രീതിയിലുള്ള ഇറുകിയതും ശരീരത്തിന്റെ നിമ്‌നോന്നതികള്‍ എടുത്ത് കാണിക്കുന്നതുമായ വസ്ത്രം അവര്‍ക്കെടുത്ത് കൊടുക്കുന്ന രക്ഷിതാക്കള്‍ ശാശ്വത നരകത്തിലേക്കാണ് അവരെ തള്ളിയിടുന്നതെന്ന കാര്യം ഗൗരവമായ ചിന്തകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. വസ്ത്രം ധരിച്ചിട്ടും നഗ്‌നകളാണെന്നും സ്വര്‍ഗത്തിന്റെ വാസന പോലും അവര്‍ക്ക് നിഷിദ്ധമാണെന്നും പ്രവാചകന്‍(സ്വ) മുന്നറിയിപ്പ് നല്‍കിയ വിഭാഗത്തില്‍ നമ്മുടെ മക്കളും പെട്ട് പോകുമോ എന്ന് നാം ഭയപ്പെടേണ്ടതുണ്ട് . ആരാധനകളുടെ കാര്യത്തില്‍ കണിശ സ്വഭാവം പുലര്‍ത്തുന്ന പലരും ഈ മേഖലയില്‍ പരാജയപ്പെടുന്നു എന്നത് ഒരു വലിയ ദുരന്തം തന്നെയാണ്.

തന്നെ മക്കളുടെ പിടിവിട്ട പോക്ക് നിയന്ത്രിക്കുവാന്‍ ഒറ്റമൂലിയൊന്നുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടായേ തീരൂ. ആണായാലും പെണ്ണായാലും അവരെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തുക തന്നെയാണ് അവരെ നമ്മുടേതാക്കി മാറ്റുവാനുള്ള ഏക പോംവഴി. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട അകലം കൃത്യമായി പാലിക്കുവാന്‍ മക്കളെ പരിശീലിപ്പിക്കുക. സംസാരം, നോട്ടം, പെരുമാറ്റം തുടങ്ങിയവയിലൂടെയൊന്നും ഒരാള്‍ക്കും തന്റെ രഹസ്യ ജീവിതത്തിലേക്ക് കടന്ന് വരാനുള്ള  ഒരു പഴുതും കൊടുക്കാതിരിക്കാന്‍ അവരെ പ്രാപ്തരാക്കുക. അതോടൊപ്പം മക്കളെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുക. മറ്റുള്ളവരുടെ മക്കളുടെ നൂറ് കൂട്ടം ന്യൂനതകള്‍ കണ്ടെത്തി അത് പരസ്യപ്പെടുത്തുന്നതില്‍ പ്രത്യേക ഹരം കണ്ടെത്തുന്നവര്‍ സ്വന്തം മക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്നു. അവസാനം വേലി പൊട്ടിച്ച് മക്കള്‍ പുറത്ത് ചാടുമ്പോഴായിരിക്കും അവര്‍ക്ക് ബോധം വരിക. ഈയൊരവസ്ഥയില്‍ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. 

0
0
0
s2sdefault