പീഡനമുക്ത കേരളം ഒരു സമസ്യയോ?

സുഫ്‌യാന്‍ അബ്ദുസ്സലാം 

2017 ഏപ്രില്‍ 08 1438 റജബ് 11

കേരളം ലൈംഗിക അരാജകത്വങ്ങളുടെയും വൈകൃതങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ആഴ്ചകളായി മീഡിയകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വീടുകളുടെ സ്വീകരണ മുറികളിലും കോലായകൡലും വെക്കുവാന്‍ സാധിക്കാത്ത വിധത്തിലുള്ള ഉള്ളടക്കങ്ങളുമായിട്ടാണ് ഓരോ ദിവസവും അച്ചടി ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തുന്നത്. 'പീഡന'മെന്ന ഓമനപ്പേരുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന നിറപ്പകിട്ടുകളെക്കാളേറെ ഗൗരവതരമായ തലങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ പൊതുസമൂഹവും ഭരണസംവിധാനങ്ങളും ശ്രമിക്കുന്നില്ല എന്നതാണ് ഏറെ സങ്കടകരം. സമൂഹത്തിന് ദിശാബോധം നല്‍കേണ്ട മത-രാഷ്ട്രീയ മേലാളന്മാരില്‍ പലരും ഇത്തരം പീഡനങ്ങളിലെ താരങ്ങളായി മാറുകയും വേലി തന്നെ വിള തിന്നുകയും ചെയ്യുന്ന സാഹചര്യം വളരെ ആശങ്കാജനകമാണ്.

തങ്ങളുടെ മാധ്യമങ്ങളുടെ 'റേറ്റ്' കൂട്ടുന്നതിന് വേണ്ടി മാത്രം മലയാളിയിലെ പൈങ്കിളി ബോധമണ്ഡലങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് മാധ്യമ മുതലാളിമാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള ലക്ഷ്യബോധമില്ലാത്ത പരമ്പരകളും തുടര്‍ക്കഥകളും സ്വയം മെനഞ്ഞുണ്ടാക്കുന്ന ഹണിട്രാപ്പും സ്റ്റിംഗ് ഓപ്പറേഷനും ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട മാനസികരോഗങ്ങളെ വര്‍ധിപ്പിക്കുകയും നിഷിദ്ധമായ ലൈംഗികതയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്യാനാണ് ഇത്തരം മാധ്യമവിക്രിയകള്‍ കാരണമാകുന്നത്.

മനുഷ്യന്റെ പ്രകൃതിപരവും സഹജവുമായ ലൈംഗികതയെ അനുവദിക്കപ്പെട്ട അളവില്‍ നിയന്ത്രിച്ചു നിര്‍ത്തി അച്ചടക്കം പാലിക്കുവാന്‍ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തേണ്ടതുണ്ട്. ഇവിടെയാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ പ്രസക്തമാവുന്നത്. മനുഷ്യന്റെ വികാര വിചാരങ്ങളെയും പ്രകൃതിഗുണങ്ങളെയും ഇച്ഛകളെയും ആസക്തികളെയും കുറിച്ച് വളരെ വ്യക്തമായി അറിയുന്നത് അവന്റെ സ്രഷ്ടാവിന് മാത്രമാണ്. ഈ വികാരവിചാരങ്ങളെയും ആസക്തികളെയുമെല്ലാം വിവാഹമെന്ന പവിത്രമായ ബന്ധത്തിലൂടെയാണ് ശമിപ്പിക്കേണ്ടത് എന്ന ദൈവികമായ നിര്‍ദേശം പാലിക്കുക മാത്രമാണ് വഴിവിട്ട ലൈംഗിക വൈകൃതങ്ങളെയും പീഡനങ്ങളെയും തടഞ്ഞുനിര്‍ത്താനുള്ള ഏക മാര്‍ഗം. മുഹമ്മദ് നബി(സ്വ) പറഞ്ഞു: ''യുവസമൂഹമേ, നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. എന്തെന്നാല്‍ അത് ദൃഷ്ടികളെ താഴ്ത്താനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുവാനും സഹായിക്കും. അതിനു സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം നോമ്പ് അവന് ഒരു നിയന്ത്രണമാണ്.'' (ബുഖാരി, മുസ്‌ലിം). വിവാഹം കഴിക്കാതെ കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നത് കുറ്റകരമാണ്. ബ്രഹ്മചാരിയായി ജീവിക്കുന്നത് മനുഷ്യപ്രകൃതിക്ക് വിരുദ്ധവുമാണ്. ഒരു ബ്രഹ്മചാരിക്കും അവന്റെ ലൈംഗികതൃഷ്ണകളെ പൂര്‍ണമായ അളവില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കില്ല.

ബ്രഹ്മചര്യത്തെ മതത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും അതിന് പൗരോഹിത്യത്തിന്റെ മേലങ്കി അണിയിക്കുകയും ചെയ്യുകയാണ് മതത്തെ ചൂഷണോപാധിയായി സ്വീകരിച്ച വിഭാഗങ്ങളൊക്കെ ചെയ്തുവന്നിട്ടുള്ളത്. മനുഷ്യനും സ്രഷ്ടാവിനുമിടയില്‍ മധ്യവര്‍ത്തികളും ഇടയാളന്മാരും വേണമെന്ന സങ്കല്‍പം ഇക്കൂട്ടര്‍ വളര്‍ത്തിയെടുത്തതാണ്. ഈ സങ്കല്‍പം സ്രഷ്ടാവിന്റെ നിര്‍ദേശമല്ല പ്രത്യുത അത് പുരോഹിതന്മാര്‍ സ്വയം തട്ടിക്കൂട്ടിയതാണെന്നാണ് ക്വുര്‍ആന്‍ പറയുന്നത്: ''സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് വേണ്ടി അവരതു ചെയ്തു എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല'' (ക്വുര്‍ആന്‍ 57:27).

കുമ്പസരിക്കാനും സ്രഷ്ടാവിനോട് സങ്കടം പറയാനുമൊക്കെ ഈ 'ദൈവപ്രതിരൂപങ്ങള്‍' വേണമെന്ന വിശ്വാസം ചിന്താശേഷിയില്ലാത്ത സമൂഹങ്ങളെ അത്യധികം സ്വാധീനിച്ചിട്ടുണ്ട്. വിവാഹം കഴിച്ചിട്ടില്ലാത്ത ഇവര്‍ ലൈംഗികവികാരങ്ങളെ ശമിപ്പിക്കാന്‍ നിയമവിധേയമായ മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ വഴിവിട്ട മാര്‍ഗങ്ങളിലേക്ക് കടക്കുന്നു. കൊട്ടിയൂരില്‍ ഒരു പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ഒരു വൈദികന്റെ കഥ ഈയടുത്താണ് നാം അറിഞ്ഞത്. വൈദികനെ സഹായിക്കാന്‍ ആശുപത്രി അധികൃതരും വിശുദ്ധിയുടെ മേലാപ്പണിഞ്ഞ കന്യാസ്ത്രീകളും തയ്യാറായി എന്നത് സൂചിപ്പിക്കുന്നത് പൗരോഹിത്യത്തിന്റെ പിന്നാമ്പുറ സ്വാധീനത്തെയാണ്. ബുദ്ധിയുറക്കാത്ത പ്രായത്തില്‍ സെമിനാരികളിലും മഠങ്ങളിലും എത്തിച്ചേരുന്ന കൗമാരങ്ങളുടെ എണ്ണം വളരെ വലുതാണ്. മാതാപിതാക്കളുടെ നേര്‍ച്ചയും സാമ്പത്തിക പരാധീനതയും മൂലമാണ് സമൂഹത്തില്‍ നിന്നും ഭിന്നമായി, പുരോഹിതന്റെ ളോഹയുടെ മറവില്‍ മാത്രം ജീവിക്കാന്‍ ഇവര്‍ വിധിക്കപ്പെടുന്നത്. വൈദികന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും സമൂഹത്തില്‍ ലഭ്യമാവുന്ന ബഹുമാനവും സ്വാധീനവുമാണ് മിക്ക മാതാപിതാക്കളെയും ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവിതത്തിലെ വിഷമങ്ങളോ കുടുംബ പ്രാരാബ്ധങ്ങളോ ഒന്നുമറിയാതെ സമുദായത്തിന്റെ ചെലവില്‍ കൊഴുത്തുവളരുന്ന ഈ പൗരോഹിത്യത്തിന്റെ അതിക്രമങ്ങളെ സഭയുടെ വിശുദ്ധി കാക്കുന്നതിനുവേണ്ടി വളരെക്കാലം പലരും ന്യായീകരിച്ചുവരികയായിരുന്നു. കേരളത്തെ ഞെട്ടിച്ച അഭയ കേസിനു ഇന്നും ഒരു തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നത് പൗരോഹിത്യത്തിന്റെ 'വിശുദ്ധി'യുടെ ആഴവും കനവും വ്യക്തമാക്കുന്നതാണ്.

അര നൂറ്റാണ്ടു മുമ്പുണ്ടായ സിസ്റ്റര്‍ മറിയക്കുട്ടി കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വൈദികനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമമുണ്ടായി. 1986ലെ പ്രമാദമായ കുണ്ടറയിലെ സിസ്റ്റര്‍ മേരിക്കുട്ടി കൊലക്കേസ് ഇപ്പോഴും തെളിയാതെ കിടക്കുന്നു. 1992ലെ സിസ്റ്റര്‍ അഭയ കേസിന്റെയും സ്ഥിതി ഇതുതന്നെ. 2009ല്‍ തൃശൂര്‍ തൈക്കാട്ടുശേരിയില്‍ ഒമ്പത് വയസ്സുകാരി, 2013 ജൂലായില്‍ പാലക്കാട് വാളയാറില്‍ 17കാരി, 2015ല്‍ കൊടുങ്ങല്ലൂരിനടുത്ത പുത്തന്‍വേലിക്കരയില്‍ 14കാരിയായ പെണ്‍കുട്ടി... വൈദികര്‍ പ്രതികളായ പീഡനക്കേസുകള്‍ ധാരാളമാണ്. ഇരകളുടെ ബന്ധുക്കളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പൗരോഹിത്യം എത്രമാത്രം സാധുജനങ്ങളുടെ മസ്തിഷ്‌കങ്ങളെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടും. മതത്തിന് പൂര്‍ണമായി തങ്ങള്‍ അടിമപ്പെടുകയും സഭക്ക് എതിരായി നില്‍ക്കുന്നത് മഹാപാപമാണെന്നു വളരെ നേരത്തെ തന്നെ അവരുടെ മനസ്സില്‍ അടിയുറക്കുകയും ചെയ്തുവെന്നാണ് ഇരകളില്‍ ചിലരൊക്കെ പറഞ്ഞത്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണം ബ്രഹ്മചര്യമാണെന്ന് വളരെക്കാലം പുരോഹിതന്റെ വേഷം ധരിക്കുകയും പിന്നീട് ആ വേഷം അഴിച്ചുവെക്കുകയും ചെയ്ത ഫാദര്‍ കളപ്പറമ്പില്‍ പറഞ്ഞത് ഇതിനോടൊപ്പം നാം വായിക്കേണ്ടതാണ്.

വൈദികര്‍ക്കെതിരെ വരുന്ന ലൈംഗിക പീഡന കേസുകള്‍ സഭകളില്‍ തന്നെ ഒതുക്കിത്തീര്‍ക്കുന്ന രീതിയാണ് കത്തോലിക്കാ അധികൃതര്‍ ഇക്കാലം വരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സഭക്കെതിരെ അമേരിക്കയിലുണ്ടായ പ്രതിഷേധം ശക്തമായപ്പോള്‍ പോപ്പ് തന്നെ രംഗത്തുവന്നു. പൊലീസിന് കേസെടുത്ത് അന്വേഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വൈദികന്മാരുടെ പീഡനകഥകള്‍ പുറത്തുവന്നപ്പോള്‍ ഇക്കഴിഞ്ഞ പുതുവര്‍ഷപ്പിറവിയുടെ സന്ദര്‍ഭത്തിലും പോപ്പ് അതിശക്തമായി പ്രതികരിക്കുകയുണ്ടായി. ജനവരി 30നു പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് മാഗസിനില്‍ കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ജനറല്‍ സിക്രട്ടറി ബിഷപ്പ് തിയോഡോര്‍ മസ്‌കാറെന്‍ഹാസും സഭകളിലെ ഹീനമായ പ്രവൃത്തികള്‍ക്കെതിരെ പരാമര്‍ശിക്കുകയുണ്ടായി. ഈ പ്രതികരണങ്ങള്‍ കൊണ്ടോ പോലീസ് കേസുകള്‍ കൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാതെ, വിശുദ്ധമായ ലൈംഗിക ജീവിതം അനുവദിക്കാതെ ലൈംഗികതയെ അടിച്ചമര്‍ത്തുന്നത് ശരിയായ പരിഹാരമാവുകയില്ല എന്ന തിരിച്ചറിവ് എന്ന് സഭക്കുണ്ടാവുന്നുവോ അന്ന് മാത്രമെ യഥാര്‍ഥ പരിഹാരത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ.

പ്രവാചകന്മാര്‍ എല്ലാവരും വിവാഹം കഴിച്ചവരായിരുന്നു. സര്‍വമതങ്ങളുടെയും അടിസ്ഥാനപ്രമാണങ്ങളും വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും കുടുംബജീവിതം നയിക്കാന്‍ ആഹ്വനം ചെയ്യുകയും ചെയ്യുന്നു. സന്യാസവും സൂഫിസവും ബ്രഹ്മചര്യവുമെല്ലാം മനുഷ്യനിര്‍മിത സിദ്ധാന്തങ്ങള്‍ മാത്രമാണ്. പക്ഷേ, വിവാഹത്തിനും പുരോഹിതന്മാരുടെ കാര്‍മികത്വം വേണമെന്ന അവസ്ഥ ഉണ്ടാവുകയും വിവാഹത്തിന്റെ വില ആഭരണശാലകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് വിവാഹമെന്ന അതിലളിതമായി നടക്കേണ്ട കര്‍മത്തെ സങ്കീര്‍ണമാക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കാന്‍ സാധിക്കാത്ത അമ്മമാരാണ് അവരെ മഠങ്ങളിലേക്കും ആശ്രമങ്ങളിലേക്കും അയക്കുന്നത്. ചുരുക്കത്തില്‍ പൗരോഹിത്യവും പ്രമാണിത്വവും സൃഷ്ടിച്ചെടുക്കുന്ന പ്രതിസന്ധികളില്‍ നിന്ന് അവര്‍ തന്നെ വിദഗ്ധമായി നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നു.

കലയുടെയും ആവിഷ്‌കാരങ്ങളുടെയും പേരില്‍ അരങ്ങേറുന്ന അശ്ലീലതകളും നഗ്‌നതാപ്രദര്‍ശനങ്ങളുമാണ് പീഡനങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ മുഖ്യമായ ഇനങ്ങള്‍. വിവിധ കലാരൂപങ്ങള്‍ കച്ചവടവല്‍ക്കരിക്കപ്പെടുകയും സാമ്പത്തികനേട്ടങ്ങള്‍ക്കുള്ള ഉപാധിയായി വ്യാപകമാവുകയും ചെയ്തതോടെ സ്ത്രീ സൗന്ദര്യത്തെയും മാദകത്വത്തെയും ഉപയോഗപ്പെടുത്തി പുരുഷ ലൈംഗികതൃഷ്ണകളെ ഉദ്ദീപിപ്പിച്ചുകൊണ്ട് അതിലൂടെ പണം കൊയ്യുകയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലധികവും ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ നേര്‍രേഖകള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ നന്മയെയും തിന്മയെയും ദൃശ്യവല്‍ക്കരിക്കേണ്ടി വരുമെന്നും അതുകൊണ്ട് സിനിമകളില്‍ നന്മയും തിന്മയുമുണ്ടാകുമെന്ന ന്യായീകരണം പറഞ്ഞുകൊണ്ട് സ്ത്രീയുടെ മാദകത്വവും മേനിയഴകും പുരുഷന്റെ കാമാന്ധതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ സാംസ്‌കാരിക സുരക്ഷയും കുടുംബ ഭദ്രതയുമാണ് തകര്‍ക്കുന്നത്.

പത്രധര്‍മം എന്ന പദത്തിന് വലിയ മൂല്യമുണ്ടായിരുന്ന ഒരു കാലഘട്ടം കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. കേരളീയ ജനതക്ക് സാഹിത്യവും സംസ്‌കാരവും ചിന്തയും പ്രതികരണശേഷിയുമെല്ലാം സമ്മാനിക്കുകയും ഒട്ടധികം പ്രതിഭാധനരായ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയും ചെയ്ത മേഖലയായിരുന്നു പത്രമാധ്യമ രംഗം. ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും കൂടുതല്‍ സ്വാധീനം നേടിയപ്പോള്‍ മാധ്യമരംഗം പൊതുവില്‍ മലീമസമായിത്തുടങ്ങി. ഒട്ടും ധാര്‍മികയില്ലാതെ 'സെന്‍സേഷണല്‍' വാര്‍ത്തകള്‍ക്ക് പിറകെ ഓടുകയും ഇല്ലെങ്കില്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ വന്നെത്തി. അങ്ങനെ മാതൃകാനുസാരമായ (Positive) വാര്‍ത്തകള്‍ക്ക് പകരം നിഷേധാത്മകമായ (Negative) വാര്‍ത്തകള്‍ക്ക് മേല്‍കൈ ലഭിക്കാന്‍ തുടങ്ങി. ഒരു കാലത്ത് അഴിമതികളും സ്ത്രീ പീഡനങ്ങളുമൊക്കെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിച്ചിരുന്ന മാധ്യമങ്ങള്‍ ഇന്ന് അഴിമതികളും പീഡനങ്ങളും നിലനിന്നേ മതിയാവൂ എന്ന ശാഠ്യത്തിലാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ഒരു മന്ത്രിയെ രാജിവെക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളുടെ ഉള്ളറകള്‍ പരിശോധിക്കുമ്പോള്‍ എത്രമാത്രം മലീമസമാണ് നമ്മുടെ മാധ്യമരംഗം എന്ന് ബോധ്യമാവും. കലയെക്കുറിച്ച് പറഞ്ഞ പോലെ തന്നെ മാധ്യമങ്ങളും അശ്ലീലതകള്‍ പരത്താനും ലൈംഗിക പ്രലോഭനങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ക്കെതിരെയും അശ്ലീലതക്കെതിരെയും ചാനലുകളില്‍ ഗംഭീര ചര്‍ച്ചകള്‍ നടക്കുമ്പോഴും അശ്ലീലതകള്‍ മുറ്റി നില്‍ക്കുന്ന പരസ്യങ്ങള്‍ 'ഇടവേളകളില്‍' പ്രത്യക്ഷപ്പെടുന്നു.

ഇവിടെ നമുക്ക് ബോധ്യമാവുന്ന ഒരു വസ്തുതയുണ്ട്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും നിയമപരമായ നടപടികളിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ തന്നെയും നിയമങ്ങളെ മറികടന്നോ നിയമപാലകരുടെ കണ്ണുവെട്ടിച്ചോ കുറ്റകൃത്യങ്ങളിലേര്‍പ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാംസ്‌കാരികമനസ്സിനെ നിയന്ത്രിക്കുന്ന സുപ്രധാന സങ്കേതങ്ങളായ മതം, രാഷ്ട്രീയം, കല, മാധ്യമം എന്നിവ ജനങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കുറെയേറെ ലൈംഗികചൂഷണങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. മതത്തെ പൗരോഹിത്യമുക്തമാക്കുകയും ആരാധനകള്‍ സ്വന്തത്തെയും പ്രായോഗികജീവിതത്തെയും വിമലീകരിക്കാനുള്ളതാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പണ്ഡിതരും മതത്തെ കൈകാര്യം ചെയ്യുന്നവരും ശ്രമിക്കുകയും വേണം. സ്ത്രീകളുടെ സംരക്ഷകരായി ജീവിക്കാന്‍ പുരുഷന്മാരെ ഉപദേശിക്കേണ്ട ബാധ്യത മതനേതൃത്വങ്ങള്‍ക്കുണ്ട്. പീഡനങ്ങള്‍ക്കിരയാവുന്ന അവസ്ഥകള്‍ ഇല്ലാതാക്കാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഒരുക്കാനും പീഡിതര്‍ക്ക് നിയമപരിരക്ഷ നല്‍കാനും പീഡകര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനുമുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാവണം. മതവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടാലുണ്ടാവുന്ന സ്ഥിതിവിശേഷം അതീവഗുരുതരമായിരിക്കും. കലാപ്രവര്‍ത്തകരും മാധ്യമങ്ങളും പുനര്‍വിചിന്തനത്തിനു വിധേയമാവണം. കണ്ടതും കേട്ടതുമെല്ലാം സമൂഹത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ സമൂഹത്തിലുണ്ടാവുന്ന അലയൊലികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാവേണ്ടതുണ്ട്.

അച്ചടക്കപൂര്‍ണമായ ജീവിതത്തിന് കൃത്യമായ ദൈവബോധവും നിതാന്തമായ ജാഗ്രതയും അനിവാര്യമാണ്. മനസ്സുകളില്‍ ദൈവഭയം നിറച്ചും കണ്ണുകളെ താഴ്ത്തിയും അവയവങ്ങളെയെല്ലാം നിയന്ത്രിച്ചും ജീവിക്കാന്‍ പരിശീലിക്കണം. ശരീരത്തെയും ശരീരത്തിലെ നിമ്‌നോന്നതികളെയും കാമക്കണ്ണുകളില്‍ നിന്നും ക്യാമറക്കണ്ണുകളില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യമായ വസ്ത്രരീതികള്‍ സ്ത്രീകള്‍ ശീലിക്കണം. കുടുംബങ്ങളെ 'ചിലന്തിവല'കളില്‍ നിന്നും സംരക്ഷിച്ച് അവിടങ്ങളില്‍ ദൈവസ്മരണയും സദാചാരബോധവും ധാര്‍മികതയും സ്ഥാപിക്കുവാന്‍ രക്ഷിതാക്കള്‍ക്കാവണം. കൗമാരത്തെയും യൗവനത്തെയും സക്രിയമാക്കി വയോധികര്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉപകാരമുള്ളതാക്കി മാറ്റാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കണം. ഈ അവസ്ഥകളെ പ്രോത്സാഹിപ്പിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും നിയമപാലകര്‍ക്കും നീതിപീഠങ്ങളിലിരിക്കുന്നവര്‍ക്കും കഴിയണം. എങ്കില്‍ കേരളത്തെ ഒരു 'പീഡനമുക്ത' സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കും.

0
0
0
s2sdefault